വര്‍ണനായിരുന്നു ചാത്തന്‍-കുട്ടിച്ചാത്തന്‍. നിഷേധിയായിരുന്നു. നടപ്പുരീതികളെ ചോദ്യംചെയ്ത തലതെറിച്ചവനായിരുന്നു. ബ്രാഹ്മണബീജമെങ്കിലും വയറൊഴിഞ്ഞത് പാണത്തി. ബ്രാഹ്മണ്യത്വത്തിനും കീഴാളത്തത്തിനുമിടയില്‍ സ്വത്വം നഷ്ടപ്പെട്ടവന് പെരുമാറ്റച്ചട്ടങ്ങള്‍ ഇല്ലല്ലോ. സവര്‍ണാധിപത്യം കൊടികുത്തിയത് അവന്റെ കൂടെ മുതുകിലായിരുന്നു. ചെമ്പങ്കന്‍ കാളയുടെ കഴുത്തില്‍നിന്നും കുടു കുടാ കുതിച്ചൊഴുകിയ കൊഴുത്ത ചോരകൊണ്ട് തൊണ്ട നനച്ച്, തനിക്കിടമില്ലാത്ത ഊരുവിട്ട് അവനിറങ്ങി. ദേശം കടന്നെത്തിയിടത്തും സ്ഥിതി വിഭിന്നമല്ല. വ്യവസ്ഥിതിയില്‍ കലിപൂണ്ട കുട്ടിച്ചാത്തന്‍ 'കരിമൂര്‍ത്തി'യായി. നാടുമുടിക്കാന്‍ തുടങ്ങി. ഒടുവിലൊരു ചെറുകുന്നിന്‍ മുകളില്‍ ബന്ധിക്കപ്പെട്ടു.

Kalleri 1

കാലം കടന്നുപോകെ കുട്ടിച്ചാത്തന് ഭക്തന്മാരുണ്ടായി. ചാത്തന്‍ ദൈവമായി. ഒരു പുരാണത്തിലും ഇടമില്ലാത്ത, വാമൊഴിയിലൂടെ, തോറ്റംപാട്ടിലൂടെ വരച്ചിട്ട ദൈവികസാന്നിധ്യം. കോഴിക്കോട് വടകരയിലെ കല്ലേരി എന്ന ഗ്രാമത്തിലാണ് കുട്ടിച്ചാത്തന്റെ ക്ഷേത്രം. കോഴിക്കോട്ടുനിന്ന് വടകര വഴി ഏതാണ്ട് 56 കിലോമീറ്റര്‍ ദൂരമുണ്ട് കല്ലേരിയിലേക്ക്. വടകര ടൗണില്‍നിന്നും വില്യാപ്പള്ളി വഴി കല്ലേരിക്ക് നേരിട്ട് ബസ് സര്‍വീസുണ്ട്. വടകരയില്‍നിന്ന് എട്ട് കിലോമീറ്റര്‍ ദൂരത്ത് കല്ലേരിയില്‍ വഴിയരികിലായി കാണാം കുട്ടിച്ചാത്തന്‍ കുടിയിരിക്കുന്ന ചെറിയ കുന്ന്. വിശാലമായ മൈതാനം കടന്ന് ചെല്ലുമ്പോള്‍ ക്ഷേത്രത്തിനരികിലായി തലയുയര്‍ത്തി നില്‍ക്കുന്ന ഗംഭീരമായ ഓഡിറ്റോറിയം. പണിതീര്‍ന്നുവരുന്നതേയുള്ളൂ. പടിക്കെട്ടിന് മുകളിലായി ഒരു ചെറിയ ശ്രീകോവില്‍. പണ്ട് ഓലമേഞ്ഞ ഒരു ചെറിയ തറവാട്ട് ക്ഷേത്രമായിരുന്നു ഇത്. ക്ഷേത്രകാര്യങ്ങള്‍ നോക്കാന്‍പറ്റാതായതോടെ ഉടമസ്ഥര്‍ ഇത് നാട്ടുകാര്‍ക്ക് വിട്ടുകൊടുത്തു. അങ്ങനെ ചാത്തന് നിത്യവും വിളക്കു കിട്ടിത്തുടങ്ങി.
  
