വിനോദസഞ്ചാര വികസനത്തില്‍ ഏറെ സാധ്യത കല്‍പ്പിക്കുന്ന സ്ഥലമാണ് കുമ്പള. എന്നാല്‍, കുമ്പളയുടെ സൗന്ദര്യം വിനോദസഞ്ചാരികളിലെത്തിക്കുന്നതിനോ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി അവരെ ആകര്‍ഷിക്കുന്നതിനോ അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകുന്നില്ലെന്ന് ആക്ഷേപമുയരുന്നു.

ചരിത്രപ്രസിദ്ധമായ ആരിക്കാടി കോട്ട, അനന്തപുരം പത്മനാഭസ്വാമിക്ഷേത്രം, മൊഗ്രാല്‍ കടപ്പുറം, കുമ്പള, മൊഗ്രാല്‍, ഷിറിയ പുഴകള്‍, കിദൂര്‍ പക്ഷിസങ്കേതം, മംഗളുരു നഗരത്തിന്റെ വിദൂരക്കാഴ്ച ദൃശ്യമാകുന്ന പൊസാഡിഗുമ്പെ എന്നിങ്ങനെ നീളുന്നു കുമ്പളയുടെ വിശേഷങ്ങള്‍.

പുരാതന ചരിത്രത്താളുകളില്‍ ഇടംപിടിച്ച പ്രദേശം എന്ന നിലയിലും കുമ്പളയ്ക്ക് പ്രത്യേകതകളുണ്ട്. യക്ഷഗാന കലയുടെ ഉപജ്ഞാതാവായ പാര്‍ഥി സുബ്ബയ്യയുടെ ജന്മസ്ഥലവും കര്‍മമണ്ഡലവും കുമ്പളയായിരുന്നു.

Aarikkadi Fort
ആരിക്കാടി കോട്ട

കോട്ടയിലുറച്ചുപോയ കലാഗ്രാമം

ആരിക്കാടി കോട്ട കലാഗ്രാമമായി മാറ്റാന്‍ ചെര്‍ക്കളം അബ്ദുള്ള മന്ത്രിയായിരിക്കെ ശ്രമം നടത്തിയിരുന്നു. സംസ്ഥാന ടൂറിസം വകുപ്പിന്റെയും പുരാവസ്തു ഗവേഷണവകുപ്പിന്റെയും ഉദ്യോഗസ്ഥര്‍ അതുമായി ബന്ധപ്പെട്ട് 2003-ല്‍ ആരിക്കാടി കോട്ട സന്ദര്‍ശിച്ചിരുന്നു. കുമ്പള, മൊഗ്രാല്‍ പുഴ കേന്ദ്രീകരിച്ച് കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ 'ഇക്കോ' ടൂറിസം പദ്ധതി നടപ്പാക്കാനുള്ള പദ്ധതിയും എങ്ങുമെത്താതെ പോയി.

കണ്ടല്‍ക്കാടുകളുടെ സംരക്ഷണം, ബോട്ടിങ് സര്‍വീസ്, ലാന്‍ഡിങ് സെന്റര്‍, കുട്ടികളുടെ പാര്‍ക്ക്, ടൂറിസം ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തുടങ്ങിയവ സ്ഥാപിക്കാനായിരുന്നു പദ്ധതിയുടെ ലക്ഷ്യം.

വിനോദസഞ്ചാരത്തിന് അനന്തസാധ്യതകളാണ് മൊഗ്രാല്‍ കടപ്പുറത്തും അനന്തപുരത്തുമുള്ളത്. കോയിപ്പാടി -കൊപ്പളം തീരദേശത്ത്കൂടിയുള്ള റോഡ് തന്നെ തീരപ്രദേശത്തെ വികസനസാധ്യതകള്‍ക്ക് ബലമേകുന്നുമുണ്ട്. വിനോദസഞ്ചാരികള്‍ക്ക് താമസിക്കുന്നതിനാവശ്യമായ റിസോര്‍ട്ടുകള്‍ മൊഗ്രാല്‍ കടപ്പുറത്തുണ്ട്.

Mogral Beach
മൊഗ്രാല്‍ ബീച്ച്‌

മൊഗ്രാല്‍ കടപ്പുറത്തെ വിശാലമായ പഞ്ചാര മണല്‍പരപ്പ് ആരെയും അതിശയിപ്പിക്കുന്നതാണ്. തീരത്തിരുന്നുള്ള സൂര്യാസ്തമയ ദൃശ്യം കണ്‍കുളിര്‍ക്കെ കാണാന്‍ ദിവസവും ഒട്ടേറെപ്പേര്‍ കടപ്പുറത്ത് എത്താറുമുണ്ട്.

Content Highlights: Kumbla, Tourists Spots in Kasaragod, Kerala Tourism, DTPC Kasaragod