മൂന്നു വർഷം മുൻപ് ഞങ്ങൾ മറയൂരിൽ പോയപ്പോൾ അവിടെ ഉണ്ടായിരുന്നത് വിളറിയ മഞ്ഞ വെളിച്ചം പരത്തുന്ന ഒരു ഫ്ളൂറസന്റ് ലാമ്പും, അതിനെ ഉയർത്തി നിർത്തുന്ന ദ്രവിച്ചുപോയ ഒരു വിളക്കുകാലും, ഒരു ലോഡ്ജും വൈറ്റ്സിമന്റ് അടർന്നു നിൽക്കുന്ന ചുവരോടുകൂടിയ 27-ാം നമ്പർ മുറിയും മാത്രമായിരുന്നു. പിന്നെ ഇരുട്ട്, ചന്ദനമരങ്ങളുടെ ഉന്മാദിയായ ഗന്ധം, ചെറുമരങ്ങളുടെ ചിരപുരാതനമായ പിറുപിറുപ്പ്... ഓർമ്മകൾ തന്നെയാണ് ഞങ്ങളെ വീണ്ടും മറയൂരിലേക്ക് കൊണ്ടുപോയത്.

രണ്ടാമത്തെ യാത്രയിൽ മറയൂരിലെത്തിയപ്പോൾ പുതിയ ലോകക്രമത്തെക്കുറിച്ച് വാചാലരാവുകയാണ് ഞങ്ങൾ ചെയ്തത്. മറയൂർ ഒരു പുതുപ്പെണ്ണിനെപ്പോലെ അണിഞ്ഞൊരുങ്ങിയിരുന്നു. ഞങ്ങൾ താമസിച്ച 27-ാം നമ്പർ മുറിയിൽ ടെലിവിഷൻ സ്ഥാപിക്കപ്പെട്ടിരുന്നു. സ്റ്റാർ മൂവീസ്, എച്ച്.ബി.ഒ, ഫാഷൻ ടി.വി, പിന്നെ തമിഴ്മക്കളുടെ സ്വന്തം കെ.ടി.വി, അങ്ങിനെ പോകുന്നു മറയൂർ ഇന്ന്.

മറയൂരിന്റെ ഉള്ളിലേക്ക് യാത്ര ചെയ്യാൻ തീരുമാനിച്ചാണ് ഇപ്രാവശ്യം ഞങ്ങൾ വന്നത്. പക്ഷേ മറയൂർ വ്യത്യസ്തമാണ്. മറയൂരിൽ ചെന്നാൽ ഭൂമിയുടെ വൃദ്ധത്വമാണ് ഹൃദയത്തിൽ അനുഭവപ്പെടുക, നാഷണൽ ജ്യോഗ്രഫിക്ക് ചാനലിൽ ഇടയ്ക്കു കാണാറുള്ള ആഫ്രിക്കയിലെ മസായ്മാര നാഷണൽ പാർക്കു പോലെ തോന്നും പെട്ടെന്ന്. ചെറിയ തണുപ്പും നേർത്തമഞ്ഞും ഉണ്ടായിരുന്നു. ഞങ്ങളുടെ വഴികാട്ടികൾ, വെള്ളയനും ശിവലിം ഗവും, മൈസൂർ വ്യാഘ്രം ടിപ്പുവിന്റെ കഠാരയെ ഓർമ്മിപ്പിക്കുന്ന, വളഞ്ഞുനിവർന്ന് വീണ്ടും വളഞ്ഞ ഓരോ കൊടുവാളുമായി മുന്നിൽ ചെറിയ കുറ്റിക്കാടുകളെ വകഞ്ഞുമാറ്റിക്കൊണ്ട് നടക്കുന്നു. രണ്ട് പേരും ഭൂമിയിലെ ആദിമനിവാസികളാണ്. ആദ്യമൊന്നും ഞങ്ങളവരെ ശ്രദ്ധിച്ചിരുന്നില്ല, രണ്ടു വഴികാട്ടികൾ എന്നേ കരുതിയുള്ളൂ. ക്രമേണ കാടുകനക്കും തോറും അവരെ ശ്രദ്ധിക്കാതെയിരിക്കാൻ കഴിയില്ലെന്നായി. ലോകത്തിന്റെ മറ്റൊരു ഭാഗത്തും അവരെ നമുക്കാവശ്യമായി വരുമായിരിക്കില്ല. എന്നാൽ ഇവിടെ, ഈ വനത്തിൽ, മറയൂരിൽ അവർ യാത്രികന്റെ ജലവും ഭക്ഷണവുമാണ്, ആത്മവിശ്വാസവും ജീവിതവുമാണ്.

