കോഴിക്കോട്ടുകാര്‍ക്ക് ഒരു വണ്‍ ഡേ ഔട്ടിങ്ങിന് പറ്റിയ സ്ഥലമാണ് കോഴിക്കോട് ഈസ്റ്റ് ഹില്ലിലുള്ള വി.കെ. കൃഷ്ണമേനോന്‍ മ്യൂസിയവും ആര്‍ട്ട് ഗ്യാലറിയും.  എന്നാല്‍ മറ്റു സ്ഥലങ്ങളില്‍ നിന്ന് വരുന്നവരാണെങ്കില്‍ അവരുടെ കോഴിക്കോട് സന്ദര്‍ശനത്തില്‍ ഉള്‍പ്പെടുത്താവുന്ന ഒരു പ്രധാനപ്പെട്ട സ്ഥലം കൂടിയാണ് ഇത്.

Art Gallery 1  

വെറുമൊരു ഔട്ടിങ്ങിലുപരി ചരിത്രപരമായ പല കാര്യങ്ങളും അറിയാനും മനസ്സിലാക്കാനുമുള്ള അവസരവും ഇവിടെ ലഭ്യമാണ്.   മ്യൂസിയത്തിനും ആര്‍ട്ട് ഗ്യാലറിക്കും പുറമെ ഒരു ത്രി ഡി തിയറ്ററും കുട്ടികളുടെ പാര്‍ക്കും കരിങ്കല്‍ ശില്‍പ ഗ്യാലറിയുമൊക്കെ സന്ദര്‍ശകര്‍ക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്. 

Art Gallery 2

വി. കെ. കൃഷ്ണമേനോന്‍ ഉപയോഗിച്ചിരുന്നതും അദ്ദേഹവുമായി ബന്ധമുള്ളതുമായ സാധനങ്ങള്‍ സൂക്ഷിച്ച് വച്ചിരിക്കുന്ന ഒരിടം, കേരളത്തിന്റെ പലയിടങ്ങളില്‍ നിന്നായി ശേഖരിച്ച പുരാവസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്ന മറ്റൊരിടം.. ഇവ രണ്ടുമാണ് ഇവിടുത്തെ മ്യൂസിയമെന്ന വിഭാഗത്തില്‍ പെടുന്നത്.  രണ്ടു സ്ഥലത്തേക്കും പ്രത്യേകം പ്രവേശന ഫീസടക്കണം.  പത്തു രൂപയാണ് രണ്ടും.  ക്യാമറയോ മൊബൈലൊ ഉപയോഗിച്ച് ചിത്രങ്ങളോ, ദൃശ്യങ്ങളോ പകര്‍ത്തുന്നുണ്ടെങ്കില്‍ പണം വേറെ നല്‍കണം.

Art Gallery 3

മ്യൂസിയത്തിനുള്ളില്‍ സന്ദര്‍ശകരുടെ സംശയ നിവാരണത്തിന് വേണ്ടി ഒരാളുണ്ട്.  മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന സാധനങ്ങളുടെ പ്രത്യേകതകള്‍, അവ ഏതു കാലത്ത് ഉപയോഗിച്ചിരുന്നതാണ്, പഴക്കം, അവ എവിടെ നിന്നു ശേഖരിച്ചു എന്നിങ്ങനെയുള്ള ഒരുപാടൊരുപാട് കാര്യങ്ങള്‍ അദ്ദേഹം സന്ദര്‍ശകര്‍ക്ക് പറഞ്ഞു തരും.

Art Gallery 4

മ്യൂസിയത്തിലെ കാഴ്ച്ചകള്‍ കണ്ടിറങ്ങുന്നത് കരിങ്കല്‍ ശില്പങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഒരിടത്തേക്കാണ്.  പലയിടത്തുനിന്നും ശേഖരിച്ച നൂറ്റാണ്ടുകള്‍ പഴക്കമുള്ളവയാണ് അവയില്‍ പലതും.  അവ ഓരോന്നിന്റെയും പഴക്കവും മറ്റു ബന്ധപ്പെട്ട കാര്യങ്ങളും അതിന്റെ അടുത്തായി തന്നെ എഴുതി വച്ചിട്ടുണ്ട്.

Art Gallery 5

നൂറു പേര്‍ക്കിരിക്കാവുന്ന ത്രീ ഡി തിയ്യറ്ററാണ് ഇവിടുത്തെ മറ്റൊരാകര്‍ഷണം.  ഇതിലേക്കുള്ള പ്രവേശന ഫീസ് ആളൊന്നിന് നാല്പത് രൂപയാണ്.  മ്യൂസിയത്തിന്റെ ചരിത്രവും, ഭൂമിയേയും അതിലെ ജീവജാലങ്ങളെ പറ്റിയുമൊക്കെ സന്ദര്‍ശകര്‍ക്ക് പറഞ്ഞ് തരുന്ന ഒരു മുക്കാല്‍ മണിക്കൂര്‍ ഷോ. ത്രീ ഡി ആയതിനാല്‍ കുട്ടികളെപോലെ തന്നെ വലിയവരും ആസ്വദിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

Art Gallery 6

മ്യൂസിയവും, ത്രീ ഡി ഷോയും, ശില്പ കാഴ്ച്ചകളുമൊക്കെ കഴിഞ്ഞാല്‍ പിന്നെ വിശ്രമത്തിനും കളികള്‍ക്കുമൊക്കെയുള്ള സമയമാണ്.  മ്യൂസിയത്തിന്റെ മുറ്റത്ത് മരത്തണലില്‍ ധാരാളം ഇരിപ്പിടങ്ങളും, കുട്ടികള്‍ക്ക് കളിക്കാനായി ഊഞ്ഞാലുകളും,  പാര്‍ക്കുമൊക്കെ ഒരുക്കിയിട്ടുണ്ട്.  നഗരത്തിന്റെ തിരക്കില്‍നിന്നൊക്കെ ഒഴിഞ്ഞ് അല്പനേരം ശാന്തമായിരിക്കാന്‍ ഒരിടം തിരയുന്നവര്‍ക്ക് പറ്റിയ സ്ഥലമാണിത്.

Art Gallery 7

മ്യൂസിയത്തിന്റെ വൃത്തിയും പരിപാലനവുമൊക്കെ വളരെ നല്ലതാണ് എന്നത് എടുത്ത് പറയേണ്ടത് തന്നെയാണ്. സന്ദര്‍ശകര്‍ക്ക് വേണ്ട ശുചിമുറികളും മറ്റു സൗകര്യങ്ങളും വളരെ നല്ല രീതിയില്‍ തന്നെ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. തിങ്കളാഴ്ച്ചയൊഴികെ ആഴ്ച്ചയിലെ മറ്റെല്ലാ ദിവസങ്ങളിലും രാവിലെ പത്തു മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് ഇവിടുത്തെ സമയം.  തിങ്കളാഴ്ച്ച അവധിയാണ്.  

Content Highlights: VK Krishnamenon Museum and Art Gallery Kozhikode, Tourists Spots in Kozhikode, Kozhikode DTPC