മുത്തശ്ശിക്കഥകളിലെ മായികലോകങ്ങള്‍പോലെയാണ് കാവുകള്‍. ബ്യൂട്ടി ആന്‍ഡ് ദ ബീസ്റ്റിലെ രാക്ഷസക്കോട്ടപോലെ-പുറത്ത് മഴയാകാം, വേനലാകാം, കോട്ടയിലും കോട്ട കാക്കുന്ന കാട്ടിലും എന്നും മഞ്ഞുകാലം. മീനച്ചൂടിലും ഉള്ളില്‍ മഴക്കാലം കാത്തുവെക്കുന്ന കാവുകള്‍ തേടിയൊരു യാത്രക്കിറങ്ങിയതാണ്. ചെറുതും വലുതുമായി കാവുകളേറെയുണ്ട്. കോഴിക്കോട്ട്. അതില്‍ത്തന്നെ ചിലത് വമ്പിലും വലുപ്പത്തിലും മുന്‍പില്‍. കാവു തേടിയപ്പോള്‍ ആദ്യം കാതിലെത്തിയത് പൊയില്‍ക്കാവിന്റെ കീര്‍ത്തിയാണ്. കുംഭച്ചൂട് തിളയ്ക്കുന്ന കാലം. കോഴിക്കോട്ടുനിന്ന് പുലര്‍ച്ചെ പുറപ്പെട്ടു. രാവിലത്തെ ചെന്നൈ മെയിലോ തിരുവനന്തപുരം എക്സ്പ്രസോ പിടിച്ചാല്‍ കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങാം. പക്ഷേ, അവിടെനിന്ന് തിരികെ ഏഴുകിലോമീറ്ററോളം പിന്നിലേക്ക് വരണം, പൊയില്‍ക്കാവിലേക്ക്. കോഴിക്കോട്ടുനിന്ന് ബസിലായാല്‍ നേരെ പൊയില്‍ക്കാവ് കവലയിലിറങ്ങാം. സമയലാഭമോര്‍ത്തപ്പോള്‍ കാറെടുത്തു. കഴിയുമെങ്കില്‍ മുചുകുന്ന് കോട്ടയിലേക്ക് പോകണം. ഇഷ്ടംപോലെ കയറിച്ചെല്ലാവുന്നിടമല്ല കാവുകള്‍. അവിടെ ചില സമയനിഷ്ഠകളുണ്ട്. മഞ്ഞും മഴയും കാറ്റും മരങ്ങളും എല്ലാം ചേര്‍ന്ന് അതിനുള്ളില്‍ പാലിച്ചുപോരുന്ന ചില നിയമങ്ങളുണ്ട്. അത് തെറ്റിച്ചുകൂടാ. തെറ്റിച്ചാല്‍ കാവ് നശിക്കും. നാട് നശിക്കും. പാഠപുസ്തകം നോക്കി പറഞ്ഞുപഠിച്ച ആ ചൊല്ലിലെ നേരറിയണമെങ്കില്‍ കാവില്‍തന്നെ ചെല്ലണം.

Poyilkkavu Vana Durga Temple
പൊയില്‍ക്കാവ് ക്ഷേത്രത്തിലെ കാവിനുള്ളില്‍

പൊയില്‍ക്കാവ് കവലയിലെ വലിയ ആല്‍മരവും ഭഗവതി ക്ഷേത്രത്തിന്റെ ബോര്‍ഡും കടക്കുമ്പോള്‍തന്നെ കാണാം പൊയില്‍ക്കാവിലെ കിഴക്കിനി അമ്പലം. നേര്‍ത്ത പുലര്‍മഞ്ഞില്‍ മൂടിയ വഴി. ഒരിളം വെയില്‍പ്പാളിയേറ്റാല്‍ പൊളിഞ്ഞുപോകുന്നതേയുള്ളൂ ആ മഞ്ഞിന്റെ വമ്പ്. കവാടം കടന്ന് പത്തുചുവടു തികച്ചില്ല റെയില്‍വേ ഗേറ്റിലേക്ക്. പാളം കടന്നാല്‍ കൈതക്കാടുകള്‍ അതിരിട്ട മണ്‍റോഡ് കാണാം. തഴച്ച പച്ചപ്പാണ് ഈ പ്രദേശത്തിന്റെ വലിയ ആകര്‍ഷണം. തൊട്ടടുത്താണ് ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന്‍. ഉഗ്രമൂര്‍ത്തിയായ പൊയില്‍ഭഗവതിയുടെ കാവായതിനാലാണ് പൊയില്‍ക്കാവ് എന്ന പേര് വന്നതെന്ന് പറയപ്പെടുന്നു. ആദ്യം കാണുന്നത് പൊയില്‍ക്കാവിലെ കിഴക്കേക്കാവ് എന്നറിയപ്പെടുന്ന ഭദ്രകാളി ക്ഷേത്രമാണ്. പിഷാരികാവുമായും ലോകനാര്‍ക്കാവുമായും ബന്ധപ്പെടുത്തി കഥകളേറെയുണ്ട് പൊയില്‍ക്കാവിന്. തച്ചോളി ഒതേനന്‍ പ്രതിഷ്ഠിച്ചതാണത്രേ കിഴക്കേക്കാവിലെ ഭദ്രകാളിയെ. ക്ഷേത്രത്തിന്റെ അരികിലൂടെ പിന്നിലേക്കുള്ള വഴി ചെന്നെത്തുന്നത് പൊയില്‍ക്കാവ് ഹൈസ്‌കൂളിനടുത്തേക്കാണ്. പിന്നിലായി കടുംപച്ചനിറം അതിരിട്ട ആകാശം- വന്‍മരങ്ങളുടെ തലപ്പൊക്കം ആകാശംമുട്ടുമെന്നു തോന്നും. സ്‌കൂള്‍ കോമ്പൗണ്ടിനും ഗ്രൗണ്ടിനും നടുവിലൂടെയുള്ള വഴിയുടെ അറ്റത്ത് കാണാം കാവിലേക്കുള്ള വലിയ ഗേറ്റ്.
 
