ക്കയം.. യുനെസ്‌കോ ലോക പൈതൃക പട്ടികയില്‍പ്പെടുത്തിയ അപൂര്‍വ്വ സസ്യജീവജാലങ്ങളാല്‍ സമ്പന്നമായ നമ്മുടെ പശ്ചിമഘട്ടത്തോട് ചേര്‍ന്ന് കിടക്കുന്ന ഒരു പ്രദേശം.  ഇത് മലബാര്‍ വന്യജീവി സങ്കേതത്തിന്റെ ഭാഗമാണ്.  കേരള വൈദ്യുത വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിച്ച് പോരുന്ന ഒരു ഡാമും അതിനോട് ചേര്‍ന്ന പ്രദേശവും, കേരള വനം വന്യജീവി വകുപ്പിന്റെ കീഴിലുള്ള ഒരു വനമേഖലയും ചേര്‍ന്നതാണ് കക്കയം.  കോഴിക്കോട് ജില്ലയിലെ സാമാന്യം തിരക്കുള്ള ഒരു സഞ്ചാര കേന്ദ്രമാണ് ഇന്ന് കക്കയം.  കോവിഡ് കാലത്ത് ഇവിടത്തെ ആള്‍ത്തിരക്ക് അല്പം കുറഞ്ഞുവെങ്കിലും ഇപ്പോള്‍ സാധാരണനിലയിലേക്ക് മടങ്ങുകയാണ് കക്കയം. 

8

കുട്ടികള്‍ മുതല്‍ വയോജനങ്ങള്‍ക്ക് വരെ ഒരുപോലെ സമയം ചിലവിടാനുതകുന്ന തരത്തിലുള്ള പലകാര്യങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.  കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഡാമിലൂടെയുള്ള സ്പീഡ് ബോട്ട് സവാരി, കുട്ടികള്‍ക്കുള്ള കളിസ്ഥലം, ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്കാവശ്യമായ ഭക്ഷണ സൗകര്യം, ശുചിമുറി സൗകര്യം എന്നിവയെല്ലാം വൃത്തിയോടും കൃത്യതയോടുംകൂടിയാണ് പരിപാലിക്കപ്പെടുന്നത്.

7

തലയാടാണ് കക്കയത്തോടടുത്ത് കിടക്കുന്ന അത്യാവശ്യം നല്ല ഒരു ടൗണ്‍. തലയാട് പിന്നിട്ടുകഴിഞ്ഞാല്‍ കക്കയം ചുരം പാത തുടങ്ങുകയായി. മലയോര മേഖലയിലൂടെയുള്ള വളഞ്ഞുപുളഞ്ഞുള്ള ചുരം പാത.. അതിലൂടെയുള്ള യാത്ര തികച്ചും വേറിട്ട അനുഭവമാണ്.  അതും മോട്ടോര്‍സൈക്കിളിലാണെങ്കില്‍ പിന്നെ പറയേണ്ടതില്ല. കാറുകളിലോ മറ്റു സമാന രീതിയിലുള്ള വാഹനത്തിലോ ഉള്ള യാത്രയില്‍ ഒരു സഞ്ചാരി കാഴ്ചകള്‍ കണ്ടാസ്വദിക്കുമ്പോള്‍ മോട്ടോര്‍സൈക്കിള്‍ യാത്രക്കാര്‍ യാത്ര അനുഭവിച്ചറിയുകയാണ് ചെയ്യുന്നത്. യാത്രയിലെ മരത്തണലും, തണുപ്പും, കോടമഞ്ഞും, മഴയും വെയിലുമെല്ലാം ഒന്നൊഴിയാതെ അവര്‍ അനുഭവിച്ചറിയുന്നു, പ്രകൃതിയെ അടുത്തറിയുന്നു.

