മേഘങ്ങള്‍ക്കിടയിലൂടെ സ്വര്‍ണത്തേരിലേറി ഉദിച്ചുയരുന്ന സൂര്യന്‍. കാറ്റിന്റെ താളത്തിനൊപ്പം പറന്നകലുന്ന കോടമഞ്ഞ്. മനസിനെയും ശരീരത്തെയും ഒരുപോലെ കുളിരണിയിക്കുന്ന കാഴ്ച. വയനാട്ടിലെ മീശപ്പുലിമലയെന്ന് അറിയപ്പെടുന്ന കുറുമ്പാലക്കോട്ടയില്‍ പ്രകൃതിയൊരുക്കിയിരിക്കുന്ന ദൃശ്യവിരുന്ന് അത്രമേല്‍ മനോഹരമാണ്. അതെ, പറഞ്ഞറിയിക്കാന്‍ കഴിയുന്നതിലും അപ്പുറം.

വയനാട് ജില്ലയുടെ ഒത്തനടുവിലായി സ്ഥിതിചെയ്യുന്ന മലയാണ് കുറുമ്പാലക്കോട്ട. പേരില്‍ കോട്ടയുണ്ടെങ്കിലും ഇവിടെ കോട്ടയുടെ ശേഷിപ്പുകളൊന്നും കാണാനില്ല. പഴശിയും ബ്രിട്ടീഷ് സൈന്യവും ഏറ്റുമുട്ടിയവേളയില്‍ പഴശിയുടെ സൈന്യം ഈ മലയില്‍ തമ്പടിച്ച് പടനയിച്ചെന്നാണ് ഐതിഹ്യം. അന്നിവിടെ കോട്ട പണിതെന്നും പറയുന്നു. അതുകൊണ്ടാണത്രേ ഈ പ്രദേശത്തിന് കുറുമ്പാലക്കോട്ടയെന്ന് പേരുവന്നത്. എന്തായാലും നിലവില്‍ വയനാട്ടിലെത്തുന്ന വിനോദസഞ്ചാരികളുടെ ഹോട്ട് സ്പോട്ടാണ് ഇവിടം. രാവിലത്തെ സൂര്യോദയവും, വൈകിട്ടത്തെ അസ്തമയവുമെല്ലാം ഏറെ മനോഹരം. 

മലമുകളിലേക്ക്...

പുലര്‍ച്ചെ മുതല്‍തന്നെ കുറുമ്പാലക്കോട്ടയിലേക്കുള്ള റോഡുകളിലെല്ലാം സഞ്ചാരികളുടെ തിരക്കാണ്. ബുള്ളറ്റുകളിലും ബൈക്കുകളിലും എത്തുന്ന യുവാക്കള്‍ക്ക് പുറമേ കുടുംബസമേതം മലകയറാനെത്തുന്നവരും കുറവല്ല. രാവിലത്തെ സൂര്യോദയം തന്നെയാണ് കുറുമ്പാലക്കോട്ടയിലെ ഹൈലൈറ്റ്. ട്രക്കിങിന് താത്പര്യമുള്ളവര്‍ക്ക് ഏറെപ്രിയങ്കരമാകുന്നതാണ് മലമുകളിലേക്കുള്ള വഴി. നേരത്തെ വഴിതെളിയിച്ച് പോകേണ്ട സ്ഥിതിയുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ വഴിയെല്ലാം കൃത്യമായി മനസിലാക്കാം.

img

കുറുമ്പാലക്കോട്ട ക്ഷേത്രത്തിന് സമീപം വാഹനം പാര്‍ക്ക് ചെയ്ത് അല്‍പം സാഹസികതനിറഞ്ഞ വഴിയിലൂടെയാണ് മലയിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. കുത്തനെയുള്ള കയറ്റവും ചെങ്കുത്തായ നടപ്പാതയും ശരീരത്തെ കിതപ്പിക്കും. അങ്ങനെ ക്ഷീണം തോന്നുകയാണെങ്കില്‍ വഴിയരികില്‍ വിശ്രമിക്കാന്‍ പാറക്കല്ലുകളും മരക്കുറ്റികളുമുണ്ട്. ഇഴജന്തുക്കളെ സൂക്ഷിക്കണമെന്ന് മാത്രം. പുലര്‍ച്ചെയുള്ള യാത്രയാണെങ്കില്‍ ടോര്‍ച്ചോ മറ്റോ കൈയില്‍കരുതുന്നത് നല്ലതാണ്. ഏകദേശം അരമണിക്കൂറിലേറെ നീളുന്ന യാത്രയ്ക്കൊടുവില്‍ മലയുടെ മുകളിലെത്താം.

