നല്ല ഭക്ഷണം യാത്രയുടെ ആനന്ദം വർധിപ്പിക്കും. അപ്പോൾ പിടിച്ചെടുത്തു പൊരിച്ചു തരുന്ന കായൽ മീനും കൂട്ടി ഒരൂണ് കിട്ടുമെങ്കിൽ ഏതു യാത്രയാണ് രസകരമാകാത്തത്? ആലപ്പുഴയുടെ പെരുമയിൽ ഇതും പെടും. ഊൺപെരുമയെന്നാൽ ഇവിടെ അത് മീൻ പെരുമ കൂടിയാണ്. നല്ല കായൽ മീനിന്റെ പെരുമ. മീൻകറികളും പൊരിച്ച മീനും കൂട്ടിയൊരു ഊണ്.
ജില്ലയുടെ ഏതു ഭാഗത്തു പോയാലും ഇത്തരം ഊൺ വിളമ്പുന്ന നിരവധി കായലോര റെസ്റ്റോറന്റുകൾ കാണാം. ഫൈവ് സ്റ്റാർ ഹോട്ടലുകളിലും ഹൗസ്ബോട്ടുകളിലും മാത്രമല്ല, കൊച്ചു ചായക്കടകളിലും മീൻ തന്നെ മെനു. രാവിലെ മുതൽ രാത്രി വരെ.
മുഹമ്മ കായിപ്പുറം കവലയിലെ ഉണ്ണപ്പൻ വൈദ്യരുടെ കടയും ഈ ഊണിന് പ്രശസ്തമാണ്. മന്ത്രിമാരായ തോമസ് ഐസക്, ശ്രീമതി ടീച്ചർ തുടങ്ങി ജീവിതത്തിന്റെ നാനാതുറകളിൽപ്പെട്ടവർ ഇതു വഴി കടന്നുപോകുമ്പോൾ ഉണ്ണപ്പൻ വൈദ്യരുടെ കടയിൽ നിന്നേ ഊണ് കഴിക്കാറുള്ളൂ. പാതിരാമണലിൽ പോകുന്ന സഞ്ചാരികളും തണ്ണീർമുക്കം വഴി പോകുന്ന ബസ്സുകളും ലോറികളുമെല്ലാം ഇവിടെയൊന്ന് നിർത്താൻ മറക്കാറില്ല.
കുരുമുളകും വെളുത്തുള്ളിയും കുടംപുളിയും ചേർത്ത ഉണ്ണപ്പൻ വൈദ്യരുടെ ചേരുവ അതിശയിപ്പിക്കുന്നതാണ്. പാക്കറ്റ് പൊടി ഉപയോഗിക്കാതെ സ്വന്തമായി തയ്യാറാക്കുന്ന പൊടിക്കൂട്ടാണ് രുചിരഹസ്യം എന്ന് വൈദ്യർ പറയുന്നു. കരിമീൻ മപ്പാസ്, വരാൽ മപ്പാസ്, വാഴയിലയിൽ പൊള്ളിച്ചെടുക്കുന്ന കരിമീനും വരാലും പൊരിച്ചതും പീര വറ്റിച്ചതും... എല്ലാം രുചികരം, ഇടവേളകളിൽ കപ്പയും കക്കയിറച്ചിയും.

വൈദ്യരുടെ കട കൊച്ചുകടയാണ്. പാചകശാലയും അതുപോലെ തന്നെ. തൊട്ടടുത്തുള്ള വീട്ടുമുറ്റത്ത് പന്തലിട്ട് അവിടെയും ഭക്ഷണം വിളമ്പാറുണ്ട്. 20 രൂപയ്ക്ക് കുശാലായൊരു ഊണ് എത്ര ലാവിഷാക്കിയാലും 100 രൂപയിൽ ഒരുക്കാം. സമീപത്തുള്ള വീടുകളിലെത്തുന്ന അതിഥികൾക്കും മിക്കപ്പോഴും ഈ ഭക്ഷണമാണ് കിട്ടുന്നത്. വീട്ടിൽ തയ്യാറാക്കിയ പോലെ തോന്നുന്നതു കൊണ്ട് അതിഥികൾക്കും സന്തോഷം.
(മാതൃഭൂമി യാത്രയിൽ പ്രസിദ്ധീകരിച്ചത്)
Content Highlights: Kerala Style Fish Fry, Alappuzha Style Fish Fry, Alappuzha Travel, Kerala Tourism, Kerala Foods