ലോകത്തിനു മുന്നില്‍ കാസര്‍കോടന്‍ പെരുമയുടെ മഹാസാധ്യതകള്‍ തുറന്നു കാണിക്കാന്‍ ലക്ഷ്യമിട്ടു നടപ്പിലാക്കുന്ന സ്വപ്ന പദ്ധതിയാണ് 'ലിറ്റില്‍ ഇന്ത്യ കാസര്‍കോട്'. കാസര്‍കോട് കളക്ടര്‍ ഡോ. ഡി. സജിത്ത് ബാബു ഐ.എ.എസിന്റെ നേതൃത്വത്തില്‍ ഡി.ടി.പി.സിയാണ് കാസര്‍കോട് ടൂറിസത്തിന്റെ സാധ്യതകള്‍ ലോകത്തിനുമുന്നില്‍ തുറന്നുവെയ്ക്കുന്നത്.

കാസര്‍കോട്ടെ അറിയപ്പെടുന്നതും ഇതുവരെ കണ്ടെത്താത്തതുമായ സഞ്ചാരകേന്ദ്രങ്ങളെ ലോകോത്തര നിലവാരത്തിലേക്കുയര്‍ത്തി ലോകസഞ്ചാരികളെ ആകര്‍ഷിക്കുക എന്നതാണ് ലിറ്റില്‍ ഇന്ത്യ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. ലിറ്റില്‍ ഇന്ത്യ പ്രോജക്റ്റ് സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ബേക്കല്‍ ദ ലളിത് റിസോര്‍ട്‌സ് ആന്‍ഡ് സ്പായില്‍ വെച്ച് നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് മന്ത്രി ലിറ്റില്‍ ഇന്ത്യയ്ക്ക് പച്ചക്കൊടി കാണിച്ചത്.

kasaragod dtpc
മന്ത്രി മുഹമ്മദ് റിയാസ് വീഡിയോ കോൺഫറൻസിലൂടെ പദ്ധതി ഉദ്ഘാടനം ചെയ്യുന്നു

ചടങ്ങില്‍ എം.പി.രാജ്‌മോഹന്‍ ഉണ്ണിത്താന്‍, എം.എല്‍.എമാരായ സി.എച്ച്.കുഞ്ഞമ്പു, എം.രാജഗോപാലന്‍, എ.കെ.എം.അഷറഫ്, ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത് ബാബു, കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, കാസര്‍കോട് മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ വി.എം.മുനീര്‍, കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ കെ.വി.സുജാത, ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി.ലക്ഷ്മി, പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം.കുമാരന്‍, ടൂറിസം ഡിപ്പാര്‍ട്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ തോമസ് ആന്റണി, ഡി.ടി.പി.സി സെക്രട്ടറി ബിജു രാഘവന്‍ എന്നിവര്‍ പങ്കെടുത്തു. 

kasaragod dtpc

ലോക ടൂറിസം മേഖലയില്‍ വിലമതിക്കാനാവാത്ത സംഭാവനകള്‍ നല്‍കാന്‍ കാസര്‍കോടിനാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. 'ബഹുഭാഷാ സംസ്‌കൃതിയും സാംസ്‌കാരിക വൈവിധ്യവും കൈമുതലായുള്ള കാസര്‍കോട്ട് ഏകദേശം മുപ്പതോളം ഭാഷകള്‍ ജനങ്ങള്‍ കൈകാര്യം ചെയ്യുന്നു. അപ്പോള്‍ തന്നെ ഇവിടത്തെ സാംസ്‌കാരിക വൈവിധ്യം അതിവ്യക്തമാണ്. ഇന്ത്യയിലെ ഒട്ടുമിക്ക ആഘോഷങ്ങളും കാസര്‍കോട്ട് കൊണ്ടാടുന്നുണ്ട്. കാസര്‍കോടിന്റെ തനതായ പ്രകൃതി സൗന്ദര്യം മാത്രമല്ല, തനതായ സംസ്‌കാരവും ചരിത്രവുമെല്ലാം ഇഴചേരുന്ന രീതിയില്‍ പ്രദേശിക ജനങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ടൂറിസം വികസനമാണ് ലിറ്റില്‍ ഇന്ത്യ കാസര്‍കോട് കൊണ്ട് ഉദ്ദേശിക്കുന്നത്'- മന്ത്രി വ്യക്തമാക്കി. 