img

ഏറ്റവും മുകളിലെത്തിയാല്‍ പിന്നെ ഓരോനിമിഷവും വിലപ്പെട്ടതാണ്. കാരണം എവിടെനോക്കിയാലും അത്രമേല്‍ മനോഹരമായ കാഴ്ച. രാവിലെ പറന്നിറങ്ങുന്ന കോടമഞ്ഞ്. കൈയെത്തും ദൂരത്തെന്നപോലെ മേഘങ്ങള്‍. അതിനിടെ പതുക്കെ പതുക്കെ വെളിച്ചംവീശി ഉദിച്ചുയരുന്ന സൂര്യന്‍. ഇതാണ് കുറുമ്പാലക്കോട്ടയിലെ പ്രഭാതകാഴ്ച. കോടയിറങ്ങിയാല്‍ പിന്നെ ഏകദേശം വയനാട് ജില്ല മുഴുവനും ഇവിടെനിന്നാല്‍ കാണാം. കോടയില്‍ കുളിച്ചുനില്‍ക്കുന്ന ബാണാസുര മലനിരകളും വയനാടും കിടിലന്‍ കാഴ്ചയാണ് സമ്മാനിക്കുന്നത്.

ടെന്റടിക്കാം, അസ്തമയവും കാണാം...

അസ്തമയം കാണാനെത്തുന്നവരെയും കുറുമ്പാലക്കോട്ട ഒരിക്കലും നിരാശപ്പെടുത്തില്ല. മലനിരകള്‍ക്കിടയിലൂടെ താഴ്ന്നിറങ്ങുന്ന അസ്തമയസൂര്യന്റെ കാഴ്ചയും സഞ്ചാരികള്‍ക്ക് വ്യത്യസ്തമായ അനുഭവം നല്‍കുന്നു. അസ്തമയവും കണ്ട് മലമുകളില്‍ താമസിച്ച് പിറ്റേദിവസം രാവിലെ സൂര്യോദയവും കണ്ട് മലയിറങ്ങിയാല്‍ മതിയെങ്കില്‍ അതിനുള്ള സൗകര്യവും ഇവിടെയുണ്ട്. ടെന്റുകള്‍ വാടകയ്ക്കെടുത്ത് മലമുകളില്‍ താമസിക്കുന്നത് ഒന്നൊന്നര സംഭവമാകും. പക്ഷേ, ടെന്റടിച്ച് താമസിക്കുന്നവര്‍ ദയവുചെയ്ത് ഇവിടെ വൃത്തിക്കേടാക്കരുത്. കാരണം ഓരോദിവസവും അത്രയേറെ മാലിന്യങ്ങളാണ് ഈ മലമുകളില്‍ അടിഞ്ഞുകൂടുന്നത്. ഇവിടെയെത്തുന്ന സഞ്ചാരികള്‍ തന്നെയാണ് ഇതിനു കാരണക്കാര്‍.

img

തിരക്കേറി...