ചെറിയ കുറ്റിക്കാടുകൾ, ചെങ്കുത്തായ കയറ്റങ്ങൾ, പാറയിടുക്കുകൾ ഭൂപ്രകൃതി മാറിമാറി വരുന്നു. മുകളിൽ ചെറിയ ചെറിയ കുന്നുകൾ ഉണ്ടെന്നും അവിടെ മുനിയറകൾ ഉണ്ടെന്നും വെള്ളയൻ പറഞ്ഞു. രാവിലെ മുതൽ ഉച്ചവരെ നടക്കുന്നതിനിടയ്ക്ക് ഈയൊരു വാചകം മാത്രമാണ് അദ്ദേഹം പറഞ്ഞത്. ശിവലിംഗമാകട്ടെ, സംസാരം നിർത്തിയാൽ എന്തോ അപകടം സംഭവിക്കും എന്ന മട്ടിലാണ്. തന്റെ ജീവിതത്തിലെ വൈരുദ്ധ്യാത്മകമായ കഥകൾ കൊണ്ട് അയാൾ ഞങ്ങളെ തീർത്തും നിസ്സഹായരാക്കിക്കളഞ്ഞു.

യാത്രയുടെ അന്തരീക്ഷം ഞങ്ങളെ ഉല്ലാസഭരിതരാക്കിയിരുന്നെങ്കിലും അത്ര ലാഘവമനസ്ക്കരാകാൻ അർഹതയില്ലെന്ന് ഇടയ്ക്കിടെ മൂക്കിലേക്കടിച്ചു കയറിയിരുന്ന ആനച്ചൂര് ഞങ്ങളെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു. വെള്ളയൻ ഞങ്ങളോട് ഇടയ്ക്കിടെ നിൽക്കാൻ പറയും. എന്നിട്ട് ചുറ്റും നോക്കി മണം പിടിക്കും. ചില ഊടുവഴികളിലേക്ക് ഇറങ്ങിയോടും. എന്നിട്ട് അതേ വേഗത്തിൽ തിരിച്ചുവന്ന് ഞങ്ങളെ വഴിമാറ്റി നടത്തും. ചിലപ്പോൾ സുരക്ഷിതമായ ഒരു പാറപ്പുറം കാണുന്നതു വരെ ഓടാൻ പറയും. നടന്നു പോകുന്ന വഴി ആനകളുടെയും കാട്ടുപോത്തുകളുടെയും വിഹാര രംഗമാണത്. ഞങ്ങൾ മൃഗങ്ങളെയൊന്നും കണ്ടില്ലെങ്കിലും, കുറ്റിക്കാടുകൾക്കു പിറകിൽ ആനകളുടെ - ഞങ്ങളുടെ അവിദഗ്ധമ യ കണ്ണുകൾക്കുമാത്രം - അദൃശ്യമായ സാന്നിദ്ധ്യം നിരന്തരം അനുഭവപ്പെട്ടു കൊണ്ടേയിരുന്നു.