കഥ നടക്കുന്നത് നൂറ്റാണ്ടുകള്‍ക്ക് മുന്‍പാണ്. പയ്യന്നൂരിലെ കാളകാട്ടില്‍ ഇല്ലത്ത് സന്തതികളില്ലാതായി. പ്രാര്‍ഥനകള്‍ക്കും വഴിപാടുകള്‍ക്കും ഫലമുണ്ടായത് മറ്റൊരു രീതിയിലാണ്. ഇല്ലത്തെ നമ്പൂതിരിക്ക് പാണസ്ത്രീയില്‍ ജനിച്ച സന്താനമായിരുന്നു കുട്ടിച്ചാത്തന്‍. അമ്മ ഞാറു നട്ടുകൊണ്ടിരിക്കുന്നതിന്റെ ഇടവേളയിലാണത്രേ ചാത്തന്‍ പിറന്നുവീഴുന്നത്. പിറന്നത് അവര്‍ണസ്ത്രീയുടെ ഗര്‍ഭത്തിലെന്നതുകൊണ്ട് മാത്രം, അച്ഛന്റെ ആഢ്യത്വം മകന് കിട്ടിയില്ല. അവഗണനയേറ്റ് വളര്‍ന്ന കുട്ടിച്ചാത്തന്‍ പടുവികൃതിയായി. എഴുത്തുപള്ളിയില്‍ പറഞ്ഞയച്ച കാലത്ത് ആശാന്‍ ഹരി എന്നുപറയുമ്പോള്‍ ചാത്തന്‍ ശ്രീ എന്നുപറയും. അങ്ങനെ പറയുന്നതിന് അപ്പുറം പറഞ്ഞ് ചാത്തന്‍ വളര്‍ന്നു.

Kalleri 2
 
ഒരിക്കല്‍ ചാത്തന് വെള്ളത്തിന് ദാഹിച്ചപ്പോള്‍ ആരും കൊടുത്തില്ല എന്നു മാത്രമല്ല, അപമാനമായിരുന്നു ഫലം. കലിപൂണ്ട കുട്ടിച്ചാത്തന്‍ ഇല്ലത്തേക്ക് സ്ത്രീധനം കിട്ടിയ വകയിലുണ്ടായിരുന്ന ചെമ്പങ്കന്‍ കാളയെ അറുത്ത് ആ ചോര കുടിച്ച് ദാഹം തീര്‍ത്തു. അന്ന് പടിയിറങ്ങിയ ചാത്തന്‍ വടകര കുട്ടോത്ത് വഴി ലോകനാര്‍കാവിലെത്തി. മലമത്താന്‍ കുങ്കനാണ് നാട്ടാചാരപ്രകാരം ക്ഷേത്രത്തില്‍ കുടകെട്ട് നടത്തുന്നത്. കുടകെട്ടിയാല്‍ അരിയും ചോറും പ്രതിഫലമായി കിട്ടും. കുങ്കനുമായി ചാത്തന്‍ ചങ്ങാത്തമായി. അങ്ങനെയിരിക്കെ കുങ്കന്‍ കുടകെട്ടണ്ട എന്ന് കല്പനയിട്ടു നാടുവാഴികള്‍. കുങ്കന്‍ ചാത്തനോട് സങ്കടം പറഞ്ഞു. പ്രതികാരമായി ചാത്തന്‍ കാവിലെ പന്തലിന് തീ കൊടുത്തു. നാടിളകി. കുങ്കന്‍ വധിക്കപ്പെട്ടു. കുങ്കന്റെ ശിരസ്സുമായി കുട്ടിച്ചാത്തന്‍ ലോകനാര്‍ക്കാവിന് മുന്‍പില്‍ പൂരപ്പാട്ടു നടത്തി. പിടിച്ചുകെട്ടുവാന്‍ പ്രമാണിമാരും കഴകക്കാരും എത്തുമ്പോഴേക്കും അവിടെനിന്ന് കടന്ന ചാത്തന്‍ കല്ലേരിയിലെത്തി. ചാത്തന്‍ അവിടെ വാണു എന്നും വധിക്കപ്പെട്ടു എന്നും രണ്ടു കഥകളുകളുണ്ട്. പതിയെ ജാതിക്കും ജന്മിത്വത്തിനുമെതിരേ നടന്ന ഒറ്റയാള്‍ വിപ്ലവത്തിന് ദൈവികത്വം കല്പിക്കപ്പെട്ടു.

