ക്രിസ്തുവിനും മുൻപേ സുഗന്ധ വ്യഞ്ജനങ്ങളും ആനക്കൊമ്പും തേടി കച്ചവടത്തിനായി ഇസ്രായേലിലെ സോളമൻ രാജാവിന്റെ കപ്പലിൽ കൊടുങ്ങല്ലൂരെത്തിയ ജൂതർ ആ പട്ടണത്തെ ശിങ്ക് ളി എന്ന് വിളിച്ചു. ചെങ്കടലിൽ നിന്ന് മലബാർ തീരത്തേക്ക് എല്ലാ കൊല്ലവും നൂറിലേറെ കപ്പലുകൾ വരാറുണ്ടായിരുന്നത്രേ. മൺസൂൺ വാതങ്ങൾ അവയെ ഏതാണ്ട് നാൽപ്പത് ദിവസങ്ങൾ കൊണ്ട് കരയിൽ എത്തിച്ചിരുന്നു. പതിനാലാം നൂറ്റാണ്ടിലെ മഹാ പ്രളയത്തിൽ മുസിരിസ് തുറമുഖം നാമാവശേഷമായപ്പോൾ കപ്പലുകൾ പിന്നീട് കൊച്ചി തുറമുഖം തേടിയെത്താൻ തുടങ്ങി.
കൊച്ചി രാജാവ് അവരെ ഊഷ്മളമായി സ്വാഗതം ചെയ്തു. അന്ന് ഏതാണ്ട് 31 ലോക രാജ്യങ്ങളുമായി വ്യാപാര വാണിജ്യബന്ധങ്ങൾ പുലർത്തിയിരുന്നു കൊച്ചി. കൊച്ച് ആഴി എന്നതിൽ നിന്നുമാണ് കൊച്ചി എന്ന പേരെന്ന് ചരിത്രം പറയുന്നു. പതിനാലാം നൂറ്റാണ്ടിൽ പെരുമ്പടപ്പ് സ്വരൂപത്തിന്റെ ആസ്ഥാനം കൊച്ചിയിലേക്ക് മാറിയതോടെ കൊച്ചി പ്രബലമായി തീർന്നു.
മലഞ്ചെരിവുകളും കടൽ തീരങ്ങളും കണ്ടൽക്കാടുകളും പുൽമേടുകളും നിറഞ്ഞ വൈവിധ്യമായ ഭൂപ്രകൃതിയാണ് എറണാകുളം ജില്ലക്ക്. മെട്രോ നഗരമാകാനായി അംബരചുംബികളും ആകാശത്തു കൂടിയൊഴുകുന്ന ട്രെയിനുകളും വിസ്തൃതമായ ഷോപ്പിംഗ് പറുദീസകളും ഒക്കെയായി കുതിക്കുമ്പോഴും കാട്ടരുവികളും പുൽമേടുകളും മലനിരകളും നിറഞ്ഞ കാനനഛായ കൂടി എറണാകുളം നെഞ്ചേറ്റുന്നു.

പശ്ചിമകൊച്ചി
നാലര കിലോമീറ്റർ ചുറ്റളവിൽ നാനാത്വത്തിൽ ഏകത്വത്തിന്റെ പരിശ്ചേദം പോലെയാണ് പശ്ചിമ കൊച്ചി. മൺസൂൺ കാറ്റിനൊപ്പം ചലിക്കുന്ന പത്തേമാരികളിൽ പലനാടുകളിൽ നിന്നുള്ള വ്യാപാരികൾ കേരള തീരത്തണഞ്ഞ ഒരു കാലം. മലയാളം, തമിഴ്, തുളു, തെലുങ്ക്, കന്നഡ, കൊങ്കിണി, മറാത്തി, കച്ചി, രാജസ്ഥാനി, കാശ്മീരി, പഠാണി, പറങ്കി, ഹീബ്രു, ഇംഗ്ലീഷ്, പഞ്ചാബി, എല്ലാം ചേർന്നൊരു കോസ്മോ പോളിറ്റൻ സംസ്കാരമാണിവിടെയുള്ളത്.