Marayoor 2

യാത്ര തുടങ്ങിയശേഷം വെള്ളനേയും ശിവലിംഗത്തെയും പരിചയപ്പെട്ടപ്പോഴാണ് ഉൾക്കാട്ടിലെ ആദിവാസിക്കുടികൾ കാണുക എന്നത് യാത്രയുടെ ഒരു ഭാഗമായിത്തീർന്നത്. വെള്ളയനും ശിവലിംഗവും മലപ്പുലയ വിഭാഗത്തിൽപ്പെട്ടവരാണ്. അവരുടെ ആവാസസ്ഥലത്തിന് 'കുടി' എന്നു പറയും. ഒരു കുടിയിൽ നിരവധി വീടുകൾ ഉണ്ടായിരിക്കും. വെള്ളയന്റേത് 'ആലംപെട്ടി കുടി' എന്നും ശിവലിംഗത്തിന്റേത് 'ഈശാംപെട്ടി കുടി എന്നും അറിയപ്പെടുന്നു. ഇത്തരത്തിലുള്ള 11 ആദിവാസി ഗ്രാമങ്ങളാണ് മറയൂരിലെ ആദിവാസി സമൂഹം. ഉൾക്കാട്ടിലുള്ള 'വെള്ളക്കൽ കുടി' ആയിരുന്നു ഞങ്ങളുടെ ലക്ഷ്യം.

രണ്ടു മലകൾ കയറിയപ്പോഴേക്കും ഉച്ചയായി, നല്ല വിശപ്പ്. അരിയും അത്യാവശ്യം പാചകം ചെയ്യാനുള്ള പച്ചക്കറികളും കൈവശം ഉണ്ടായിരുന്നു. വെള്ളയനും ശിവലിംഗവും പാചകം ഏറ്റെടുത്തു. കഞ്ഞിയിൽ ചെറുപയർ ഇട്ട് വേവിച്ചതും എന്തൊക്കെയോ കാട്ടുകിഴങ്ങുകളും ഇലകളും ചേർത്തുള്ള ഉപ്പേരിയും.

നടന്നു നടന്ന് രാത്രിയോടെ ഞങ്ങൾ 'വെള്ളക്കൽ കുടി'യിൽ എത്തി. ദക്ഷിണ മേരിക്കയിലെ 'മാച്ചുപിച്ചു' പോലെ പർവ്വതത്തിന്റെ നെറ്റിയിൽ ഒരു സമൂഹം. ഓല കൊണ്ട് വൃത്തിയായി മേഞ്ഞ കുടിലുകൾ. പുല്ല് വളർത്തിയ പാടങ്ങൾ കണ്ടപ്പോൾ അതെന്താണെന്നു ചോദിച്ചു. പുൽ തൈലം ഉണ്ടാക്കുന്ന പുല്ലാണ്. പുൽത്തൈലം വാറ്റിയെടുക്കുന്ന ഫാക്ടറിയും കാണിച്ചുതന്നു. (പരമ്പരാഗത യന്ത്രങ്ങൾ മാത്രമേ അവിടെയുള്ളൂ. ഫാക്ടറി എന്നു കേട്ട് തെറ്റിദ്ധരിക്കരുത്). വെള്ളക്കൽ കുടിയിൽ പുല്ലുമേഞ്ഞ വിശാലമായ ഒരു ഹാൾ ഉണ്ട്. കൗമാരം കഴിഞ്ഞാൽ ആൺകുട്ടികൾ വന്നുതാമസിക്കുന്ന സ്ഥലമാണത്രേ അത്. വിവാഹം വരെ എല്ലാ ചെറുപ്പക്കാരും ആ ഹാളിൽ ഒന്നിച്ചു കഴിയണം എന്നാണ് കുടിയിലെ നിയമം.

