കോതമംഗലം: പരമാവധി രണ്ടു മണിക്കൂർ മാത്രമെടുക്കുന്ന കോതമംഗലം-എറണാകുളം യാത്രയ്ക്കെടുക്കുക ഒരു പകൽ ദൂരം, 50 കിലോമീറ്ററിനു പകരം സഞ്ചരിക്കുന്നത് 236 കിലോമീറ്റർ. രണ്ടു ജില്ലകളിലായി എട്ട്‌ നിയോജകമണ്ഡലങ്ങൾ. ആനവണ്ടിയിൽ കാഴ്ചയുടെ പുതുവസന്തം തുറക്കുന്ന 14 മണിക്കൂർ യാത്രയെ ‘അസാധാരണം’ എന്നുതന്നെ വിളിക്കേണ്ടി വരും.

കെ.എസ്.ആർ.ടി.സി. യുടെ കോതമംഗലം-തോപ്രാംകുടി-എറണാകുളം സർവീസാണ് ദൈർഘ്യം കൊണ്ടും റൂട്ടിന്റെ പ്രത്യേകത കൊണ്ടും ശ്രദ്ധ നേടുന്നത്. ട്വന്റി-20 പോലെ പെട്ടെന്ന് തീരേണ്ട ഒരിന്നിങ്സിനെ ടെസ്റ്റ് ക്രിക്കറ്റിന്റെ മനോഹാരിതയിലേക്ക് മാറ്റിയിരിക്കുകയാണ് കെ.എസ്.ആർ.ടി.സി.

ഹൈറേഞ്ചിൽ, മെേട്രായിൽ

കോതമംഗലം ഡിപ്പോയിൽനിന്ന് രാവിലെ 8.30-ന് തുടക്കം. കോഴിപ്പിള്ളി-അടിവാട്-പോത്താനിക്കാട്-പൈങ്ങോട്ടൂർ-വണ്ണപ്പുറം-വെൺമണി-ചേലച്ചുവട്-കരിമ്പൻ-ചെറുതോണി-തങ്കമണി വഴി ഉച്ചയ്ക്ക് ഒന്നിന് തോപ്രാംകുടിയിൽ എത്തിച്ചേരും. തിരിച്ച് അതേ റൂട്ടിൽ കോതമംഗലം-പെരുമ്പാവൂർ-ആലുവ വഴി രാത്രി 7.45-ന് എറണാകുളത്ത്. രാത്രി 10 മണിയോടെ തിരിച്ച് കോതമംഗലം ഡിപ്പോയിൽ. പകൽ മുഴുവൻ ഗ്രാമങ്ങളും കാടും താണ്ടിയുള്ള യാത്ര. രാത്രിയോടെ നഗരത്തെ തൊടും. ഇടയ്ക്കിടെ ചെറുപട്ടണങ്ങൾ. കുത്തനെ കയറ്റവും ഹെയർപിൻ വളവുകളും ഉണ്ടെങ്കിലും അധികം വാഹനത്തിരക്കില്ല. വഴിയുടെ ഇരുവശവും സുഖം പകരുന്ന കാഴ്ചകൾ. മടുപ്പുതോന്നില്ല. ദേശീയപാത ഉൾപ്പെടെ പ്രധാന റോഡുകളിൽനിന്ന് വഴിമാറി തികച്ചും ഗ്രാമീണ മേഖലയിലൂടെയുള്ള അപൂർവം ചില സർവീസുകളിലൊന്ന്.

കോതമംഗലം, മൂവാറ്റുപുഴ, തൊടുപുഴ, ഇടുക്കി, പെരുമ്പാവൂർ, ആലുവ, കളമശ്ശേരി, എറണാകുളം തുടങ്ങിയ നിയോജകമണ്ഡലങ്ങളിൽ സർവീസെത്തും. നേര്യമംഗലം വഴിയാണ് സാധാരണഗതിയിൽ തോപ്രാംകുടിയിലേക്ക് ബസുകളുടെ സർവീസ്. ഇതുവഴി പോകുമ്പോൾ ദൂരം കൂടുതലും കൊടുംവളവുകളും കുത്തനെ കയറ്റവുമാണ്. ടാറിങ് പൊളിഞ്ഞ് കിടക്കുന്ന ദുർഘട പാത. മഴക്കാലത്ത് മലയിടിച്ചിലുമുണ്ടാകും. നേര്യമംഗലം വഴി പോകുന്നതിനെക്കാൾ ഏകദേശം 30 കിലോമീറ്ററിലേറെ ദൂരക്കുറവും ഉണ്ട്.

കോവിഡിനു ശേഷം മൂവാറ്റുപുഴ ഭാഗത്തുനിന്ന് ഉണ്ടായിരുന്ന സർവീസ് നിർത്തി. ഈ റൂട്ടിലൂടെ യാത്രാസൗകര്യം കുറവായതുകൊണ്ട് പുതിയ സർവീസ് യാത്രക്കാർക്ക് ഏറെ പ്രയോജനമാണ്.

ഗംഭീരം തോപ്രാംകുടി യാത്ര

മനം കുളിർപ്പിക്കുന്നതാണ് തോപ്രാംകുടി യാത്രയെന്ന് ജീവനക്കാർ പറയുന്നു. ‘ലൗഡ് സ്പീക്കർ’ എന്ന സിനിമയിലെ മമ്മൂട്ടി കഥാപാത്രമായ മൈക്കിന്റെ തോപ്രാംകുടി തന്നെ. വണ്ണപ്പുറം കഴിഞ്ഞാൽ മല കയറും. പിന്നെ കയറ്റിറക്കവും വളവും തിരിവുമായി. ചുരംകടന്ന് കഞ്ഞിക്കുഴി എത്തുമ്പോഴാണ് ബസ് നിരപ്പിലേക്ക് പ്രവേശിക്കുന്നത്. വണ്ണപ്പുറം കഴിഞ്ഞുള്ള ബ്ലാസി കയറ്റവും തങ്കമണി പാണ്ടിപ്പാറയിലെ വ്യൂ പോയിന്റും യാത്രയിലെ അപൂർവ ദൃശ്യങ്ങളാണെന്ന് കണ്ടക്ടർ പി.എ. നജിമുദ്ദീനും ഡ്രൈവർ സി.ആർ. ജയനും പറയുന്നു.

കോതമംഗലത്തു നിന്ന് തോപ്രാംകുടിയിലേക്ക് 95 കിലോമീറ്റർ യാത്രയ്ക്ക് 112 രൂപയും തോപ്രാംകുടി-എറണാകുളം 140 കിലോമീറ്ററിന് 161 രൂപയുമാണ് ബസ് ചാർജ്. രണ്ടു ദിവസം മുമ്പാണ് പുതിയ സർവീസ് ആരംഭിച്ചത്. ആദ്യ ദിനം ഭേദപ്പെട്ട കളക്ഷനായിരുന്നുവെന്ന് ഡിപ്പോ അധികൃതർ പറഞ്ഞു. ദിവസം 12,000 രൂപയാണ് വരുമാനം പ്രതീക്ഷിക്കുന്നത്. ആദ്യ ദിവസം കിട്ടിയത് 6,800 രൂപയാണ്. യാത്രക്കാർ അറിഞ്ഞുവരുന്നതേയുള്ളൂ. മാറ്റമുണ്ടാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

Content Highlights: KSRTC Travel, Kothamangalam Thopramkudi Ernakulam Travel in KSRTC, Travel News