കുറുമ്പാലക്കോട്ടയിലെ ദൃശ്യവിസ്മയം സാമൂഹികമാധ്യമങ്ങളില്‍ വൈറലായതോടെ ഇവിടേക്കുള്ള സഞ്ചാരികളുടെ ഒഴുക്കും വര്‍ധിച്ചു. ദിവസവും ചുരുങ്ങിയത് അഞ്ഞൂറുപേരെങ്കിലും ഇന്ന് കുറുമ്പാലക്കോട്ടയിലെത്തുന്നു. അവധിദിനങ്ങളില്‍ ഇത് രണ്ടായിരം വരെയാകും. കേരളത്തിന് പുറമേ അയല്‍സംസ്ഥാനങ്ങളില്‍നിന്നും സഞ്ചാരികള്‍ വരുന്നുണ്ട്. പക്ഷേ, ഇപ്പോഴും കുറുമ്പാലക്കോട്ടയെ ഔദ്യോഗിക വിനോദസഞ്ചാരകേന്ദ്രമാക്കുന്നതിന് സര്‍ക്കാര്‍സംവിധാനങ്ങള്‍ ഇടപെട്ടിട്ടില്ല. ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഇതുവരെയും കുറുമ്പാലക്കോട്ടയുടെ ടൂറിസം സാധ്യതകള്‍ മനസ്സിലാക്കിയിട്ടില്ലെന്നതാണ് സത്യം.

imgt

എങ്ങനെയെത്താം...

കല്‍പ്പറ്റയില്‍ നിന്നും മാനന്തവാടി റോഡിലൂടെ കമ്പളക്കാട് വഴി കുറുമ്പാലക്കോട്ടയിലേക്ക് ഏകദേശം പതിനേഴ് കിലോമീറ്ററാണ് ദൂരം.  പക്രതളം ചുരം കയറിവരുന്നവര്‍ക്ക് കോറം-കെല്ലൂര്‍ വഴി കുറുമ്പാലക്കോട്ടയിലെത്താം. മലയുടെ മുകളിലേക്ക് പലവഴികളുമുണ്ടെങ്കിലും കുറുമ്പാലക്കോട്ട ക്ഷേത്രത്തിന് സമീപത്തെ വഴിയിലൂടെ മലകയറുന്നതാകും നല്ലത്. ഓഫ് റോഡ് വാഹനങ്ങളില്‍ വരുന്നവര്‍ക്ക് മറ്റൊരു വഴിയിലൂടെ ഏകദേശം ഹില്‍ടോപ്പിന് അടുത്തുവരെ എത്താം. നടക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ ജീപ്പുകളിലോ മറ്റു ഓഫ് റോഡ് വാഹനങ്ങളിലോ ഈ വഴി വരുന്നതാകും ഉചിതം. ബൈക്കുകളും ഇതുവഴി വരാറുണ്ടെങ്കിലും സൂക്ഷിക്കണം.

img

ഏതുവഴിയായാലും മഴക്കാലമാണെങ്കില്‍ കരുതലോടെ വേണം യാത്രചെയ്യാന്‍. നടന്നുകയറുന്ന പാതയിലും മഴക്കാലത്ത് അപകടസാധ്യതയേറെയാണ്. വാഹനങ്ങളിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് താഴെ നിരവധി പേ പാര്‍ക്കിങ് സൗകര്യങ്ങളുണ്ട്. മലമുകളിലും താഴെയും ഒട്ടേറെ ചെറുഭക്ഷണശാലകളും പ്രവര്‍ത്തിക്കുന്നു. പിന്നെ ഒരുകാര്യം, വാഹനം പാര്‍ക്ക് ചെയ്ത് മലകയറുന്നവര്‍ കയറിയ വഴിയിലൂടെ തന്നെ മലയിറങ്ങുന്നതാകും നല്ലത്. വഴി മാറി ഇറങ്ങുകയാണെങ്കില്‍ വാഹനത്തിനടുത്തേക്ക് കിലോമീറ്ററുകള്‍ നടക്കേണ്ടിവരും. പക്ഷേ, അതും ഒരു ത്രില്ലാണ്. അപ്പോ എങ്ങനെ വണ്ടി സ്റ്റാര്‍ട്ടക്കുകയല്ലേ കുറുമ്പാലക്കോട്ടയിലേക്ക്.....!

ചിത്രങ്ങള്‍- അഫീഫ് മുസ്തഫ, മുഷ്താഖ്, തെസില്‍ മൊയ്തീന്‍

Content Highlights: kurumbalakotta hilltop at wayanad, also known as meesapulimala of wayanad