പാലക്കാടിന്റെ ഭം​ഗി ആസ്വദിക്കാനാണ് നിങ്ങളുടെ യാത്രയെങ്കിൽ ഒരിക്കലും മിസ്സാവാതെ കണ്ടിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണ് മലമ്പുഴ. പാലക്കാട് ടൗണിൽ നിന്ന് ഏകദേശം 12 കിലോമീറ്ററുണ്ട് ഇവിടേയ്ക്ക്. ടിക്കറ്റെടുത്ത് വേണം അകത്തേക്ക് കയറാൻ. പൂക്കളുടെ നിറമാണ് ഉദ്യാനത്തിലേക്ക് കടക്കുമ്പോൾ കാണാനാവുക. ഇത്രയ്ക്ക് പ്രൊഫഷണലായി പരിപാലിക്കുന്ന ഉദ്യാനങ്ങൾ നമ്മുടെ നാട്ടിൽ കുറവാണെന്ന് പറയാം. പൂക്കളുടെ കൂട്ടത്തിനിടയിലൂടെ കാഴ്ചകൾ കണ്ടുനടക്കാം. പശ്ചിമഘട്ട മലനിരകളുടെ താഴ് വാരത്തിലാണ് മലമ്പുഴ ഡാമും അതിനോടുചേർന്ന ഉദ്യാനവും. കേരളത്തിന്റെ ഉദ്യാനമെന്ന് ഇതിനെ വിശേഷിപ്പിക്കുന്നതിൽ അദ്ഭുതപ്പെടൊനൊന്നുമില്ല.

പൂ വഴികളിലൂടെ മുന്നോട്ടു ചെന്നാൽ അതിമനോഹരമായ ജലധാര കാണാം. ജലധാരയിൽ പൂന്തോട്ടം കൂടുതൽ ആകർഷകമാകുന്നു. ഡയമണ്ട് ആകൃതിയിലുള്ള കുളത്തിലാണ് ജലധാര ഒരുക്കിയിരിക്കുന്നത്. കേരള വിനോദസഞ്ചാര വകുപ്പാണ് ഉദ്യാനം പരിപാലിക്കുന്നത്. ഉദ്യാനത്തിന്റെ ആകാശക്കാഴ്ച കാണാതെ ഈ യാത്ര പൂർത്തിയാവില്ല. അതിനായി റോപ് വേകളും ഇവിടെയുണ്ട്. ഒരുകാലത്ത് കേരളത്തിലെ പ്രാദേശിക ടൂറിസത്തിന്റെ അടയാളമായിരുന്നു മലമ്പുഴ ഡാമും ഈ ഉദ്യാനവും. സമീപജില്ലകളിൽ നിന്ന് വിദ്യാർത്ഥികളും മറ്റും സ്ഥിരമായി വന്നുകൊണ്ടിരുന്ന സ്ഥലമായിരുന്നു മലമ്പുഴ. 

ഉദ്യാനത്തിൽ നിന്ന് നോക്കിയാൽ ഡാം കാണാം. മദ്രാസ് സർക്കാരിന്റെ കാലത്ത് 1914-ലാണ് ഇവിടെ ഒരണക്കെട്ട് എന്ന ആശയം വരുന്നത്. ആറു വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കി 1955-ൽ ഉദ്ഘാടനം ചെയ്തു. രണ്ട് തൂക്കുപാലങ്ങളുണ്ടിവിടെ. ഡാമിനോടുചേർന്ന ജലാശയത്തിന് കുറുകേയാണിവ നിർമിച്ചിരിക്കുന്നത്. പാലത്തിനപ്പുറം നന്ദി പാർക്കാണ്. ഡാമിൽ സഞ്ചാരികൾക്ക് ബോട്ടിങ്ങിന് അവസരമുണ്ട്. പെഡൽ ബോട്ടും യന്ത്രബോട്ടുമുണ്ട്. വിഖ്യാത ശില്പി കാനായി കുഞ്ഞിരാമന്റെ യക്ഷി പ്രതിമ ഇവിടെയാണ്. 1967-ലാണ് വിനോദസഞ്ചാരികളെ ആകർഷിക്കാനായി മലമ്പുഴയിൽ ശില്പങ്ങൾ നിർമിക്കാൻ തീരുമാനിക്കുന്നത്. മദ്രാസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈൻ ആർട്സിന്റെ പ്രിൻസിപ്പാളായ കെ.സി.എസ് പണിക്കരെ നിർമാണച്ചുമതല ഏൽപ്പിച്ചു. അദ്ദേഹമാണ് കാനായി കുഞ്ഞിരാമനെന്ന പ്രതിഭയെ മലമ്പുഴയിലേക്ക് കൊണ്ടുവരുന്നത്. മുപ്പതടി ഉയരമുണ്ട് യക്ഷി ശില്പത്തിന്.

ചെറിയ പടവുകളിലൂടെ  ഡാമിന്റെ മുകൾഭാ​ഗത്ത് കയറാം. കൈവരികൾ കൊണ്ട് സംരക്ഷണവും ഒരുക്കിയിരിക്കുന്നു. മുകളിൽ നിന്ന് നോക്കുമ്പോൾ കാഴ്ചകൾ മറ്റൊന്നാവുകയാണ്.

(മാതൃഭൂമി ന്യൂസിൽ സംപ്രേഷണം ചെയ്യുന്ന മാതൃഭൂമി യാത്രയിൽ നിന്ന്. ട്രാവൽ ജേണലിസ്റ്റ് റോബിദാസ് ക്യാമറയും സംവിധാനവും നിർവഹിച്ച യാത്രാവിവരണത്തിന്റെ പൂർണരൂപം കാണാം)

Content Highlights: Malambuzha Dam, Malambuzha Garden, Mathrubhumi Yathra, Kerala Tourism