കാസര്‍കോട് ജില്ലയ്ക്ക് വലിയ രീതിയുള്ള പരിവര്‍ത്തനം കൊണ്ടുവരാന്‍ ടൂറിസം മേഖലയ്ക്ക് സാധിക്കുമെന്നും അതിനായി പൊതുജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ഈ പദ്ധതി പൂര്‍ത്തീകരിക്കാനാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.  

kasaragod dtpc

കാസര്‍കോടുള്ള കര്‍ഷകര്‍ക്കും കലാകാരന്‍മാര്‍ക്കും പാരമ്പര്യതൊഴിലാളികള്‍ക്കും പുതിയ ജീവന സാധ്യതകള്‍ ലിറ്റില്‍ ഇന്ത്യ തുറന്നു വെക്കുന്നു. ആത്മാഭിമാനത്തോടെ, ഒന്നിച്ച് വളരാം എന്ന മഹത്തായ ലക്ഷ്യസാക്ഷാത്കാരത്തിലേക്കുള്ള വഴിയാണ് ലിറ്റില്‍ ഇന്ത്യ കാസര്‍കോട്. ജയ്പുരിന് പിങ്ക് സിറ്റി എന്ന പോലെയാണ് കാസര്‍കോടിന് ലിറ്റില്‍ ഇന്ത്യ എന്ന തിലകം. ലിറ്റില്‍ ഇന്ത്യ കാസര്‍കോട്, ദ ഗേറ്റ് വേ ടു ഗോഡ്‌സ് ഓണ്‍ കണ്‍ട്രി എന്നതാണ് ടൂറിസം പദ്ധതിയുടെ ആപ്തവാക്യം. 

കാസര്‍കോടുള്ള സഞ്ചാര കേന്ദ്രങ്ങളെയും സംസ്‌കാരങ്ങളെയും തനത് കലാരൂപങ്ങളെയും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ സഹകരണത്തോടെ പ്രചരിപ്പിക്കുകയും അതിലൂടെ ടൂറിസം മേഖലയില്‍ ജനങ്ങള്‍ക്ക് സ്വയം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള പദ്ധതികളുടെ ഒരു ശ്രമം കൂടിയാണിത്.

kasaragod dtpc

വിവിധ സമൂഹമാധ്യമങ്ങളുപയോഗിച്ച്  ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രവാസികളായ കാസര്‍കോട് സ്വദേശികളും ഈ ഉദ്യമത്തില്‍ അണിചേരുന്നു. സമൂഹത്തിന്റെ എല്ലാ തട്ടിലുമുള്ള സഞ്ചാരികളെയും കാസര്‍കോടേക്ക് ക്ഷണിക്കുകയാണ് ലിറ്റില്‍ ഇന്ത്യ. ഇവര്‍ക്കെല്ലാം ഉതകുന്ന രീതിയിലുള്ള യാത്രാ പാക്കേജുകള്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ തന്നെ നല്‍കും.