മട്ടാഞ്ചേരിയുടെ സുഗന്ധ വ്യഞ്ജനങ്ങൾ മണക്കുന്ന, നിറങ്ങൾ നിറഞ്ഞ തെരുവിൽ കൂടി നടക്കുന്ന ഏതൊരു സഞ്ചാരിയുടെയും മനം നിറയും കാഴ്ചകളാണ് തെരുവിലുടനീളം. ബ്രിട്ടീഷ് കോമൺവെൽത്തിലെ തന്നെ പഴക്കമേറിയ പരദേശി സിനഗോഗ് 1568 ൽ കൊച്ചിയിലെത്തിയ മലബാർ യഹൂദരുടെ നിർമ്മിതിയാണ് രാമവർമ്മരാജ സൗജന്യമായി നൽകിയ സ്ഥലത്തു നിർമ്മിച്ച ഈ സിനഗോഗ് കൊട്ടാരത്തിന്റെയും അമ്പലത്തിന്റെയും ഇടയിലാണെന്നുള്ളത് അന്നത്തെ സാമുദായിക ഐക്യത്തിന്റെ ശേഷിക്കുന്ന അടയാളങ്ങളിലൊന്നാണ്.
ചൈനീസ് പാഴ്‌സലിൽ തറയോടുകളും ബെൽജിയൻ സ്ഫടിക വിളക്കുകളും എത്യോപ്യൻ ചക്രവർത്തി സമ്മാനിച്ച വിരിപ്പുകളും സ്ത്രീകൾക്ക് ഇരിക്കാനായി പ്രത്യേക ഗാലറികളും വിശാല ജാലകങ്ങളുമുള്ള ഈ ചരിത്രസ്‌മൃതി ഇന്ന് മട്ടാഞ്ചേരിയുടെ ഏറ്റവും വലിയ ആകർഷണമാണ്.
അടുത്തുതന്നെയുള്ള ഉയരമേറിയ ക്ലോക് ടവറിൽ ഹീബ്രു, അറബിക്, ലാറ്റിൻ, മലയാളം ഭാഷകളിൽ അക്കങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നു. ഒരു ചുവരിനപ്പുറം അടുത്ത മതവിശ്വാസത്തിന്റെ കേന്ദ്രമായ രാജാവിന്റെ ക്ഷേത്രമാണ്. സഹവർത്തിത്തത്തിന്റെ മായാത്ത അടയാളങ്ങൾ. കൊച്ചിയിലെ അവശേഷിക്കുന്ന ജൂതരിൽ ചിലരെ നമുക്കിവിടെ കണ്ടുമുട്ടാം. ജൂത തെരുവിൽ നീലക്കണ്ണുകളുമായി സഞ്ചാരികളെ കാത്തിരുന്ന പ്രായമേറിയ ജൂതവനിത സാറാ കോഹൻ ഇന്നില്ല.

കൊച്ചി രാജ്യത്തിന്റ പഴയ വാണിജ്യ തലസ്ഥാനമായ മട്ടാഞ്ചേരി ഇന്നും അതിന്റെ വ്യാപാരമുഖം സൂക്ഷിക്കുന്നുണ്ട്. ആന്റിക് ആർട്ടിഫാക്റ്റ് കച്ചവടത്തിന്റെ ഒരു ഹബ് ആണിത്. ജൂതത്തെരുവിനോട് ചേർന്ന് കൊച്ചിക്കായലിലേക്ക് തുറക്കുന്ന വിശാല വരാന്തകളുമായി ഹെറിറ്റേജ് ആർട്സ് എന്ന ഉഗ്രൻ ആന്റിക് ഷോപ് കാണാൻ കയറുക. വിദേശ സഞ്ചാരികൾക്ക് ഇവിടം ഒരു നിധി കുംഭമാണ്.
