കരം മഞ്ഞുപുതയ്ക്കുന്ന സായാഹ്നം.മുനീശ്വര മുടിയുടെ നെറുകെയിലേക്ക് മഞ്ഞ് പെയ്തുവീഴുന്നത് ദൂരെ നിന്നും കാണാം. തെളിഞ്ഞ ആകാശത്തിന് താഴെ നരച്ച മുടികെട്ടിയ മുനീശ്വരന്‍ അപ്പോഴും ഭാവമാറ്റമില്ലാതെ കഠിന തപസ്സിലാണ്. താഴ് വാരത്തേക്ക് പരന്നുകിടക്കുന്ന നാടെല്ലാം കാലങ്ങള്‍ കൊണ്ട് കാഴ്ചകളെ മാറ്റി മാറ്റി വരച്ചപ്പോഴും ഇതൊന്നുമറിയാതെ ഈ ഗിരിപര്‍വ്വതം കാലത്തെ തോല്‍പ്പിച്ചു നില്‍ക്കുന്നു. വയനാടിന്റെ അണ്‍ എക്‌സ്പ്‌ളോര്‍ യാത്രയ്ക്ക് കൂട്ടത്തില്‍ അധികം പേരില്ല. സുഹൃത്തും ഫോട്ടോഗ്രാഫറും അതിലുപരി ചിത്രകാരുമായ രവീന്ദ്രന്‍ മാഷും അവിചാരിതമായ ഈ യാത്രയില്‍ ഒന്നിച്ചുകൂടി. കൂട്ടത്തിലുള്ള ഉമേഷിനും അതോടെ ആവേശമായി. വയനാട്ടിലായിരുന്നിട്ടും മുനീശ്വര മുടിയെക്കുറിച്ച് കേട്ടു മാത്രം പരിചയമുള്ളവരുടെ യാത്ര. ഇംഗ്‌ളീഷുകാര്‍ തുടങ്ങിയ തലപ്പുഴയിലെ തേയിലത്തോട്ടങ്ങള്‍ക്ക് നടുവിലൂടെ മാനന്തവാടിയില്‍ നിന്നും തുടങ്ങിയ യാത്ര മക്കിക്കൊല്ലിയിലേക്ക് നീങ്ങി.

Muneeswara mudi

മക്കിക്കൊല്ലി എന്നാല്‍ നഗര തിരക്കില്‍ നിന്നും വിളിപ്പാടകലെയുള്ള തനി നാടന്‍ ഗ്രാമം. ഒറ്റ നോട്ടത്തില്‍ തന്നെ മുനീശ്വരമുടിയിലേക്കുള്ള വരവാണിതെന്ന് അവര്‍ക്ക് മനസ്സിലാവും. വഴി ചോദിക്കാന്‍ വണ്ടി നിര്‍ത്തിയപ്പോഴേക്കും അതാ അക്കാണുന്ന വഴിയില്‍ മുന്നോട്ടെന്ന് അവര്‍ മുനീശ്വര മുടിയിലേക്ക് വിരല്‍ ചൂണ്ടി. കുറച്ചു കാലമായി ഈ ഗിരി പര്‍വതത്തെ തിരക്കി സഞ്ചാരികള്‍ എത്താന്‍ തുടങ്ങിയതോടെ ഗ്രാമീണര്‍ നല്ല ആതിഥേയരുടെ റോളിലാണ്. എത്രയോ വിനോദ കേന്ദ്രങ്ങള്‍ നാടിനെ വീര്‍പ്പുമുട്ടിക്കുമ്പോള്‍ ഈ ഗ്രാമ വഴിയിലൂടെയുള്ള യാത്രകള്‍ കൗതുകമായി വയനാട്ടുകാര്‍ക്ക് പോലും തോന്നും. വഴിവക്കിലെ വീട്ടുകാരോടെല്ലാം കുശലം പറഞ്ഞ് വലിയ കയറ്റത്തിന്റെ ആദ്യ ഭാഗം ഉത്സാഹത്തോടെ തന്നെ കയറിപ്പറ്റി. തെരുവ പുല്ലുകള്‍ക്കിടയിലൂടെ മണ്‍പാതയിലൂടെ മലയുടെ നെറുകയിലേക്ക് വളഞ്ഞും പുളഞ്ഞുമുള്ള പിന്നീടുള്ള കയറ്റങ്ങള്‍ ആകെ ക്ഷീണിപ്പിക്കാന്‍ തുടങ്ങി. അധിക നേരം വിശ്രമിക്കാന്‍ സമയമില്ല.

