നപ്പള്ളപോലുള്ള ഈ കൂറ്റന്‍ മതില്‍ക്കെട്ടിനുള്ളില്‍ ഭക്തിയുടെയും വിശ്വാസത്തിന്റെയും തണുപ്പുണ്ട്. സ്വര്‍ണക്കൊടിമരത്തിന് മുന്നില്‍ വലിയ ബലിക്കല്ല്. ബലിക്കല്‍പ്പുരയിലേക്ക് കടന്നാല്‍ ഏതുനേരവും ഇളംതണുപ്പാണ്. കരിങ്കല്ലിനു മുകളില്‍ തടിയില്‍ തീര്‍ത്ത പ്രത്യേക വാസ്തുശാസ്ത്ര നിര്‍മിതിയാണീ ബലിക്കല്‍പ്പുര. ഒരിക്കല്‍പോലും കൊടും ചൂടോ തണുപ്പോ അനുഭവപ്പെടില്ല. നാദസ്വരവും തകിലും വായിക്കുന്നത് ഇവിടെനിന്നാണ്. ഏക്കറുകളോളം പരന്നുകിടക്കുന്ന ക്ഷേത്രസമുച്ചയത്തില്‍, ഒരേയൊരു ദേവനേയുള്ളൂ- മുരാരി. ഉപദേവതകളൊന്നുമില്ലാത്ത മഹാക്ഷേത്രമാണിത്- തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള കൊല്ലം മുഖത്തല മുരാരിക്ഷേത്രം.

കൊല്ലം-കുളത്തൂപ്പുഴ റോഡില്‍ എട്ടു കിലോമീറ്റര്‍ ചെന്നാല്‍ മുഖത്തലയായി. ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ ഐതിഹ്യവുമായി ബന്ധപ്പെട്ടാണ് ചുറ്റുവട്ടത്തെ പല ഗ്രാമങ്ങളുടെയും പേര്. നരകാസുരന്റെ മന്ത്രിയായ മുരാസുരനെ വധിച്ച മുരഹരിയാണ് ദേശദേവന്‍. എന്നാല്‍ നാട്ടില്‍ പറഞ്ഞ് പതിഞ്ഞ കഥകളില്‍ മുര കാട്ടിലെ ഒരു ക്രൂരമൃഗമാണ്. നാട്ടുകാരുടെ നിരന്തര പ്രാര്‍ഥനകളുടെ ഫലമായി പ്രത്യക്ഷപ്പെട്ട മഹാവിഷ്ണു, മുരനെ വധിച്ച്, അവയവങ്ങള്‍ നാലുപാടും എറിഞ്ഞുവെന്നാണ് ഐതിഹ്യം, തല വീണ ഭാഗം മുരത്തല എന്നറിയപ്പെട്ടു. കാലക്രമത്തില്‍ മുരത്തല മുഖത്തലയായെന്നാണ് കഥ.

പെരുമാള്‍സ്വാമി എന്നറിയപ്പെടുന്ന മഹാവിഷ്ണു നാട്ടുകാര്‍ക്ക് മുരാരിയാണ്. ക്ഷേത്രത്തോട് ചേര്‍ന്നുള്ള ജങ്ഷന്‍ മുരാരിമുക്കും. പഴയ ദേവസ്വം പ്രമാണങ്ങളിലും പടി ത്തരങ്ങളിലും മുഖത്തല മുരാരി പെരുമാള്‍ സ്വാമിയാണ്. പെരുമാള്‍ എന്നാല്‍ മഹാവിഷ്ണു. ഇവിടത്തെ വിഗ്രഹം വിഷ്ണുവിന്റെതാണ്. പഴയ ചതുര്‍ബാഹുവിഗ്രഹത്തില്‍ ശംഖ്, ചക്രം, ഗദ, അഭയമുദ്ര എന്നിവയാണ് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ അഭയമുദ്രയ്ക്ക് പകരം കൈയില്‍ താമരയാണ്. ഈ മഹാക്ഷേത്രത്തിന് (കോവില്‍) ചുറ്റുമുള്ള നാട് തൃക്കോവില്‍വട്ടമായി. തൃക്കോവില്‍വട്ടം പഞ്ചായത്തില്‍ തൃക്കോവില്‍വട്ടം വാര്‍ഡിലാണ് ക്ഷേത്രം. 

