Paloor Kotta 2ടുക്കിയും വയനാടുമൊക്കെ ഏറെ ചുറ്റിയിട്ടുണ്ടെങ്കിലും വീട്ടില്‍നിന്ന് 12 കിലോമീറ്റര്‍ അകലെയുള്ള പാലൂര്‍ കോട്ട വെള്ളച്ചാട്ടം സന്ദര്‍ശിച്ചത് അടുത്തകാലത്താണ്. സന്ദര്‍ശിച്ചപ്പോള്‍ എന്തുകൊണ്ട് എത്താന്‍ വൈകി എന്ന ചിന്ത മനസ്സില്‍ തോന്നി. പച്ചപ്പുനിറഞ്ഞ ആ പ്രദേശത്തുകൂടി പാലുപോലെ ഒഴുകി താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടമാണിത്.

മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയ്ക്കടുത്ത് കടുങ്ങപുരം എന്ന ഗ്രാമത്തിലാണ് ഈ മനോഹര വെള്ളച്ചാട്ടം. പാലൂര്‍ കോട്ട എന്ന് കേള്‍ക്കുമ്പോഴേ പലര്‍ക്കും തോന്നാം പണ്ട് രാജാക്കന്മാര്‍ ഉണ്ടായിരുന്ന വല്ലകോട്ടയോ മറ്റോ ആയിരിക്കാം എന്ന്. രാജാക്കന്മാര്‍ നിര്‍മിച്ച കോട്ടയേക്കാള്‍ മനോഹരമാണ് പ്രകൃതി നിര്‍മിച്ച ഈ കോട്ട. 

ഇതിന് പാലൂര്‍ കോട്ട എന്ന പേരുവന്നതിന് പിന്നിലൊരു കഥയുണ്ട്. ടിപ്പുസുല്‍ത്താന്‍ പാലക്കാട്ടുനിന്ന് മലബാറിലേക്കുള്ള യാത്രയില്‍ ശത്രുക്കളില്‍നിന്ന് രക്ഷനേടാന്‍ ഒളിച്ചുതാമസിച്ച സ്ഥലമായിട്ടാണ് പാലൂര്‍ കോട്ടയെ കണക്കാക്കുന്നത്. ഈ വെള്ളച്ചാട്ടത്തിന്റെ മുകളില്‍നിന്ന് നോക്കിയാല്‍ കിലോമീറ്ററോളം ദൂരെ ആക്രമിക്കാന്‍ വരുന്ന ശത്രുക്കളെ കാണാന്‍ കഴിയുമായിരുന്നത്രേ. ശത്രുക്കള്‍ക്ക് പെട്ടെന്ന് ഇതിന്റെ മുകളിലേക്ക് കയറാന്‍ കഴിയില്ലായിരുന്നു എന്നതും ടിപ്പു ഈ സ്ഥലം ഒളിസങ്കേതമായി തിരഞ്ഞെടുക്കാന്‍ കാരണമായി. ഇന്ന് അതിന്റെ അടയാളമായി ഈ വെള്ളച്ചാട്ടം മാത്രമേ അവശേഷിക്കുന്നുള്ളൂ.

Paloor Kotta Waterfalls

പ്രകൃതിയെ സ്‌നേഹിക്കുന്ന ഏതൊരു വ്യക്തിയേയും ഈ സ്ഥലം ആകര്‍ഷിക്കും. വിവിധതരത്തിലുള്ള പൂമ്പാറ്റകളും പക്ഷികളും കാണുന്ന ഇവിടം ഫോട്ടോഗ്രാഫര്‍മാര്‍ ഏറെ ഇഷ്ടപ്പെടും. ജൂണ്‍ മാസം മഴതുടങ്ങിയാല്‍ മനോഹരമാകുന്ന വെള്ളച്ചാട്ടത്തിന്റെ ശക്തി നവംബര്‍ മാസത്തോടെ കുറഞ്ഞുവരുന്നു. മുകളിലെ ഒരു തടാകമെന്നോ കുളമെന്നോ വിശേഷിപ്പിക്കാവുന്ന സ്ഥലത്തുനിന്ന് ഒഴുകിയെത്തുന്ന വെള്ളം ഏകദേശം ആറാള്‍ ഉയരത്തില്‍നിന്ന് താഴേക്ക് പതിക്കും. പിന്നെ കുറച്ചുദൂരം നിരപ്പായി സഞ്ചരിച്ച് പിന്നെയും ചെറിയ തട്ടായിമാറി രണ്ടാള്‍ ഉയരത്തില്‍നിന്ന് താഴേക്ക് പതിക്കുന്നു. പിന്നീട് ചാലിലൂടെ ഒഴുകി തോട്ടില്‍ ചെന്ന് പതിക്കുന്നു.
 
പട്ടാമ്പിയില്‍ നിന്ന് പുലാമന്തോള്‍ വഴി പടപ്പറമ്പ് എന്ന സ്ഥലത്തുനിന്ന് കടുങ്ങപുരത്തെത്തി ഏകദേശം അഞ്ച് കിലോമിറ്റര്‍ സഞ്ചരിച്ചാല്‍ ഈ വെള്ളച്ചാട്ടത്തിന്റെ താഴെ ഭാഗത്ത് എത്തിച്ചേരാം. എന്നാല്‍ മാലാപറമ്പ്-പാലച്ചോട് വഴി സഞ്ചരിച്ച് വെള്ളച്ചാട്ടത്തിന്റെ മുകള്‍ഭാഗത്തെത്തി വഴുക്കലും പായലും നിറഞ്ഞ പാറകളിലൂടെ പറ്റിപ്പിടിച്ചിറങ്ങി ഒരു സാഹസികനെപ്പോലെ അതിന്റെ ചുവട്ടിലേക്ക് എത്തിച്ചേരാം.

Content Highlights: Paloor Kotta Waterfall, Malappuram DTPC, Monsoon Travel Spot in Malappuram