to muneeswara mudi

രാവിലെ 9 മുതല്‍  വൈകീട്ട് അഞ്ച് മണിവരെ മാത്രമാണ് മല മുകളിലേക്ക് ട്രക്കിങ്ങിന് അനുവാദം ലഭിക്കുക. ആറരയോടെ ഇവിടെ നിന്നും ഇറങ്ങുകയും വേണം. എത്താന്‍ കുറച്ച് വൈകിപ്പോയോ എന്ന തോന്നിയ നിമിഷം. വിശ്രമിച്ചു സമയം കളയാതെ മലമുകളിലേക്ക് വെച്ചു പിടിച്ചു. അങ്ങ് ദൂരെ കാഴ്ചയുടെ ഏറ്റവും അറ്റത്ത് ഒരു വ്യൂപോയിന്റ്  തെളിഞ്ഞു വന്നു. ഉറുമ്പുകളെ പോലെ ഏതാനും പേര്‍ പാറയുടെ മുകളിലൂടെ വരി വരിയായി നീങ്ങുന്ന കാഴ്ച. അതൊരു അത്ഭുതമായിരുന്നു. ഇത്രയും ഉയരത്തിലുള്ള മുമ്പില്‍ നിന്നുമുള്ള വയനാടന്‍ കാഴ്ചയെ സങ്കല്പിച്ചു നോക്കി. പിന്നെ എത്രയും വേഗം അവിടെ എത്തിപ്പെടാനുള്ള തിടുക്കമായി. 

View Point

സുവര്‍ണ്ണം വിതറി സൂര്യന്‍ ഒരതിര്‍ത്തിയിലേക്ക് അല്‍പ്പം ചാരി നിന്നപ്പോള്‍ മലയോരമാകെയുള്ള സ്വര്‍ണ്ണമുടികള്‍ കാറ്റില്‍ ഉലയുകയായി.  ഒരു കയറ്റം കൂടി ആഞ്ഞുകയറിയതോടെ മുനീശ്വരമുടിയിലേക്കുള്ള കവാടമായി. ഈയടുത്താണ് വനം വകുപ്പ് ഇവിടെ സഞ്ചാരികളെ നിയന്ത്രിക്കുന്നതിനായി സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയത്. മലമുകളിലേക്ക് കയറുന്ന സഞ്ചാരികള്‍ ഇവിടെ തമ്പടിച്ച് പുല്‍മേടിനും കാടിനുമെല്ലാം തീയിടുന്നത് പതിവായതോടെ ഇതെല്ലാം നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും വാച്ചര്‍മാരെ നിയോഗിച്ചിരിക്കുകയാണ്. ഒരാള്‍ക്ക് മുപ്പത് രൂപ പ്രവേശന ഫീസും ഏര്‍പ്പെടുത്തി. ആദ്യമേ വിളിച്ചുപറഞ്ഞിരുന്നതിനാല്‍ പ്രവേശന കവാടത്തില്‍ തന്നെ വാച്ചര്‍ ചന്ദ്രന്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. വിശാലമായ പുല്‍മേടുകളും അതിനതിരിടുന്ന ചോലവനങ്ങളെയും അരികില്‍ കണ്ടപ്പോള്‍ വാഗമണ്ണിലെ കാഴ്ചകളെ ഓര്‍മ്മിച്ചു. സഞ്ചാരികളില്‍ ആരോ പറഞ്ഞതുപോലെ ഇത് വയനാടിന്റെ വാഗമണ്‍ തന്നെ. അംബരചുംബിയായ ഈ പര്‍വതത്തിന്റെ നെറുകയിലേക്ക് ഇനി അല്‍പ്പദൂരം മാത്രം. വളഞ്ഞും പുളഞ്ഞും വഴി നീണ്ടുപോകുന്നു. തിരിഞ്ഞുനോക്കുമ്പോള്‍ വയനാടെന്ന ദേശം അങ്ങ് താഴെ വീണ് ചിറിപോയിരിക്കുന്നു. പച്ചവരച്ച വയല്‍ക്കാഴ്ചകള്‍ക്കിടയില്‍ അനേകം നരച്ചതും ചുവന്നതുമായ കുന്നുകള്‍ മണ്‍കൂനമാത്രമായി കാണാം. ഒരു വെള്ളിരേഖ പോലെ കബനി മാനന്തവാടിയെ ചുറ്റി അങ്ങകലെ കര്‍ണ്ണാടക വനത്തിലേക്ക് ഒളിച്ചു കടക്കുന്നു.