ക്ഷേത്രത്തില്‍ നിന്നും തൊഴുതുമടങ്ങുന്ന ചിലരൊഴിച്ചാല്‍ പൊതുവെ വിജനമായ വഴി. ചെരുപ്പഴിച്ചുവെച്ച് ഗേറ്റ് കടക്കുമ്പോള്‍ തണുത്ത തണല്‍ക്കുടയിലേക്ക് കയറിയതുപോലെ. കവാടത്തിനകവും പുറവും തമ്മില്‍ പകലും സന്ധ്യയും പോലുള്ള അന്തരം. ഒരു നിശ്ശബ്ദത വന്നുമൂടി. വന്‍മരങ്ങളുടെ തുമ്പിലേക്ക് നോട്ടമെത്തുന്നില്ല. അതിനു കീഴെ വള്ളിപ്പടര്‍പ്പുകളും കുറ്റിച്ചെടികളും ചെറുമരങ്ങളും ഇടയില്‍ ചെറുവഴികള്‍ നീട്ടി ക്ഷണിക്കുന്നു. ഉള്ളിലേക്കുള്ളിലേക്ക് നൂണ്ടുകയറി ഒളിച്ചിരിക്കാന്‍ തോന്നും. കടവാതിലുകളുടെ ശബ്ദം ഏതോ ഗുഹയില്‍നിന്നെന്നപോലെ കാവാകെ മുഴങ്ങി. മുന്‍പേ പറഞ്ഞല്ലോ, കാവിനുള്ളില്‍ മനുഷ്യശബ്ദം പാടില്ല. പാദപതനംപോലും ശബ്ദരഹിതമാകണം.
  
മൃദുവായ തരിമണലിനു മീതെ മെത്തപോലെ പരന്നുകിടക്കുന്ന കരിയിലകള്‍. വഴിമാറി മരക്കൂട്ടങ്ങള്‍ക്കിടയിലേക്ക് അല്പം നടന്നാല്‍ അറിയാം കൊടുംവേനലിലും മണ്ണിലെ ഈര്‍പ്പം കാത്തുവെക്കുന്ന കരിയിലമെത്തയുടെ ഇന്ദ്രജാലം. അല്പം ദൂരെയായി ചെറിയ ചതുപ്പുനിലങ്ങള്‍. പ്രായമേറി വീണുപോയ വൃക്ഷപൂര്‍വികരുടെ അവശേഷിപ്പുകള്‍. അതില്‍ പടര്‍ന്ന പലതരം കൂണുകള്‍. ഏതാനും ചുവടുകള്‍ നടന്ന് പിന്‍വലിഞ്ഞു. ഉള്ളിലെ സ്വതന്ത്രസഞ്ചാരികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകരുത്. മുന്‍പിലൊരു കാവിപ്പക്ഷി പറന്നുവന്നിരുന്നു. പമ്മിപ്പതുങ്ങി അത് കരിയിലകള്‍ക്കിടയില്‍ പരതിത്തുടങ്ങി. വെളുത്ത തരിമണല്‍ വിരിച്ച വഴിയുടെ നടുവിലേക്കിറങ്ങി പേരറിയാത്തൊരു വന്മരം. അതിന്റെ കൂട്ടാളി മുന്‍പേ വീണുപോയിട്ടുണ്ട്. അതിന്റെ ചുവട്ടില്‍ നിന്ന് മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്തുമ്പോഴാണ് കണ്ടത്, നരച്ച ചുരുളന്‍മുടി തുമ്പുകെട്ടിയിട്ട്, ഈര്‍ക്കിലിക്കരയുള്ള വേഷ്ടിയും മുണ്ടും ചുറ്റി എതിരെ നടന്നുവരുന്ന ഒരു സ്ത്രീ. ഇടതിങ്ങിയ പച്ചപ്പിന്റെ പശ്ചാത്തലത്തില്‍ വഴിയിലെ വെയില്‍വട്ടത്തിലേക്ക് അവര്‍ കടന്നപ്പോള്‍ അനുവാദം ചോദിക്കാന്‍ തോന്നിയില്ല, ക്യാമറയില്‍ പകര്‍ത്തുവാനാണ് തിടുക്കപ്പെട്ടത്. അരികില്‍ വന്ന് എന്താ എന്നു കുശലം ചോദിച്ച് അവര്‍ കടന്നുപോയി.
 
