ഇടുക്കിയിലെ പീരുമേട് താലൂക്കിലാണ് കുട്ടിക്കാനം എന്ന ചെറുഗ്രാമം. സമുദ്രനിരപ്പില്‍ നിന്ന് 1100 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്നിടം. തേയിലത്തോട്ടങ്ങളാണ് കുട്ടിക്കാനത്തെ പച്ചപ്പണിയിക്കുന്നത്. ഈ മലനിരകള്‍ ഏറെ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നുമുണ്ട്. കുട്ടിക്കാനത്തെ 'മലമണ്ട'യാണ് ഇത്തവണത്തെ ലക്ഷ്യസ്ഥാനം.
കുട്ടിക്കാനം-വാഗമണ്‍പാതയില്‍ നിന്ന് ഇടതുഭാഗത്തേക്കാണ് പോകേണ്ടത്. അവിടെ മദാമ്മക്കുളത്തിലേക്ക് പോകുന്ന വഴിയാണ് മലമണ്ട. ഓഫ്‌റോഡ് സവാരിക്ക് പറ്റിയ സാഹചര്യമാണ് ഇവിടെ. കുട്ടിക്കാനം-മദാമ്മക്കുളം വഴിയിലെ ആദ്യഭാഗമൊക്കെ വലിയ വെല്ലുവിളികളൊന്നുമില്ലാതെ കടന്നുപോകാം. ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മിച്ചതാണ് റോഡ്. തികച്ചും ശാസ്ത്രീയമായി പ്രകൃതിയെ കാര്യമായി ഹനിക്കാതെയാണ് റോഡ് നിര്‍മിച്ചിരിക്കുന്നത്. മദാമ്മക്കുളം വഴിയാണ് ആഷ്‌ലി ബംഗ്ലാവും.
പീരുമേട് ഹില്‍സ് എന്നാണ് ഈ മേഖലം പൊതുവേ അറിയപ്പെടുന്നത്. കൊളോണിയല്‍ ഭരണത്തിന്റെ ആദ്യകാല അടയാളങ്ങളുള്ള മണ്ണാണിത്. ഒരു ഓഫ് റോഡ് യാത്രാനുഭവം നിങ്ങളാഗ്രഹിക്കുന്നുണ്ടെങ്കില്‍, വെല്ലുവിളികള്‍ ഏറ്റെടുക്കാനുള്ള ധൈര്യമുണ്ടെങ്കില്‍ പീരുമേട് ഹില്‍സിലെ ഈ വഴിതേടിയെത്താം. ഈ വഴിയേക്കുറിച്ച് അറിയാവുന്നവര്‍ ഒപ്പമുണ്ടെങ്കില്‍ നല്ലതാണ്. വന്യജീവികളും പക്ഷികളും ഉരഗങ്ങളുമായി ഒരു ആവാസവ്യവസ്ഥയും ഇവിടെയുണ്ട്.
പീരുമേട് ഹില്‍സിന്റെ ഭൂരിഭാഗവും വനം-വന്യജീവിവകുപ്പിന് കീഴിലാണ്. ചില സ്വകാര്യവ്യക്തികള്‍ക്കും ഇവിടെ ഭൂമിയുണ്ട്. ഇവിടം മലിനമാക്കാതാരിക്കാന്‍ സഞ്ചാരികള്‍ പ്രത്യേകം ശ്രദ്ധിക്കണം.
പച്ചപ്പുല്ലുകള്‍ നിറയുന്ന മൊട്ടക്കുന്നുകള്‍ അടുക്കടുക്കായി നില്‍ക്കുന്നത് കാണാം. പശ്ചിമഘട്ടത്തിന്റെ തലയെടുപ്പ് ഈ ഉയരങ്ങളില്‍ നിന്ന് ആസ്വദിക്കാം. ആകാശത്തിലെ മേഘങ്ങള്‍ പോലെ മലനിരകളുടെ കൂട്ടം ക്യാമറക്കണ്ണുകളിലേക്ക് നിറയുകയാണ്. കുന്നിന്‍മുകളിലെ കാറ്റിനൊപ്പം നമുക്ക് ഒഴുകി നടക്കാം.
(മാതൃഭൂമി ന്യൂസില്‍ സംപ്രേഷണം ചെയ്യുന്ന മാതൃഭൂമി യാത്രയില്‍ നിന്ന്. ട്രാവല്‍ ജേണലിസ്റ്റ് റോബിദാസ് ക്യാമറയും സംവിധാനവും നിര്‍വഹിച്ച യാത്രാവിവരണത്തിന്റെ പൂര്‍ണരൂപം കാണാം.)
Content Highlights: Kuttikkanam, Malamanda Trekking, Idukki Tourism, Mathrubhumi Yathra, Kerala Tourism