Muneeswara mudi

ആദ്യത്തെ കാഴ്ച മുനമ്പില്‍ സൂര്യാസ്തമയം കാണാന്‍  മുമ്പില്‍ സ്ഥാനം പിടിച്ചവരുടെ ഒരു സംഘമുണ്ട്. അവിടെ കാത്തുനില്‍ക്കാതെ അതിനും മുകളിലായുള്ള മുനീശ്വര നെറുകയിലേക്കായി യാത്ര. ഗോതമ്പുപാടങ്ങളെ പോലെ മുന്നില്‍ സ്വര്‍ണ്ണനിറമെഴുതിയ പുല്‍മേടുകളെ പോലെ ആവേശം വാനോളം ഏറ്റുവാങ്ങി മലയുടെ മുകളില്‍ എത്തിയപ്പോള്‍ അതൊരു വലിയ ലോകമായി. അനേകം ശിഖരങ്ങളിലേക്ക് കാഴ്ചകള്‍ കോണായി മുറിഞ്ഞപ്പോള്‍ വയനാടിന്റെ വശ്യതയ്ക്ക് ആകെ ചുവന്ന നിറമായി. തൊട്ടുപിറകില്‍ പച്ചയും മഞ്ഞയും പരവതാനി പുതച്ച ബ്രഹ്മഗിരിയുടെ സാമിപ്യവും മുനീശ്വരന്റെ വശ്യതയായി. മുനീശ്വരന്റെതായി ഒരു പ്രതിഷ്ഠയും ഇവിടെയുണ്ട്. വര്‍ഷത്തിലൊരിക്കല്‍ ഇവിടെ  ഉത്സവവും നടക്കാറുണ്ട്. ബ്രഹ്മഗിരി മലനിരകളുടെ മഴക്കാടുകള്‍ക്കിയിലൂടെ  ചിത്രകൂടന്‍ പക്ഷികളുടെ ഒളിത്താവളമായ  പക്ഷിപാതാളം അകലങ്ങളിലുണ്ട്. നൂറ്റാണ്ടുകളായി അനേകം മഴപക്ഷികളും വവ്വാലുകളും ഈ ശിലാഗുഹയില്‍ അഭയം തേടിയിരിക്കുന്നു. അടുക്കുകളായുള്ള പാറകള്‍ക്കിടയിലൂടെ നുഴഞ്ഞിറങ്ങി വഴിപിരിഞ്ഞ് താണിറങ്ങിയാല്‍ മഴപക്ഷികളുടെ ഗന്ധം വമിക്കുന്ന ഇരുള്‍ നിറഞ്ഞ ഗുഹയിലെത്താം. ഇരുട്ടിനെ പ്രണയിച്ചെത്തിയ ആത്മാക്കളുടെ വാസസ്ഥലമാണിത്. സദാസമയം അന്ധകാരത്തിലാണ്ടു നില്‍ക്കുന്ന  പാതാളത്തിലേക്ക് ഭൂമിയില്‍ നിന്നുമുള്ള ഏകവഴിയായാണ് ഇതിനെ കണക്കാക്കുന്നത്.