എന്താണ് ലിറ്റില്‍ ഇന്ത്യ കാസര്‍കോട്

അറബിക്കടലും സഹ്യപര്‍വതനിരകളും അതിരിടുന്ന കേരളത്തിന്റെ ഉത്തരദേശമാണ് കാസര്‍കോട്. ബഹുഭാഷാ സംസ്‌കൃതിയുടെയും സാംസ്‌കാരിക വൈവിധ്യത്തിന്റെയും മണ്ണാണ്. കൃത്യമായ അസ്തിത്വം അവകാശപ്പെടുന്ന പന്ത്രണ്ടോളം ഭാഷകള്‍ ഉള്‍പ്പെടെ മുപ്പതോളം പ്രാദേശിക ഭാഷകള്‍ സംസാരിക്കുന്ന കാസര്‍കോട്ടുകാര്‍ നമ്മുടെ ദേശീയോത്സവമായ ഓണത്തിനൊപ്പം ഈദ് ,ക്രിസ്തുമസ് തുടങ്ങി നവരാത്രിയും ഹോളിയും ഗണേശോത്സവവും ഉഗാദിയും ദീപാവലിയും ഗോണ്ടോല്‍ പൂജയും നാഗപഞ്ചമിയുമടക്കം ഇന്ത്യയിലെ ഇന്ത്യയിലെ ഒട്ടുമിക്ക ആഘോഷങ്ങളും കൊണ്ടാടുന്നു.

kasaragod dtpc

പരമ്പരാഗതമായ വൈവിധ്യം നിറഞ്ഞ വേഷവിധാനങ്ങളും ജീവിത ശൈലികളും കാസര്‍കോടിനെ ഇന്ത്യയിലെ മറ്റ് ജില്ലകളില്‍ നിന്നും വേറിട്ട് നിര്‍ത്തുന്നു. അതുകൊണ്ടാണ് കാസര്‍കോടിനെ ലിറ്റില്‍ ഇന്ത്യ എന്ന് വിളിക്കുന്നത്. കേരളത്തിലേക്കുള്ള പ്രവേശന കവാടം കൂടിയാണ് ഈ സമപ്തഭാഷാ സംഗമഭൂമി

അവിശ്വസനീയമായ ഭൂപ്രകൃതി

വൈവിധ്യം നിറഞ്ഞ പ്രകൃതിസമ്പത്തിനാല്‍ അനുഗ്രഹിക്കപ്പെട്ട നാടാണിത്. അറബിക്കടല്‍ അതിരിട്ട ഈ ഭൂപ്രദേശം ഏഴോളം വ്യത്യസ്തമായ മനോഹര കാഴ്ചകളുടെ പറുദീസയാണ്. വ്യത്യസ്ത തീമുകളിലുള്ള ബീച്ചുകളാണ് കാസര്‍കോടിന്റെ പ്രധാന ആകര്‍ഷണം. ഇവയെ ലോകോത്തര നിലവാരത്തിലേക്കുയര്‍ത്തി ഓരോ ബീച്ചിലും വ്യത്യസ്തമായ നവീകരണ പ്രവര്‍ത്തനങ്ങള്‍ ലിറ്റില്‍ ഇന്ത്യയുടെ കീഴില്‍ നടക്കും. ഓരോ ബീച്ചിനും തീമുകളുടെ അടിസ്ഥാനത്തില്‍ വ്യത്യസ്തമായ പേരുകളും നല്‍കും.

കടല്‍ത്തീരങ്ങള്‍ക്കൊപ്പം പ്രകൃതി കാസര്‍കോടിന് നല്‍കിയ മറ്റൊരു വരദാനമാണ് കോടമഞ്ഞ് മൂടിയ മലനിരകളും കുന്നുകളും. തെക്കേ ഇന്ത്യയിലേ പ്രമുഖ ഹില്‍സ്റ്റേഷനുകളോട് കിടപിടിക്കുന്നതോ അതിലും മെച്ചപ്പെട്ടതോ ആയ പ്രകൃതിഭംഗി നിറഞ്ഞ കാഴ്ചകളാണ് ഈ സഹ്യപര്‍വതനിരക്കൂട്ടങ്ങള്‍ സമ്മാനിക്കുന്നത്.

kasaragod dtpc
പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ ഒഴുകിവരുന്ന അരുവികളും നിരവധി ചെറുതും വലുതുമായ വെള്ളച്ചാട്ടങ്ങളും ഇവിടത്തെ മറ്റൊരു പ്രത്യേകതയാണ്. ഈ പ്രദേശങ്ങളിലൂടെ ട്രെക്കിങ്, ഓഫ്‌റോഡ് ഡ്രൈവ്, ക്യാമ്പ് ഫയര്‍ തുടങ്ങിയ ആക്റ്റിവിറ്റി ടൂറിസം പദ്ധതികള്‍ ലിറ്റില്‍ ഇന്ത്യ കാസര്‍കോടിന്റെ കീഴില്‍ ആരംഭിക്കും. 