വഴിയുടെ അറ്റത്ത് ദൂരെയായി പടിഞ്ഞാറെക്കാവ്. ക്ഷേത്രത്തിന് പിന്നിലേക്കാണ് ഈ വഴി. കാവിന് നടുക്കാണ് ക്ഷേത്രം. വനദുര്‍ഗയുടെ മണ്ണാണിത്. പരാശക്തിയുടെ, പ്രകൃതിയുടെ കുടിയിരുപ്പിടം. കടവാതിലുകളുടെ കലമ്പല്‍ കൂടിവരുന്നു. പരതിയപ്പോള്‍ ഒരു മരക്കൊമ്പിലായി ചിലതിനെ കണ്ടു. പിന്നെ മനസ്സിലായി, ചുറ്റുമുണ്ട് അവര്‍ - വൃക്ഷശൃംഗങ്ങളില്‍ തലകീഴായി തപംചെയ്യുന്ന നൂറുകണക്കിന് കടവാതിലുകള്‍. ഇലപ്പച്ച കറുത്തുതുടങ്ങും വിശ്രമമാണ്. പിന്നെ സഞ്ചാരം. കരിമരം, കാഞ്ഞിരം, തൃക്കടമ്പ്, അടയ്ക്കാ പൈന്‍ തുടങ്ങി പേരറിയാവുന്നതും അറിയാത്തതുമായ ഒട്ടേറെ വൃക്ഷങ്ങളുണ്ട് ക്ഷേത്രത്തിന് ചുറ്റും. എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന സിനിമയിലെ കുഞ്ഞാത്തോലും ജാനകിക്കുട്ടിയും കല്യാണം കൂടാന്‍ വന്നത് ഇവിടത്തെ ചെറിയ കൊട്ടിലിലാണ്. ക്ഷേത്രത്തിന് മുന്‍പിലെ വഴിയുടെ ഇരുവശവും കാവുതന്നെ. ഏതാണ്ട് 13 ഏക്കറാണ് മൊത്തം വിസ്തൃതി. കാവിലെവിടെയും ഒരു മിഠായിക്കവര്‍പോലും കണ്ടില്ല. ഈ വഴി ആള്‍സഞ്ചാരവും കുറവ്. കുറച്ചുകൂടി മുന്നോട്ടു പോയാല്‍ കടല്‍ത്തീരത്തെത്താം. മടങ്ങാന്‍ തോന്നുന്നില്ല. മറ്റൊരു കാവുകൂടി തൊട്ടടുത്തായി കാത്തിരിക്കുന്നു. മുചുകുന്നിലെ പരമശിവന്റെ കോട്ട.

വാതില്‍ക്കാപ്പവരുടെ കോട്ടയ്ക്കകത്ത് 

കൊയിലാണ്ടി ടൗണില്‍നിന്ന് ഏഴരകിലോമീറ്റര്‍ ദൂരമുണ്ട് മുചുകുന്ന് കോട്ടയിലേക്ക്. കണ്ണൂര്‍ ഭാഗത്തേക്ക് കൊല്ലം വഴി ഹൈവേയിലൂടെ അല്പം മുന്നോട്ടുപോയാല്‍ ആനക്കുളത്തുനിന്നും വലതുവശത്തായി മുചുകുന്ന് റോഡ്. ഏതാണ്ട് അഞ്ചുകിലോമീറ്റര്‍ അകലെയാണ് കോട്ട. റെയില്‍ പാളം കടന്ന് ഏറെക്കുറെ വിജനമായ വഴിയിലേക്ക് കടന്നു. ചെങ്കല്‍ഭിത്തികളുള്ള മനോഹരമായ ഒരു ക്ഷേത്രം കണ്ടു വഴിയരികില്‍. കോവിലകത്തുംപടി ഭഗവതിക്ഷേത്രം. വെയിലില്‍ തിളങ്ങിനില്‍ക്കുന്ന ചെമ്പകമരമുണ്ട് മുറ്റത്ത്. ക്ഷേത്രം കടന്ന് വണ്ടി മുന്നോട്ട് നീങ്ങുമ്പോഴാണത് കണ്ടത്. വലതുവശത്തെ വാഴത്തോട്ടത്തിനിടയിലൂടെ വെള്ളത്താമരകള്‍ നിറഞ്ഞ കടുക്കുഴി ചിറ. വണ്ടി ഒതുക്കി, വാഴത്തോട്ടത്തിലൂടെ വെച്ചുപിടിച്ചു. തോട്ടം കഴിഞ്ഞാല്‍ ചതുപ്പുനിലമാണ്. ഒരു വശത്ത് പരന്നുകിടക്കുന്ന പാടം. എട്ടോ പത്തോ ഏക്കര്‍ വിസ്തൃതിയുണ്ടാകും ചിറയ്ക്ക്. ദൂരെ ഒന്നുരണ്ട് വള്ളങ്ങള്‍. ഇനിയൊരു കാലത്ത് ഈ ചിറ ഇതുപോലെയുണ്ടാകുമോ എന്ന് ആശങ്ക പറച്ചിലിനിടയില്‍ പടമെടുപ്പും കഴിഞ്ഞു.

