മറയൂര്‍: മഴനിഴല്‍പ്രദേശമായ മറയൂര്‍ ചിന്നാറില്‍ ശലഭങ്ങളുടെ ദേശാടനം ആരംഭിച്ചു. തമിഴ്‌നാട്‌കേരള അതിര്‍ത്തിപ്രദേശത്ത് ചിന്നാര്‍പാമ്പാര്‍ നദികളുടെ സംഗമസ്ഥാനമായ കുട്ടാര്‍ ഭാഗത്താണ് കഴിഞ്ഞദിവസം വിവിധയിനം പൂമ്പാറ്റകള്‍ പറന്നുനീങ്ങിയത്. 

ഇവ ചുരളിപ്പെട്ടി, തായണ്ണന്‍കുടിവഴി ഒലിക്കുടി മേഖലയിലേക്കാണു പോയതെന്ന് ബയോളജിസ്റ്റ് ഹാരിഷ് സുധാകരന്റെ നിരീക്ഷണത്തില്‍ കണ്ടെത്തി. കാലാവസ്ഥയിലുണ്ടായ വ്യതിയാനംകാരണവും ഇണചേരുന്നതിനനുയോജ്യമായ വ്യവസ്ഥകള്‍ തേടിയുമാണ് ഇവ സാധാരണയായി ഇങ്ങനെ നീങ്ങുന്നത്.

പശ്ചിമഘട്ടമലനിരകളില്‍ ഏകദേശം 44തരം ശലഭങ്ങള്‍ ഈവിധം ദേശാടനം ചെയ്യാറുണ്ട്. ഇതിനിടെ ഇവ കൂട്ടത്തോടെ ചില മരങ്ങളിലും ചെടികളിലും 
വിശ്രമിക്കാറുണ്ട്. വ്യാപകമായ പരാഗണവും ഇതുമൂലം പ്രകൃതിയില്‍ സംഭവിക്കുന്നു.

വനമേഖലയില്‍ പലതരം ചെടികളുടെയും മരങ്ങളുടെയും വ്യാപകമായ നിലനില്പ് ഇതുമൂലമാണ് ഉണ്ടാകുന്നത്. കാലാവസ്ഥയിലുണ്ടായ വലിയ വ്യതിയാനംകാരണം പശ്ചിമഘട്ടമലനിരകളില്‍നിന്നു വയനാടുവഴിയുള്ള ദേശാടനശലഭങ്ങള്‍ ഈവര്‍ഷം എത്തിയില്ലെന്നു റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, ചിന്നാര്‍ വനമേഖലയില്‍ ഇത് ഈവര്‍ഷവും ഉണ്ടായെന്ന് മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജി.പ്രസാദും ചിന്നാര്‍ അസിസ്റ്റന്റ് വാര്‍ഡന്‍ പി.എം.പ്രഭുവും പറഞ്ഞു.