എടേക്കാടോ ഈ മഴയത്ത് രാവിലെന്നെ പോന്ന്' ''മാടായിക്കാവില്‍ ഇന്ന് മാരിത്തെയ്യല്ലോ, ആടത്തേക്ക് പോവാ, നിങ്ങ വര്ന്നില്ലേ'' ''ഓ ഞാനത് മറന്നു, ഇന്ന് കര്‍ക്കടകം പതിനാറല്ലേ, നിക്ക് ഞാനും വരാ'.
ഓരോ കര്‍ക്കടകം 16-നും വടക്കന്റെ വഴികള്‍ അവസാനിക്കുന്നത് മാരിത്തെയ്യങ്ങള്‍ ഉറഞ്ഞാടുന്ന മാടായിക്കാവിലാണ്. ചെറുപ്പംമുതല്‍ പലവട്ടം കേട്ട മാരിത്തെയ്യവിശേഷങ്ങളിലെ കൗതുകങ്ങള്‍. ഇത്തവണ ഓഗസ്റ്റ് 1-ന് കോഴിക്കോട്ടുനിന്ന് മംഗലാപുരം എക്‌സ്പ്രസില്‍ കയറി പഴയങ്ങാടിയിലേക്ക് പുറപ്പെട്ടു. മഴ താളംപിടിച്ച വഴികള്‍ പിന്നിട്ട് ഒമ്പതുമണിയോടെ ട്രെയിന്‍ പഴയങ്ങാടിയെ തൊട്ടു. ജോണ്‍സണ്‍ മാഷിന്റെ പാട്ടിന്റെ താളമില്ലെങ്കിലും അന്തസ്സായി ഒരു കട്ടനടിച്ച് ഉറക്കക്ഷീണത്തോട് യാത്രപറഞ്ഞു. ട്രെയിനിറങ്ങി, ഓട്ടോയിലേറി എരിപുരം വഴി മാടായിക്കാവിലേക്ക്.
ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് ക്ഷേത്രത്തില്‍ തിരക്ക് കൂടുതലെന്നും കര്‍ണാടകയില്‍ നിന്നാണ് വിശ്വാസികള്‍ വന്‍തോതിലെത്തുന്നതെന്നും ഓട്ടോ ചേട്ടന്‍ ഓര്‍മിപ്പിച്ചു. വ്യാഴാഴ്ചയായതിനാല്‍ വലിയ തിരക്കുണ്ടാകില്ലല്ലോ എന്ന് മനസ്സില്‍ ആശ്വസിച്ചു. എന്നാല്‍ കണ്ടത് ദര്‍ശനത്തിനായി നീണ്ട നിരയാണ്. ഓട്ടോ ചേട്ടന്‍ പറഞ്ഞതുപോലെ കര്‍ണാടകത്തില്‍ നിന്നുള്ള വിശ്വാസികളാണ് ഭൂരിഭാഗവും. കര്‍ണാടക മുഖ്യമന്തി യെദ്യുരപ്പയുടെ പതിവ് സന്ദര്‍ശനകേന്ദ്രങ്ങളിലൊന്നാണ് മാടായിക്കാവ്. കര്‍ണാടകയില്‍ നിന്ന് ക്ഷേത്രത്തിലേക്ക് പ്രത്യേക ബസ് സര്‍വീസും ഉണ്ട്. മെല്ലെ മാടായി ശ്രീ തിരുവര്‍ക്കാട്ട് ഭഗവതിക്ഷേത്രമെന്ന മാടായിക്കാവിലേക്ക് ചുവടുവെച്ചു.