Muchukunnu Kotta
മുചുകുന്ന് കോട്ടയില്‍ ശിവക്ഷേത്രം

മുചുകുന്നിലെത്തുമ്പോള്‍ ഭൂപ്രകൃതിക്കാകെ മാറ്റം. ചെമ്മണ്ണും പൊടിയുമൊക്കെയായി കുറച്ചുകൂടി വരണ്ട അന്തരീക്ഷം. വഴിക്കിരുവശത്തും കാവാണ്. കോട്ടെയന്നാല്‍ അര്‍ഥമാക്കുന്നത് കാവ് എന്നാണ്. ചെങ്കല്ല് വെട്ടിമിനുക്കി ഉയര്‍ത്തിയ വമ്പന്‍ മതിലാണ് ക്ഷേത്രത്തിന്റെ പ്രധാന ആകര്‍ഷണം. മുന്‍പെവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന് സംശയം തോന്നിയാല്‍ തെറ്റില്ല. ഹരിഹരന്‍ സംവിധാനം ചെയ്ത 'സര്‍ഗ'ത്തിന്റെ ചില ഭാഗങ്ങള്‍ ചിത്രീകരിച്ചത് മുചുകുന്ന് കോട്ടയിലാണ്. കൊട്ടിയൂരെ സങ്കല്പത്തില്‍, സ്വയംഭൂവായ ശിവനാണ് ക്ഷേത്രത്തിലെ മൂര്‍ത്തി. ശ്രീകോവിലില്‍ അതുകൊണ്ടുതന്നെ ബിംബമില്ല. പകരം ഒരു വിളക്കു മാത്രം. നാലമ്പലത്തിനകത്ത് ക്ഷേത്രപൂജാരികള്‍ക്കല്ലാതെ മറ്റാര്‍ക്കും പ്രവേശനമില്ല. വിശാലമായ മുറ്റത്തുകൂടി പ്രദക്ഷിണം. ഞങ്ങളെത്തുമ്പോഴേക്കും ഉച്ചപൂജയുടെ സമയമായി. വെയില്‍ കത്തിത്തുടങ്ങിയിട്ടുണ്ട്. മതില്‍ക്കകത്ത് ഒരു വശത്തായി ഒരു വലിയ മരം നില്‍ക്കുന്നു. വെളുത്ത വലിയ പൂക്കള്‍ പക്ഷേ, പരിചിതമാണ്, മന്ദാരം. അത്ര വലിയ ഒരു മന്ദാരം ജീവിതത്തില്‍ ആദ്യമായാണ് കാണുന്നത്. മന്ദാരച്ചെടി എന്നത് മന്ദാരമരം എന്നു തിരുത്തണം. മതിലിന് വെളിയിലെ കാവിനുള്ളിലുള്ള നാഗത്തറ കാണുമ്പോള്‍ കാര്യക്കാരിലൊരാള്‍ വന്നു. ചിറയിലേക്ക് പോകുമ്പോള്‍ അവിടെ ഇരുന്നു കഴിച്ചോളൂ എന്നുപറഞ്ഞ് നേദ്യപ്പായസത്തിന്റെ ഒരു വലിയ പൊതി തന്നു. കുറച്ചേറെയുണ്ട്. ഞങ്ങള്‍ മൂന്നാള്‍ ആഞ്ഞുപിടിച്ചാലും തീര്‍ക്കാന്‍ അല്പം ബുദ്ധിമുട്ടും. നടയടച്ചു കഴിഞ്ഞിട്ടുണ്ട്.
 