കുളി കഴിഞ്ഞെത്തിയപ്പോഴേക്കും കുടികളിലെ അന്തരീക്ഷം ആകെ മാറിയിരുന്നു. അവിടുത്തെ ഒരു കുട്ടി ഋതുമതിയായത്. അവർക്കത് വലിയൊരാഘോഷമാണ്. ഋതുമതി ആയതുമുതൽ ഒരു പെൺകുട്ടിയുടെ ജീവിതം വലിയൊരു മാറ്റത്തിന് വിധേയമാകും. പിന്നീടൊരു മാസം ഏകാന്തവാസമാണ്. അതിനു വേണ്ടി പ്രത്യേകം സജ്ജീകരിച്ച ഒരു മുറി ഉണ്ട്. ഈ സമയത്ത് പെൺകുട്ടി പുരുഷൻമാരെ കാണാൻ പാടില്ല. അവ രുടെ ആഘോഷങ്ങൾക്കു നടുവിൽ ദീർഘനേരം ഞങ്ങളിരുന്നു. ഈ ഭൂമിയുടെ വൃത്തത്തിലെവിടെയോ, അതിർത്തികൾ വിസ്മൃതമായ ഒരു കാനനമധ്യത്തിൽ, അപരിചിതമായ ഒരു ജനക്കൂട്ടത്തിൽ, പ്രാകൃതമായ പദചലനങ്ങൾക്കും വാദ്യോപകരണങ്ങളുടെ പെരുക്കത്തിനുമിടയിൽ അതിന്റെ താളത്തിൽ ലയിച്ച് പതുക്കെ ഞങ്ങൾ മയങ്ങിപ്പോയി.

രാവിലെ വെള്ളയനാണ് പറഞ്ഞത് കുറച്ചകലെ ഒരു കുന്നിൻമുകളിൽ മുനിയറകൾ ഉണ്ടെന്ന്. ഞങ്ങൾക്ക് പ്രത്യേകിച്ച് ഒരു ലക്ഷ്യമില്ലാതിരുന്നതുകൊണ്ട് ഇന്നത്തെ യാത്ര അങ്ങോട്ടാവട്ടെ എന്നു തീരുമാനിച്ചു. പ്രത്യേകിച്ച് തീരുമാനങ്ങളൊന്നുമില്ലാത്ത ഈ യാത്ര ഞങ്ങളെ ഉന്മാദികളാക്കിയിരുന്നു.

Marayoor 3

പതിവുപോലെ തന്നെ വെള്ളയൻ മുന്നിലും ഏറ്റവും പിറകിൽ ശിവലിംഗവുമായി വാഴത്തുറ ഭാഗത്തുള്ള മലമുകളിലേക്ക് ഞങ്ങളുടെ യാത്ര ആരംഭിച്ചു. നടക്കുന്ന സമയത്തൊക്കെ ഞാൻ മുനിയറയെ കുറിച്ച് ചിന്തിക്കുകയായിരുന്നു. പുരാതന കേരളം ഇപ്പോഴും നമുക്കു മുൻപിൽ വളരെ കുറച്ച് ഏടുകൾ മാത്രം തുറന്ന പുസ്തകമാണ്. മാമാങ്കത്തെക്കുറിച്ച് ക്ലാസ്സിൽ പഠിക്കുമ്പോഴൊക്കെ ചുവന്ന പട്ടുചുറ്റി, വാളും പരിചയും പിടിച്ച്, രാജവാഴ്ചയെ വെല്ലുവിളിച്ചു കൊണ്ട് ഭാരതപ്പുഴയിലെ മണൽപ്പരപ്പിലൂടെ മാർച്ച് ചെയ്ത് പോകുന്ന ചാവേറുകളെ സങ്കല്പിക്കാൻ ശ്രമിക്കും. അതിനേക്കാൾ വിചിത്രമായ ജീവനശൈലിയുമായി അതിലും നിരവധി നൂറ്റാണ്ടുകൾക്കു മുമ്പ് ജീവിച്ചിരുന്ന ഒരു സമൂഹത്തിന്റെ അവശിഷ്ടങ്ങൾ കാണാമെന്ന ആവേശം ഞങ്ങൾക്കെല്ലാം ഉണ്ടായിരുന്നു. മലകയറുന്തോറും സംശയങ്ങളും ഏറിവന്നു. ഇത്രയും ദുർഘടമായ ഒരു മലമുകളിൽ ഒരു ജനവാസമേഖല എന്ന ആശയം ഉൾക്കൊള്ളാൻ സാധിക്കുന്നില്ല. പിന്നെ പട്ടാമ്പിയും, പെരിന്തൽമണ്ണയും, കോട്ടയവും, കണ്ണൂർ പട്ടണവും നശിച്ച് കാടുമൂടിയതിനു ശേഷം ഏതെങ്കിലുമൊരു തലമുറ അവയുടെ ചരിത്രം ഖനിച്ചെടുക്കുകയാണെങ്കിൽ അവർക്കും ഇതേ സംശയം വരുമായിരിക്കാം എന്ന സങ്കല്പം പങ്കുവെച്ച് ഞങ്ങൾ സംശയവധം ചെയ്തു.