ചുറ്റും പൊതിഞ്ഞുനില്‍ ക്കുന്ന കാവും ഒത്തനടുവിലായി ക്ഷേത്രവും അതിനപ്പുറം പരന്നുകിടക്കുന്ന മാടായിപ്പാറയും. ആദ്യ കാഴ്ചയില്‍ തന്നെ വല്ലാത്തൊരു ഊര്‍ജം മാടായിക്കാവ് സമ്മാനിക്കും. മുന്നിലെ ആല്‍ത്തറയാണ് ക്ഷേത്രത്തിലേക്ക് സ്വാഗതമോതിയത്. ക്ഷേത്രസന്ദര്‍ശനത്തി നെത്തിയവരില്‍ ചിലര്‍ വിശ്രമിക്കുന്നുണ്ടായിരുന്നു അവിടെ. ഏതൊരാള്‍ക്കും ആ ആല്‍ത്തറ കാണുമ്പോള്‍ ഒന്ന് ഇരിക്കാന്‍ തോന്നും. ആല്‍ത്തറ പിന്നിട്ട് നടപ്പന്തലിലേക്ക് കയറുമ്പോള്‍ അരികിലായി വരദായിനി കെട്ടിടവും ഊട്ടുപുരയും കാണാം. ക്ഷേത്ര പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ അതിനടുത്തായി പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ മരപ്പണികള്‍ നടക്കുന്നുണ്ട്. ക്ഷേത്രപ്പടി വാതിലിന് മുന്നിലെത്തിയാല്‍ വലതുവശത്തായി ഓഫീസും വഴിപാടുകൗണ്ടറും ഇടതുവശത്തായി സരസ്വതീമണ്ഡപവും. ക്ഷേത്രസന്ദര്‍ശനത്തിന് പുരുഷന്മാര്‍ക്ക് മുണ്ട് നിര്‍ബന്ധമായതിനാല്‍ ഓഫീസ് പരിസരത്ത് അത് വാടകയ്ക്ക് നല്‍കുന്നുണ്ട്. ക്ഷേത്രം മാനേജര്‍ എന്‍. നാരായണന്‍ തിരക്കിനിടയിലും സമയം കണ്ടെത്തി ക്ഷേത്രവിശേഷങ്ങള്‍ പറഞ്ഞുതന്നു.

ഉത്തരകേരളത്തിലെ ശാക്തേയകാവുകളില്‍ പ്രഥമസ്ഥാനമാണ് മാടായിക്കാവിനുള്ളത്. സാധാരണ ക്ഷേത്രങ്ങളില്‍നിന്ന് വ്യത്യസ്തമായ പൂജാരീതികളാണ് ശാക്തേയകാവുകളിലേത്. മന്നംപുറത്തുകാവ്, മാമാനിക്കുന്ന്, പിഷാരികാവ്, കൊടുങ്ങല്ലൂര്‍ എന്നിവയെല്ലാം ശാക്തേയ ക്ഷേത്രങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്. കൊടുങ്ങല്ലൂര്‍ ക്ഷേത്രം കഴിഞ്ഞാല്‍ കേരളത്തിലെ ഏറ്റവും പ്രധാന ഭദ്രകാളിക്ഷേത്രം മാടായിക്കാവാണ്. വിശേഷങ്ങള്‍ പറയുന്നതിനിടെത്തന്നെ ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിച്ചു. ക്ഷേത്രത്തിനകത്തെത്തിയാല്‍ പടിഞ്ഞാറുഭാഗത്തേക്ക് ദര്‍ശനമായി നില്‍ക്കുന്ന ഭദ്രകാളിയാണ് പ്രധാന പ്രതിഷ്ഠ. മൂലവിഗ്രഹം കടുശര്‍ക്കരപ്രയോഗത്തില്‍ ആറടിയോളം ഉയരത്തിലുള്ളതാണ്. ദാരികവധം നടത്തുന്ന സങ്കല്‍പ്പത്തിലാണ് വിഗ്രഹം. കൂടാതെ നിത്യാര്‍ച്ചന നടത്തുന്ന മറ്റുരണ്ട് വിഗ്രഹങ്ങളുമുണ്ട്. രുരുജിത്ത് വിധാനത്തിലുള്ള പ്രതിഷ്ഠയാണ് ഇവിടെയുള്ളത്. ശിവപ്രതിഷ്ഠയും ക്ഷേത്രത്തിലുണ്ട്. കാളിവിധി പ്രകാരമുള്ള ശാക്തേയ പൂജകളായതിനാല്‍ കോലത്തിരിരാജാവ് ഉത്തരേന്ത്യയില്‍നിന്ന് കൊണ്ടു വന്ന പിടാരന്മാര്‍ എന്ന സമുദായമാണ് പൂജകള്‍ ചെയ്യുന്നത്. ക്ഷേത്രത്തിന് 1670 വര്‍ഷം പഴക്കമുണ്ടെന്നാണ് കരുതുന്നത്. ക്ഷേത്രത്തിന്റെ ഐതിഹ്യം തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രവുമായാണ് ബന്ധപ്പെട്ടുകിടക്കുന്നത്.
തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിലെ പടിഞ്ഞാറേ ഗോപുരത്തിലുണ്ടായിരുന്ന ഭദ്രകാളിയെ ദേവിയുടെ ആഗ്രഹപ്രകാരം മാടായിയില്‍ കൊണ്ടുവന്ന് പ്രതിഷ്ഠിച്ചുവെന്നാണ് ഐതിഹ്യം. തിരുവര്‍ക്കാട്ട് എന്ന പേര് വന്നതിന് പിന്നിലും ഐതിഹ്യങ്ങളുണ്ട്. രാജരാജേശ്വരക്ഷേത്രത്തില്‍ നിന്ന് മാറണമെന്ന് ദേവിയുടെ ആഗ്രഹപ്രകാരം വെളിച്ചപ്പാട് ഉറഞ്ഞുകൊണ്ട് ഒരു തീക്കൊള്ളിയെടുത്ത് ഏഴിമലയുടെ നേര്‍ക്കെറിഞ്ഞു. ഏഴിമലയുടെ തൊട്ടിപ്പുറത്തെ കാട്ടിലാണ് അത് ചെന്ന് പതിച്ചത്. അവിടത്തെ കാട് കത്തിച്ചാമ്പലായി. എരിഞ്ഞുപോയ അവിടെമാണത്രേ ഇന്നത്തെ എരിപുരം. തീക്കൊള്ളി മാത്രം അവശേഷിച്ച അവിടെ ഭഗവതിയുടെ പ്രതിഷ്ഠ നടത്തി. തിരുവിറക് കാട്ടിയ സ്ഥലത്ത് പ്രതിഷ്ഠിച്ച ഭഗവതിയായതിനാല്‍ പിന്നീട് തിരുവര്‍ക്കാട്ട് ഭഗവതിയായി. തിരുഎറുകാട് എന്നത് തിരുവര്‍ക്കാട്ടായതാണ് എന്നും ഐതിഹ്യമുണ്ട്. കാളി ദാരികനെ കൊന്ന് ജഡമെറിഞ്ഞ സ്ഥലം എന്ന നിലയ്ക്ക് തിരുഎറുകാടായി എന്നും പറയുന്നു. ചിറക്കല്‍ കോവിലകത്തിന്റെ കുടുംബപരദേവതാ ക്ഷേത്രംകൂടിയാണ് മാടായിക്കാവ്.
അകപൂജ, ശത്രുസംഹാരപൂജ എന്നിവയാണ് വഴിപാടുകളില്‍ പ്രധാനം. ശാക്തയപൂജയായതിനാല്‍ കോഴിയാണ് പ്രധാന നിവേദ്യം. ക്ഷേത്രത്തിലെത്തുന്നവര്‍ക്ക് എല്ലാദിവസും അന്നദാനമുണ്ട്. വസന്തോത്സവമായ മീനമാസത്തിലെ പൂരമഹോത്സവവും ഇടവത്തിലെ കലശമഹോത്സവവുമാണ് (പെരുങ്കളിയാട്ടം) മാടായിക്കാവിലെ പ്രധാന ഉത്സവങ്ങള്‍. പൂരത്തിന്റെ ഭാഗമായി പൂരംനാളില്‍ വിഗ്രഹം വടുകുന്ദം ശിവ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കു കയും അവിടത്തെ തടാകത്തില്‍ ആറാട്ട് നടത്തുകയും ചെയ്യും. മകരത്തില്‍ നടക്കുന്ന പാട്ടുമ ഹോത്സവവും ഏറെ പ്രസിദ്ധമാ ണ്. ക്ഷേത്രക്കെട്ടിന് പുറത്തായി മാടത്തിനടുത്ത് കലശം കഴിഞ്ഞ് ദേവിയുടെ തിരുമുടി സൂക്ഷിച്ചത് കാണാം. മാടത്തില്‍വെച്ചാണ് കലശാട്ടം നടക്കുന്നത്. കാവിനകത്തുനിന്ന് ഇറങ്ങിവരുന്ന തെയ്യങ്ങള്‍ക്ക് മാടത്തിന്റെ മുന്നില്‍വെച്ച് തിരുമുടി വയ്ക്കും.
