കാലടിയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെ കാലടി-മഞ്ഞപ്ര റൂട്ടിലാണ് മാണിക്കമംഗലം. കാലടി പഞ്ചായത്തില്‍പ്പെട്ട സ്ഥലം. ശങ്കരാചാര്യരുമായി പല വിധത്തിലും ബന്ധപ്പെട്ടിരിക്കുന്നു ഈ ഗ്രാമം. വളരെ പുരാതനമായ ഒരു മഹാദേവക്ഷേത്രം ഇവിടെയുണ്ട്. ഇവിടത്തെ പ്രതിഷ്ഠയായ ശിവനില്‍ നിന്നാണ് ഈ സ്ഥലത്തിന്റെ പേരുണ്ടായത് എന്നാണ് പഴമക്കാരുടെ വിശ്വാസം. 'മാണിക്കന്‍' ശിവന്‍ ആണ്. 'മാണിക്കം' എന്ന വാക്കിന് 'പാമ്പിന്‍പത്തി' എന്നര്‍ത്ഥമുണ്ട്.  പാമ്പിനെ കഴുത്തിലണിയുന്നതിനാലാവാം ശിവന് 'മാണിക്കന്‍' എന്ന വിശേഷണം വന്നത്. മാണിക്കന്റെ വിഭൂതി (ഐശ്വര്യം) വിളയാടുന്ന പ്രദേശം മാണിക്കമംഗലം ആയി. മാണിക്കന്‍ ജൈനദേവനായിരുന്നുവെന്നും ജൈനമതം അസ്തമിച്ചപ്പോള്‍  ജൈനക്ഷേത്രം ശിവക്ഷേത്രമാക്കി മാറ്റിയതാണെന്നും ഒരു വാദമുണ്ട്. (പെരിന്തല്‍മണ്ണയ്ക്കടുത്ത് 'മാണിക്കപുരം' എന്നൊരു സ്ഥലമുണ്ട്). എന്നാല്‍, ഇവിടെയുള്ള പ്രശസ്തമായ ക്ഷേത്രം ശിവക്ഷേത്രത്തിനടുത്തുതന്നെയുള്ള കാര്‍ത്ത്യായനീക്ഷേത്രം ആണ്. പ്രസിദ്ധമായ നൂറ്റെട്ട് ദുര്‍ഗാലയങ്ങളില്‍ ഒന്നാണിത്. അഗസ്ത്യമുനി പ്രതിഷ്ഠ നടത്തിയതാണെന്നാണ് സങ്കല്പം.

ശങ്കരാചാര്യരുടെ അമ്മയുടെ കുടുംബമായ പനയില്‍ പാഴൂര്‍ മന (പനമന)യ്ക്കായിരുന്നു ഊരാഴ്മ. ഇപ്പോള്‍ എന്‍.എസ്.എസ്. കരയോഗത്തിനാണ് ഉടമസ്ഥത. ക്ഷേത്രത്തെ സംബന്ധിച്ച് ശങ്കരനുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യമുണ്ട്.  ശങ്കരന്റെ അച്ഛന്‍ ശിവഗുരു ഇവിടെ പൂജാരിയായിരുന്നുവെന്ന് പറയപ്പെടുന്നു. ശങ്കരന്റെ അമ്മ ആര്യാംബ മകനെയും കൂട്ടി ദിവസവും അമ്പലത്തില്‍ പോയി തൊഴുത് പാല്‍ നിവേദിക്കുകയും നേദിച്ച പാല്‍ ശങ്കരന് നല്‍കുകകയും ചെയ്യുമായിരുന്നു. ഒരുദിവസം അമ്മയ്ക്ക് വയ്യാതെ വന്നപ്പോള്‍ ബാലനായ ശങ്കരന്‍  ഒറ്റയ്ക്കാണ് പോയത്. ശങ്കരന്‍ നിവേദിച്ച പാല്‍ മുഴുവന്‍ ദേവി കുടിച്ചുതീര്‍ത്തുവത്രെ. ശങ്കരന്‍ കരച്ചിലായി. ദേവി ശങ്കരനെ സമാശ്വസിപ്പിച്ച് മടിയിലിരുത്തി മുലപ്പാലൂട്ടി.
 