കുന്നിൻമുകളിൽ മുനിയറകൾ കണ്ടു. മൂന്നു ഭാഗവും വീതിയുള്ള കല്ലുപലക കൊണ്ട് മറച്ച് മുകളിൽ കല്ലുകൊണ്ടുതന്നെ അടച്ച മുനിയറകൾ, കുന്നിൻ മുകളിൽ നിന്നാൽ ചുറ്റും കാണാം. മൃഗവും മനുഷ്യനുമായ ശത്രുക്കൾ വരുന്നത് അറിയാനായിരിക്കും ഇത്തരമൊരു സ്ഥലം തിരഞ്ഞെടുത്തത്. കുടക്കല്ല്, തൊപ്പിക്കല്ല് വിഭാഗത്തിലുള്ളതും വയനാടിന്റെ വിവിധ ഭാഗങ്ങളിൽ കാണപ്പെടുന്നതുമായ മഹാശിലാവശിഷ്ടങ്ങളോട് സദൃശമാണ് ഇവയും. മഹാശിലാ കാലഘട്ടത്തിന് ആ പേര് വരാൻ കാരണം അവരുടെ സവിശേഷമായ ശവസംസ്കാര രീതിയാണ്. കൽക്കൂടുകൾ നിർമ്മിച്ച് ശവസംസ്കാരം നടത്തുന്ന മറ്റു ജനസമൂഹങ്ങൾ വേറെയുണ്ടോ എന്നറിയില്ല. എന്തായാലും മറയൂരിലും വയനാട്ടിലും നിലനിന്നിരുന്ന ജനസമൂഹങ്ങൾ സാമ്യമുള്ള സ്ഥിതിക്ക് അവ തമ്മിൽ പരസ്പര ബന്ധവും ഉണ്ടായിരിക്കണം. എങ്ങിനെയായിരിക്കാം അവർ പരസ്പരം, സാംസ്കാരികവും ആശയപരവുമായ കൈമാറ്റങ്ങൾ നടത്തിയിരുന്നത്

സൂര്യൻ അസ്തമിക്കുന്നതിനു മുമ്പേ തിരിച്ചെത്തുന്നതിനായി ഞങ്ങളുടെ മലയിറക്കം കുറച്ച് വേഗത്തിലാക്കി. മലയിറങ്ങിയ ശേഷം എല്ലാവരും വിശ്രമിക്കാൻ ഇരുന്നു. വെള്ളയനും ശിവലിംഗവും ചായകൂട്ടാൻ തുടങ്ങി. ഒരു ചോലവനത്തിലാണ് ഇരിപ്പ്. മഴക്കാലത്തു മാത്രം ഒരു ചോലവന അടയാളം സജീവമാകുന്ന ഒരരുവിയുടെ മാത്രം കാണാം. വീണ്ടും തളിർക്കാനുള്ള കാടിന്റെ കാത്തിരിപ്പ്, പച്ചപിടിക്കാനുള്ള അക്ഷമ, നനവേൽക്കാനും ആർദ്രമാവാനുമുള്ള മണ്ണിന്റെ മോഹം... തിളക്കുന്ന ശബ്ദം മാത്രം. ഞങ്ങളൊന്ന് മയങ്ങിയോ എന്നൊരു സംശയം. ഒരു ഞെട്ടലോടെയാണ് ഉണർന്ന് ആരോ തട്ടിയുണർത്താൻ ശ്രമിക്കുന്നതുപോലെ തോന്നി. മിഴികൾ വലിച്ച് തുറന്നപ്പോൾ വെള്ളയനാണ്. മിണ്ടരുത് എന്ന് ആംഗ്യം കാണിക്കുകയും എല്ലാവരേയും ഉണർത്താൻ പറയുകയും ചെയ്യുന്നുണ്ട്. ആകെ പരിഭ്രമിച്ച ഞാൻ എല്ലാവരേയും വിളിച്ചു. ബാഗുകൾ എടുത്ത് വെള്ളയൻ മുന്നിലോടി. ഞങ്ങളോട് വേഗം ഓടാൻ പറഞ്ഞു. എല്ലാവരും പരിഭ്രമിച്ചിരുന്നു. അകാരണവും അരൂപിയുമായ ഭയം എ ല്ലാവരേയും നിരാശയിലാഴ്ത്തിയിരുന്നു. കുറച്ചു ദൂരം ഓടിയപ്പോഴേക്കും ഞങ്ങൾ വലിയ ഒരു പാറപ്പുറം കണ്ടെത്തി, അതിൽ വലിഞ്ഞു കയറി. ഓടി വന്ന വഴിയിലേക്ക് നോക്കാൻ അപ്പോഴാണു ധൈര്യം ഉണ്ടായത്.