ചുരം കയറിത്തുടങ്ങിയാല്‍ കേരളത്തെ ഒന്നാകെ നടുക്കിയ പ്രളയത്തിന്റെ ശേഷിപ്പുകളെന്നോണം ഉരുള്‍പ്പൊട്ടിയ പാലങ്ങള്‍ കാണാം. കൂറ്റന്‍ മലകളില്‍ പ്രകൃതിയിലെ മദപ്പാടുപോലെ മായാതെ കിടക്കുന്ന ഭയപ്പെടുത്തുന്ന അടയാളങ്ങള്‍.  പലയിടത്തും റോഡ് ഒലിച്ചുപോയിരുന്നു.  ഇപ്പോഴും അവയില്‍ പലതും ശരിയാക്കി വരുന്നതേയുള്ളു.  ചുരത്തിലൂടെ മുന്നോട്ട് പോയാല്‍ കേരള വനം വന്യജീവി വകുപ്പിന്റെ ഒരു ചെക്‌പോസ്റ്റുണ്ട്.  അവിടെ സഞ്ചാരികളെത്തുന്ന വണ്ടി നമ്പര്‍ എഴുതി സൂക്ഷിക്കുന്നുണ്ട്.  യാത്രക്കാരോരുത്തരും നാല്പതു രൂപ നല്‍കി അവിടെ നിന്നും ടിക്കറ്റെടുക്കണം.  ടിക്കറ്റ് കീറിത്തരാനിരിക്കുന്ന ചേച്ചിമാരില്‍ ഒരാള്‍ തേന്‍ വാങ്ങാന്‍ എന്നെ നിര്‍ബന്ധിച്ചു.  അവിടെ പരിസരത്തുനിന്നെടുത്ത തേനൊന്നുമല്ല, എന്നാലും നാടന്‍ സാധനമാണെന്ന് പറഞ്ഞാണ് എന്നെ പരിചയപ്പെടുത്തിയത്.

6

ചുരം കയറിയെത്തുമ്പോള്‍ വലതുഭാഗത്തായി കെ.എസ്. ഇ. ബി യുടെ ഒരു ടിക്കറ്റ് കൗണ്ടര്‍ കാണാം.  ഡാം സൈറ്റിലേക്കുള്ള പ്രവേശന ഫീസും, വാഹന പാര്‍ക്കിംഗ് ഫീസും,  സ്പീഡ് ബോട്ട് സവാരിക്കുള്ള (ആവശ്യമെങ്കില്‍) ഫീസും ആ കൗണ്ടറിലാണ് അടക്കേണ്ടത്.  രാവിലെയാണ് ബോട്ടിങ്ങിനു പറ്റിയ സമയം.  ഭാഗ്യമുണ്ടെങ്കില്‍ സവാരിക്കിടെ ആന, കാട്ടുപോത്ത്, മാന്‍ തുടങ്ങിയ വന്യമൃഗങ്ങളെ കാണാന്‍ സാധിക്കും.  അഞ്ചു പേര്‍ക്കാണ് ഒറ്റത്തവണ ബോട്ടില്‍ കയറാന്‍ പറ്റുന്നത്.  അഞ്ചു പേര്‍ക്കു കൂടി 900 രൂപയാണ് ഫീസ്.  പതിനഞ്ച് മിനിറ്റാണ് ബോട്ട് സവാരിയുടെ ദൈര്‍ഘ്യം.  ചുരം കയറി വരുന്ന സ്ഥലത്തുള്ള ടിക്കറ്റ് കൗണ്ടറിനോട് ചേര്‍ന്നാണ് കുട്ടികള്‍ക്കുള്ള കളിസ്ഥലവും, യാത്രക്കാര്‍ക്കായി സജ്ജീകരിച്ച ശുചിമുറിയും ഭക്ഷണശാലയുമെല്ലാമുള്ളത്.  

1

ചുരം കയറി എത്തുന്ന ഭാഗത്തുനിന്ന് വലത്തോട്ടുള്ള റോഡിലൂടെ പോയാലാണ് ഉരക്കുഴി വെള്ളച്ചാട്ടത്തിനടുത്തെത്തുക.  ആ റോഡ് തുടങ്ങുന്നിടത്തു തന്നെ വനം വകുപ്പിന്റെ ഒരു ഓഫീസുണ്ട്.  താഴെ വനം വകുപ്പിന്റെ ചെക്‌പോസ്റ്റില്‍ നിന്നെടുത്ത നാല്പത് രൂപ ടിക്കറ്റ് ഈ ഓഫീസില്‍ കാണിക്കണം. ടിക്കറ്റ് അവിടെ കാണിച്ചപ്പോള്‍ അതൊന്ന് ചെറുതായി കീറി സൂക്ഷിച്ച് വയ്ക്കാന്‍ നിര്‍ദേശിച്ചുകൊണ്ട് തിരികെ തന്നു.  ഇവിടെ നിന്ന് ഉരക്കുഴി വെള്ളച്ചാട്ടത്തിലേക്ക് പോകുമ്പോള്‍ ഇടത് വശത്ത് ഡാമും, വലതുവശത്ത് ഇടതൂര്‍ന്ന വനവുമാണ് കാഴ്ച.  ശ്രദ്ധിച്ച് നോക്കിയാല്‍, വേറിട്ട മരങ്ങളും ചെടികളുമെല്ലാം കാഴ്ച്ചയിലേക്ക് വരും.  ഭാഗ്യം തുണച്ചത്‌കൊണ്ട് അത്യപൂര്‍വ്വമായി മാത്രം ഈ പ്രദേശത്ത് കണ്ടുവരുന്ന മലയണ്ണാനെ കാണാന്‍ സാധിച്ചു.  അതും ഒന്നല്ല രണ്ടെണ്ണം.  ഒരു ആണും ഒരു പെണ്ണും.  അവര്‍ ഭക്ഷണം കഴിക്കുന്ന തിരക്കിലായിരുന്നു.  ഫോട്ടോ എടുക്കാന്‍ സാധിച്ചില്ല എന്നൊരു വിഷമമുണ്ട്. 

