നേരം വെളുത്തിട്ടുണ്ടായിരുന്നില്ല. തലേന്ന് പെയ്ത മഴയൊരു കുളിരായിക്കിടപ്പുണ്ട്. മനസ്സിലും മാനത്തും. പത്തുമണിവരെ കരിമ്പടത്തിനുള്ളിൽ ചുരുണ്ട് കിടക്കുന്നതിന്റെ സൂഖമൊന്ന് വേറെ. പക്ഷേ, യാത്രയെന്ന് കേട്ടാൽ ഉറക്കം രണ്ടാമതാണ്. അഞ്ചുമണിക്ക് എഴുന്നേറ്റതും അതുകൊണ്ടുതന്നെ. പ്രിയപ്പെട്ട ലൊക്കേഷനിലേക്കാണീ യാത്ര. അവിടെ ഇനിയും ക്യാമറ വെച്ചിട്ടില്ലാത്ത ചില സ്ഥലങ്ങളുണ്ട്. അതുകൂടി കാണണം. ക്യാമറയിലാക്കണം. അഞ്ചരയ്ക്ക് എത്താമെന്ന് പറഞ്ഞ വണ്ടി വൈകിയപ്പോഴാണ് അക്ഷമനായത്. അഞ്ചേ മുക്കാലായി യാത്ര തുടങ്ങാൻ.

ഒറ്റപ്പാലത്തെ തോട്ടക്കരയിൽ നിന്ന് മലമ്പുഴയിലെ കവയിലേക്ക്. നേരിട്ടുള്ള വഴി. നല്ല റോഡ്- ഇതു വഴി പലതവണ പിന്നിട്ടതാണെങ്കിലും ഓരോ യാത്രയും ഓരോ അനുഭവമാണ്. ഇത് മാതൃഭൂമിക്ക് വേണ്ടി കൂടിയുള്ള യാത്രയാണ്.

എന്താണെനിക്ക് യാത്ര? എന്നാണത് തുടങ്ങിയത്?

ഓർമവെച്ച നാൾ മുതൽ ഞാൻ കൊച്ചുകൊച്ചു യാത്രകൾ ചെയ്യുന്നുണ്ട്. ലക്ഷ്യബോധമില്ലാതെ, ആദ്യം കാണുന്ന വണ്ടിപിടിച്ച്, അതെത്തുന്ന സ്ഥലംവരെ പോയി തിരിച്ചുവന്ന യാത്രകൾ. ഏകാന്ത യാത്രകൾ.

Lal Jose
ലാൽ ജോസ് | ഫോട്ടോ: ഒ.കെ.ജോണി \ മാതൃഭൂമി

ഒരിക്കൽ ഇവിടെനിന്ന് ഇൻഡോറിലേക്കൊരു പ്രതിവാര വണ്ടി തുടങ്ങി. ഇൻഡോർ; കേൾക്കാൻ കൊള്ളാം, എവിടെയാണത്? മധ്യപ്രദേശിലാണെന്നും മൂന്നുദിവസം വണ്ടിയിലിരിക്കണമെന്നും മനസ്സിലായി. ആ കൗതുകത്തിന്റെ പുറത്താണ് ടിക്കറ്റെടുത്തതും വണ്ടികയറിയതും. മൂന്നാംനാൾ ഇൻഡോറിലെത്തി.

വണ്ടി ഇറങ്ങിയതും പെട്ടുപോയി. വെടിവെച്ചാലും വരാത്ത ഭാഷയാണെനിക്ക് ഹിന്ദി. ഒന്നും മനസ്സിലാവുന്നില്ല. പൊട്ടൻ വെടിക്കെട്ട് കാണും പോലെ എന്തൊക്കെയോ കാഴ്ചകൾ. തിരിച്ചുപോകാനുള്ള വണ്ടി രണ്ടുദിവസം കഴിഞ്ഞയുള്ളൂ. പകൽ റെയിൽവേസ്റ്റേഷൻ പരിസരത്തൊന്ന് കറങ്ങും. രാത്രി റെയിൽവേ വിശ്രമമുറിയിലെ സിമന്റ് ബെഞ്ചിൽ ഉറക്കം. പ്രഭാതകൃത്യങ്ങളും സ്റ്റേഷൻ ബാത്ത്റൂമിൽ. രണ്ടുദിവ സം കഴിച്ചുകൂട്ടിയ പാട് എനിക്കുമാത്രം അറിയാം. എങ്കിലും അതിലൊരു അനുഭവമുണ്ടായിരുന്നു. ഇപ്പോൾ ഓർക്കാൻ രസംതരുന്ന എന്തോ ഒന്ന്.

ലൊക്കേഷൻ തേടിയുള്ള യാത്രയിൽ മറക്കാനാവാത്തത് 'ചന്ദ്രനു ദിക്കുന്ന ദിക്കിലേ'ക്ക് പോയതാണ്. ഏതാണ്ട് 2000 കിലോമീറ്ററോളം യാത്ര ചെയ്താണത് കണ്ടത്തിയത്.