കാവിലേക്കുള്ള വഴി നിറയെ അപ്പൂപ്പന്‍താടികളാണ്. അവയിങ്ങനെ ഒഴുകിയൊഴുകി ചുറ്റും പരക്കുന്നു. പൊയില്‍ക്കാവിലേതുപോലല്ല, ഉള്ളിലേക്ക് കടക്കാനനുവദിക്കില്ല മുചുകുന്നിലെ വള്ളിച്ചെടികള്‍. വേനലിന്റെ ക്ഷീണം ബാധിച്ചിട്ടുണ്ടെങ്കിലും മുള്ളുകള്‍ക്ക് മൂര്‍ച്ച കുറവില്ല. അതുകൊണ്ട് കാവിനുള്ളിലെ നടപ്പുവഴികളിലൂടെ പോലും അല്പം വിനയത്തോടെ മാത്രമേ നടക്കാനാകൂ. പക്ഷിക്കൂട്ടങ്ങളുടെ വിഹാരകേന്ദ്രമാണ് ആ വള്ളിപ്പടര്‍പ്പുകള്‍. മുള്‍ത്തലപ്പുകള്‍ക്ക് അവരോട് കനിവുണ്ടെന്ന് തോന്നും. അത്തിയും ഇത്തിയും പേരാലും പീനാറിയും ഇരുമ്പകവുമുണ്ട് കോട്ടയില്‍. കായാമ്പൂവും അരയാലും ആവിലുമുണ്ട്. പൈനും പന്തപ്പയനും നരിനാരകവും കിളിതീനിപ്പഞ്ഞിയുമുണ്ട്. പുതുതായി നട്ടുപിടിപ്പിച്ചവ വേറെയുമുണ്ട്. ഒരു കാറ്റടിച്ചാല്‍ പാഞ്ഞുവരും ഇലഞ്ഞിപ്പൂമണം. ഇടയ്ക്കിടെ കാണാം കാവ് സംരക്ഷണസമിതിയുടെ വക കാവു കാക്കേണ്ടതിന്റെ മഹത്ത്വങ്ങള്‍ കുറിച്ച ബോര്‍ഡുകള്‍. മാലിന്യമുക്തമാണ് എന്നതുതന്നെയാണ് ഈ കാവുകളുടെയൊക്കെ സവിശേഷത. മണ്‍വഴിയിലൂടെ കാവിന്റെ പിന്‍ഭാഗത്തേക്കിറങ്ങുമ്പോള്‍ കാണാം മുചുകുന്നിലെ ഏറ്റവും ഹൃദ്യമായ കാഴ്ച - മുചുകുന്ന് ചിറ.

Muchukunnu Chira
മുചുകുന്ന് കോട്ടയിലെ ചിറ

വെട്ടുകല്ലില്‍ കവിതകൊത്തിയിട്ടതുപോലെ ഭംഗിയായി കെട്ടിയുയര്‍ത്തിയ കുളപ്പടവുകള്‍. പായല്‍പ്പടര്‍പ്പിനിടയില്‍ സമൃദ്ധമായ തെളിനീര്. സര്‍ഗം സിനിമയിലെ കുട്ടന്‍തമ്പുരാനും ഹരിയും സ്ഥിരമായി കുളിക്കാനെത്തിയിരുന്നത് ഇവിടെയാണ്. ഏതോ പ്രാചീനകാലത്ത് ഇവിടെ തപസ്സ് ചെയ്ത മുചുകുന്ദന്‍ എന്ന രാജര്‍ഷിക്ക് മുന്‍പില്‍ ശിവകുടുംബം സൂര്യഭഗവാനോടൊത്തു പ്രത്യക്ഷരായത്രേ. ഋഷിക്ക് ആരാധിക്കാന്‍ അഞ്ച് സ്വയംഭൂ ശിലകളായി മാറി അവര്‍ മറഞ്ഞു എന്നതാണ് ക്ഷേത്രത്തിന് പിന്നിലെ ഐതിഹ്യം. സ്വയംഭൂ ശിലകള്‍ കണ്ടെത്തിയതിന്റെ ഓര്‍മയ്ക്കായി ഉത്സവസമയത്ത് മാണിക്യംവിളി എന്ന അപൂര്‍വ ചടങ്ങും ഇവിടെ നടക്കാറുണ്ട്. ക്ഷേത്രത്തില്‍ ഉത്സവകാലത്തല്ലാതെ വൈകീട്ട് നിത്യപൂജയുണ്ടാകില്ല. മങ്കൂട്ടില്‍ എന്ന തറവാട്ടുകാരുടെ ഉടമസ്ഥതയിലാണ് ക്ഷേത്രവും കാവുമുള്ളത്. ഇപ്പോള്‍ ക്ഷേത്രം നടത്തിപ്പിനും കാവിന്റെ സംരക്ഷണത്തിനുമായി നാട്ടുകാരുടെ ഒരു സമിതിയും കൂടിയുണ്ട്. പടവിലിരുന്നുതന്നെ വാഴയിലയില്‍ പൊതിഞ്ഞ പായസം കഴിച്ചു. തേങ്ങയും ധാരാളമായിട്ട് ശര്‍ക്കരയും കദളിപ്പഴവുമിട്ട നല്ല കട്ടിപ്പായസം. മുചുകുന്നില്‍നിന്ന് മടങ്ങിയപ്പോള്‍ ഉച്ചയായി. വെയില്‍ പൊള്ളിക്കുമ്പോഴും ഉള്ളിലുണ്ട് കണ്ട കാവുകള്‍ തന്ന കുളിര്.