5

കക്കയത്ത് ചെന്നപ്പോള്‍ കണ്ടുമുട്ടിയ ഗൈഡാണ് സലോമി ചേട്ടന്‍, അദ്ദേഹത്തെ പറ്റി പറയാതെ ഈ യാത്രാ വിവരണം പൂര്‍ണ്ണമാവില്ല. ഉരക്കുഴിയിലേക്കുള്ള പാതയിലൂടെ നടന്ന് തുടങ്ങിയപ്പോഴാണ് അദ്ദേഹത്തെ കണ്ടത്.  കാലത്ത് അദ്ദേഹം ജോലിക്കായി വരുന്നതേയുള്ളൂ.  നല്ല വേഗത്തിലാണു നടത്തം.  വേഗത്തില്‍ നടക്കുന്നതിനിടെ  'അല്ലാ ഉരക്കുഴീലേക്കുള്ള വഴി അറയാലോ ലേ..? എന്ന് ചോദിച്ചു. എന്റെ നടത്തം നോക്കണ്ട, പതുക്കെ നടന്ന് വന്നാ മതി, ഫോട്ടോ ഒക്കെയെടുത്ത് കാഴ്ച്ചകളൊക്കെ കണ്ട് പതുക്കെ നടന്ന് വന്നാമതി.  ഞാനവിടെക്കാണും..'  ഇതും പറഞ്ഞ് ചേട്ടന്‍ വേഗത്തില്‍ നടന്നു പോയി. വീണ്ടും വഴിക്ക് ഇരുവശവുമുള്ള കാഴ്ച്ചകള്‍ കണ്ടുകൊണ്ട് വളരെ പതുക്കെ നടന്നു.  പറഞ്ഞതുപോലെ ഉരക്കുഴി വെള്ളച്ചാട്ടത്തിനടുത്ത് അദ്ദേഹം ഉണ്ടായിരുന്നു. 

