- കയാക്കിങ് മത്സരത്തിനായി വിദേശികളടക്കമുള്ളവര്‍ എത്തിത്തുടങ്ങി
- പരിശീലനത്തിന് പുഴകളില്‍ വെള്ളം കുറവ്
കോടഞ്ചേരി: ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും തുഴയെറിയാന്‍ വിദേശികളടക്കമുള്ളവര്‍ കോടഞ്ചേരിയിലും പുലിക്കയത്തും എത്തിത്തുടങ്ങി. കോടഞ്ചേരിയെ അന്താരാഷ്ട്രതലത്തില്‍ പ്രസിദ്ധമാക്കിയ മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായിനടക്കുന്ന കയാക്കിങ് മത്സരം ഇത്തവണ ജൂലായ് 26-മുതല്‍ 28-വരെയാണ്. കയാക്കിങ് മത്സരങ്ങളുടെ ഉദ്ഘാടനം കോടഞ്ചേരി പഞ്ചായത്തിലെ പുലിക്കയത്തെ ചാലിപ്പുഴയിലും സമാപനം തിരുവമ്പാടി പഞ്ചായത്തിലെ ഇലന്തുകടവിലുമാണ് നടക്കുക.
മുന്‍വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി തുഴച്ചില്‍ പരിശീലത്തിന് ആവശ്യമായ വെള്ളം പുഴകളില്‍ കുറവാണെന്ന് താരങ്ങള്‍ പറയുന്നു. സാധാരണ തുഴച്ചില്‍ മത്സരത്തിന്റെ മാസങ്ങള്‍ക്ക് മുമ്പുതന്നെ പ്രദേശത്ത് വീടുകള്‍ വാടകയ്ക്കെടുത്ത് വിദേശതാരങ്ങളടക്കമുള്ളവര്‍ ഇവിടെ താമസിക്കുന്നത് പതിവായിരുന്നു. എന്നാല്‍, ഇത്തവണ ചുരുക്കം ചിലര്‍മാത്രമാണ് ഇവിടെ എത്തിയിരിക്കുന്നത്. മഴ കുറവായതിനാല്‍ പുഴകളില്‍ ജലനിരപ്പ് ഉയരാത്തതിനാലാണ് കൂടുതല്‍ താരങ്ങള്‍ എത്താന്‍ വൈകുന്നതെന്ന് പ്രാദേശിക തുഴച്ചിലുകാര്‍ പറയുന്നു.
മീന്തുള്ളിപ്പാറ, അരിപ്പാറ, ആനക്കാംപൊയില്‍, പുലിക്കയം,എന്നിവിടങ്ങളിലായിരുന്നു മുന്‍ വര്‍ഷങ്ങളില്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നത്. ഇരുപത്തഞ്ചോളം വിദേശരാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ ഇവിടെ മത്സരത്തില്‍ പങ്കെടുക്കാറുണ്ട്. ചുരുങ്ങിയ വര്ഷങ്ങള്കൊണ്ടുതന്നെ കോടഞ്ചേരിയെ അന്താരാഷ്ട്ര വിനോദസഞ്ചാര ഭൂപടത്തിലേക്കുയര്‍ത്തിയ സാഹസിക കായികവിനോദത്തെ വരവേല്‍ക്കാന്‍ നാട്ടുകാരും ഒരുങ്ങിത്തുടങ്ങി.
മത്സരാര്‍ഥികള്‍ക്കും ആസ്വാദകര്‍ക്കും താമസവും ഭക്ഷണവും ഉള്‍പ്പെടെയുള്ള മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിനായുള്ള തയ്യാറെടുപ്പിലാണ് സംഘാടകരും നാട്ടുകാരും. വരും ദിവസങ്ങളില്‍ കാലവര്‍ഷം കനത്ത് പുഴകള്‍ മത്സരത്തിനനുയോജ്യമാകുമെന്ന ശുഭപ്രതീക്ഷയിലാണ് സംഘാടകരും നാട്ടുകാരും. കൂടാതെ സ്വാഗതസംഘവും സബ്കമ്മിറ്റികളും രൂപവത്കരിച്ച് പ്രവര്‍ത്തങ്ങള്‍ പുരോഗമിക്കുന്നു. വിനോദസഞ്ചാര വകുപ്പിന് കീഴില്‍ നടത്തിയിരുന്ന കയാക്കിങ്മത്സരം ഇത്തവണ വകുപ്പിന് കീഴിലെ സാഹസിക ടൂറിസം വിഭാഗമാണ് സംഘടിപ്പിക്കുന്നത്.