ശങ്കരാചാര്യരുടെ 'സൗന്ദര്യലഹരി' യിലെ 'തവസ്തന്യം മന്യേ...' എന്നാരംഭിക്കുന്ന 75-ാം ശ്ലോകത്തിന്റെ സാരം ഇങ്ങനെ.: 'അവിടുന്ന് ദയാപൂര്‍വം നല്‍കിയ മുലപ്പാല്‍ കുടിച്ചിട്ട് ദ്രവിഡശിശു കവികളില്‍ വച്ച് അതിശ്രേഷ്ഠനായ് തീര്‍ന്നു.'  'ദ്രവിഡശിശു' എന്നാല്‍ 'ദ്രാവിഡദേശത്തെ കുട്ടി' എന്നര്‍ത്ഥം. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഖ്യാതമായ പ്രയോഗമാണ് ഇത്. മാണിക്കമംഗലത്ത് പട്ടേശ്വരം ഭദ്രകാളീക്ഷേത്രവുമുണ്ട്. ഇവിടത്തെ ശനിപൂജ വിശേഷമാണ്. അടുത്തടുത്ത ദിവസങ്ങളില്‍ പൂരം ഉത്സവം നടക്കുന്ന അഞ്ച് ഭഗവതീക്ഷേത്രങ്ങളാണ് ഈ മേഖലയിലുള്ളത്.  വേങ്ങൂര്‍, മാണിക്കമംഗലം, ചെങ്ങല്‍, എടാട്ട് (എടനാട്), ആവണങ്കോട്, ഏഴിപ്പുറം, നായത്തോട്... ഇവര്‍ സപ്തദേവതകളായി അറിയപ്പെടുന്നു.

'മാണിക്കമംഗലം തുറ' ഇവിടത്തെ പരമ്പരാഗത ജലസ്രോതസ്സാണ്. ശിവക്ഷേത്രത്തിന് പിറകിലുള്ള ഈ ചിറ, ശിവന്റെ ഭൂതങ്ങള്‍  കുത്തിയതാണെന്നാണ് ഐതിഹ്യം. ചിറ മാന്തിയ മണ്ണ് ഭൂതങ്ങള്‍ തന്നെ വാരിയിട്ട് ഉണ്ടായതാണത്രെ മറ്റൂര്‍ കുന്ന്.  കാലടിയും മറ്റൂരും ചേര്‍ന്നതാണ് മാണിക്കമംഗലം വില്ലേജ്. പഴയകാലത്ത് കാലടിയേക്കാള്‍ പ്രസിദ്ധമായിരുന്നു മാണിക്കമംഗലം  എന്ന ദേശം. കൊച്ചി-തിരുവിതാംകൂര്‍ അതിര്‍ത്തിയിലുള്ള ഇവിടം പണ്ട് കുറ്റിക്കാടുകള്‍ നിറഞ്ഞിരുന്നു. പാര്‍ട്ടി നിരോധിക്കപ്പെട്ടകാലത്ത് പല കമ്യൂണിസ്റ്റ് നേതാക്കളും ഇവിടെ ഒളിവുജീവിതം നയിച്ചിട്ടുണ്ട്. തൊണ്ണൂറ് വര്‍ഷത്തിലേറെ പഴക്കമുണ്ട് മാണിക്കമംഗലം എന്‍.എസ്.എസ്. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്. 150-ലേറെ കുട്ടികള്‍ പഠിക്കുന്ന സ്വകാര്യമേഖലയിലുള്ള  ഒരു ബധിര വിദ്യാലയവുമുണ്ടിവിടെ. കേരളത്തിലെ പട്ടികജാതിക്കാരനായ ആദ്യ ഐ.എ.എസ്.കാരന്‍ കുട്ടപ്പന്‍ ഈ നാട്ടുകാരന്‍ ആയിരുന്നു.
*****
മാഞ്ഞാലി കുന്നുകരയില്‍ അല്ല, കരുമാല്ലൂര്‍ പഞ്ചായത്തില്‍ ആണ്.

അടുത്തത്: നീലീശ്വരം

Content Highlights: Manikkamangalam, Karthyayani Temple, Sthala Namam