കൽപ്രതിമകൾ, നടരാജ വിഗ്രഹങ്ങൾ, പൗരാണികമായ മെഴുകുതിരി കാലുകൾ, തഞ്ചാവൂർ പെയിന്റിംഗുകൾ, കല്ലുകൾ പതിപ്പിച്ച കണ്ണാടികൾ, മരക്കുതിരകൾ, വ്യാളി മുഖങ്ങൾ തുടങ്ങി വമ്പൻ ദൃശ്യ വിരുന്നാണിവിടം. പഴയ കാലത്തെ ചുക്കിന്റെയും ഇഞ്ചിയുടെയും വെയർ ഹൌസിനു മനോഹരമായ മേക്ക് ഓവർ നൽകിയാണ് ഇതിന്റെ രൂപ കൽപ്പന.രാജസ്ഥാനിലെ ഹവേലികളിൽ നിന്നും ശേഖരിച്ച തടിമേൽക്കൂരകൾ, തഞ്ചാവൂരിലെ ചെട്ടിനാടൻ അഴകളവുകൾ, പോണ്ടിച്ചേരിയിലെ ഫ്രഞ്ച് ജനാലകൾ തുടങ്ങി ശില്പകലയുടെ ഉദാത്തമായ ഡിസൈനുകളാണ് ഉൾത്തളം നിറയെ. എല്ലാവർക്കും പുഞ്ചിരിയോടെ മറുപടികൾ നൽകി മജ്നു ഭായിയും മകൻ വിഷ്ണുവും ജീവനക്കാരൻ മാർട്ടിനും ചുറുചുറുക്കോടെ കൂടെയുണ്ട്.
ഫോർട്ടുകൊച്ചിയുടെ തെരുവിൽ കൂടി അലസം നടക്കുന്ന ഏതൊരു സഞ്ചാരിയെയും ആകർഷിക്കുന്ന ഒന്നാണ് ടവർ റോഡിലെ കോഡർ ഹൗസ്. കുട്ടികളുടെ പാർക്കിനോട് ചേർന്ന് വന്മരങ്ങൾ അതിരിടുന്ന വൃത്തിയുള്ള നിരത്തിൽ, മഴ മരത്തിന്റെ തണലിൽ, വെള്ളയും ചുവപ്പും ഇടകലർന്ന ഒരു മൂന്നു നിലക്കെട്ടിടം. കൊളോണിയൽ ശില്പകലയുടെ ചട്ടക്കൂടുകളിൽ നിന്നിറങ്ങി വന്നു ഇൻഡോ യൂറോപ്യൻ ശൈലിയിലേക്കുള്ള ഒരു യാത്ര പോലെ സുന്ദരം. പതിനെട്ടാം നൂറ്റാണ്ടിലെ ഒരു പോർച്ചുഗീസ് മാൻഷൻ ആയിരുന്ന ഇതിനു കൊച്ചിയിലെ യഹൂദരിൽ ഏറ്റവും പ്രമുഖനും ധനാഢ്യനുമായിരുന്ന സാമുവേൽ കോഡർ ആണ് പുതിയ മുഖം നൽകിയത് .. അക്കാലം കോഡർ ഹൗസ് കൊച്ചി തുറമുഖത്തെത്തുന്ന കപ്പലുകളുടെ വഴികാട്ടിയായിരുന്നു. ഇത് ഇന്നൊരു ഹോട്ടലാണ്. തനത് ജൂതഭക്ഷണം ലഭിക്കുന്ന മനോറ എന്ന റെസ്റ്റോറന്റും ഇതിന് അനുബന്ധമായിട്ടുണ്ട്. ജൂത സംസ്കാരവുമായി ഇടചേർന്നു കിടക്കുന്ന ജൂത വിളക്കാണ് മെനോറ. മൂന്നു തട്ടുകളായി ഏഴു നാളങ്ങളിൽ മെഴുകുതിരി കത്തിക്കുന്ന വിളക്ക്. യഹൂദരുടെ ചെറുത്തുനില്പിന്റെയും വിശ്വാസത്തിന്റെയും ഉത്സവമായ ഹനൂക്ക ദിവസം ഈ വിളക്കിൽ മെഴുകുതിരികളുയരും. വിഭവസമൃദ്ധമായ ഇൻഡോ ജ്യൂവിഷ് സദ്യ ഒരുങ്ങും. മരാക് സൂപ്പിന്റെയും ചിക്കൻ കുബ്ബയുടെയും ഗന്ധമുയരും. കോഷർ മാംസം വിളമ്പുന്ന ചാള്ളാസ് കവറിൽ പൊതിഞ്ഞ ബ്രെഡുകൾ നിറഞ്ഞ ജൂത വിരുന്നു തേടി 210 വർഷങ്ങളോളം പഴക്കമുള്ള ഈ ജൂത മന്ദിരത്തിലേക്ക് സഞ്ചാരികൾ ഒഴുകിയെത്തും.