ക്ഷേത്രവിശേഷങ്ങള്‍ക്ക് വിരാമമിട്ട് പുറത്തേക്കിറങ്ങിയപ്പോള്‍ കര്‍ക്കടകത്തില്‍ ആധിവ്യാധികളറ്റുന്ന ആടിവേടന്‍ മാടായിക്കാവ് സന്ദര്‍ശനത്തിനായെത്തിയിരിക്കുന്നു. കര്‍ണാടകത്തില്‍നിന്നെത്തിയ വിശ്വാസികള്‍ കൗതുകത്തോടെയാണ് കുട്ടിത്തെയ്യത്തെ നോക്കുന്നത്. ക്ഷേത്രസന്ദര്‍ശനത്തിനെത്തിയവര്‍ക്ക് കൈപിടിച്ച് അനുഗ്രഹം ചൊരിഞ്ഞ് കുട്ടിത്തെയ്യം വഴിപിരിഞ്ഞു. തെയ്യം തുടങ്ങാന്‍ സമയം ബാക്കിയുള്ളതിനാല്‍ കാവിന്റെ കുളിര്‍മയിലേക്ക് ഒന്നിറങ്ങി.
വടുകുന്ദം ശിവക്ഷേത്രത്തിലേക്കുള്ള വഴി കാവിനുള്ളിലൂടെയാണ്. അനേകം മരങ്ങളും വള്ളിപ്പടര്‍പ്പുകളും കുടവിരിച്ച വഴി. മറുതലയ്ക്ക് പച്ചപ്പട്ടണിഞ്ഞ മാടായിപ്പാറ. ഓരോ കാലത്തും ഓരോ സൗന്ദര്യമാണ് മാടായിപ്പാറയ്ക്ക്. പാറയിലൂടെ വടുകുന്ദം ക്ഷേത്രത്തിലേക്കുള്ള വിശ്വാസികളുടെ യാത്ര മനോഹര കാഴ്ചതന്നെ. ഓണത്തിന്റെ വരവറിയിച്ച് കാക്കപ്പൂക്കള്‍ പച്ചപ്പിനിടയില്‍ നീല ഉടുപ്പിട്ട് നില്‍ക്കുന്നുണ്ട്. ജൈവവൈവിധ്യ കലവറയാണ് മാടായിപ്പാറ. 657 ഇനം സസ്യങ്ങളെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. കേരളത്തില്‍ കണ്ടെത്തിയ 500-ഓളം പക്ഷികളില്‍ 182 ഇനം മാടായിപ്പാറയില്‍ കാണപ്പെടുന്നവയാണ്. ഇതില്‍ 12 ഇനം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തതും ഇവിടെത്തന്നെ. ഇടനാടിനായി പ്രകൃതി ഒരുക്കിയ ജലസംഭരണികളാണ് പാറക്കുളങ്ങള്‍. സിനിമക്കാരുടെയും ഇഷ്ടപ്പെട്ട ലൊക്കേഷനുകളിലൊന്നാണ് മാടായിപ്പാറ ഇപ്പോള്‍. മാടായിപ്പാറയിലെ കാഴ്ചകള്‍ ആസ്വദിക്കുന്നതിനിടയിലാണ് പാറയുടെ നടുവില്‍ കാവിന് അഭിമുഖമായി നിന്ന് കൈകൂപ്പുന്ന മനുഷ്യന്‍ ശ്രദ്ധയില്‍പ്പെട്ടത്. കാവിലെ വിഗ്രഹത്തിനപ്പുറം പ്രകൃതി തന്നെയാണ് ദൈവം എന്ന് ആ മനുഷ്യന്‍ പറഞ്ഞപ്പോള്‍ അത് മാടായിക്കാവിന്റെ മറ്റൊരു