4

ഉരക്കുഴി വെള്ളച്ചാട്ടത്തിന്റെ ചരിത്രവും പ്രത്യേകതകളും, അവിടെയെത്തുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും, വംശനാശം സംഭവിച്ച് കൊണ്ടിരിക്കുന്ന കുയില്‍ മീനിനെ (അവിടെ പ്രാദേശികമായി അറിയപ്പെടുന്ന പേരാണ്) കുറിച്ചും, ആനയേയും കാട്ടുപോത്തിനേയും സൈറ്റ് ചെയ്ത കാര്യത്തെപ്പറ്റിയുമെല്ലാം സലോമിച്ചേട്ടന്‍ വാതോരാതെ സംസാരിച്ചു.  ഇതിലൊന്നുമല്ല എനിക്കദ്ദേഹത്തോട് ബഹുമാനം തോന്നിയത്.  ഇതെല്ലാം മറ്റേതൊരു ഗൈഡും പറഞ്ഞ് തരുന്ന കാര്യങ്ങളേയുള്ളൂ.  ഒരു വിനോദ സഞ്ചാര കേന്ദ്രമെന്ന നിലയില്‍ കക്കയത്തിന്റെ പ്രാധാന്യത്തെപറ്റിയും, കക്കയം ഇനി ഏതു തലത്തിലേക്കുയരണം എന്നതിനെ പറ്റിയുമെല്ലാം അദ്ദേഹം വിവരിച്ചു.  ഈ സംസാരത്തില്‍ നിന്ന് വെളിവായ അദ്ദേഹത്തിന്റെ ഉയര്‍ന്ന കാഴ്ച്ചപ്പാടുകള്‍ എന്നെ ശരിക്കും ആശ്ചര്യപ്പെടുത്തി.  ഉരക്കുഴി  വെള്ളച്ചാട്ടത്തിനു മുകളില്‍ വശത്തേക്ക് ചേര്‍ന്ന് പ്രകൃതിയെ യാതൊരു തരത്തിലും നോവിക്കാതെ സജ്ജീകരിക്കാവുന്ന ഒരു വാച്ച്ടവറിനേപ്പറ്റിയും, വെള്ളച്ചാട്ടത്തിനടുത്ത്‌നിന്ന് അടുത്ത മലയിലേക്ക് നിര്‍മ്മിക്കാവുന്ന റോപ് വേയെക്കുറിച്ചുമെല്ലാം അദ്ദേഹം വാചാലനായി.  സഞ്ചാരികള്‍ക്ക് വെള്ളച്ചാട്ടത്തെ നല്ല രീതിയില്‍ ആസ്വദിക്കാന്‍ വേണ്ടി നിര്‍മ്മിച്ചിരുന്ന തൂക്കുപാലം തകര്‍ന്നു കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായെന്നു പറയുമ്പോള്‍ തെല്ലൊരു നിരാശയും അദ്ദേഹത്തിന്റെ വാക്കുകളില്‍ കാണാന്‍ കഴിഞ്ഞു. കാഴ്ച്ചകളൊക്കെ നടന്ന് കാണിച്ച് തന്ന ശേഷം എന്നെ തിരികെ അയക്കുമ്പോള്‍ എന്തെങ്കിലും ആവശ്യം വന്നാല്‍ വിളിക്കാന്‍ വേണ്ടി അദ്ദേഹത്തിന്റെ ഫോണ്‍ നമ്പറും തന്നു.  ജോലി സ്ഥലത്തേക്ക് ഫോണ്‍ കൊണ്ട് വരാത്തതിനാല്‍ രാവിലെ അല്ലെങ്കില്‍ രാത്രി ഏഴുമണിക്ക് ശേഷം മാത്രമേ വിളിക്കാവൂ എന്നൊരു നിബന്ധനയും വച്ചു.

3

ഉച്ചയോടെ തിരിച്ചിറങ്ങുമ്പോള്‍ നല്ല വിശപ്പായിരുന്നു.  കക്കയത്തെത്തുന്ന സഞ്ചാരികള്‍ക്കായി സജ്ജീകരിച്ച ഭക്ഷണശാല ഉപയോഗപ്പെടുത്തി.  സാമാന്യം തെറ്റില്ലാത്ത, വൃത്തിയുള്ള അന്തരീക്ഷത്തിലാണ് ഭക്ഷണം വെയ്ക്കുന്നതും വിളമ്പുന്നതുമെല്ലാം. നല്ല രുചിയുള്ള ഭക്ഷണമാണ്. പുറത്തുള്ളതിനെ അപേക്ഷിച്ച് വിലയും അധികമെന്ന് പറയാന്‍ വയ്യ.

2

ഭക്ഷണം കഴിച്ച് തിരിച്ച് വരുമ്പോള്‍ ചുരമാകെ മഞ്ഞുപുതച്ചിരിക്കുന്നു. സമയം ഉച്ചക്ക് ഒരുമണിയാണെന്നോര്‍ക്കണം.  ചുരമിറങ്ങിക്കഴിഞ്ഞപ്പോള്‍ കാര്യങ്ങളൊക്കെ അടിമുടി മാറി.  കൊടും ചൂട്... സത്യത്തില്‍  എ. സി മുറിക്കുള്ളില്‍ കിട്ടുന്നതിനേക്കാളും പതിന്മടങ്ങ് സുഖമുള്ള കുളിര്‍മ്മയാണ് ഒരു മരത്തിന്റെ തണലില്‍ നില്‍ക്കുമ്പോള്‍ അനുഭവിക്കാന്‍ കഴിയുക.  മരങ്ങളില്ലാത്ത ഒരു ഭൂമിയെപ്പറ്റി ചിന്തിക്കാന്‍ പോലും കഴിയാത്തതിന്റെ കാരണവും അതുതന്നെ.  എന്തായാലും സലോമിച്ചേട്ടന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കപ്പെടട്ടെ... ഭാവിയില്‍ കക്കയത്തെത്തുന്ന സഞ്ചാരികളായിരിക്കും അതിന്റെ ഗുണഭോക്താക്കള്‍.

Content Highlights: Kakkayam is on the outskirts of the Western Ghats, a UNESCO world heritage site, and Malabar Wildlife Sanctuary