ന്യൂയറിന്റെ കാർണിവൽ സീസണിൽ കൊച്ചിയുടെ ഹൃദയത്തിലെത്താൻ കിട്ടുന്ന അവസരം ഒരിക്കലും നഷ്ടപ്പെടുത്തരുത്. വാസ്കോ സ്‌ക്വയർ മുതൽ ബീച്ച് വരെയുള്ള വോക് വേയിൽ വൈറ്റിന്റെയും വീറ്റിന്റെയും വിവിധ ഷേഡുകളുള്ള വിദേശസഞ്ചാരികൾ അലസമലഞ്ഞു നടക്കും. ബോബ് മർലി കഫേയിലും കാശി ആർട്ട് ഗാലറിയിലുമിരുന്നു അവർ ഒട്ടും ധൃതിയില്ലാതെ കാപ്പി മൊത്തിക്കുടിക്കും. സെന്റ് ഫ്രാൻസിസ് പള്ളി സന്ദർശിച്ചു കേരളത്തിൽ ആദ്യം കാലുകുത്തിയ പോർച്ചുഗീസ് നാവികൻ വാസ്കോഡ ഗാമയുടെ സ്മൃതികളിലലിയും. ഫോർട്ട് കൊച്ചിയുടെ പോർച്ചുഗീസ് കേന്ദ്രങ്ങളായ പ്രിൻസസ് സ്ട്രീറ്റും റോസ് സ്ട്രീറ്റും ക്വിറോസ് സ്ട്രീറ്റും ബ്രിസ്റ്റോ ബംഗ്ലാവുമെല്ലാം പുതുവത്സരപ്പുലരിയുടെ ലഹരി നുണഞ്ഞു ഉന്മാദത്തിലാഴും.
ഫോർട്ട് കൊച്ചിയും മട്ടാഞ്ചേരിയും ശതകങ്ങളുടെ ചരിത്രമുറങ്ങുന്ന മണ്ണാണ്. കേരളത്തിലെ ആദ്യത്തെ യൂറോപ്യൻ ടൗൺഷിപ് ആണിത്. ഒരു ബൈസിക്കിൾ ട്രിപ്പിൽ കവർ ചെയ്യാവുന്ന ധാരാളം സ്ഥലങ്ങൾ ഇവിടെയുണ്ട്. ഇന്ത്യയിലെ ആദ്യത്തെ യൂറോപ്യൻ പള്ളിയായ സെന്റ് ഫ്രാൻസിസ് ചർച്ച്. പോർച്ചുഗീസ് പാരമ്പര്യമുള്ള സാന്താക്രൂസ് ബസിലിക്ക, വീരകേരളവർമ്മയ്ക്കായി പറങ്കികൾ സമ്മാനിച്ച മട്ടാഞ്ചേരി കൊട്ടാരം, ഇൻഡോ പോർച്ചുഗീസ് മ്യൂസിയം, നദീർ റോഡിലെ ബാസ്റ്റിൻ ബംഗ്ലാവ്, കെ ജെ മാർഷൽ റോഡിലെ ഇമ്മാനുവേൽ കോട്ട, ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി നിർമ്മിച്ച ഡേവിഡ് ഹാൾ, ഡച്ച് സെമിത്തേരി, ഒരു കപ്പ് കാപ്പിയുമായി പ്രണയത്തിലാകാനായി കാശി ആർട് ഗാലറി, വാസ്കോഡഗാമ സ്‌ക്വയറിന്റെ പശ്ചാത്തലത്തിൽ ഉയരുന്ന ചീനവലകൾ എത്ര കണ്ടാലും മതി വരാത്ത കാഴ്ചകളുമായി കൊച്ചി ഇവിടെ കാത്തിരിക്കുന്നു..