ജലദുര്‍ഗയുടെ വന്മരക്കാട്

വൈകുന്നേരത്തോടെയാണ് തുറയില്‍കോട്ടയിലെത്തുന്നത്. കോഴിക്കോട് നഗരത്തില്‍നിന്ന് വയനാട് റോഡില്‍ കാരന്തൂരിനടുത്താണ് ക്ഷേത്രം. ഏതാണ്ട് 20 മിനിറ്റ് യാത്രയേയുള്ളൂ. ഇടതുവശത്തായി തുറയില്‍ ഭഗവതി ക്ഷേത്രം, കോണോത്ത് എന്നെഴുതിയ ബോര്‍ഡ് കാണാം. താഴേയ്ക്കുള്ള റോഡിറങ്ങിച്ചെല്ലുന്നത് ഒരു പാലത്തിലേക്കാണ്. അതിനു താഴെ പൂനൂര്‍ പുഴ വേനലിന്റെ ആലസ്യത്തില്‍ ഒഴുകുന്നു.

Thurayil Kotta 2

പച്ചപ്പിന് കുറവില്ല. പൊയില്‍ക്കാവിന്റെ ഇരുണ്ട പച്ചപ്പല്ല, ഇളം പച്ചനിറമാണ് ഇവിടെ കാത്തിരിക്കുക. റോഡ് അവസാനിക്കുന്നത് ഒരു മണ്‍റോഡിലാണ്. അവിടംവരെയെ വണ്ടി പോകൂ. ആല്‍ത്തറയ്ക്കടുത്തെത്തുമ്പോള്‍ പഴയ മതിലിന്മേല്‍ കണ്ടു, രണ്ടു കുരങ്ങന്മാര്‍. ക്യാമറയെടുത്തപ്പോള്‍ അതിലൊരാള്‍ തുട ചൊറിഞ്ഞുകാണിച്ചു. ആല്‍ത്തറയില്‍നിന്ന് ഏതാണ്ട് 30 മീറ്ററിലേറെയുണ്ട് ക്ഷേത്രത്തിലേക്ക്. ഇരുവശവും കെട്ടിയ വീതിയുള്ള മണ്‍റോഡ്. രണ്ടുവശത്തും കുത്തിനിര്‍ത്തിയ വിളക്കുകളുണ്ട്. പറഞ്ഞുകേട്ടതുപോലെ വാനരസുഹൃത്തുക്കളുടെ ബാഹുല്യമൊന്നും കണ്ടില്ല. പക്ഷേ, സമീപത്തെ വീടുകളിലെ പ്ലാവുകളില്‍ മൂത്തുവരുന്ന ചക്കകള്‍ക്ക് ചുറ്റും മുള്ളു ചുറ്റിയിരിക്കുന്നത് കണ്ടപ്പോള്‍തന്നെ മനസ്സിലായി, ഇവിടെ ഉടയവര്‍ അവരാണ്.

Thurayil Kotta
തുറയില്‍ കോട്ടയിലെ ക്ഷേത്രച്ചിറ

വഴി ചെല്ലുന്നത് ക്ഷേത്രത്തിന്റെ പിന്‍ഭാഗത്തേക്കാണ്. ഹനുമാന്റെ പ്രതീകമായി ഒരു വന്‍ കല്‍ത്തറയും പ്രതിഷ്ഠയുമുണ്ട്. തഴച്ച പച്ചപ്പിനഭിമുഖമായാണ് ശ്രീകോവില്‍. രണ്ടാള്‍കൂടി പിടിച്ചാലും അളക്കാനാവാത്ത വണ്ണമുള്ള വൃക്ഷഭീമന്മാര്‍ ഉള്ളില്‍ കാത്തിരിക്കുന്ന അദ്ഭുതലോകത്തിന്റെ അടയാളം മാത്രമാണ്. അഞ്ചാള്‍ തൂങ്ങിയാലും പൊട്ടാത്ത കാട്ടുവള്ളികള്‍. തുറയില്‍ കോട്ടയിലെ കാവ് ഉള്ളുതുറന്ന് വിളിച്ചു. കുറ്റിച്ചെടികളൊ വലിയ വള്ളിക്കാടുകളൊ ഇല്ല. നിഗൂഢതകള്‍ കാട്ടി പേടിപ്പിക്കില്ല ഇവിടം. അസാമാന്യ വണ്ണമുള്ള വന്മരങ്ങള്‍ കനിവോടെ കടന്നുപോകാന്‍ ഇട തരും.