Kalleri 3
 
സാധാരണ ക്ഷേത്രങ്ങളില്‍ ഉത്തമത്തില്‍ മാത്രമാണ് പ്രതിഷ്ഠയുണ്ടാകുക. ഇവിടെ മധ്യമത്തിലും പ്രതിഷ്ഠയുണ്ട്. ശ്രീകോവിലില്‍ പൂജ ചെയ്യുന്നത് ഏറാഞ്ചേരി ഇല്ലക്കാരായ ബ്രാഹ്മണരാണ്. പുറത്ത് മധ്യമത്തില്‍ ഈഴവസമുദായത്തില്‍പെട്ട തണ്ടാനാണ് പൂജ നടത്തുക. മദ്യംകൊണ്ടുള്ള, കലശംവയ്ക്കുക എന്ന പ്രധാന വഴിപാട് ഇവിടെയാണ് നടക്കുക. പറഞ്ഞുവന്ന കഥയ്ക്ക് മറ്റൊരു ഒടുക്കംകൂടിയുണ്ട്. കാവില്‍നിന്ന് കല്ലേരിയിലെത്തി പ്രശ്‌നങ്ങളുണ്ടാക്കിയ കുട്ടിച്ചാത്തനെ കാട്ടുമാടം ഇല്ലത്തെ നമ്പൂതിരി പിടിച്ചുകെട്ടി. പിടിച്ചുകെട്ടുമ്പോള്‍ എപ്പോള്‍ അഴിച്ചുവിടും എന്നു ചോദിച്ചു, ചാത്തന്‍. ഞാന്‍ തിരിച്ചുവരുമ്പോള്‍ എന്നു മറുപടി. ആ ഇല്ലത്തെ ആരും പിന്നീട് ആ വഴി തിരിച്ചുവന്നില്ല. കാട്ടുമാടം ഇല്ലത്തെ ആരും ഇന്നും ഇവിടെ വരാറില്ല. ഒരിക്കല്‍ ക്ഷേത്ര കമ്മിറ്റി ക്ഷണിച്ചെങ്കിലും അവര്‍ ആ ക്ഷണം നിരസിക്കുകയാണുണ്ടായത്.

Kalleri 4

ഞങ്ങള്‍ അവിടെ ചെന്നത് വെള്ളിയാഴ്ചയായതുകൊണ്ടാകാം നല്ല തിരക്കുണ്ടായിരുന്നു. ചൊവ്വയും വെള്ളിയും ദിവസങ്ങളില്‍ സന്ധ്യയ്ക്ക് തിറയുണ്ട്. പായസസദ്യയുമുണ്ടാകും. അന്ന് നല്ല തിരക്കുണ്ടാകും. ക്ഷേത്രമുറ്റത്ത് ഒരുഭാഗത്ത് ഉണ്ണിമുണ്ടുടുത്ത കുഞ്ഞുങ്ങള്‍ ചോറൂണിന് അച്ഛന്റെയും മുത്തച്ഛന്റെയുമൊക്കെ മടിയില്‍ ഇലയ്ക്ക് മുന്‍പില്‍ കാത്തിരിക്കുന്നു. മുകളിലെ ചെറിയ കാവിലാണ് കലശംവയ്ക്കുക. വരിനില്‍ക്കേണ്ടി വരും. അംഗീകൃത മദ്യം മാത്രമേ ഇവിടെ കലശംവയ്ക്കുന്നതിന് ഉപയോഗിക്കൂ. സ്വന്തമായി കൊണ്ടുവരാം. പണം അടച്ചാല്‍ ക്ഷേത്രത്തില്‍ നിന്നുതന്നെ ലഭിക്കുകയും ചെയ്യും. എന്നുവെച്ച് ഇവിടെ ഇഷ്ടംപോലെ മദ്യം ഒഴുകുകയാണ് എന്നു കരുതരുത്. വഴിപാടിനുള്ള മദ്യത്തിന്റെ അളവ് ക്ഷേത്ര കമ്മിറ്റിക്കാര്‍ കാര്യമായി കുറച്ചിട്ടുണ്ട്.

