ആർത്തലച്ചെത്തുന്ന വെള്ളം പാറക്കൂട്ടങ്ങളിൽ പതിച്ച് 30 അടി താഴ്ചയിലേക്ക് ചിതറിവീഴുന്ന കാഴ്ച മീൻമുട്ടിയിലെത്തുന്നവരു‌ടെ മനം കുളിർപ്പിക്കും. കുമ്മിൾ പഞ്ചായത്ത് അതിർത്തിയിലാണീ വെള്ളച്ചാട്ടം. ചിറ്റാറിന്റെ കൈവഴികളിലൊന്നാണ് വേനലിൽ മെലിഞ്ഞും മഴക്കാലത്ത് ആർത്തലച്ചും തൊളിക്കുഴി മീൻമുട്ടിയിൽ വെള്ളച്ചാട്ടമായി രൂപപ്പെടുന്നത്. ഇവിടെ, പാറകളിൽ തട്ടി വെള്ളം പതഞ്ഞൊഴുകുന്നത് സഞ്ചാരികൾക്ക് ഹരമേകും.

വെള്ളച്ചാട്ടത്തിനു താഴെയായി വലിയ ആൽമരം തണൽവിരിച്ചുനിൽക്കുന്നതിനാൽ നട്ടുച്ചയ്ക്കും ഇവിടെ മരംകോച്ചുന്ന തണുപ്പാണ്. ശ്രീനാരായണഗുരുവിന്റെ ജീവിതവുമായി ബന്ധപ്പെട്ടും ഈ പ്രദേശത്തിനും വെള്ളച്ചാട്ടത്തിനും പ്രാധാന്യമുണ്ട്. കിളിമാനൂർ അടയമൺ സന്ദർശിച്ച ഗുരുദേവൻ മീൻമുട്ടി വെള്ളച്ചാട്ടത്തിനുസമീപം ധ്യാനനിരതനായി. തന്നെ കാണാനെത്തിയ ദളിതർ നൽകിയ ഭക്ഷണം അവർക്കൊപ്പമിരുന്നു കഴിച്ചതായും പറയപ്പെടുന്നു. ഗുരു ഇരുന്ന് ദളിതരെ ഊട്ടിയ സ്ഥലമായതിനാൽ ഇരുന്നൂട്ടി എന്ന പേരിലും ഇവിടം അറിയപ്പെടുന്നു.

തൊട്ടുചേർന്നുള്ള ക്ഷേത്രം സഞ്ചാരികൾക്ക് ആത്മീയതയും പ്രദാനം ചെയ്യുന്നു. വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ആഗ്രഹമുള്ളവർക്ക് ക്ഷേത്രം ചുറ്റി പുറകുവശംവഴി പാറക്കൂട്ടത്തിലെത്താം.

കുമ്മിൾ പഞ്ചായത്തിലെ വട്ടത്താമര വാർഡിലെ വെള്ളച്ചാട്ടത്തിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നതിനുള്ള നടപടികൾ എടുക്കണമെന്ന ആവശ്യം ശക്തമാണ്. മുൻ പഞ്ചായത്ത് കമ്മിറ്റി ഇവിടെ ലുക്ക്ഔട്ട് പോയിൻറും ഇരിപ്പിsങ്ങളും നിർമിച്ചിരുന്നു. പിന്നീട് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ആറിനു മുകളിൽക്കൂടി പാലവും ശില്പങ്ങളും നിർമിച്ചതൊഴിച്ചാൽ മറ്റ് നടപടികളൊന്നുമുണ്ടായില്ല.

വിശ്രമസങ്കേതവും ഉൾപ്പെടെയുള്ളവ നിർമിച്ചാൽ വെള്ളച്ചാട്ടം കൂടുതൽ ആസ്വാദ്യമാക്കാൻ കഴിയും.

എം.സി. റോഡിൽ നിലമേൽ, കടയ്ക്കൽ വഴിയും കിളിമാനൂരിൽ നിന്ന് കുറവൻകുഴി വഴിയും മീൻമുട്ടിയിലെത്താം

Content Highlights: Meenmutti Waterfalls, Kollam Tourism, Kerala Tourism, Waterfalls in Kerala