ന്ത്യയിലെ ഏറ്റവും വലിയ പൈതൃക സംരക്ഷണ പദ്ധതികളിലൊന്നാണ് മുസിരിസ്. കൊടുങ്ങല്ലൂരിനും പറവൂരിനുമിടയില്‍ തുടങ്ങിയ പദ്ധതി ഇപ്പോള്‍ തൃശ്ശൂരിന്റെയും കൊച്ചിയുടെയും അതിരുകള്‍ ഭേദിച്ച് ആലപ്പുഴയിലെത്തി നില്‍ക്കുന്നു. കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് പുതിയൊരു വിലാസമാണ് മുസിരിസ് നല്‍കിയത്. മുസിരിസ് തുറമുഖപട്ടണത്തിന്റെ ചരിത്രശേഷിപ്പുകള്‍ സഞ്ചാരികള്‍ക്ക് കാഴ്ചയുടെ വിരുന്ന് കൂടിയായി.

ഹെറിറ്റേജ് ടൂറിസത്തിന്റെ തണലില്‍ പടര്‍ന്നുപന്തലിച്ച ഈ പദ്ധതിക്ക് പ്രളയമേല്‍പ്പിച്ച ആഘാതം ചെറുതല്ല. ഒരു പ്രളയം മുക്കിയതെന്ന് വിശ്വസിക്കുന്ന മുസിരിസ് തുറമുഖത്തിന് മറ്റൊരു പ്രളയമേല്‍പ്പിച്ച ആഘാതം. മുസിരിസ് പ്രദേശം കാണാനെത്തുന്നവരുടെ എണ്ണത്തില്‍ ഇപ്പോള്‍ കുറവുണ്ടായിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

പാലിയം കോവിലകത്തും നാലുകെട്ടിലുമെല്ലാം വെള്ളമേല്‍പ്പിച്ച മുറിവ് പരിഹരിച്ചു വരുന്നതേയുള്ളൂ. കൊടുങ്ങല്ലൂരിനെയും പറവൂരിനെയും ബന്ധിപ്പിച്ചുള്ള വിനോദസഞ്ചാര ബോട്ടില്‍ യാത്രക്കാര്‍ കുറഞ്ഞു. എങ്കിലും മുസിരിസ് പൈതൃക പദ്ധതിയുടെ പ്രൗഢിക്ക് മങ്ങലേല്‍പ്പിക്കാന്‍ പ്രളയത്തിനായിട്ടില്ല. കൂടുതല്‍ പദ്ധതികളുമായി കരുത്താര്‍ജിക്കാന്‍ ഒരുങ്ങുകയാണ് മുസിരിസ്.

പ്രളയം: പാലിയത്ത്

ചേന്ദമംഗലത്തെ പാലിയം കോവിലകത്തിനും നാലുകെട്ടിനും പ്രളയത്തില്‍ നാശനഷ്ടങ്ങള്‍ ഏറെയുണ്ടായി. താളിയോലകള്‍ ഉള്‍പ്പെടെയുള്ളവ മൂന്നുദിവസത്തോളം വെള്ളത്തില്‍ കിടന്നു. 40 താളിയോലകളാണ് വെള്ളത്തിലായത്. ഇവയില്‍ പൂപ്പല്‍ ബാധിച്ചിരുന്നു. ഛായാചിത്രങ്ങളും പഴയ പെയിന്റിങ്ങുകളും ചരിത്രപുസ്തകങ്ങളും വെള്ളത്തില്‍ കുതിര്‍ന്നു. വിളക്കുകള്‍, വാള്‍, ചെമ്പ് പാത്രങ്ങള്‍ എന്നിവയും വെള്ളത്തിനടിയിലായിരുന്നു.

Paliyam

നാലുകെട്ടിനകത്തെ തുരങ്കം ചെളിയും മണ്ണും കയറി അടഞ്ഞു. അടുക്കള നശിച്ചു. വാര്‍പ്പുകള്‍ക്കും വലിയ പാത്രങ്ങള്‍ക്കും കേടുപാടുണ്ടായി. പാലിയത്തിന്റെ ഭാഗമായ അമ്പലങ്ങളിലും വെള്ളം കയറി. സംരക്ഷണ ഭിത്തികള്‍ ഇടിഞ്ഞുവീണു.

