കോടമഞ്ഞിന്റെ വെള്ളവിരിപ്പിട്ട് താഴ്വാരം മൂടിപ്പുതച്ചുറങ്ങുന്ന കാഴ്ച കാണാന്‍ പന്തല്ലൂര്‍ മലയിലേക്ക് ദിനംപ്രതി എത്തുന്നത് നൂറുകണക്കിനാളുകള്‍.

പുലര്‍ച്ചെയോടെ മലമ്പാതയിലൂടെ സന്ദര്‍ശകപ്രവാഹമാണ്. കാഴ്ചകള്‍ കണ്ടിറങ്ങുന്നവരുടെ വര്‍ണനയും ചിത്രങ്ങളുമാണ് സഞ്ചാരികളെ ഇങ്ങോട്ടാകര്‍ഷിക്കുന്നത്. കോടമഞ്ഞും പ്രഭാതത്തിലെ കുളിരും ഹരിതാഭമായ മലയും താഴ്വാരവുമെല്ലാം സഞ്ചാരികളുടെ മനം കവരുകയാണ്.

ഇതേകാഴ്ചകള്‍ തേടിയാണ് വയനാട്ടിലെ കുറുമ്പാലക്കോട്ടയിലേക്കും ഇടുക്കിയിലെ മീശപ്പുലിമലയിലേക്കും കിലോമീറ്ററുകള്‍ താണ്ടി ആളുകള്‍ മലപ്പുറത്തുനിന്നുള്‍പ്പെടെ പോകുന്നത്. അരികിലുള്ള ദൃശ്യഭംഗി ആസ്വദിക്കാന്‍ വൈകിയെന്നാണ് സമീപദേശക്കാര്‍ പറയുന്നത്. പുലര്‍കാലകാഴ്ചകള്‍ കാണാനെത്താവുന്ന ഇടമാണിവിടം.

അല്‍പ്പം സാഹസികരായവര്‍ക്ക് സ്വന്തം വാഹനങ്ങളില്‍ മലമുകളിലേക്ക് സാഹസികയാത്രയുമാകാം. കാലാവസ്ഥയ്ക്കനുസരിച്ചാണ് ദൃശ്യഭംഗി ആസ്വദിക്കാനാകുന്നത്. പ്രകൃതിഭംഗികൊണ്ട് മലപ്പുറത്തിന്റെ പുതിയൊരു ടൂറിസം ഹബ്ബായി പന്തല്ലൂര്‍ മാറിയേക്കാം എന്നാണ് കാഴ്ചക്കാരുടെ അഭിപ്രായം.

മലകയറിയവരെടുത്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. എന്നാല്‍ ഉയരമുള്ള പാറയില്‍ക്കയറി ദൃശ്യഭംഗി ആസ്വദിക്കുന്നത് അപകടഭീഷണി ഉയര്‍ത്തുന്നുണ്ട്. മറ്റുമാര്‍ഗങ്ങള്‍ ഇല്ലാത്തതിനാല്‍ ഉയരമുള്ള പാറയില്‍ക്കയറിയാണ് കാഴ്ചകള്‍ കാണുന്നത്.

കൂടുതല്‍ സഞ്ചാരികള്‍ എത്തുന്നതോടെ ഇവിടേക്ക് അധികൃതരുടെ ശ്രദ്ധ പതിയുമെന്ന പ്രതീക്ഷയിലാണ് സഞ്ചാരികള്‍.

വഴി ഇങ്ങനെ

മലപ്പുറം ജില്ലയിലെ മഞ്ചേരി-ആനക്കയം-പാണ്ടിക്കാട് റൂട്ടിലെ കടമ്പോട് നിന്ന് സ്‌കൂള്‍ റോഡില്‍ നാലുകിലോമീറ്റര്‍ പോയാല്‍ മലകയറാനുള്ള സ്ഥലത്തെത്താം. തുടര്‍ന്ന് മൂന്നുകിലോമീറ്റര്‍ നടക്കണം. സാഹസിക ബൈക്ക് യാത്രികര്‍ക്ക് അതിനുള്ള സൗകര്യവുമുണ്ട്. സ്വന്തം വണ്ടിയുമായെത്തി മുകളിലേക്ക് പോകാം.

Content Highlights: Panthalloor Travel, Malappuram Tourists Spots, Panthalloor Hills, Mathrubhumi Yathra