റണാകുളത്തിന്റെ തെക്ക്, തേവര എത്തുന്നതിന് മുമ്പാണ് കോന്തുരുത്തി -പെരുമാന്നൂരിന്റെ തെക്കുകിഴക്കു ഭാഗത്ത്. പണ്ടിതൊരു തുരുത്തായിരുന്നു. കൊച്ചി അന്നും ഇന്നും ചെറുതും വലുതുമായ നിരവധി തുരുത്തുകളുടെ നാടാണ്. ഇവയില്‍ ചിലതൊക്കെ 1341-ലെ അതിവര്‍ഷത്തിന്റെ ഫലമായി വെള്ളം കുത്തിയൊഴുകിയതിന്റെ സൃഷ്ടികളാണ്... മറ്റു ചിലത് നിരവധി വര്‍ഷങ്ങള്‍ കൊണ്ട് പുഴകളിലെ 'മട്ട്' അടിഞ്ഞുകൂടിയതിന്റെ ഫലമായി രൂപം കൊണ്ടവയും. കോന്തുരുത്തി രൂപംകൊണ്ടത് ഏതുകാലത്താണെന്നതിനെപ്പറ്റി അത്ര തിട്ടമില്ല.

കോന്തുരുത്തിയുടെ ആദ്യപേര് 'കോമന്‍തുരുത്ത്' എന്നായിരുന്നുവെന്ന് പറയപ്പെടുന്നു. (കൊച്ചിക്കായലില്‍ ഒരു 'രാമന്‍തുരുത്ത്' ഉണ്ട്) തുരുത്തിലെ ആദ്യ താമസക്കാരനോ പില്‍ക്കാലത്തെ ഒരു ഭൂവുടമയോ ആയിരിക്കാം ഈ 'കോമന്‍'. കോമന്‍തുരുത്ത് എന്നത് പിന്നീട് പറഞ്ഞുചുരുങ്ങി കോന്തുരുത്തും കോന്തുരുത്തിയും ആയി പരിണമിച്ചതാവാം. കോണാകൃതിയിലുള്ള തുരുത്ത് ആയതിനാല്‍ 'കോണ്‍തുരുത്ത്' എന്നത് പരിണമിച്ച് പിന്നീട് കോന്തുരുത്തി ആയതുമാവാം. പറവൂരിലെ 'ഗോതുരുത്തി'ന് ആ പേര് സിദ്ധിച്ചതും ഈ വിധത്തിലാണെന്നൊരു വാദമുണ്ട്.

കോന്തുരുത്തിയുടെ നാലുവശവും പുഴകളും തോടുകളുമായിരുന്ന കാലത്ത് തേവരയില്‍ നിന്ന് ആളുകള്‍ തുരുത്തിലേക്ക് നീന്തിയാണ് കടന്നിരുന്നതെന്ന് പറയപ്പെടുന്നു. 'നീന്തുചാല്‍' ഉണ്ടായിരുന്നിടത്ത് പിന്നീട് 'നടപ്പാലം' വന്നു. കല്‍പ്പടവുകള്‍ കയറി, നടപ്പാലം കടന്നാല്‍ അപ്പുറത്ത് തേവര.

അക്കാലത്ത് തോടുകളുടെയും പാടങ്ങളുടെയും കുളങ്ങളുടെയും നാടായിരുന്നു ഇവിടം. കപ്പല്‍ശാല വന്നപ്പോള്‍ അവിടെ നിന്ന് നീക്കംചെയ്ത മണ്ണും ചെളിയുമൊക്കെ കൊണ്ടുവന്നിട്ട് പല കുളങ്ങളും തോടുകളും മൂടിപ്പോയി. കൊതുമ്പുവള്ളങ്ങളും ചൂണ്ടവള്ളങ്ങളും ചന്തവള്ളങ്ങളും നീങ്ങിയിരുന്ന തോട് പലേടത്തും നികന്നുപോയി. വള്ളക്കാര്‍ വഞ്ചിയടുപ്പിച്ച് കരയ്ക്കിറങ്ങി ചായ കുടിച്ചിരുന്ന കടവ് ഓര്‍മയായി. 'ചവിട്ടുപടിപ്പാല'വും പോയി. ഇപ്പോള്‍ എറണാകുളത്തുനിന്ന് കോന്തുരുത്തിക്ക് ബസില്‍ യാത്രചെയ്യാം.