ആറുവരി ചെങ്കല്ലുകള്‍ അടുക്കി മണ്ണിട്ടുറപ്പിച്ചു പണിത വലിയ മതിലിനോട് ചേര്‍ന്ന് വടക്ക് കിഴക്ക് ഭാഗത്ത് മാളികയും വടക്കേ മതിലിനോട് ചേര്‍ന്ന് ഊട്ടുപുരയുമുണ്ട്. രാജഭരണകാലത്ത് രാജാക്കന്മാര്‍ക്ക് താമസിക്കാനായി പണികഴിപ്പിച്ചതാണ് മാളികമു റികള്‍. ക്ഷേത്രത്തില്‍ 'കളഭം' ഏര്‍പ്പെടുത്തിയ ആയില്യം തിരുന്നാള്‍ ഈ മാളികയില്‍ താമസിച്ചിരുന്നതായി പറയുന്നു. ക്ഷേത്ര ദര്‍ശനത്തിനെത്തിയ രാജാവിന് പെട്ടെന്ന് കാഴ്ച നഷ്ടപ്പെട്ടതായി തോന്നി. കൊടും ചൂട് സഹിക്കാനാകാതെ മുരാരി ദേഷ്യത്തിലാണന്ന് ജോത്സ്യന്മാര്‍ പറഞ്ഞു. അങ്ങനെയാണ് വിഗ്രഹത്തെ തണുപ്പിക്കാനായി, കളഭം (ചന്ദനം) അഭിഷേകം ചെയ്യുന്ന ചടങ്ങ് തുടങ്ങിയത്. ശിവരാത്രി മുതല്‍ 12 ദിവസമാണ് കളഭം നടക്കുന്നത്. കളഭത്തിന്റെ പ്രസാദം കവറിലാക്കി പദ്മനാഭപുരം കൊട്ടാരത്തിലേക്ക് അയയ്ക്കുന്ന പതിവുണ്ടായിരുന്നു, പണ്ട്.

കരിങ്കല്ലിലും തടിയിലും തീര്‍ത്ത ഒട്ടേറെ ശില്‍പ്പങ്ങളുണ്ടിവിടെ. കൊടിമരത്തിന്റെ വല തുഭാഗത്ത് വിളക്കുമാടത്തിന്റെ അടിത്തറയില്‍ ദശാവതാരങ്ങളെ കൊത്തിവെച്ചിട്ടുണ്ട്. പുരാണ കഥാസന്ദര്‍ഭങ്ങള്‍ പലതും കരിങ്കല്ലില്‍ പകര്‍ത്തിയിരിക്കുന്നത് കാണാം. കരിങ്കല്ലിലെ ചില ശില്‍പ്പങ്ങള്‍ നശിച്ചുകൊണ്ടിരിക്കുകയാണ്.

Mukhathala 2
ക്ഷേത്രത്തിനകത്ത് തടിയിലും കല്ലിലും തീര്‍ത്ത വിവിധ രൂപങ്ങള്‍

ബലിക്കല്‍പ്പുര കടന്നാല്‍ കൂത്തമ്പലമായി. മലയാളനാട്ടിലെ എണ്ണം പറഞ്ഞ കലാകാരന്മാര്‍ ഇവിടെ അംഗുലീയാങ്കം കൂത്തും കൂടിയാട്ടവും അവതരിപ്പിച്ചിട്ടുണ്ട്. ആ കാലത്തിന്റെ ഓര്‍മ തുടിക്കുന്ന മിഴാവ് ഇപ്പോഴും ഈ കൂത്തമ്പലത്തില്‍ സൂക്ഷിച്ചിരിക്കുന്നു.

Mizhavu

ഒറ്റക്കല്ലില്‍ പടുത്തുയര്‍ത്തിയതാണ് ചെമ്പുമേഞ്ഞ മണ്ഡപം. പഞ്ചലോഹം പൊതിഞ്ഞ 16 കല്‍ത്തൂണുകള്‍ ഉണ്ടിതിന്. ഇതിന്റെ മേല്‍ക്കുര നിറയെ ദാരൂശില്‍പ്പങ്ങളാണ്. കരിങ്കല്ലില്‍ തീര്‍ത്ത വട്ട ശ്രീകോവിലിനുമുണ്ട് ഒട്ടേറെ പ്രത്യേകതകള്‍. വലിയ ബലിക്കല്ലിന്റെ മുകള്‍ത്തട്ടിന്റെ അതേ ഉയരത്തിലാണ് ശ്രീകോവിലിനു ള്ളില്‍ വിഗ്രഹപീഠം ഉറപ്പിച്ചി രിക്കുന്നത്. ഇതുമൂലം മണ്ഡപത്തിനുമുന്നില്‍ സോപാനത്ത് നിന്നാലേ വിഗ്രഹംകണ്ടു തൊഴാനാകൂ. ഗുരുവായൂര്‍ ഉള്‍പ്പെടെ മിക്ക ശ്രീകൃഷ്ണക്ഷേത്രങ്ങളിലും ഗോപുരത്തില്‍ നിന്നാല്‍ വിഗ്രഹം കാണാനാകും. എന്നാല്‍ ഇവിടെ തിരുമുമ്പില്‍ നിന്നാല്‍ മാത്രമേ ദര്‍ശനം കിട്ടു. 