അതുപോലെ കാസര്‍കോടിന് മാത്രം അഭിമാനിക്കാനുള്ള സുംരഗകളെ ലോകത്തിന് മുന്നില്‍ ടൂറിസത്തിന്റെ മേമ്പൊടി ചാലിച്ച് അവതരിപ്പിക്കും.  കൃഷിക്കും കുടിവെള്ളത്തിനുമായി മല തുരന്ന് നിര്‍മിക്കുന്ന പ്രത്യേക തുരംഗത്തെയാണ് സുരംഗ എന്ന് വിളിക്കുന്നത്. ഇവിടത്തെ കര്‍ഷക കുടുംബങ്ങള്‍ ഇങ്ങനെയുള്ള പ്രദേശങ്ങളിലാണ് താമസിക്കുന്നത്. അവര്‍ക്കും വരുമാനം ലഭിക്കത്തക്ക വിധത്തില്‍ ഫാം ടൂറിസവും ആരംഭിക്കും. 

കേരളത്തില്‍ ഏറ്റവുമധികം നദികള്‍ കാസര്‍കോടിലൂടെയാണ് ഒഴുകുന്നത്. കണ്ടല്‍ക്കാടുകള്‍ നിറഞ്ഞ നദീതീരങ്ങള്‍ ജൈവസമ്പത്തിന്റെ അതുല്യ കലവറയാണ്. ഓരോ നദികളിലുമായി വെച്ചുപിടിപ്പിച്ച കണ്ടല്‍കാടുകള്‍ക്കിടയിലൂടെ തോണി യാത്രകള്‍ സംഘടിപ്പിക്കും. പരിശീലനം ലഭിച്ച മത്സ്യതൊഴിലാളികളുടെ സഹകരണത്തോടെ കണ്ടല്‍ക്കാടുകളുടെ ജൈവ പരിസ്ഥിതിക്ക് കോട്ടം തട്ടാതെ പരമ്പരാഗത തോണികളിലൂടെ സഞ്ചരിക്കാനുള്ള അവസരം ഈ പദ്ധതി പ്രാവര്‍ത്തികമാക്കും. മത്സ്യത്തൊളിലാളികള്‍ക്കും ഇതൊരു വരുമാന മാര്‍ഗമാണ്. വലിയ പറമ്പ കായലിലെ ഹൗസ് ബോട്ട് യാത്രയും ഇതിനൊപ്പം ലോകോത്തര നിലവാരത്തിലേക്കുയര്‍ത്തും. 

kasaragod dtpc

കോട്ടകളുടെ നാടും കൂടിയാണ് കാസര്‍കോട്. ഇവിടെ ബേക്കല്‍ കോട്ട മാത്രമല്ല പത്തോളം കോട്ടകള്‍ ചരിത്രത്തിലേക്ക് കാലൂന്നി ശിരസ്സുയര്‍ത്തി നില്‍ക്കുന്നു. ഇന്ത്യയില്‍ ഏറ്റവുമധികം കോട്ടകളുള്ള ജില്ലകളിലൊന്നാണ് കാസര്‍കോട്. ജില്ലയിലെ കോട്ടകളെയെല്ലാം ഒറ്റ ഞാണിന്‍മേല്‍ കോര്‍ത്തുകൊണ്ട് ഫോര്‍ട്ട് സര്‍ക്യൂട്ട് പദ്ധതി ആവിഷ്‌കരിക്കുന്നുണ്ട്. ഒപ്പം വിദ്യാര്‍ഥികള്‍ക്ക് ഉപകരിക്കുന്ന രീതിയിലുള്ള ഗവേഷണ പാക്കേജുകളും പുത്തന്‍ അനുഭവമായിരിക്കും. 

