രു അവധി ദിവസം കിട്ടിയാലുടന്‍ ബുള്ളറ്റെടുത്ത് വാല്‍പ്പാറയ്ക്കു പോകുന്ന ഒരു സുഹൃത്ത് എനിക്കുണ്ടായിരുന്നു. ഇനിയും വാല്‍പ്പാറ മടുത്തില്ലേ എന്ന ചോദ്യത്തിന് ബൈക്കിലുള്ള യാത്രകള്‍ ഒരിക്കലും മടുക്കില്ലെന്നായിരുന്നു അവന്റെ മറുപടി. ഒരേ വഴിയും കാഴ്ചകളുമാണെങ്കിലും ഓരോ ബൈക്ക്‌യാത്രയും ഓരോ അനുഭവങ്ങളായിരിക്കും.

ചിലപ്പോള്‍ മഴയ്‌ക്കൊപ്പം നനഞ്ഞു കുളിച്ച്, മറ്റുചിലപ്പോള്‍ തിളങ്ങുന്ന വെയിലില്‍ മരങ്ങള്‍ തണല്‍ വിരിച്ച വഴിയിലൂടെ, പ്രഭാതത്തിലുള്ള യാത്രകള്‍ക്ക് മഞ്ഞിന്റെ നേര്‍ത്ത കുളിരുണ്ടാകും, ഇരുളുമ്പോള്‍ മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളുടെ കൂട്ടും. ബുള്ളറ്റില്‍ ഇന്ത്യയൊട്ടുക്കും സഞ്ചരിച്ചിട്ടുള്ളവരുടെ കൊതിപ്പിക്കുന്ന കഥകള്‍ കേട്ടിട്ടുണ്ട്. പക്ഷേ ഇന്നേ വരെ ഒരു അന്‍പതു കിലോമീറ്ററിനപ്പുറം ദൂരം ബൈക്കില്‍ സഞ്ചരിച്ചിട്ടില്ല. അതുകൊണ്ടാണ് ഷൈനിക്കൊപ്പം ഒരു യാത്രയ്ക്ക് അവസരം വന്നപ്പോള്‍ രണ്ടാമതൊന്നാലോചിക്കാതെ പുറപ്പെട്ടത്. കോട്ടയത്തു നിന്ന് മൂന്നാര്‍, മറയൂര്‍ വഴി കാന്തല്ലൂര്‍ വരെയാണ് യാത്ര.

റോയല്‍ എന്‍ഫീല്‍ഡിന്റെ പുത്തന്‍ ഹിമാലയനാണ് ഷൈനിയുടെ പടക്കുതിര. ഷൈനിയെ കൂടാതെ ടെക്‌നോപാര്‍ക്കില്‍ ജോലിനോക്കുന്ന ലക്ഷ്മിയും തൃശൂര്‍ക്കാരി നിഷയും. അസ്സല്‍ തിര്വന്തോരം ഭാഷയിലാണ് ഷൈനിയുടേയും കൂട്ടരുടേയും സംസാരം. അതുകൊണ്ടു തന്നെ ഒന്നു രണ്ടിടത്ത് വഴി ചോദിച്ചപ്പോള്‍ കോട്ടയത്തെ ചേച്ചിമാര്‍ കണ്ണും മിഴിച്ചു നോക്കുന്നതു കണ്ടു. മൂവാറ്റുപുഴ എത്തുന്നതു വരേയും റോഡിനിരുഭാഗവും റബര്‍തോട്ടങ്ങള്‍ മാത്രം. 

kanthalloor

മൂവാറ്റുപുഴയില്‍ നിന്ന് പ്രഭാതഭക്ഷണവും കഴിച്ച് ഇറങ്ങുമ്പോള്‍ വെയിലിനു ചൂടു കൂടിയിരുന്നു. എത്രയും പെട്ടന്ന് മൂന്നാര്‍ എത്തുക എന്നതായി പിന്നീട് ലക്ഷ്യം. ഹിമാലയന്‍ നിരത്തില്‍ ഇറങ്ങിയ സമയമായിരുന്നു അത്. വഴിയില്‍ കണ്ടുമുട്ടുന്നവരെല്ലാം ചോദിക്കുന്നത് അതിന്റെ തലയെടുപ്പിനെ കുറിച്ചു മാത്രം. മൂന്നാറിലേയ്ക്കുള്ള ചുരം കയറി തുടങ്ങിയപ്പോള്‍ ചൂടിന് ആശ്വാസമായി. ഉപ്പിലിട്ട നെല്ലിക്കയും മാങ്ങയും സോഡ നാരങ്ങാവെള്ളവും കുടിക്കാന്‍ ഒരു സ്റ്റോപ്പ്. പിന്നെ റോഡിനോടു ചേര്‍ന്നുള്ളൊരു വെള്ളച്ചാട്ടത്തിനടുത്ത് നിന്നൊരു സെല്‍ഫി.