ഇപ്പോള്‍

പ്രളയമുണ്ടാക്കിയ നാശനഷ്ടങ്ങള്‍ അതിജീവിക്കുന്നതിനുള്ള ശ്രമത്തിലാണെന്ന് പാലിയം ട്രസ്റ്റ് മാനേജര്‍ കൃഷ്ണബാലന്‍ പാലിയത്ത് പറഞ്ഞു. നാലുകെട്ടിന്റെയും കോവിലകത്തിന്റെയും പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. പദ്ധതിക്ക് ഉദ്ദേശിച്ച വേഗം കൈവരിക്കാനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Muziris 1

താളിയോലകള്‍ പുനരുദ്ധരിക്കുന്നതിന്റെ പ്രാഥമിക നടപടികള്‍ പൂര്‍ത്തിയായി. പറവൂരിലെ കണ്‍സര്‍വേഷന്‍ ലാബിലാണിത് ചെയ്യുക. വാള്‍, പാത്രങ്ങള്‍, കോലം, കുട എന്നിവയെല്ലാം വിദഗ്ദ്ധരെ ഏല്‍പ്പിച്ചിട്ടുണ്ട്. വിളക്കുകളും പഴയകാലത്തെ ആഭരണപ്പെട്ടിയും കുടങ്ങളുമെല്ലാം ഒരു മുറിയില്‍ അടച്ചുവച്ചിരിക്കുകയാണ്. ഇതില്‍ പാലിയത്ത് വലിയച്ചന്റെ ഛായാചിത്രവും മറ്റു ചില പെയിന്റിങ്ങുകളുമുണ്ട്.

കളരി കേന്ദ്രം

Muziris 2പോരാട്ടവീര്യം നിറഞ്ഞുനില്‍ക്കുന്ന പാലിയം ഗാഥകള്‍ ഏറെയുണ്ട്. പടപ്പുറപ്പാടിന്റെ പഴയ ചരിത്രം പുതിയ തലമുറയ്ക്കായി അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പാലിയം ട്രസ്റ്റ്. പാലിയം കോവിലകത്തോട്‌ ചേര്‍ന്നുള്ള സ്ഥലത്ത് ഒരു കളരികേന്ദ്രത്തിനായി പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് കൃഷ്ണബാലന്‍ പറഞ്ഞു. പദ്ധതി റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കാനായിട്ടില്ല. റിപ്പോര്‍ട്ട് നല്‍കാനിരുന്ന സമയത്താണ് പ്രളയമെത്തിയത്.

കൂത്തമ്പലത്തിന്റെ മാതൃകയിലാണ് കളരികേന്ദ്രത്തിന്റെ നിര്‍മാണം ഉദ്ദേശിക്കുന്നത്. കളരി പഠിക്കുന്നതിനും അവതരണത്തിനും ഇവിടെ സൗകര്യമുണ്ടാകും. വിനോദസഞ്ചാരികള്‍ക്കായി പ്രത്യേക അവതരണങ്ങള്‍ നടത്താനാകും.

പാലിയം

മുസിരിസ് പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുന്നതാണ് പാലിയം കോവിലകവും നാലുകെട്ടും. കൊച്ചി രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്ന പാലിയത്തച്ചന്‍മാരുടെ ഭരണ സിരാകേന്ദ്രമായിരുന്നു കോവിലകം. കോവിലകത്തോടു ചേര്‍ന്നാണ് നാലുകെട്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും താമസിക്കാന്‍ ഉദ്ദേശിച്ചായിരുന്നു ഇത്.

രണ്ടുനിലകളാണ് നാലുകെട്ടിന്. പരമ്പരാഗത സ്വത്തുക്കള്‍ സൂക്ഷിച്ചിരുന്ന അറ, 300 പേര്‍ക്ക് ഒരേ സമയം ഭക്ഷണം ഒരുക്കിയിരുന്ന അടുക്കള, പുറത്തേക്കുള്ള രഹസ്യ തുരങ്കം എന്നിവ നാലുകെട്ടില്‍ കാണാം.

എട്ട് ഇരുനില മാളികകള്‍, പുരുഷന്‍മാര്‍ താമസിച്ചിരുന്ന ആറ് മഠങ്ങള്‍, ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന മൂന്ന് ഇരുനില മാളികകള്‍, മൂന്ന് ക്ഷേത്രങ്ങള്‍, 16 കുളങ്ങള്‍, കിണറുകള്‍, 100 മുറി മാളിക എന്നിവയെല്ലാം ചേരുന്നതാണ് പാലിയം സമുച്ചയം. ഡച്ച് വാസ്തുശില്പ മാതൃകയിലാണ് നിര്‍മാണം. രാജവംശത്തോട് കിടപിടിക്കുന്ന രീതിയില്‍ പാലിയത്തിന് സ്വത്തുണ്ടായിരുന്നു. 1936-ല്‍ ഒരു വിളംബരത്തിലൂടെ സര്‍ക്കാര്‍ പാലിയം സ്വത്ത് ഏറ്റെടുത്തു.