കലയും സംസ്‌കാരവും

ടൂറിസത്തിനൊപ്പം ലിറ്റില്‍ ഇന്ത്യ കാസര്‍കോട്ടെ കലയെയും സംസ്‌കാരങ്ങളെയും കലാരൂപങ്ങളെയും കൈപിടിച്ചുയര്‍ത്തുന്നു. ചരിത്ര പ്രാധാന്യമുള്ള അനന്തപുരം തടാക ക്ഷേത്രം, മാലിക് ദീനാര്‍ പള്ളി, ബേള ചര്‍ച്ച്, ഗോതിക്ക് റോമന്‍ വാസ്തുകലയില്‍ നിര്‍മ്മിച്ച നൂറു വര്‍ഷത്തിനടുത്ത് പഴക്കമുള്ള കയ്യാര്‍ ചര്‍ച്ച്, തായലങ്ങാടി വ്യാകുലമാതാവിന്റെ പള്ളിയിലെ ചുമര്‍ചിത്രങ്ങള്‍, മഞ്ചേശ്വരത്തെ ജൈന ബസതികള്‍, പഞ്ചപാണ്ഡവരില്‍ ഒരാളായ അര്‍ജുനന്‍ സ്ഥാപിച്ചു എന്ന ഐത്യഹ്യമുള്ള അഡൂര്‍ ശിവക്ഷേത്രം, 15 വര്‍ഷത്തിലൊരിക്കല്‍ പൂജ നടക്കുന്ന ജാംബ്രിയിലെ മലമുകളിലെ ഗുഹയില്‍ സ്ഥിതി ചെയ്യുന്ന ശിവലിംഗം തുടങ്ങിയവ പില്‍ഗ്രിമേജ് ടൂറിസത്തിന്റെ അനന്തമായ സാധ്യതകള്‍ക്ക് വഴി തുറക്കുന്നു.

നീലേശ്വരം, മായിപ്പാടി രാജകൊട്ടാരം, തറവാടുകള്‍, ഇല്ലങ്ങള്‍ തുടങ്ങി തുളു ബ്രാഹ്മണരുടെയും, മറാഠികളുടെയും മറ്റ് നിരവധി മതസ്ഥരുടെയും പൈതൃകമായ പല സ്ഥലങ്ങളും ഈ ദേശത്തിന്റെ അമൂല്യ സമ്പത്താണ്. അത് കൊണ്ടുതന്നെ ഈ നാട് നാനാവിധ സംസ്‌കാരങ്ങളുടെ പെറ്റില്ലവും ഈറ്റില്ലവുമാണ്. കഥകളിയും കേരളത്തിലെയും ഇന്ത്യയിലേയും മറ്റു കലാരൂപങ്ങളും ഇവിടെ പ്രബലമായി തന്നെ നിലനില്‍ക്കുന്നുവെങ്കിലും യക്ഷഗാനം പിറന്നു വീണത് ഇവിടെയാണ്. യക്ഷഗാനം ലോകത്തിനുമുന്നില്‍ പ്രകടമാക്കാനുള്ള അവസരം ലിറ്റില്‍ ഇന്ത്യ കാസര്‍കോട് നല്‍കും. മംഗലം കളി പോലെയുള്ള നാടന്‍ കലകള്‍ കൊണ്ടും ഇവിടം സമ്പന്നമാണ്. കാസര്‍കോട്ടെ നവരാത്രി വേഷങ്ങളും പുലിക്കളികളും സീസണല്‍ പാക്കേജൂകളിലൂടെ ലോക സഞ്ചാരികള്‍ക്കായി അവതരിപ്പിക്കാനാവും.അത് ഇത്തരം യക്ഷഗാന പുലിക്കളി കലാകാരന്മാര്‍ക്ക് വരുമാനമാര്‍ഗ്ഗവും ഈ കലകളെ നിലനിര്‍ത്താന്‍ സഹായകമാവുകയും ചെയ്യും.