ഒരു കുന്ന്, കുന്നിനെച്ചുറ്റിയൊരു പുഴ, പൂക്കൾ, പൊടിപറത്തി കുന്നിറങ്ങിവരുന്ന കാലിക്കൂട്ടം എന്നിവയുള്ള ഇടയഗ്രാമമായിരുന്നു മനസ്സിൽ. പൊള്ളാച്ചിയുടെ പ്രാന്തപ്രദേശങ്ങളിലൂടെയായിരുന്നു ആദ്യ യാത്ര. കുന്നുണ്ടാവും, പുഴയുണ്ടാവില്ല. പൂക്കളുണ്ടാവും, കുന്നുണ്ടാവില്ല. ഒടുക്കം സേലത്തിനടുത്തുള്ള ശങ്കഗിരിയിലേക്ക് വിട്ടു. പൊള്ളാച്ചിയുടെ ഒരു എക്സ്റ്റൻഷൻ മാത്രമായിരുന്നു അത്. ഭരതേട്ടൻ 'ആരവം' ചെയ്ത ഹൊഗനക്കൽ നല്ല സ്ഥലമാണെന്ന് കേട്ട് അങ്ങോട്ടുപോയി. അവിടെ വെള്ളച്ചാട്ടവും പുഴയും ഉണ്ട്. പശുക്കളും പൂക്കളുമില്ല.

ഇടയ്ക്ക് ശരത്ചന്ദ്രൻ വയനാടിനോട് ഞാൻ മനസ്സിലുള്ള ലൊക്കേഷനെപ്പറ്റി പറഞ്ഞിരുന്നു. ഹൊഗനക്കലിലും സ്ഥലം കാണാനാവാതെ വിഷ ണ്ണനായി ഈ സിനിമതന്നെ ഉപേക്ഷിക്കേണ്ടിവരുമോ എന്ന ആശങ്കയിലായി. ആശ്വാസത്തിനാണ് വീട്ടിലേക്ക് വിളിച്ചത്. മറുതലയ്ക്കൽ ഭാര്യ ലീന. വിശേഷങ്ങൾ പറഞ്ഞ കൂട്ടത്തിൽ അവൾ പറഞ്ഞു. 'ഇന്ന് ശരത്ചന്ദ്രൻ വയനാട് വിളിച്ചിരുന്നു. ഗുണ്ടൽപേട്ടിനടുത്ത് 3000 കാലി കളുള്ള ഒരു ഗ്രാമമുണ്ടെന്ന് പറഞ്ഞു.'

Sun Flower
​ഗോപാലസ്വാമി ബേട്ട | ഫോട്ടോ: മാതൃഭൂമി

ഞാനുടനെ ശരത്തിനെ വിളിച്ചു. ''ഹൊഗനക്കലിൽനിന്ന് സത്യമംഗലം കാട് വഴി വന്നാൽ വേഗമിങ്ങത്താം. അല്ലെങ്കിൽ കോയമ്പത്തൂർവഴി ചുറ്റിക്കറങ്ങി വരണം.', അവൻ വഴി പറഞ്ഞുതന്നു. സത്യമംഗലത്ത് വീരപ്പൻ വാഴും കാലമാണ്. വഴി കാടിന് നടുവിലൂടെയും, പെട്രോൾ തീർന്നാൽ! മരം വീണ് പാത തടസ്സപ്പെട്ടാൽ! എന്തു ചെയ്യണം? കൂടെ സുഹൃത്തുക്കളായ സുധീഷും സുബൈറുമുണ്ട്. 'ഇതുവഴിതന്നെ പോയേക്കാം, വരുന്നിടത്തുവെച്ച് കാണാം', അവർ ധൈര്യം പകർന്നു.

കൊടുംകാടിനുള്ളിൽ നേരിയ രേഖപോലൊരു പാത, ടാറ്റാ സുമോ ഓടിക്കുന്നത് സുബൈർ, വഴിക്കൊരു കാനനഗ്രാമം കണ്ടു - മേച്ചേരി. എന്റെ വീട്ടുപേരും മേച്ചേരി. ഇത്തരം കൗതുകങ്ങളിലൂടെ മനസ്സും, കാടിന്റെ പച്ചത്തണുപ്പിലൂടെ ഞങ്ങളും യാത്ര തുടർന്നു. എതിരെ ആരും വരാനില്ലെന്ന ധാരണയിൽ വണ്ടി കുതിക്കുകയാണ്. എതിരെ വരുന്നവരും അങ്ങനെത്തന്നെ കരുതിക്കാണണം. ഒരു കൊടുംവളവിൽ ഞങ്ങൾ മുഖാമുഖം കണ്ടത് മരണത്തെയായിരുന്നു. സുബൈറിന്റെ ഡ്രൈവിങ് വൈദഗ്ധ്യം കൊണ്ട് മാത്രമാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.

Yathra Cover September 2020
യാത്ര വാങ്ങാം

വൈകുന്നേരമായപ്പോഴേക്കും ഞങ്ങൾ കാടുവിട്ട് ഗുണ്ടൽപേട്ട് ഗ്രാമത്തിലേക്ക്, കാട് തീർന്നപ്പോൾ മുന്നിലതാ സ്വപ്നഗ്രാമം! നോക്കെത്താ ദൂരത്തോളം സൂര്യകാന്തിപ്പൂക്കൾ, ഗ്രാമപാതയിലൂടെ വണ്ടി മുന്നോട്ട്. അതാ അകലെ കുന്നിറങ്ങി പൊടിപറത്തിവരുന്ന കാലിക്കൂട്ടം.

വണ്ടി നിർത്തി ഞാനിറങ്ങി. കുരിശുവരച്ചു: ഇതുതന്നെ 'ചന്ദ്രനുദിക്കുന്ന ദിക്ക്'. അതിനടുത്തൊരു വേണുഗോപാലസ്വാമി ക്ഷേത്രമുണ്ട്. ഫോട്ടോഗ്രാഫർമാർക്കൊന്നും അവിടംവിട്ട് പോരാൻ തോന്നില്ല.

(മാതൃഭൂമി യാത്ര 2008 ഏപ്രിൽ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)

Content Highlights: Lal Jose, Gopalaswamy Betta, Chandranudikkunna Dikkil Movie Location, Celebrity Travel