കായലും കടൽ തീരങ്ങളും
അറുനൂറ് വർഷങ്ങൾക്ക് മുൻപ് അറബിക്കടൽ ഉൾവലിഞ്ഞുണ്ടായ വൈപ്പിൻ ദ്വീപും പുതുവൈപ്പ്, ചെറായി, ബീച്ചുകളും പച്ചപ്പിന്റെയും കടൽ നീലയുടെയും നിറങ്ങൾ കലർന്ന ദൃശ്യചാരുത സമ്മാനിക്കും. ഞാറക്കലിലെ ഫിഷ് ഫാമിൽക്കൂടിയുള്ള ബോട്ട് യാത്രയിൽ പൂമീനുകളുടെ ഉഗ്രൻ ഡൈവിങ് കാണാം. മീൻ കറിയുള്ള സദ്യയും അത്യാകർഷകം.
കൊച്ചി നഗരത്തിൽ നിന്ന് ഇരുപത് കിലോമീറ്റർ യാത്ര ചെയ്യുമ്പോൾ കുമ്പളങ്ങി എത്തും. ടൂറിസം ഭൂപടത്തിൽ മാതൃക ടൂറിസം ഗ്രാമമായി ഇടം പിടിച്ച കുമ്പളങ്ങി. ഹോം സ്റ്റേ കളുടെയും പൊക്കാളി നെൽവയലുകളും ചീന വലകളുയരുന്ന കായൽ പരപ്പുകളും പരമ്പരാഗത ഭക്ഷ്യവിഭവങ്ങളും ഒക്കെ കുമ്പളങ്ങിയെ സന്ദർശകരുടെ ഹൃദയത്തോട് ചേർത്ത് നിർത്തുന്നു. കുമ്പളങ്ങി സ്പെഷ്യൽ വിഭവങ്ങളുമായി കല്ലഞ്ചേരി റിട്രീറ്റിൽ നിന്ന് ഒരു സദ്യ കഴിക്കാൻ മറക്കണ്ട.
ദേശാടനപ്പക്ഷികളും കായലും പാടങ്ങളും ഗ്രാമക്കാഴ്ചകളും കാണണമെങ്കിൽ ഇടപ്പള്ളി വഴി കടമക്കുടിയും കണ്ടു മടങ്ങാം. പതിമൂന്നാം നൂറ്റാണ്ടിലെ വെള്ളപ്പൊക്കത്തിൽ കൊച്ചി അഴിമുഖം രൂപപ്പെട്ടപ്പോൾ ഉണ്ടായ ശാന്തസുന്ദരമായ ദ്വീപ് ആണിത്.