ഭാവത്തെ കാണിച്ചുതന്നു. പ്രകൃതിയെ അമ്മയായും ദേവിയായും സങ്കല്പിക്കുന്ന ഇത്തരം ക്ഷേത്രസങ്കല്പങ്ങള്‍ തന്നെയാണ് മനുഷ്യന്റെയും മറ്റ് ജീവജാലങ്ങളുടെയും നിലനില്‍പ്പിന്റെ അടിസ്ഥാനമെന്ന് ഇവിടത്തെ സാധാരണ മനുഷ്യനു പോലും അറിയാം.
സമയം പന്ത്രണ്ടോടടുക്കുന്നു. ആളുകള്‍ മെല്ലെ മാരിത്തെയ്യം നടക്കുന്ന ഭാഗത്തേക്ക് നടന്നുതുടങ്ങി. മുഖത്തെഴുതി കുരുത്തോല വസ്ത്രമാക്കി മാരിത്തെയ്യങ്ങള്‍ അണിയറയില്‍ ഒരുങ്ങുകയാണ്. പുലയ സമുദായക്കാരാണ് മാരിത്തെയ്യം കെട്ടുന്നത്. തുലാം പത്തിന് തുടങ്ങുന്ന തെയ്യക്കാലം ഇടവപ്പാതിയോടെ അവസാനിക്കുമെങ്കിലും കര്‍ക്കടക്കത്തിലെത്തുന്ന ആടിവേടനും മാരിത്തെയ്യവുമെല്ലാം വടക്കന്റെ തെയ്യക്കലണ്ടറിലെ പ്രത്യേക അതിഥികളാണ്. തെയ്യം അണിയറയില്‍ അണിഞ്ഞൊരുങ്ങുന്നതിനിടെ അതിന്റെ വിശ്വാസവഴികളെക്കുറിച്ച് തെയ്യക്കാരിലൊരാള്‍ പറഞ്ഞുതുടങ്ങി. അന്യനാട്ടില്‍ നിന്നെത്തി നാടിനെയും നാട്ടാരെയും ബാധിച്ച ശനിബാധ ഒഴിപ്പിക്കാനാണ് മാരിത്തെയ്യങ്ങള്‍ കെട്ടിയാടുന്നത്. ആര്യനാട്ടില്‍ നിന്ന് മരക്കലത്തില്‍ കയറി വളപ്പട്ടണത്തിറങ്ങിയ ബാധകള്‍ ദുരന്തങ്ങള്‍ വിതച്ചുവെന്നും മാടായിക്കാവിലെ അനുഷ്ഠാനങ്ങള്‍ മുടങ്ങാന്‍ കാരണമായെന്നും ഐതിഹ്യം പറയുന്നു. ഇതിന് പരിഹാരം തേടി ചിറക്കല്‍ തമ്പുരാന്‍ മഹാമന്ത്രവാദിയായ പൊള്ളയെ വിളിപ്പിച്ചു. പൊള്ള മാടായിക്കാവിലെ ഊട്ടുപുരയ്ക്ക് മുന്നില്‍വെച്ച് 118 കൂട്ടം ശനികള്‍ ദേവിയെയും നാടിനെയും ബാധിച്ചിരുന്നു എന്ന സത്യം വെളിപ്പെടുത്തി. പരിഹാരമാര്‍ഗമായി ''മാരിത്തെയ്യം കെട്ടി മാരിപ്പാട്ട് പാടണ'മെന്നും പറഞ്ഞു. ഇതുപ്രകാരം പ്രശ്‌നപരിഹാരം നടന്നു. ഇതാണ് മാരിത്തെയ്യത്തിന്റെ ഐതിഹ്യം. മഹാമാരികളെയും ദോഷങ്ങളെയും ആവാഹിച്ച് കടലിലൊഴുക്കുകയാണ് മാരിത്തെയ്യങ്ങള്‍ ചെയ്യുന്നത്.