പട്ടണം

പറവൂരിലെ പട്ടണത്തു നിന്ന് ഉത്ഖനനത്തിലൂടെ കണ്ടെത്തിയ പുരാവസ്തുശേഖരം വെള്ളത്തിനടിയിലായിരുന്നു. പൗരാണിക കാലഘട്ടത്തിലെ വലിയ മണ്‍പാത്രങ്ങളുടെ അവശിഷ്ടങ്ങള്‍, കളിമണ്‍ നിര്‍മിതികള്‍, അംഫോറ (കുടുങ്ങിയ കഴുത്തും ഇരുവശത്തും പിടികളുമുള്ള വലിയ ഭരണികള്‍), ഓടുകള്‍ എന്നിവയെല്ലാം ഇതിലുണ്ട്.

കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍ സ്റ്റാഫ് ക്വാര്‍ട്ടേഴ്സിന്റെ വരാന്തയില്‍ വലിയ പെട്ടികളിലാണ് ഇവയെല്ലാം സൂക്ഷിച്ചിരുന്നത്. നൂറോളം പെട്ടികളുണ്ടായിരുന്നു. ഇതില്‍ മണ്ണും ചെളിയും നിറഞ്ഞു. 2007 മുതല്‍ 2015 വരെ ഉദ്ഖനനത്തിലൂടെ ലഭിച്ചതായിരുന്നു ഇവയെല്ലാം.

ഇപ്പോള്‍

ചെളിയും വെള്ളവുമെല്ലാം കളഞ്ഞെങ്കിലും പട്ടണത്തെ പുരാവസ്തു ശേഖരത്തിന്റെ സംരക്ഷണം ഇനിയും യാഥാര്‍ത്ഥ്യമായിട്ടില്ല. മൂന്നു ദിവസത്തോളം വെള്ളത്തില്‍ കിടന്നതിന്റെ കേടുപാടുകളുണ്ട്. പുരാവസ്തു വിദഗ്ദ്ധരുടെ നേതൃത്വത്തില്‍ മാത്രമേ ഇതിന്റെ പുനരുദ്ധാരണം ആരംഭിക്കാനാകൂ. ഈര്‍പ്പവും പൂപ്പലുമെല്ലാം പൂര്‍ണമായും ഇല്ലാതാക്കണം. വിവരങ്ങളെല്ലാം എഴുതി ഇവയെല്ലാം വീണ്ടും പെട്ടിയിലാക്കി സൂക്ഷിക്കണം. ഇതിന് ചരിത്ര വിദ്യാര്‍ഥികളുടെ സഹായം തേടുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇതും നടപ്പായിട്ടില്ല.

ബോട്ട് സര്‍വീസ്

ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളെയെല്ലാം ബന്ധിപ്പിച്ചാണ് മുസിരിസ് ഹെറിറ്റേജ് പദ്ധതിയുടെ ഭാഗമായി ബോട്ട് സര്‍വീസ് തുടങ്ങിയത്. പ്രളയം ഇതിനെയും തകര്‍ത്തു. പറവൂരിലെ തട്ടുകടവ് ജെട്ടിയിലെ ഓഫീസില്‍ വെള്ളം കയറിയിരുന്നു. ഒരു വാട്ടര്‍ ടാക്സി മുങ്ങി.

തട്ടുകടവ് ജെട്ടിയില്‍ നിന്നും കോട്ടപ്പുറത്തുനിന്നുമെല്ലാമായി 11 ബോട്ടുകളുണ്ടായിരുന്നു. ആറ് ഹോപ് ഓണ്‍ ഹോപ് ഓഫ് ബോട്ടുകളും അഞ്ച് വാട്ടര്‍ ടാക്സികളും. ചേന്ദമംഗലം ജൂതപ്പള്ളി, പറവൂര്‍ ജൂതപ്പള്ളി, കോട്ടപ്പുറം കോട്ട, അഴീക്കോട് സെയ്ന്റ് തോമസ് പള്ളി, പള്ളിപ്പുറം മഞ്ഞുമാതാ പള്ളി, സഹോദരന്‍ അയ്യപ്പന്‍ സ്മാരകം എന്നിവയെയെല്ലാം ബോട്ട് സര്‍വീസ് ബന്ധിപ്പിക്കുന്നുണ്ട്. 24 പേര്‍ക്ക് യാത്ര ചെയ്യാവുന്നതാണ് ഹോപ് ഓണ്‍ ഹോപ് ഓഫ്. വാട്ടര്‍ ടാക്സിയില്‍ ആറു പേര്‍ക്കും.

ഇപ്പോള്‍

ബോട്ട് സര്‍വീസ് പുനരാരംഭിച്ചിട്ടുണ്ടെങ്കിലും യാത്രക്കാരുടെ എണ്ണം കുറവാണ്. മുങ്ങിപ്പോയ വാട്ടര്‍ ടാക്സിയുടെ കേട് പരിഹരിച്ചിട്ടില്ല. പത്തു ബോട്ടുകളാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. ശനി, ഞായര്‍ ദിവസങ്ങളിലാണ് യാത്രക്കാര്‍ കൂടുതലുള്ളത്.