ക്ഷേത്രത്തിന്റെ കാലപ്പഴക്കം സംബന്ധിച്ച രേഖകളൊന്നുമില്ല. തമിഴ് ശില്‍പ്പകലയായതിനാല്‍ ചോളകാലത്ത് നിര്‍മിച്ചതാണെന്ന് കരുതുന്നു. വിഷ്ണുഭക്തന്മാരായ ആഴ്​വാന്മാര്‍ പണി കഴിപ്പിച്ചതാണ് പെരുമാള്‍ സ്വാമി ക്ഷേത്രമെന്ന് വിശ്വസിക്കപ്പെടുന്നു. ധര്‍മരാജാവിന്റെ കാലത്ത് ദിവാനായിരുന്ന രാജാകേശവ ദാസന്‍ ക്ഷേത്രം പുതുക്കിപ്പണിതതായി പറയുന്നു. ക്ഷേത്രത്തിന്റെ താന്ത്രികാവകാശം തരണരനല്ലൂര്‍ തന്ത്രിമാര്‍ക്കാണ്. ഇപ്പോള്‍ അത്തിയറമഠമാണ് താന്ത്രികപ്രവൃത്തി ചെയ്യുന്നത്. മേടമാസത്തിലെ അത്തം നാളിലാണ് ക്ഷേത്രത്തിലെ ഉത്സവാരംഭം. തലേന്ന് പൂരം നാളില്‍ ക്ഷേത്രത്തിന് തൊട്ടടുത്തുള്ള ഓലയില്‍ അയ്യപ്പന്‍ കാവിലും ഉടയന്‍ കാവിലും നാഗരാജാവിനും ശുദ്ധികലശം നടത്തുന്നു. തിരുവോണം നാളില്‍ ആറാട്ടോടെ ഉത്സവം സമാപിക്കും. 

ഏകവിഗ്രഹ പ്രതിഷ്ഠയുള്ള അപൂര്‍വതങ്ങളില്‍ ഒന്നാണ് മുഖത്തലക്ഷേത്രം. എല്ലാ ക്ഷേത്രങ്ങളിലും ഗണപതിപ്രതിഷ്ഠ ഉണ്ടാകും. ഇവിടെ അതില്ല. നിത്യവും ഗണ പതിഹോമം നടക്കുന്നത് സങ്കല്പത്തിലാണ്. അതുപോലെ മൃതഞ്ജയഹോമവും ഭഗവ തിഹോമവും സങ്കല്പത്തിലാണ്. മാത്രമല്ല നാഗരാജാവിന്റെ പ്രതിഷ്ഠ ക്ഷേത്രമതില്‍ക്കെട്ടിനു പുറത്താണ്. ക്ഷേത്രമതില്‍ക്കെട്ടിനുള്ളില്‍ തെക്കുകിഴക്കായി വളരെ പഴക്കമുള്ള ആല്‍മരമുണ്ട്. വടക്കുവശത്ത് യക്ഷി അമ്പലമുണ്ട്. എന്നാല്‍ ഇതൊരു പഴയ കിണറാണ്. വിഗ്രഹമോ പൂജയോ ഇല്ല. ക്ഷേത്രത്തില്‍ രാവിലെ 4.30-ന് നട തുറക്കും. ഉച്ചപൂജയ്ക്കുശേഷം 12-ന് അടയ്ക്കുന്ന ക്ഷേത്രം വൈകീട്ട് അഞ്ചിന് തുറന്നു രാത്രി എട്ടിന് അത്താഴപൂജയോടുകൂടി നട അടയ്ക്കും. നിത്യവും അഞ്ചു പൂജയും നവകവും കുംഭമാസത്തിലെ കളഭാഭിഷേകവും വര്‍ഷംതോറും കളമെഴുത്തും പാട്ടും ജന്മാഷ്ടമിയിലെ പായസപ്പൊങ്കാലയും (അഷ്ടമിപ്പൊങ്കല്‍) കുചേല ദിനാഘോഷവും നവരാത്രി ആഘോഷങ്ങളും ചിങ്ങത്തിലെ നിറപുത്തരിയും വിഷു ആഘോഷങ്ങളും ഈ മഹാക്ഷേത്രത്തിന്റെ പ്രത്യേകതയാണ്.