തിറയുടെ മുന്നൊരുക്കമായി തോറ്റംപാട്ട് തുടങ്ങി. കുട്ടിച്ചാത്തനെത്തി. ഒപ്പം തണ്ടാനും കൈ പിടിക്കുന്ന ആളുമുണ്ട്. വെള്ളാട്ടാണ് ക്ഷേത്രത്തിലെ മറ്റൊരു മുഖ്യ വഴിപാട്. വെള്ളാട്ടിന് 7500 രൂപയാണ് ഈടാക്കുന്നത്. 2011-ല്‍ ബുക്ക് ചെയ്ത വഴിപാടാണ് അന്ന് നടക്കുന്നതെന്ന് ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് കെ.എം. അശോകന്‍ പറഞ്ഞു. ''അന്ന് 3500 രൂപയായിരുന്നു. പക്ഷേ, ഇന്നത് 8000 രൂപയ്ക്കു മുകളില്‍ ചെലവുള്ള കാര്യമാണ്. പക്ഷേ, അന്ന് തന്ന പണം അമ്പലക്കമ്മിറ്റി ഇത്ര കാലം സൂക്ഷിച്ചതു കൊണ്ട് വഴിപാടുകാരില്‍നിന്നും കൂടുതല്‍ തുക ഈടാക്കില്ല. കുട്ടിച്ചാത്തന്റെയും ഗുളികന്റെയും വെള്ളാട്ടുണ്ട്. മുന്നൂറ്റന്‍ സമുദായത്തില്‍ പെട്ടവരാണ് തിറ കെട്ടുന്നത്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ മറ്റു പല ക്ഷേത്രങ്ങളിലും മുന്നൂറ്റന്മാര്‍ക്ക് നിര്‍ബന്ധമായും തിറയുണ്ടാകും. ആ മൂന്നു മാസങ്ങളില്‍ തിറയ്ക്ക് കുറവുണ്ടാകും. കണ്ണൂരില്‍ അഞ്ഞൂറ്റന്മാര്‍ എന്നൊരു വിഭാഗവുമുണ്ട്. കടമേരി പരദേവതാ ക്ഷേത്രത്തില്‍ മാത്രമാണ് അവരുള്ളത്. പായസം ബുക്കിങ് ഇനി നാലഞ്ചു കൊല്ലം കഴിഞ്ഞിട്ടേ ഉണ്ടാകൂ.'' തോറ്റംപാട്ടിനൊടുവില്‍ ചാത്തന്‍ അലറിക്കൊണ്ട് മറ്റൊരു തറയിലേക്ക് പുറപ്പെടും. തണ്ടാന്‍ കലശവുമായി കിണ്ടിയില്‍ ചാത്തനെ തേടാന്‍ വരും. പ്രദക്ഷിണംവെച്ച് വാഴയിലകൊണ്ട് കെട്ടിയ മൂടി പൊട്ടിച്ച് കൈ നനച്ച് അത് കുടിക്കും. ഒരരികില്‍ തീക്കുണ്ഡം കത്തിയെരിയുന്നുണ്ടാകും. തിറ ക്ഷേത്രത്തിന്റെ പടിക്കെട്ടിന് ചുവട്ടിലെത്തി. തണ്ടാനും തെയ്യം കെട്ടിയ ആളും ചേര്‍ന്ന് പാഞ്ഞുവന്ന് കനല്‍ ചവിട്ടിത്തെറിപ്പിച്ചു. പിന്നീട് ചാത്തനും. ഇനി കല്പനയാണ്. ആദ്യം ക്ഷേത്രകാര്യക്കാരന്‍. പിന്നെ വഴിപാടുകാര്‍, പിറകില്‍ ജനങ്ങള്‍. മുത്തപ്പനോട് സാമ്യം തോന്നാം ചാത്തനെ കാണുമ്പോള്‍. കുട്ടിച്ചാത്തനും ശിവന്റെ അംശം തന്നെ. വിഷ്ണുമായ ശാസ്തപ്പന്‍ എന്നാണ് പറയുന്നത്. പിതാവ് ശിവനാണ് എന്ന് തോറ്റംപാട്ടില്‍ പറയുന്നുണ്ട്. വിഷ്ണുവിന്റെ അംശമായ ശിവന്റെ രൂപമുള്ള മകന്‍!