“എന്തിനാ നമ്മൾ ഓടിയത് ? " ഞാൻ ചോദിച്ചു.

“ആന വരുന്നുണ്ട്. ഒറ്റയാൻ. വെള്ളയൻ പറഞ്ഞു.

"അപകടകാരിയാണോ?"

"ഉം ആലംപെട്ടി കൊമ്പനാ വരുന്നത്"

"കാണാൻ പറ്റുമോ? "ഈ വഴിക്കാ വരുന്നത്. ശബ്ദമുണ്ടാക്കരുത്." ഇനിയൊന്നും പറയില്ലെന്ന മട്ടിൽ വെള്ളയൻ നിശബ്ദനായി.

ഒരാനയുടെ വരവും കാത്ത് ഞങ്ങൾ ആ പാറപ്പുറത്ത് കമിഴ്ന്നു കിടന്നു. ക്രമേണ കൊമ്പുകൾ ഒടിയുന്ന ശബ്ദം കേൾക്കാൻ തുടങ്ങി. പിന്നെ അപ്രതീക്ഷിതമായി, വല്ലാത്തൊരു വേഗത്തിൽ, ശാപഗസ്ഥനായ അശ്വത്ഥാമാവിനെപ്പോലെ ഒരു കുറ്റിക്കാട്ടിനു പിറകിൽ നിന്നും ആലംപെട്ടിക്കൊമ്പൻ ഞങ്ങൾക്ക് ദൃശ്യനായി. അതിവേഗത്തിൽ അത് ചോലവനത്തിൽ അപ്രത്യക്ഷനാവുകയും ചെയ്തു. ഞങ്ങളുടെ സാന്നിധ്യമൊന്നും അത് അറിഞ്ഞിട്ടേ ഇല്ല. അല്ലെങ്കിൽ കൃമികീടങ്ങൾ അർഹിക്കുന്ന അവജ്ഞയോടെ അതു ഞങ്ങളെ അവഗണിച്ചു. അവൻ ചത്തൂന്നാ കരുതിയത്. മൂന്ന് കൊല്ലമായി കാണാനില്ലാര്ന്നു. എത്ര മലപ്പുലയൻമാരുടെ ജീവനാ അവനെടുത്തത് എന്നറി യോ?, വെള്ളയന്റെ വാക്കുകളിൽ വേദനയും അമർഷവും ഉണ്ടായിരുന്നു.