ഉപദേവതകളില്ലെങ്കിലും ക്ഷേത്രം ചുറ്റിനടന്നു കാണാന്‍ രണ്ടു മണിക്കൂറെടുത്തു. കുംഭച്ചൂട് തിളച്ചുമറിയുകയാണ്. അരച്ചെടുത്ത കളഭം അഭിഷേകം ചെയ്ത് മുഖത്തല മുരാരിയെ തണുപ്പിച്ചെടുക്കുന്നു. പുറത്ത് ഉരുകിയൊലിക്കുന്ന ചൂട്. അല്‍ പ്പനേരം ബലിക്കല്‍പ്പുരയില്‍ കയറിനിന്നു. ഇളം തണുപ്പ് ശരീരത്തിലേക്കും മനസ്സിലേക്കും പടര്‍ന്നു. മതിലിന് പുറത്ത കാവും കണ്ട് മുരാരിമുക്കിലേക്ക് പോയി. ഇവിടെയാണ് ക്ഷേത്രവുമായി ബന്ധപ്പെട്ട് ഉണ്ടയന്‍ കാവും ഓലയില്‍ കാവും.

Olayilkavu
ഓലയില്‍ക്കാവ്

മുഖത്തല ശ്രീകൃഷ്ണ സ്വാമിക്ഷേത്രവുമായി വലിയ ബന്ധമുണ്ട്, സമീപത്തെ ഓലയില്‍ക്കാവ് ശ്രീധര്‍മശാസ്താക്ഷേത്രത്തിന്. ഓലയില്‍ക്കാവില്‍ ഉത്സവം കഴിഞ്ഞതിന് ശേഷംമാത്രമേ മുഖത്തല ക്ഷേത്രത്തില്‍ ഉത്സവം തുടങ്ങുകയുള്ളൂ. മുരാരി അമ്പലത്തിലെ കൊടിയേറ്റിന് തലേദിവസം ഓലയില്‍ക്കാവ് ക്ഷേത്രത്തിലേക്ക് തിടമ്പിന് പകരം വാള്‍ എഴുന്നള്ളിച്ചുപോകാറുണ്ട്. ശാസ്താവിന്റെ അനുഗ്രഹം വാങ്ങാനാണെന്നാണ് വിശ്വാസം. കുളത്തിന്റെ നടുവിലെ പീഠത്തില്‍ ജലവാസത്തിലാ യിരുന്നു ഓലയില്‍ കാവിലെ ശാസ്താപ്രതിഷ്ഠ. അടുത്ത കാലത്ത് താന്ത്രികവിധി പ്രകാരം വിഗ്രഹം വെള്ളത്തില്‍നിന്ന് മുകളിലേക്ക് മാറ്റി പ്രതിഷ്ഠിച്ചു. ചുറ്റും കാവും അതില്‍ നിറയെ നീരൊഴുക്കുമാണ്. കൊടുംവേനലിലും ക്ഷേത്രത്തിന്റെ നാലു ചുറ്റിലുമുള്ള ചാലിലൂടെ വെള്ളം ഒഴുകിക്കൊണ്ടിരിക്കും. ഏത് ചൂടിലും തണുത്ത കാലാവസ്ഥയാണീ കാവിനുള്ളില്‍.

Mukhathala Sri Krishna Swamy Temple is one of the few temples which has single idol deity dedicated to Lord Krishna. Located on the Kollam-Kulathupuzha road at Mukhathala, the temple is dedicated to God Murari.There are no upadevadas in the temple. 

Getting There 

By air: Thiruvananthapuram internatinal airport (63kms) By rail: Kollam railway Station (8kms) By road: Both ksrtc and private bus services are available from kollam town (8kms) Timings - 4.30 Am 12 noon. 17.00 pm 20.00 pm 

Contact: 0474 2502979. 9446159827.7592008140 

Sights around: Anandavalleswaram temple (10kms) • Kottarakkara Ganapathi temple. Munrothuruth Jadayuppara. Velinalloor sreerama swami temple

(മാതൃഭൂമി യാത്രയില്‍ പ്രസിദ്ധീകരിച്ചത്‌)

Content Highlights: Mukhathala Sri Krishna Swamy Temple, Spiritual Travel, Kerala Temples, Mathrubhumi Yathra