മാരിക്കലിയന്‍, മാമാരിക്കലിയന്‍, മാരിക്കലച്ചി, മാമായക്കലച്ചി, മാരിക്കുളിയന്‍, മാമായക്കുളിയന്‍ എന്നീ ആറ് തെയ്യക്കോലങ്ങളാണ് മാരിത്തെയ്യങ്ങള്‍ എന്നറിയപ്പെടുന്നത്. മാടായിക്കാവ് പരിസരത്തെ വീടുകള്‍ കയറിയിറങ്ങുന്ന തെയ്യങ്ങള്‍ ദുരിതങ്ങള്‍ ഉഴിഞ്ഞുമാറ്റി ഐശ്വര്യത്തെ കുടിയിരുത്തുമെന്നാണ് വിശ്വാസം. മാരിത്തെയ്യം നടത്തിപ്പിന്റെ ചുമതല ആചാര പൊള്ള അഥവാ തെക്കഞ്ചേരി പൊള്ളയ്ക്കായിരിക്കും. തെക്കന്‍
ഗോപാലനാണ് ഇപ്പോഴത്തെ സ്ഥാനികന്‍. മരുമക്കത്തായ പ്രകാരമാണ് ആചാരസ്ഥാനം കൈമാറുന്നത്. പുതിയ പൊള്ളയെ നിയമിക്കാനുള്ള അധികാരം ചിറക്കല്‍ തമ്പുരാനാണ്. ചിറക്കല്‍ കോവിലകത്തുനിന്ന് പട്ടും വളയും നല്‍കിയാണ് ആചാരസ്ഥാനം നല്‍കുക. ഐതിഹ്യ കഥകള്‍ കേട്ട് കഴിയും മുന്‍പേ ഗോപാലന്‍ പൊള്ള അണിയറയില്‍നിന്ന് പുറത്തുവന്നു. കൈയില്‍ ഓലക്കുടയുമേന്തി ക്ഷേത്രം ലക്ഷ്യമാക്കി നടന്നു. തെയ്യം തുടങ്ങാനുള്ള അനുവാദം വാങ്ങാനുള്ള യാത്രയാണ്. ഉച്ചപൂജയ്ക്കുശേഷം പ്രസാദവും പൂമാലയും വാങ്ങി പൊള്ള തിരിച്ചുവന്നു. മെല്ലെ ആള്‍ക്കൂട്ടം വൃത്താകൃതി പ്രാപിച്ചു. ആളാരവത്തിന് മീതെ തുടിയും ചേങ്ങിലയും മുഴങ്ങി. മാരിപ്പാട്ടുയര്‍ന്നു. കുരുത്തോല ഉടയാടയാക്കി മാരിത്തെയ്യങ്ങള്‍ മണ്ണിലേക്കിറങ്ങി. സാധാരണ തെയ്യങ്ങള്‍ക്കുള്ളതുപോലുള്ള അണിയാഭരണങ്ങളോ മുഖത്തെഴുത്താ മാരിത്തെയ്യങ്ങള്‍ക്കില്ല. കലിയനും കലിച്ചിക്കും മുഖത്ത് തേപ്പ് ഉണ്ട്. കുളിയന് പൊയ്മുഖവും.