Marayoor 4

കാട്ടിൽ നിന്നും തിരിച്ചിറങ്ങി മറയൂർ ഫോറസ്റ്റ് ആഫീസിൽ വച്ച് യാത്ര പറയുമ്പോൾ വെള്ളയൻ ഞങ്ങളുടെ കൈകൾ കൂട്ടിപ്പിടിച്ചു. വീണ്ടും വരണം, വരുമ്പോൾ എന്നെത്തന്നെ വിളിക്കണം. ഇനിയും കാടു കാട്ടിത്തരാം" ഒട്ടും മൃദുവല്ലാത്ത, കരകരപ്പുള്ള ശബ്ദത്തിൽ വെള്ളയൻ പറഞ്ഞു. പിന്നെ ആദ്യമായി, ബീഡിക്കറ പുരണ്ട പല്ലുകൾ കാണിച്ച്, ഞങ്ങളെ നോക്കി ഹൃദ്യമായി ചിരിച്ചു.

മറയില്ലാതെ മറയൂർ

പതിനായിരം ബി.സി. മുതൽ ആരംഭിക്കുന്നു മറയൂരിന്റെ ചരിത്രം. 'മറ' (ഒളിഞ്ഞിരിക്കുന്ന എന്നും 'ഊർ' (പ്രാശം) എന്നുമുള്ള വാക്കുകൾ ചേർന്നാണ് മറയൂർ എന്നായതെന്ന് പറയപ്പെടുന്നു. ലോകത്തിൽ തന്നെ അത്യപൂർവ്വമായ പ്രകൃതിദത്ത ചന്ദനമരക്കാടുകൾ മറയൂരിലുണ്ട്. അതുകൊണ്ട് തന്നെ ഏറെക്കാലം മറഞ്ഞിരിക്കാൻ മറയൂരിന് കഴിഞ്ഞില്ല. മനുഷ്യകുലത്തിന്റെ അനാദിയായ ആർത്തിയ്ക്കു മുമ്പിൽ മറയൂർ വിവസ്ത്രയായി. മറയൂരിന്റെ സുഗന്ധം അന്യനാടുകളിലേക്ക് ലോറി കയറിപ്പോയി. ഭരണകൂടങ്ങൾ ഇതുകണ്ടു. മിണ്ടാതെയിരുന്നു. മറയൂരുകാർ നിസ്സഹായതയിലേക്ക് മറഞ്ഞിരുന്നു. മറയൂരിനെ ആർക്കും ആവശ്യമില്ലായിരുന്നു. എല്ലാവർക്കും ചന്ദനം മാത്രം മതിയായിരുന്നു.

Yathra Cover
മാതൃഭൂമി യാത്ര പുതിയ ലക്കം വാങ്ങാം

ഞങ്ങളുടെ യാത്രയിലുടനീളം രാത്രികളിൽ മറയൂർക്കാട്ടിൽ തങ്ങേണ്ടി വന്നപ്പോഴൊക്കെ കാട്ടുമരങ്ങൾക്കിടയിൽ നിന്നും വെളിച്ചം കാണാമായിരുന്നു. ഇടയ്ക്കിടെ കൂക്കിവിളികളും. അതെന്താണെന്ന് ചോദിച്ചപ്പോൾ വെള്ളയനാണ് പറഞ്ഞത് ആദിവാസികൾ ചന്ദനമരങ്ങൾക്ക് കാവലിരിക്കുന്നതാണെന്ന്. നാഗരികരായ മനുഷ്യരുടെ ആർത്തിയിൽ നിന്നും മറയൂരിന്റെ ചന്ദനമരം സംരക്ഷിക്കാൻ കാടിന്റെ മക്കളുടെ കാത്തിരിപ്പ്. ചന്ദനമരങ്ങളുള്ള സ്ഥലത്തെല്ലാം ഓരോ രാത്രി മുഴുവൻ തങ്ങൾക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത് എന്താണെന്ന് അവർ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. ലോകത്തെവിടെക്കാണും ഇങ്ങനെ ആവേശകരമായ മറ്റൊരനുഭവം ഒരു സമൂഹം മുഴുവൻ അതിന്റെ സുഗന്ധത്തിന് കാവലിരിക്കുന്ന കാഴ്ച

(മാതൃഭൂമി യാത്ര 2014 ജൂൺ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)

Content Highlights: marayur, natural sandals and jaggery in marayur, forest village in marayur