Muneeswara Mudi 2

നിഗൂഢതകളുടെ വന്യതകള്‍ എന്നും സൂക്ഷിക്കുന്ന  ഈ പാതാളത്തിന്റെ ഗുഹാമുഖം അതുകൊണ്ടുതന്നെ മനുഷ്യരില്‍ നിന്നെല്ലാം അകന്നു നില്‍ക്കുന്നു. മോക്ഷം തേടിയ ആത്മാക്കള്‍ പക്ഷികളുടെ രൂപം പ്രാപിച്ച് പാതാളത്തിന്റെ ഇരുട്ടറയില്‍ തപസ്സനുഷ്ഠിക്കുകയാണ്. പുതുമഴ പെയ്യുമ്പോള്‍ മാത്രം ചിറകടിച്ച് പുറത്തിറങ്ങുന്ന കടവാതിലുകളും നരിച്ചീറുകളും ബ്രഹ്മഗിരിയുടെ പുണ്യമാണ്. ഈ മലയോരങ്ങളുടെ തുടര്‍ച്ചതന്നെയാണ് മുനീശ്വരമുടിയും. ഒരു പക്ഷേ രണ്ടോ അതിലധികമോ മഴക്കാടുകളും പുല്‍മേടുകളും കഴിഞ്ഞാല്‍ പക്ഷിപാതാളത്തിലും എത്താം. സൂര്യന്‍ ചുവന്നുതുടുത്ത് ആകാശത്ത് സിന്ദൂര പൊട്ട് തൊട്ടപ്പോള്‍ തണുത്ത കാറ്റും അലയടിച്ചു വന്നു. അങ്ങകലെ വയനാടന്‍ സമതലം ഇരുട്ടു പുതച്ച് തുടങ്ങിയിരിക്കുന്നു. മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം അതിര്‍ത്തി വരച്ച് തുടങ്ങിയപ്പോള്‍ അസ്തമയത്തിന്റെ അവസാന പൊട്ടും പൊടിയും ഏറ്റു വാങ്ങി രവിന്ദ്രന്‍മാഷ് സഞ്ചിയിലേക്ക് ക്യാമറ തിരികെ വെച്ചു. ഇരുട്ടിന്റെ കൂടാരമണിഞ്ഞ ആകാശത്ത് അങ്ങിങ്ങ് നക്ഷത്രങ്ങള്‍ തല കാട്ടി തുടങ്ങി. ഒരു രാത്രി ഇവിടെ തങ്ങി ഈ ആകാശക്കാഴ്ചകളിലേക്ക് നോട്ടമയക്കാന്‍ ഒരിക്കലെങ്കിലും വരണമെന്ന് അന്നേ ഉറപ്പിച്ചു.  ഒന്നാം വ്യുപോയിന്റിന്റെ താഴത്ത് എത്തിയപ്പോള്‍ വനം വകുപ്പ് സഞ്ചാരികള്‍ക്കായി പണികഴിപ്പിച്ച നാലഞ്ച് കൂടാരങ്ങളില്‍ കന്നഡക്കാരായ ടൂറിസ്റ്റുകള്‍ തണുപ്പ് നിറഞ്ഞ രാത്രിയെ വരവേല്‍ക്കാനൊരുങ്ങുന്നു.  നാല് പേരടങ്ങുന്ന ഒരു പ്രകൃതി സൗഹൃദ ടെന്റിന് ഒരു ദിവസം  രണ്ടായിരം രൂപമാത്രമാണ് വനംവകുപ്പ് വാടക ഈടാക്കുന്നത്.  അധികമാരും അറിയാത്തതിനാല്‍ ഇവിടെ താമസം തേടുന്നവരുടെ വലിയ തിരക്ക് ഇപ്പോഴില്ല.