Kalleri 5

Yathra
യാത്ര വാങ്ങാം

ധനു ആദ്യ വെള്ളിയാഴ്ചയാണ് കല്ലേരി കുട്ടിച്ചാത്തന്‍ ക്ഷേത്രത്തിലെ പ്രധാന ഉത്സവം. മൂന്നുദിവസമാണ് ആചാരപ്രകാരമുള്ള ഉത്സവം. പക്ഷേ, ആഘോഷം ആഴ്ച ആദ്യം തുടങ്ങി ഏഴുദിവസമുണ്ട്. ആദ്യദിനം നട്ടത്തിറയാണ്- വെള്ളാട്ടവും ആട്ടവും കൊടിയുയര്‍ത്തലും അന്ന് നടക്കും. പിറ്റേന്ന് തിറ-പൂക്കലശം വരവും മറ്റ് ആഘോഷങ്ങളും, ശനിയാഴ്ചയാണ് തിറയാട്ടം. അതായത് കുട്ടിച്ചാത്തന്റെ തിറ. ഉത്സവത്തോടനുബന്ധിച്ച് ഗ്രാമപ്പഞ്ചായത്തിന്റെ ചന്തയുണ്ടാകും. ഉത്സവത്തിന് പുറത്തുനിന്നുള്ള കലാപരിപാടിയില്ല. നാട്ടുകാര്‍ അവതരിപ്പിക്കുന്ന കലാപ്രകടനങ്ങളാണുണ്ടാവുക. വെറുമൊരു ക്ഷേത്രം എന്നതിനപ്പുറം ഒന്നിച്ചുകൂടാനുള്ള ഒരിടമാണ് കുട്ടിച്ചാത്തന്റെ മുറ്റം. ജാതീയമായ, മതപരമായ വിഭാഗീയതകളും വേര്‍തിരിവുകളുമില്ലാതെ ആര്‍ക്കും ഇവിടേക്ക് വരാം. പരസ്പര ബഹുമാനത്തോടെ സാഹോദര്യത്തോടെ ഒന്നിച്ചു കൂടാം. ക്ഷേത്രകമ്മിറ്റിയിലടക്കം അഹിന്ദുക്കള്‍ ഉണ്ട്. 