kanthalloor

നല്ല മനക്കട്ടിയുള്ളവര്‍ക്കു മാത്രമേ മൂന്നാറിലേയ്ക്കുള്ള വഴിയിലൂടെ നോണ്‍ സ്‌റ്റോപ്പ് റൈഡ് നടത്താന്‍ കഴിയൂ. അല്ലാത്തവര്‍ പ്രലോഭനങ്ങളില്‍ വീഴും. വെള്ളച്ചാട്ടവും തേയിലത്തോട്ടവും വഴിയരികിലെ കടകളും കാണുമ്പോള്‍ വണ്ടി സ്ലോ ആകും. ഞങ്ങള്‍ ഇതിലെ രണ്ടാമത്തെ വിഭാഗത്തില്‍ പെടുന്നതു കൊണ്ട് കാഴ്ചകളെല്ലാം കണ്ടു കണ്ട് മൂന്നാര്‍ ടൗണില്‍ എത്തിയപ്പോള്‍ രണ്ടു മണിയായി. ഊണു കഴിച്ച് വീണ്ടും പുറപ്പെടാന്‍ തുടങ്ങിയപ്പോഴതാ മഴ. ക്യാമറ കൈവശം ഉള്ളവരെല്ലാം റെയിന്‍പ്രൂഫ് കവര്‍ വാങ്ങാന്‍ ഓടി. ഒന്നു രണ്ടു കടകളില്‍ അന്വേഷിച്ചു നടന്നതിനു ശേഷം അതു കണ്ടെത്തി വാങ്ങിച്ചു ബാഗെല്ലാം പൊതിഞ്ഞു കെട്ടി ഭദ്രമാക്കിയപ്പോള്‍ മഴയുടെ പൊടി പോലുമില്ല. കാന്തല്ലൂര്‍ക്കു പോകേണ്ട വഴിയെ ചൊല്ലി ഗ്രൂപ്പിനുള്ളില്‍ അല്പം കണ്‍ഫ്യൂഷനുണ്ടായി. ഒടുവില്‍ ഗൂഗിളിന്റേത് അവസാന വാക്കായെടുത്ത് യാത്ര തുടര്‍ന്നു. 

kanthalloor

സുന്ദരമാണ് മൂന്നാറില്‍ നിന്ന് മറയൂരിലൂടെ കാന്തല്ലൂരേയ്ക്കു പോകുന്ന വഴി. തേയിലത്തോട്ടങ്ങളും മലനിരകളും വെയിലില്‍ തിളങ്ങി നില്‍ക്കുന്നു. വഴിയോരത്തെ മരങ്ങളില്‍ നിറയെ ചുവന്ന പൂക്കള്‍. അവ കാറ്റില്‍ വഴിയിലേയ്ക്ക് പൊഴിഞ്ഞു വീണു. ചെറിയ അരുവികളും അവയ്ക്കു മീതെ തീര്‍ത്ത പാലങ്ങളും കടന്ന് മറയൂരിന്റെ പേരുകേട്ട ചന്ദനത്തോട്ടങ്ങളും കണ്ട് കാന്തല്ലൂരിലേയ്ക്കു തിരിയേണ്ട അങ്ങാടിയിലെത്തിയപ്പോള്‍ സമയം ഇരുട്ടി. അപ്പോഴാണ് കൂട്ടത്തിലുള്ള രണ്ടു പേര്‍ ഒപ്പമില്ലെന്ന് മനസ്സിലാക്കിയത്. ഷൈനിയുടെ മകനും മറ്റൊരു സുഹൃത്തും സഞ്ചരിച്ച ബുള്ളറ്റാണ് കൂട്ടം തെറ്റിയത്. വിളിച്ചു നോക്കിയപ്പോള്‍ ഇരുവരുടേയും മൊബൈല്‍ഫോണുകള്‍ പരിധിയ്ക്കു പുറത്താണ്. ചുറ്റുവട്ടത്തുള്ള കടകളില്‍ അന്വേഷിച്ചപ്പോള്‍ ബുള്ളറ്റില്‍ രണ്ടുപേര്‍ അതുവഴി കടന്നു പോയതു കണ്ടെന്ന് ഒരാള്‍ പറഞ്ഞു. കാന്തല്ലൂരിലേയ്ക്കു തിരിയേണ്ടതിനു പകരം അവര്‍ നേരെ മുന്നോട്ടു പോയതാകാമെന്ന് ചിന്തിച്ച് കുറേ ദൂരം ഞങ്ങള്‍ അന്വേഷിച്ചു പോയി. കണ്ടില്ല. എന്തു ചെയ്യണമെന്ന് ആര്‍ക്കും ഒരു രൂപമില്ലായിരുന്നു. അകലെ ഇരുട്ടുമൂടിക്കിടക്കുന്ന കുന്നിന്‍പുറങ്ങളില്‍ എവിടെയൊക്കെയോ വെളിച്ചം തെളിഞ്ഞു. അതില്‍ ഏതോ ഒന്നാവും ഞങ്ങള്‍ താമസിക്കാന്‍ തിരഞ്ഞെടുത്ത ഇടം. കാന്തല്ലൂരിലെ താമസസ്ഥലത്ത് പോയി ലഗേജുകള്‍ വച്ച് മടങ്ങിവരാമെന്ന് ഞങ്ങള്‍ തീരുമാനിച്ചു. ഒപ്പം ഇതുവഴി അവര്‍ അന്വേഷിച്ചു വരികയാണെങ്കില്‍ ഞങ്ങള്‍ കാന്തല്ലൂര്‍ക്ക് പോയിട്ടുണ്ടെന്നു പറയാന്‍ അങ്ങാടിയിലെ എല്ലാ കടയിലും പറഞ്ഞേല്‍പ്പിച്ചു. ടെക്‌നോളജി തോല്‍ക്കുമ്പോള്‍ നമ്മള്‍ പരമ്പരാഗത മാര്‍ഗ്ഗങ്ങളിലേയ്ക്ക് മടങ്ങിപ്പോകുന്നു !

(പൂര്‍ണരൂപം ഒക്ടോബര്‍ ലക്കം യാത്ര മാസികയില്‍ വായിക്കാം)