കേരളം അടുത്തിടെ കണ്ട ഏറ്റവും വലിയ പ്രളയത്തില്‍ കുത്തിയൊഴുകിയ കല്ലാര്‍ ഇപ്പോള്‍ ശാന്തമാണ്. പ്രളയം തീര്‍ത്ത ആഘാതങ്ങളുടെ ബാക്കിപത്രം അങ്ങിങ്ങായി കാണാമെങ്കിലും സ്വാഭാവികമായ ഒരൊഴുക്കിലേക്ക് ഈ നദി തിരികെയെത്തിയിരിക്കുന്നു. കല്ലാറിന്റെ പരിസരങ്ങളിലായി ഒരുപാട് ഉരുളന്‍ കല്ലുകള്‍ നമുക്ക് കാണാനാവും. ഈ കല്ലുകള്‍ തന്നെയാണ് കല്ലാറിന്റെ ഭംഗി.
കല്ലാറും പിന്നിട്ട് പോയാല്‍ അടുത്ത വിനോദസഞ്ചാര കേന്ദ്രമാണ് മീന്‍മുട്ടി വെള്ളച്ചാട്ടം. പൊന്മുടിയിലേക്ക് പോകുന്ന വഴിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് മീന്‍മുട്ടി. പ്രധാന കവാടത്തില്‍ നിന്നും ടിക്കറ്റെടുത്ത് ടാറിടാത്ത വഴിയിലൂടെ വേണം വെള്ളച്ചാട്ടം കാണാന്‍ പോകേണ്ടത്.കാട് പന്തല്‍ വിരിച്ച വഴിയിലൂടെ മുന്നോട്ടുപോകുമ്പോള്‍ ഇടയ്ക്ക് കൊച്ചരുവികള്‍ കാണാം. കേരള വനം വന്യജീവി വകുപ്പിന്റെ തിരുവനന്തപുരം ഡിവിഷനിലെ പരുത്തിപ്പള്ളി റേഞ്ചിലാണ് മീന്‍മുട്ടി. അതുകൊണ്ട് തന്നെ വനത്തില്‍ പ്രവേശിക്കുമ്പോള്‍ പാലിക്കേണ്ട ചില കാര്യങ്ങളുണ്ടെന്ന് പ്രത്യേകം ഓര്‍മിപ്പിച്ചാണ് സഞ്ചാരികളെ അകത്തേക്ക് കയറ്റിവിടുന്നത്.
പൊന്‍മുടിയിലേക്കുള്ള പ്രധാന റോഡില്‍ നിന്ന് അര കിലോമീറ്ററോളം കാട്ടിലൂടെ സഞ്ചരിച്ചാല്‍ പാര്‍ക്കിങ് ഏരിയയിലെത്തും. വാഹനം ഇവിടെ നിര്‍ത്തിയതിന് ശേഷം നടന്നാണ് വെള്ളച്ചാട്ടത്തിന്റെ അരികിലെത്തേണ്ടത്. ഒരുപാട് അപകടം നിറഞ്ഞ സ്ഥലമാണിത്. ഇതിനേക്കുറിച്ചുള്ള നിരവധി സൂചനാ ബോര്‍ഡുകള്‍ നടന്നു പോകുമ്പോള്‍ കാണാം. ചെറിയ കയങ്ങളും വഴുക്കലുള്ള പാറക്കെട്ടുകളുമാണ് ഇവിടെയുള്ളത്. കൂടാതെ ഗൈഡുമാര്‍ നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ കൃത്യമായി അനുസരിക്കുകയും ചെയ്താല്‍ അപകടം ഒഴിവാക്കാം.
വെള്ളച്ചാട്ടത്തിന് മീന്‍മുട്ടി എന്ന പേരുവരാന്‍ ഒരു കാരണം ഈ നദിയിലെ പെരുമ്പിനാലി എന്ന ഒരുതരം മത്സ്യമാണ്. വെള്ളച്ചാട്ടം വരെയേ ഈ മത്സ്യം സഞ്ചരിക്കൂ. വെള്ളച്ചാട്ടത്തിന് അപ്പുറം പോകാനാവാതെ ജലോപരിതലത്തില്‍ മത്സ്യം മുട്ടി നില്‍ക്കുന്നതിനാല്‍ വെള്ളച്ചാട്ടത്തിന് മീന്‍മുട്ടി എന്ന് പേരുവന്നുവെന്ന് ചുരുക്കം. പൊന്മുടിയിലേക്ക് പോകുന്നവരില്‍ മുക്കാല്‍ പങ്കും മീന്‍മുട്ടിയിലെത്താറുണ്ടെന്ന് ഗൈഡ് ശശി പറയുന്നു. വെള്ളച്ചാട്ടം എത്തുന്നതിന് ഒരു കിലോമീറ്റര്‍ താഴെയായി ആഴം കുറഞ്ഞ സ്ഥലങ്ങളുണ്ട്. ഇവിടെ വേണമെങ്കില്‍ ഇറങ്ങി ഒരു കുളി പാസാക്കാം.
മലവെള്ളം വരാന്‍ സാധ്യതയുള്ള പ്രദേശമാണിവിടം എന്നതിനാല്‍ നദിയിലിറങ്ങുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. കൂടാതെ ആനയിറങ്ങുന്ന സ്ഥലം കൂടിയാണിത്.
(മാതൃഭൂമി കപ്പ ടി.വിയില്‍ ട്രാവല്‍ ജേണലിസ്റ്റ് റോബി ദാസ് നടത്തുന്ന ഓപ്പണ്‍ റോഡില്‍ നിന്ന്)
Content Highlights: Meenmutty Waterfalls, Open Road, Kerala Travel