ക്ഷേത്രത്തില്‍ വരുന്ന ഭക്തന്മാരുടെ പണം ഉപയോഗിച്ചുതന്നെ അവര്‍ക്ക് തിരിച്ചെന്തു ചെയ്യാന്‍ സാധിക്കും എന്ന ചിന്തയില്‍നിന്ന് ക്ഷേത്രത്തോട് ചേര്‍ന്ന് വായനശാലയും ആയുര്‍വേദ ആസ്പത്രിയും മരുന്നുവിതരണ കേന്ദ്രവുമൊക്കെ ഉണ്ടായി. അലോപ്പതി ഡോക്ടറുടെ സേവനവുമുണ്ട്. ഇവിടെയില്ലാത്ത മരുന്നുകള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കാന്‍ മറ്റു മെഡിക്കല്‍ സ്റ്റോറുകളുമായി ചേര്‍ന്ന് പ്രത്യേക പദ്ധതികളുണ്ട്. ക്ഷേത്രത്തിന് പിന്നിലായി ഒരു ഔഷധത്തോട്ടവുമുണ്ട്. സാമ്പത്തികസ്ഥിതി മാത്രം മാനദണ്ഡമാക്കി സൗജന്യ റേഷനും രോഗികള്‍ക്ക് സഹായവും കൊടുക്കുന്നുണ്ട്. നിര്‍ധനരായ പെണ്‍കുട്ടികളുടെ വിവാഹത്തിന് ക്ഷേത്രം സഹായധനം നല്‍കുന്നുണ്ട്. അതിന് മാത്രമാണ് പുറത്തുനിന്ന് പിരിവെടുക്കുന്നത്. അതിനൊപ്പം ക്ഷേത്രത്തിന്റെ പങ്കുകൂടി ചേര്‍ക്കും. ക്ഷേത്രകാര്യങ്ങള്‍ക്കായും സേവനപ്രവര്‍ത്തനങ്ങള്‍ക്കായും ഉള്ള പണം സ്വരുക്കൂട്ടുന്നത് ക്ഷേത്രത്തിന്റെ വരുമാനത്തില്‍നിന്നുതന്നെയാണ്.

Kalleri 6
 
ആധുനിക സൗകര്യങ്ങളുള്ള ഓഡിറ്റോറിയം വൈകാതെ കുറഞ്ഞ നിരക്കില്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. താമസത്തിന് പ്രത്യേകം മുറികളും ഇതിലുണ്ട്. ലൈബ്രറി വലിയ കെട്ടിടത്തിലേക്ക് മാറ്റാന്‍ ആലോചനയുണ്ട്. പത്തുരൂപ നിരക്കില്‍ ഉപകരണസംഗീതം പഠിക്കാനുള്ള അവസരം മുന്‍പുണ്ടായിരുന്നു. സംഗീതോപകരണം വാങ്ങുവാനുള്ള സാമ്പത്തികസഹായവും അമ്പലത്തില്‍നിന്നു കൊടുക്കും. ഇടക്കാലത്ത് അത് നിന്നുപോയെങ്കിലും വീണ്ടും തുടങ്ങാനാകും എന്ന പ്രതീക്ഷയിലാണ് പ്രവര്‍ത്തകര്‍.

YATHRA TRAVEL INFO 

Kuttichathan Temple

Kalleri Kuttichathan Temple is a rare and extremely serene place to visit even for non devotees. It's a temple which projects humanity ignoring diversities made by caste, class and religion. A movement of the villagers is there for the services at any time. They are doing many social services in the name of humanity and the mantra there is serve people through serving the temple. Kuttichathan is an outcast God. He fighted against racial and social discrimination and sacrificed his life for it and later deified. 

Getting there:

By road : Eight km away from Vadakara town.Route: Nut Street Junction, Vadakara (Kozhikode - Kannur N.H.),turn to Villiappally - Thanneerpandal road.Frequent Bus and Jeep Service available from Vadakara or hire an Auto to Kalleri Temple from Vadakara or Villiappally.

By rail : Vadakara/Badagara(Code:BDJ) Railway Station to kalleri (9 km) By Air: Calicut International Airport (79 km)

Contact: Office ✆ 0496 2533301, 9388232499, E-mail : kalleritemple@gmail.com

Stay : Lot of staying options at Vadakara town. Rooms are getting ready for stay related to the auditorium of Kallery Kuttichathan temple. 

Sights around : Payamkuttimala Eco tourism spot (10 km)Lokanarkkavu Temple (6.3 km)Iringal Sargalaya Craft Village (14.7 km)

Content Highlights: Kalleri Kuttichathan Temple, Kerala Temples, Tourist Destinations in Kozhikode