മെട്രോ മുഖം
കടൽനീലയും നാരങ്ങാ പച്ചയും ഇടകലർന്ന ആഹ്ലാദത്തിന്റെ നിറവുമായി നഗരത്തിനു മുകളിൽ കൂടി ആഘോഷത്തിന്റെ ശകലം പോലെ പായുന്ന മെട്രോ ട്രെയിനുകൾ. മ്യൂറൽ ചിത്രങ്ങളും പ്രകൃതി ഭംഗികളും അലങ്കരിക്കുന്ന വൃത്തിയുള്ള സ്റ്റേഷനുകൾക്ക് ഒരു ഗ്ലോബൽ ലുക്ക്. റയിൽപാതകളിൽ കൂടി ഓടിയെത്തുന്ന ട്രെയിനുകളിൽ നിറയെ ഡിജിറ്റൽ ലോകത്തു വിഹരിക്കുന്ന ജനത. മിന്നി മറയുന്ന കൊച്ചി കാഴ്ചകളിലേക്ക് കൺനട്ടിരിക്കുന്ന അപൂർവം ചിലർ. താഴെ ഗതാഗതക്കുരുക്കിൽ നീങ്ങുന്ന ആഡംബര വാഹനങ്ങളുടെ നിര. വേറിട്ടു തോപ്പുംപടിയെ ലക്ഷ്യമാക്കി മന്ദം മന്ദം ഒഴുകുന്ന ഒരു കെ എസ് ആർ ടി സി ഡബിൾഡക്കർ ബസ്.

കടൽ കാഴ്ചകൾ
മെഡിറ്ററേനിയൻ വിഭവങ്ങൾ ആസ്വദിച്ചു അറബിക്കടലിലേക്ക് അഞ്ചു മണിക്കൂർ നീളുന്ന കടൽയാത്രയൊരുക്കി നെഫെർറ്റിറ്റി എന്ന ആഡംബരകപ്പൽ വെല്ലിങ്ടൺ തീരത്തു കാത്തു കിടക്കുന്നു. കേരളസർക്കാരിന്റെ കീഴിലുള്ള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷന്റെ കീഴിലാണ് ഇതു പ്രവർത്തിക്കുന്നത്. ഈജിപ്ഷ്യൻ തീമിലൊരുക്കിയിരിക്കുന്ന കപ്പലിന്റെ ഡക്കിൽ നിന്നുള്ള സൂര്യാസ്തമയ ദൃശ്യം അതീവ ചേതോഹരം. ഭാഗ്യമുണ്ടെങ്കിൽ ഉൾക്കടലിൽ തിമിർക്കുന്ന ഡോൾഫിനുകളെയും കണ്ടു മടങ്ങാം. ഇനി കുറഞ്ഞ ചിലവിൽ അറബിക്കടൽ കണ്ടു വരാൻ സാഗർ റാണി എന്ന ക്രൂയിസ് കപ്പലുമുണ്ട്.
എറണാകുളം ബോട്ട് ജെട്ടിയിൽ നിന്നാരംഭിക്കുന്ന സാഗരറാണിയുടെ യാത്ര മഴവിൽ പാലത്തിൽ തുടങ്ങി ബോൾഗാട്ടി പാലസ്, കൊച്ചി തുറമുഖം, വില്ലിങ്ടൻ ദ്വീപ്, ഫോർട്ട് കൊച്ചി വഴി അറബിക്കടലിലെത്തുന്നു. കായലിന്റെയും കടലിന്റെയും മനോഹരതീരങ്ങൾ സ്പർശിച്ചു ഒരു സ്വപ്ന സുന്ദര യാത്ര.