മാരിപ്പാട്ടിനനുസരിച്ച് തെയ്യക്കോലങ്ങള്‍ ആടുകയാണ്. മീതെ മഴ മേഘങ്ങള്‍ കുടനിവര്‍ത്തുന്നുണ്ട്. മാരിപ്പാട്ടുകളൊന്നും എഴുത്തോലകളില്‍ കുറിക്കാതെ വാമൊഴിയായി കൈമാറി വന്നവയാണ്. മാരിത്തക്കാഴ്ചകള്‍ പകര്‍ത്താന്‍ ക്യാമറയും മൊബൈല്‍ ഫോണുകളുമേന്തി ക്യാമറാമാന്മാരുടെ തിരക്കാണ്. പകര്‍ത്തിയാലും പകര്‍ത്തിയാലും തൃപ്തിവരാത്ത കാഴ്ചയാണല്ലോ ഓരോ തെയ്യാട്ടവും. കാണാനെത്തിയ ആള്‍ക്കൂട്ടത്തിന്റെ ആധിയും വ്യാധിയും അകറ്റി അനുഗ്രഹം ചൊരിഞ്ഞാല്‍ പിന്നെ യാത്ര മാടായിക്കാവിനടുത്തുള്ള വീടുകളിലേക്ക്. നാട്ടിടവഴികളിലൂടെ സഞ്ചരിച്ച് വീടുകള്‍ തോറും കയറിയിറങ്ങി ശനിബാധ ഒഴിപ്പിച്ച് തെയ്യം പുതിയങ്ങാടി കടപ്പുറത്തേക്ക് എത്തും. ആറ് കിലോമീറ്റര്‍ ദൂരം കാല്‍നടയായി സഞ്ചരിച്ചാണ് യാത്ര. ബാധകളെയെല്ലാം കടലില്‍ ഒഴുക്കുന്നതോടെ തെയ്യം അവസാനിക്കുന്നു. മാരിത്തെയ്യത്തെ വണങ്ങി പായസനിവേദ്യവും കഴിച്ച് മടങ്ങാനൊരുമ്പോഴേക്കും മഴ മെല്ലെ പൊടിഞ്ഞുതുടങ്ങി. മഴയും മാരിത്തെയ്യവും മാടായിക്കാവും കണ്ണെത്താദൂരത്തേക്ക് പരന്നുകിടക്കുന്ന മാടായിപ്പാറയുടെ വിശാലതയും ഒരിക്കല്‍കൂടി മനസ്സിലേക്ക് പകര്‍ത്തിവെച്ച് തത്കാലം വിടചൊല്ലി.
Madayi Kavu
Thiruvarkadu Bhagavathi Temple (Madayi Kavu) is the mother temple of all Bhadrakali shrines of North Kerala. The deity is the Fierce form of Bhadrakali. The Bhagavathy is addressed by tantrics in the vicinity as Tiruvarkkad Achchi due to this. The temple administration is Malabar Devaswom Board. The temple is a revered shrine of Chirakkal Royal Family and a shrine of Chirakkal devaswom before. The temple is situated in Madayi, Payangadi, hence prominently known as Madayi Kavu.
Getting There
By Rail: Pazhayangadi, (2 km) Kannur (25 km) By Air: Kannur International Airport, about 48 km, By Road: Buses are available from Payyanur, Kannur, Taliparamba(nearest town stations) to Pazhayangadi. Madayi Kavu(Thiruvarkadu Bhagavathi Temple) is situated just 1.5 km away from Pazhayangadi bus stand.

Sights Around: Madai Vadukunda Shiva Temple (1 Km), Vayalapra park (3 km), choottad beach ( 5 km), Annapurneshwari Temple Cherukunnu ( 7 km), Rajarajeshwara Temple Thaliparamba (13 km)
Stay: Best Stay options are available at Pazhayangadi and Payyanur
Timing: The temple opens at 05:00 am and closes at 8.30pm. Contact: 0497- 287 5834
Useful link: www.madayikavuofficial.com
(മാതൃഭൂമി യാത്രയില്‍ പ്രസിദ്ധീകരിച്ചത്)
Content Highlights: Madayi Kavu, Madayipara, Mari Theyyam, Spiritual Travel, Kerala Tourism