Thurayilkotta 3

വമ്പന്‍ വള്ളികളില്‍ ഊഞ്ഞാലാടാം, കയറിയിരിക്കാം. വിരിപ്പു വിരിച്ചതുപോലെ കരിയിലകള്‍. മഞ്ഞക്കടമ്പും പൈനും ഇരുമ്പകവുമൊക്കെ ആര്‍ത്തുനില്‍ക്കുന്നു. ക്ഷേത്രത്തിന് മുന്‍പിലായി നീണ്ടുകിടക്കുന്ന ചിറ. അതിന് നടുക്ക് വെള്ളത്തിന് മീതെ തടി നീട്ടിയ മരങ്ങള്‍. ഒരു കാട്ടു നദിയെയാണ് അതോര്‍മിപ്പിക്കുക. പ്രാചീനത്വമാണ് തുറയില്‍ കോട്ടയുടെ ആകര്‍ഷണം. ജലദുര്‍ഗ, വനദുര്‍ഗ, ദുര്‍ഗ എന്നിങ്ങനെ മൂന്നു ഭാവങ്ങളിലാണ് ഇവിടെ ഭഗവതി കുടികൊള്ളുന്നതെന്നാണ് വിശ്വാസം. കോലിയേടത്ത്, കുനിയേടത്ത് എന്നിങ്ങനെ രണ്ടു കുടുംബങ്ങളുടെ ഭരണത്തിന് കീഴിലാണ് ക്ഷേത്രവും കാവും. കൂവപ്പായസമാണ് ഇവിടുത്തെ വിശേഷ നിവേദ്യം.

Thurayil Kotta 1
തുറയില്‍ കോട്ടയ്ക്കുള്ളില്‍

ആളെത്തുന്ന സമയമായപ്പോള്‍ മരക്കാടുകളില്‍ ഒളിച്ചിരുന്ന കുരങ്ങന്മാരും എത്തിത്തുടങ്ങി. കാഴ്ച കണ്ടുനില്‍ക്കെ തലയ്ക്കു മുകളില്‍ ഒരനക്കം കേട്ട് നോക്കി. തൊട്ടു തൊട്ടില്ലെന്ന മട്ടില്‍ ഒരാളുണ്ട് മുകളില്‍. അമ്മയും പാല്‍കുടി മാറാത്ത കുഞ്ഞുങ്ങളും വികൃതികളുമായി കുട്ടിക്കുരങ്ങന്മാരും അവിടം കൈയേറിത്തുടങ്ങി. പ്രണയലീലകളിലാണ് രണ്ട് വാനരജോടികള്‍. അതിനിടയിലേക്ക് തെലുഗു സിനിമയിലെ വില്ലനെപ്പോലെ ഒരുവന്‍ ചാടിവീണു. നായകനും നായികയും ഇരുവഴി പാഞ്ഞു. തിരികെ വരുമ്പോള്‍ പൂനൂര്‍ പുഴയിലെ പാലത്തോളം എത്തി കുരങ്ങന്മാര്‍. വണ്ടിയില്‍ പോകുന്ന ചിലര്‍ അവരെക്കണ്ട് നേന്ത്രപ്പഴങ്ങള്‍ നീട്ടി. കൈയൂക്കുള്ളവന്‍ ഒന്നും രണ്ടും വാങ്ങി. അവര്‍ ഉപേക്ഷിച്ച പഴത്തൊലികള്‍ നുണഞ്ഞ് കുഞ്ഞിക്കുരങ്ങന്മാര്‍ രുചിനോക്കി. തുറയില്‍ക്കോട്ട വേറിട്ടുനില്‍ക്കുന്നതും അതിന്റെ വന്മരങ്ങളുടെ ബാഹുല്യംകൊണ്ടുതന്നെ. പിന്നെ ഈ വാനരനായകരെക്കൊണ്ടും.

Thurayilkotta 2
തുറയില്‍ കോട്ടയിലെ ഒരു വൈകുന്നേരം

പ്രകൃതിയുടെ ആരാധനാലയം

പുലര്‍ച്ചെയാണ് വള്ളിക്കാട്ടുകാവെന്ന ലക്ഷ്യത്തിലേക്കുള്ള യാത്ര. മുന്‍പത്തേതുപോലല്ല എത്തിപ്പെടാന്‍ ഒരല്പം പണിയാണ്. കോഴിക്കോട് - ബാലുശ്ശേരി റൂട്ടില്‍ എടക്കരയിലാണ് വള്ളിക്കാട്ടുകാവ്. പ്രകൃതീശ്വരിയുടെയും അവളുടെ വനസന്താനങ്ങളുടെയും ഇടമാണത്. എലിയോട് മലയുടെ ചെരിവില്‍ 24 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന പച്ചപ്പിന്റെ സാമ്രാജ്യം. കുറ്റ്യാടിപ്പുഴയില്‍നിന്നുള്ള കനാലിന്റെ അരികിലൂടെ നാട്ടുവഴിയിലൂടെ പോയാല്‍ കാണാം ഒരു ചെറിയ റോഡ്. വീടുകള്‍ക്കിടയിലൂടെയുള്ള ചെറിയ നടപ്പുവഴി ചെന്നെത്തുന്നത് മലയുടെ താഴ്വാരത്താണ്. തഴച്ചുനില്‍ക്കുന്ന വാഴത്തോപ്പിനിടയിലൂടെ വേനലിലും നല്ല തെളിനീരൊഴുകുന്നു. വേനല്‍ച്ചൂട് തെല്ലുമേശാത്ത അനുഭവം. അപ്പുറം വയലാണ്. വരമ്പ് കടന്നാല്‍ കാവിന്റെ അതിര്‍ത്തി. കെട്ടിയെടുത്ത ഒരു ചെറിയ കുളം. അതില്‍നിന്ന് നീരൊഴുക്ക് പുറത്തെ വയലിലേക്ക്. അലക്കാനുള്ള സ്ഥലമാണിത്. അതിന്റെ വലതുവശത്തായി താരതമ്യേന വലിയ ഒരു കുളം കൂടി. അവിടെ കുളിക്കാം. പക്ഷേ, വലിയ ബോര്‍ഡില്‍ എഴുതിവെച്ച നിര്‍ദേശങ്ങള്‍ അനുസരിച്ച് മാത്രം.