ചരിത്രത്തിലെ കേരളം
തേവരയിലെ കേരള ഫോക്‌ലോർ മ്യൂസിയത്തിൽ ക്ഷേത്രകലകളും പരമ്പരാഗത കലാരൂപങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്. മലബാർ ശൈലിയിൽ പണി കഴിപ്പിച്ചിട്ടുള്ള താഴത്തെ നില കഴിഞ്ഞു ഒന്നാം നിലയിലെ കൊച്ചി ശൈലികൾ കണ്ടു തിരുവിതാംകൂർ ശൈലിയിലുള്ള രണ്ടാം നിലയിലെത്താം. ഏതാണ്ട് ചരിത്ര കേരള സഞ്ചാരം പൂർത്തിയായ പോലെ തോന്നും ഇടപ്പള്ളിയിലെ ചരിത്ര മ്യൂസിയത്തിൽ നവീന ശിലായുഗം മുതൽ ആധുനിക യുഗം വരെയുള്ള കേരള ചരിത്രം ദർശിക്കാം. തൃപ്പൂണിത്തുറയിലെ ഔഷധ സസ്യങ്ങൾ നിറഞ്ഞ വളപ്പിനുള്ളിൽ പ്രതാപിയായ ഹിൽ പാലസ് മ്യൂസിയമുണ്ട്. കൊച്ചി രാജാക്കൻമാരുടെ സ്വാകാര്യ ശേഖരത്തിൽപ്പെട്ട എണ്ണഛായാ ചിത്രങ്ങളും ശിലാശാസനങ്ങളും നാണയങ്ങളും നിറഞ്ഞ ഒരു വൻ ശേഖരം തന്നെ ഇവിടെ കാണാൻ കഴിയും
ക്രിസ്തുവിനു ആയിരം വർഷം മുൻപ് സജീവമായിരുന്ന സംസ്കാരത്തിന്റെ ശേഷിപ്പുകൾ തേടി ഒരു ഹോപ് ഓൺ ഹോപ് ഓഫ് ബോട്ട് യാത്ര നടത്താൻ മുസിരിസ് പൈതൃകയാത്ര ചെയ്യാം. പറവൂർ, പള്ളിപ്പുറം, കോട്ടപ്പുറം, ഗോതുരുത്, കായലുകളിൽ കൂടി സഞ്ചരിച്ചു പഴയ പാലിയം കൊട്ടാരവും നാലുകെട്ടും കാണാം. കറുത്ത ജൂതൻമാരുടെ ചേന്ദമംഗലം സിനഗോഗ് കാണാം. നൂറ്റാണ്ടുകൾക്ക് മുൻപേയുള്ള രാജാവിനെയും പോർച്ചുഗീസ് സൈന്യത്തിനെയും സുഗന്ധവ്യഞ്ജന വ്യാപാരികളെയും മനക്കണ്ണിൽ കണ്ടു തിരികെ പോരാം.

ആഗോള നിലവാരത്തിലുള്ള ഷോപ്പിംഗ് അനുഭവങ്ങൾ നൽകി രാവേറെയായാലും കൺതുറന്നിരിക്കുന്ന മാളുകൾ, മികച്ച ദൃശ്യാനുഭവങ്ങൾ ഒരുക്കി മൾട്ടിപ്ലക്സ് തീയറ്റർ സമുച്ചയങ്ങൾ, മാളിലേക്ക് തുറക്കുന്ന മെട്രോ ട്രെയിൻ വാതായനങ്ങളിൽ നിന്നും പുഴപോലെ ഇരമ്പി ഒഴുകിയെത്തുന്ന ജനം. എന്റർടൈൻമെന്റ് ഹബ്ബുകളിൽ ചിരിച്ചുമറിഞ്ഞും ബ്രാൻഡഡ് ആക്സസറികളിൽ വിരലോടിച്ചും ഉല്ലസിക്കുന്ന യുവത്വം. മാളിലെ ഫാഷൻ റാമ്പിൽ അടി വച്ചു വരുന്ന മോഡൽ. താഴെ കൈയടിച്ചാർക്കുന്ന കാണികൾ. തുറന്നടയുന്ന കാമറക്കണ്ണുകൾ. പശ്ചാത്തലത്തിൽ ഇരമ്പുന്ന സംഗീതം.. കൊച്ചിയിലെ ആഘോഷക്കാഴ്ചകൾ അവസാനിക്കുന്നേയില്ല...
Content Highlights: Kochi, Historic Destinations in Kochi, Beaches in Kochi, Malls in Kochi, Kerala Tourism