കോന്തുരുത്തി സെയ്ന്റ് ജോണ്‍ നെപുംസ്യാന്‍ പള്ളി 1823-ല്‍ സ്ഥാപിച്ചതാണ്. അക്കാലത്ത് പെരുമാന്നൂര്‍, കടവന്ത്ര, എളംകുളം, നെട്ടൂര്‍ പ്രദേശങ്ങള്‍ കോന്തുരുത്തി ഇടവകയുടെ കീഴിലായിരുന്നു. 'ജോണ്‍ നെപുംസ്യാന്‍' എന്ന വിശുദ്ധന്‍ അറിയപ്പെടുന്നത് 'കുമ്പസാര രഹസ്യങ്ങളുടെ കാവല്‍ക്കാരന്‍' എന്ന നിലയിലാണ്. അദ്ദേഹത്തിന്റെ നാമധേയത്തിലുള്ള ദേവാലയങ്ങള്‍ അധികമില്ല. 1340-ല്‍ ചെക്കോസ്ലോവാക്യ (ബൊഹീമിയ) യിലാണ് ജനനം. 1376-ല്‍ ഫാദര്‍ ജോണ്‍, ബൊഹീമിയന്‍ രാജകുടുംബത്തിന്റെ കുമ്പസാര പുരോഹിതനായി. മെത്രാന്‍ പദവി വാഗ്ദാനം ചെയ്‌തെങ്കിലും അദ്ദേഹം അത് നിരസിച്ചു. ബൊഹീമിയന്‍ രാജാവിന്റെ നാലാമത്തെ പത്‌നി ജോഹാന ബവേറിയന്‍ രാജാവിന്റെ പുത്രിയായിരുന്നു. ജോഹാനയുടെ ചാരിത്ര്യശുദ്ധിയില്‍ സംശയം തോന്നിയ രാജാവ് അവളുടെ കുമ്പസാര രഹസ്യം വെളിപ്പെടുത്താന്‍ ജോണച്ചനോട് ആവശ്യപ്പെട്ടു. അച്ചന്‍ വഴങ്ങിയില്ല. കോപാകുലനായ രാജാവ് അച്ചനെ തടവിലിട്ട് ക്രൂരമായി പീഡിപ്പിച്ചു. ഒടുവില്‍, കൈകാലുകള്‍ ബന്ധിച്ച് നദിയിലെറിഞ്ഞു. കരയ്ക്കടിഞ്ഞ ജഡം പ്രേഗ് കത്തീഡ്രലിലാണ് അടക്കം ചെയ്തത് (1393). മൂന്ന് നൂറ്റാണ്ടിനുശേഷം കല്ലറ തുറന്നപ്പോള്‍, കുമ്പസാര രഹസ്യം കാത്തുസൂക്ഷിച്ച അച്ചന്റെ നാവ് ഒട്ടും അഴുകിയിരുന്നില്ലത്രെ. അദ്ദേഹം വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടു. 1823-ല്‍ സ്ഥാപിക്കപ്പെട്ട കോന്തുരുത്തിയിലെ പഴയ പള്ളി 1992-ല്‍ പുതുക്കി പണിയുകയുണ്ടായി.

ദൈവദാസന്‍ വര്‍ഗീസ് കത്തനാരെ (18761929) കബറടക്കിയിരിക്കുന്നത് കോന്തുരുത്തി പള്ളിയിലാണ്. പെരുമാന്നൂരില്‍ ജനിച്ച അദ്ദേഹം 'അഗതികളുടെ സന്ന്യാസ സമൂഹം' ('സൊസൈറ്റി ഓഫ് ഡെസ്റ്റിറ്റിയൂട്സ്') രൂപവത്കരിച്ചു. പല പള്ളികളിലും വൈദികസേവനം നടത്തിയ അദ്ദേഹം, ആലുവ സെയ്ന്റ് മേരീസ് ഹൈസ്‌കൂള്‍ മാനേജര്‍ ആയിരുന്നു. '99-ലെ' (1924) വെള്ളപ്പൊക്കക്കാലത്ത് സ്വന്തം ജീവന്‍ പോലും വകവയ്ക്കാതെ, വള്ളവുമായി ഇറങ്ങി വളരെയധികം ആളുകളുടെ ജീവന്‍ രക്ഷിച്ചു. മരിച്ച് 80 വര്‍ഷത്തിനുശേഷം 2009-ല്‍ അദ്ദേഹത്തിന്റെ കബറിടം തുറന്ന് പരിശോധിക്കുകയും 'ദൈവദാസന്‍' ആയി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. ഭൗതികാവശിഷ്ടങ്ങള്‍ പ്രത്യേക പേടകത്തിലാക്കി പുതിയ കബറിടത്തില്‍ സംസ്‌കരിച്ചു.

കോന്തുരുത്തിയില്‍ 'യൂത്ത് ലീഗ്' എന്നൊരു പഴയ സംഘടനയും യാട്ട് ക്ലബ്ബും ഉണ്ട്.

അടുത്തത്: തേവര

Content Highlights: Konthuruth, History of Konthuruth, Sthalanaamam