Vallikkattukavu
വള്ളിക്കാട്ടുകാവിലെ ജലദുര്‍ഗാ പ്രതിഷ്ഠ
Yathra
യാത്ര വാങ്ങാം

കോട്ടയുടെ മുകളിലേക്ക് ആര്‍ക്കും പ്രവേശനമില്ല. കാവിലെ ക്ഷേത്രംവരെ ചെല്ലാം. ഈ കുളത്തിലേക്ക് നീരെത്തുന്നത് ചെറിയ ഒരു ചാലില്‍നിന്നാണ്. അതിന്റെ ഉദ്ഭവം നോക്കിനടന്നു. മുന്നില്‍ ഇരുണ്ടുകിടക്കുകയാണ് കാവ്. വണ്ണത്തില്‍ വമ്പ് പറയാനില്ലെങ്കിലും പൊക്കംകൊണ്ട് ഒന്നിന്റെയും തുഞ്ചം കാണാന്‍ വയ്യ. കോട്ടയ്ക്കുള്ളിലേക്ക്, കാവിനുള്ളിലേക്ക് കടക്കാന്‍ അത്ര എളുപ്പത്തില്‍ സാധിക്കുകയുമില്ല. വെള്ളം പൊന്തിച്ചാടുന്നതുപോലെ മണ്ണില്‍നിന്നു കുനുകുനാ ഉയര്‍ന്നുനില്‍ക്കുകയാണ് മരവേരുകള്‍. കാവിനെ കാട്ടാനയില്‍നിന്ന് രക്ഷിക്കാനുള്ള മാര്‍ഗമാണത്രേ അത്. ആന പോയിട്ട് ഒരു പൂച്ചക്കുട്ടിതന്നെ അതിനിടയില്‍ നടക്കാന്‍ കുറച്ചു വിഷമിക്കും. മിരിസ്റ്റിക സ്വാംപ് എന്നാണ് ഇത്തരം ശുദ്ധജല ചതുപ്പു കാടുകള്‍ക്ക് പേര്. മുന്നോട്ടെത്തുമ്പോള്‍ കാണാം വഴിയരികില്‍ വിഹരിക്കുന്ന വാനരക്കൂട്ടത്തെ. ചിലര്‍ ഒരു തറയില്‍ കയറിയിരുന്ന് വയര്‍ നിറയെ നെല്ലു തിന്നുന്നു. ചെറുതെങ്കിലും ശക്തമായ ഒരു വെള്ളച്ചാട്ടം. അതിന് തൊട്ടരുകിലായി ഭഗവതിയുടെ പ്രതിഷ്ഠ. ശ്രീകോവിലൊന്നുമില്ല. മഴയും വെയിലുമേറ്റ് ജലപാതത്തിന്റെ ഈറനടിച്ച് വെറും തറയിലാണ് ജലദുര്‍ഗയുടെ ഇരിപ്പ്. 

Kavu

പൂജാരി വെച്ചിട്ടുപോയ നേദ്യങ്ങള്‍ പാത്രത്തോടെ മറിച്ചിട്ട് ശാപ്പിടുകയാണ് ചില വിരുതന്മാര്‍. കുസൃതി കൂടുതലാണ് ഇവിടുത്തെ വാനരസമൂഹത്തിന്. ആരും തടയില്ല. ദേവിയുടെ പട്ട് വരെ എടുത്ത് കൈകാര്യം ചെയ്തുകളയും. വിളക്കു കത്തിക്കേണ്ട താമസം ചാടിക്കയറി എണ്ണയോടെ തിരിയെടുത്ത് അകത്താക്കും. ഇതവരുടെ വിഹാരകേന്ദ്രമാണ്. പുറമെ നിന്നുള്ളവര്‍ക്ക് തൊഴുതുമടങ്ങാം. കാരണം ഇവിടം പ്രകൃതിയുടെ മടിത്തട്ടാണ്. അവിടെ നിയമങ്ങള്‍ വേറെയാണ്. അനുഭവങ്ങളും.

Content Highlights: Kavu Travel, Kavu in Kozhikode, Kozhikode Tourism, Mathrubhumi Yathra