Tent

വയനാട്ടിലെ ഏറ്റവും മികച്ച രാത്രികാല ക്യാമ്പിങ്ങിന് മറ്റൊരിടം മുനീശ്വരന്‍ മുടിയ്ക്ക് പകരമില്ല. കാട്ടാനയടക്കമുള്ള വന്യജീവികള്‍ പുല്‍മേടുകളില്‍ വരുന്നത് പതിവാണ്. മിക്കപ്പോഴും രാത്രി കാലത്താണ് മലയിലൂടെയുള്ള ഇവയുടെ സഞ്ചാരും. ടൂറിസ്റ്റുകള്‍ക്ക് താമസം ഒരുക്കിയ സ്ഥലങ്ങളില്‍ വൈദ്യുത കമ്പിവേലിയടക്കമുള്ള  പ്രതിരോധമുണ്ട്. സഞ്ചാരികളുടെ പൂര്‍ണ്ണ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് മുഴുവന്‍ സമയം വാച്ചര്‍മാരുടെ സേവനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ട്രക്കിങ്ങടക്കം ഈ പാക്കേജിനെ പ്രായഭേദമന്യേ ആര്‍ക്കും സ്വീകരിക്കാം. കുന്നിന്‍ നെറുകയില്‍ വരെ ജീപ്പ് എത്തുമെന്നതിനാല്‍ എളുപ്പം വരാനുംപോകാനും കഴിയുമെന്നതും മുനീശ്വരമുടിയുടെ മാത്രം പ്രത്യേകതയാണ്.
പ്രകൃതി സൗഹൃദ വിനോദ സഞ്ചാരത്തിന്റെ മറ്റൊരു കേന്ദ്രം കൂടിയായി മുനീശ്വരമുടി മാറുന്നമെന്നതിന് അധികം കാത്തിരിക്കേണ്ടി വരില്ല. പ്ലാസ്റ്റിക്കും മറ്റും ഇവിടെ നിറയ്ക്കാതെ ഈ ഗിരി നെറുകയില്‍ നിന്നും വിദൂരകാഴ്ചകള്‍ ആസ്വദിക്കാം. ആരും പറഞ്ഞു നല്‍കാതെ തന്നെ ഇതുവരെയും അഭ്യന്തര സഞ്ചാരികള്‍ പോലും മുനീശ്വരമുടിയില്‍ മാന്യമായി പെരുമാറുന്നു.  കാട്ടുതീയടക്കം പ്രതിരോധിക്കാന്‍ ജനകീയ കൂട്ടായ്മകളും സഹകരിക്കുന്നു.

Sunset

സമുദ്രനിരപ്പില്‍ നിന്നും രണ്ടായിരത്തോളം അടി ഉയരത്തിലുള്ള വയനാടിനും മീതെ ആകാശത്തെ ചുംബിച്ച് നില്‍ക്കുന്ന ഈ മലയോരത്ത് നിന്നും ഇരുട്ട് പരന്നതോടെ താഴ് വാരത്തേക്കുള്ള ഇറക്കമായി. കുത്തനെയുള്ള വഴികളിറങ്ങി താഴെയെത്തുമ്പോള്‍ ഗ്രാമക്കവലകളിലെല്ലൊം ആള്‍ക്കൂട്ടങ്ങള്‍ ഒഴിഞ്ഞുപോയിരിക്കുന്നു. കനത്ത തണുപ്പും മഞ്ഞും ഇറങ്ങുന്നതിനായില്‍ എല്ലാവരും വീടിന്റെ ചൂടറകളിലേക്ക് ചേക്കേറിയിരിക്കുന്നു. തണുത്ത കൈകള്‍ കൂട്ടിയുരസി തീ കായുന്ന ആദിവാസി സങ്കേതങ്ങള്‍ കടന്ന് യാത്ര പറയുമ്പോള്‍ നിലാവില്‍ കുളിച്ചു നില്‍ക്കുന്ന മുനീശ്വരമല അങ്ങകലെ കൂസലില്ലാതെ നില്‍ക്കുന്നു. ഒരിക്കല്‍ പഴശ്ശിരാജയടക്കം തമ്പടിച്ചുവെന്ന് പറയപ്പെടുന്ന ഈ ഗിരിശൃംഗത്തില്‍ നിന്നും ഉറവയെടുക്കുന്ന നീര്‍ചാലുകളിലൊന്ന് കബനിയുടെയും കൈവഴിയാണ്. കോരിച്ചൊരിയുന്ന മഴയെത്തും ഈ മല കരുതി വെക്കുന്ന ജലമാണ് താഴെയുള്ളവരുടെ പാനപാത്രവും. തേയിലത്തോട്ടങ്ങള്‍ നിറഞ്ഞ തലപ്പുഴയെ പിന്നിട്ട് മാനന്തവാടിയില്‍ യാത്ര അവസാനിക്കുമ്പോള്‍ മുനീശ്വരന്‍ മുടിയെന്ന സങ്കല്‍പ്പവും യാഥാര്‍ത്ഥ്യമായതിന്റെ സന്തോഷം.

Muneeswara Mudi