പൈതൃക സംരക്ഷണം കൂടുതല്‍ പദ്ധതികള്‍

കൂടുതല്‍ പൈതൃക സംരക്ഷണ പദ്ധതികള്‍ ഏറ്റെടുക്കുന്നതിനുള്ള ഒരുക്കത്തിലാണ് മുസിരിസ് ഹെറിറ്റേജ് പ്രൊജക്ട്സ് ലിമിറ്റഡ്. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള പേരുമാറ്റത്തിന്റെ നടപടികള്‍ അന്തിമ ഘട്ടത്തിലാണ്.

മുസിരിസ് ആന്‍ഡ് സ്പൈസ് റൂട്ട് ഹെറിറ്റേജ് പ്രൊജക്ട് എന്നാണ് പുതിയ പേര്. ഇതിന് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. ബോര്‍ഡ് യോഗവും പേര് മാറ്റത്തിന് അംഗീകാരം നല്‍കി. ജനറല്‍ ബോഡിയുടെ അനുമതിയാണ് ശേഷിക്കുന്നത്. ജനറല്‍ ബോഡി യോഗത്തിന്റെ അനുമതി ലഭിച്ചാല്‍ രജിസ്ട്രാര്‍ ഓഫ് കമ്പനീസിന് അപേക്ഷ നല്‍കണം.

എറണാകുളം, തൃശ്ശൂര്‍ ജില്ലകള്‍ക്കൊപ്പം ഇപ്പോള്‍ ആലപ്പുഴയിലെ പൈതൃക സംരക്ഷണ പദ്ധതികളും മുസിരിസ് പ്രൊജക്ട്സിന്റെ കീഴില്‍ വരുന്നുണ്ട്. 21 മ്യൂസിയങ്ങള്‍ ആലപ്പുഴയില്‍ സ്ഥിതിചെയ്യുന്നു. കിഫ്ബി വഴി 145 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പദ്ധതികളെല്ലാം രണ്ടു വര്‍ഷത്തിനകം പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശമാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നതെന്ന് മുസിരിസ് ഹെറിറ്റേജ് പദ്ധതി മാനേജിങ് ഡയറക്ടര്‍ പി.എം. നൗഷാദ് പറഞ്ഞു.

തലശ്ശേരിയിലെയും പൊന്നാനിയിലെയും പൈതൃക പദ്ധതികള്‍ മുസിരിസ് ഹെറിറ്റേജ് പ്രൊജക്ട്സിനെ ഏല്‍പ്പിക്കുന്നതിന് നീക്കമുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പത്ത് ഇടങ്ങളില്‍ പൈതൃക സംരക്ഷണ പദ്ധതികള്‍ക്ക് സര്‍ക്കാരിന് പദ്ധതിയുണ്ട്.

പ്രളയം

പ്രളയത്തിലകപ്പെട്ട പുരാവസ്തുക്കള്‍ കേടുപാടുകള്‍ മാറ്റി വീണ്ടെടുക്കും. താളിയോലകള്‍ ഉള്‍പ്പെടെയുള്ള പുരാവസ്തുക്കള്‍ സംരക്ഷിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് പി.എം. നൗഷാദ് പറഞ്ഞു. ചേന്ദമംഗലത്തെ പാലിയം നാലുകെട്ടിന്റെയും കോവിലകത്തിന്റെയും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. നാലുകെട്ടിലെ ജോലികള്‍ ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാകും. കോവിലകത്തിന്റെ ജോലി ഡിസംബര്‍ അവസാനം കഴിയും.

മുസിരിസ് ലാബ്

മുസിരിസ് കണ്‍സര്‍വേഷന്‍ ലാബ് ഈ മാസം പ്രവര്‍ത്തനം തുടങ്ങും. സെന്റര്‍ ഫോര്‍ ഹെറിറ്റേജ് സ്റ്റഡീസിന്റെ കീഴില്‍ പറവൂരില്‍ പ്രവര്‍ത്തിച്ചിരുന്ന ലാബ് പൂര്‍ണമായും മുസിരിസ് ഹെറിറ്റേജ് പദ്ധതിയുടെ കീഴിലേക്ക് കൊണ്ടുവരികയാണ്.

മുസിരിസ് പദ്ധതിയുമായി ബന്ധപ്പെട്ട പുരാവസ്തുക്കള്‍ ശാസ്ത്രീയ രീതിയില്‍ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സെന്റര്‍ ഫോര്‍ ഹെറിറ്റേജ് സ്റ്റഡീസിനു കീഴില്‍ ഈ ലാബ് തുടങ്ങിയത്. കഴിഞ്ഞ മാസം 30-ന് ഇത് മുസിരിസിന് കൈമാറി.

 Content Highlights: Kochi Muziris, Kerala Floods 2018, Muziris Heritage Tourism