കയാക്കിങ് അക്കാദമിക്ക് ഇനിയും കാത്തിരിക്കണം
സാഹസിക കായികവിനോദം കയാക്കിങ് നടക്കുന്ന കോടഞ്ചേരിയില്‍ കയാക്കിങ് അക്കാദമി സ്ഥാപിക്കണമെന്ന ആവശ്യമുയര്‍ന്നിരുന്നു. ഇതിനായി ചാലിപ്പുഴയ്ക്കടുത്ത് പത്തുസെന്റ് സ്ഥലം തെക്കനാട്ട് കുരിയാക്കോസ് വിനോദസഞ്ചാരവകുപ്പിന് കൈമാറിയിരുന്നു. യു.ഡി.എഫ്.സര്‍ക്കാര്‍ കാലത്ത് സ്ഥലമേറ്റടുത്തതല്ലാതെ പിന്നീടൊന്നും നടന്നില്ല. നിലവില്‍ അക്കാദമിക്ക് ബജറ്റില്‍ പണമൊന്നും നീക്കിവെച്ചിട്ടില്ലെന്നും അക്കാദമിക്കായി പരമാവധി ശ്രമിക്കുമെന്നും സ്ഥലം എം.എല്‍.എ. ജോര്‍ജ് എം.തോമസ് അറിയിച്ചു
ഇത്തവണ പുതുമയോടെ റെയ്ന്‍ ടൂറിസം
മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്ന കയാക്കിങ് മത്സരത്തിന്റെ കൂടെ ഇത്തവണ റെയ്ന്‍ ടൂറിസവും. തിരുവമ്പാടി ക്ലബ്ബിന്റെ സഹായത്തോടെ മഴയത്ത് കുളിക്കുക, മഴനടത്തം, മഴയെ അറിയുക തുടങ്ങിയ പരിപാടികള്‍ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും. കൂടാതെ വയനാട് ജില്ലയിലെ വൈത്തിരി, ബാണാസുരസാഗര്‍, എന്നിവിടങ്ങളിലും തുഷാരഗിരി ,ആനക്കാംപൊയില്‍, മുത്തപ്പന് പുഴ, കക്കാടംപൊയില്‍ എന്നിവയെ ബന്ധപ്പെടുത്തി സാഹസിക സഞ്ചാരവും ഉണ്ടാകും.
ആഴ്ചയില്‍ ഒരിക്കല്‍ വൈകീട്ട് ഫോക്ലോര് ആര്‍ട്സ് സംഘടിപ്പിക്കുന്ന കലാവിരുന്നും ഇത്തവണ വിനോദസഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. രുചിയൂറും നാടന്‍വിഭവങ്ങളും തയ്യാറാക്കും. മല കയറിയെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് രുചിയൂറും നാടന്വിഭവങ്ങളൊരുക്കി കുടുംബശ്രീ അംഗങ്ങളും രംഗത്തുണ്ട്.ജില്ലാ വിനോദസഞ്ചാരവകുപ്പിന്റെ സഹായത്തോടെയാണ് കുടുംബശ്രീ രുചിക്കൂട്ടൊരുക്കുന്നത്.
ചിറക് വിരിക്കാനൊരുങ്ങി ഹോംസ്റ്റേ ടൂറിസവും
മലവെള്ളപാച്ചിലിനെതിരെ പങ്കായമെറിയാന്‍ വരുന്നവരെ കാത്ത് കോടഞ്ചേരിയിലും പരിസരത്തും ഒട്ടേറേ വീടുകള്‍ ഒരുങ്ങിക്കഴിഞ്ഞു. ഭരണകൂടം ഇടപെട്ട് മെച്ചപ്പെട്ട ഹോംസ്റ്റേ തയ്യാറാക്കാനുള്ള നടപടികളും പുരോഗമിക്കുണ്ട്. കയാക്കിങ് എത്തുന്നതോടെ വിനോദസഞ്ചാരമേഖലയില്‍ ഹോംസ്റ്റേ ടൂറിസവും മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് സമീപവാസികള്‍.
മലയോരമേഖലയുടെ ഉത്സവം
കയാക്കിങ് വന്നതോടെ മലയോരമേഖലയുടെ വിനോദസഞ്ചാര സാധ്യതകള്‍ പതിന്മടങ്ങ് വര്‍ദ്ധിച്ചു. ചിപ്പിലിതോട് - തുഷാരഗിരി റോഡ് , അരിപ്പാറ തൂക്കുപാലം എന്നിവ പോലെ വിനോദസഞ്ചാര മേഖലയ്ക്കായി കൂടുതല്‍ പദ്ധതികള്‍ കൊണ്ടുവരാന്‍ ശ്രമിക്കും.
-ജോര്‍ജ് എം.തോമസ്, തിരുവമ്പാടി എം.എല്‍.എ.
Content Highlights: Malabar River Festival, Kayakking in Chalippuzha, Kerala Tourism, Kozhikode Tourism