kasaragod dtpc

ഋതുക്കള്‍ക്കനുസരിച്ച് ചിട്ടപ്പെടുത്തിയ സവിശേഷമായ ജീവിത രീതികളും ആഘോഷങ്ങളുമാണ് കാസര്‍കോട്ടുള്ളത്. മാര്‍ച്ച്,ഏപ്രില്‍,മേയ് മാസങ്ങളില്‍ കാസര്‍കോട്ട് ഉത്സവങ്ങളുടെ കാലമാണ്. കാസര്‍കോട്ടെ പെരുങ്കളിയാട്ടങ്ങളെ ലോകനിലവാരത്തിലേക്കുയര്‍ത്തും. തെയ്യവും ഭരണി ഉത്സവങ്ങളും ഉറൂസുകളും ഉത്സവകാല പാക്കേജിലൂടെ സഞ്ചാരികളിലേക്ക് എത്തിക്കുന്നതുവഴി ലോക്കല്‍ ഗൈഡുകള്‍, ഹോം സ്റ്റേകള്‍ ,ടാക്‌സി ,യാത്ര സംബന്ധമായ കച്ചവടസ്ഥാപനങ്ങള്‍ തുടങ്ങിയ പല മേഖലകളില്‍ അനവധി തൊഴിലവസരങ്ങള്‍ ലിറ്റില്‍ ഇന്ത്യയുടെ കീഴില്‍ സൃഷ്ടിക്കും. 

ഭക്ഷണപ്പെരുമയും കുടില്‍ വ്യവസായവും

ടൂറിസത്തിനൊപ്പം സഞ്ചാരികള്‍ ഏറെയിഷ്ടപ്പെടുന്ന ഒന്നാണ് ഭക്ഷണം. ഓരോ നാട്ടില്‍ പോകുമ്പോഴും അവിടത്തെ പ്രധാന ഭക്ഷണവിഭവങ്ങള്‍ കഴിക്കുക എന്നതാണ് സഞ്ചാരികളുടെ ശീലം. കാസര്‍കോടിന് മാത്രമായുള്ള നിരവധി ഭക്ഷണ സംസ്‌കാരങ്ങളുണ്ട്. തനത് നാടന്‍ ഭക്ഷണങ്ങള്‍ നേരിട്ട് സഞ്ചാരികളിലേക്ക് എത്തിക്കാനുള്ള സംവിധാനങ്ങള്‍ ലിറ്റില്‍ ഇന്ത്യയുടെ ആക്ഷന്‍ പ്ലാനിലുണ്ട്. ലൈസന്‍സ് ലഭിച്ച കാസര്‍കോട്ടെ വീട്ടുകാര്‍ക്ക് വീട്ടിലുള്ള ഭക്ഷണം സഞ്ചാരികള്‍ക്ക് വേണ്ടി നല്‍കാനാകും. 

കുടില്‍ വ്യവസായങ്ങള്‍ക്കും വലിയ കൈത്താങ്ങാണ് ലിറ്റില്‍ ഇന്ത്യ കാസര്‍കോട് നല്‍കുന്നത്. കാസര്‍കോട് സാരീസ്,മണ്‍ചട്ടി നിര്‍മ്മാണം,തളങ്കര തൊപ്പി,ബീഡി നിര്‍മ്മാണം,തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട ഒട്ടനവധി സാധാരണ ജനങ്ങളുടെ ജീവിത മാര്‍ഗ്ഗങ്ങളെ മെച്ചപ്പെടുത്താനും ടൂറിസം മേഖലയിലെ ഉയര്‍ച്ചയിലൂടെ ലിറ്റില്‍ ഇന്ത്യ കാസര്‍കോട് ലക്ഷ്യം വെയ്ക്കുന്നു.

Content Highlights: Little India Kasaragod project by DTPC Kasaragod, Kasaragod tourism, Travel News