മഴ നനഞ്ഞും കുളിരണിഞ്ഞും യാത്രപോകാന്‍ ഇഷ്ടമുള്ളവരെ കാത്തിരിക്കുകയാണ് കാസര്‍കോടിന്റെ കിഴക്കന്‍ മലയോരം. പൊടിപടലമില്ലാത്ത അന്തരീക്ഷത്തില്‍ മരച്ചില്ലകള്‍ക്കിടയില്‍ മറഞ്ഞിരുന്ന് മഴയുടെ താളത്തിന് ശ്രുതിമീട്ടുന്ന പക്ഷികള്‍ വിരുന്നുവിളിക്കുകയാണ്. മണ്‍സൂണിനെ പ്രണയിച്ച് യാത്രപോകാം- കാസ്രോട്ടിന്റെ കിഴക്കേ അറ്റത്തെ കൊന്നക്കാട്ടേക്ക്.

പ്രകൃതി അണിയിച്ചൊരുക്കിയ അച്ചന്‍കല്ല് വെള്ളച്ചാട്ടവും മഞ്ചുച്ചാല്‍ തൂവല്‍പ്പാറ വെള്ളച്ചാട്ടവും പന്നിയാര്‍മാനി മലനിരകളും കോട്ടഞ്ചേരിയും സഞ്ചാരികളെ കാത്തിരിക്കുകയാണ്. മഴയുടെ ഏറ്റക്കുറച്ചിലുകള്‍ക്കിടയിലും മലയോരമേഖലയിലെ വെള്ളച്ചാട്ടങ്ങള്‍ സജീവമായി. നയനമനോഹരമായ ഈ ദൃശ്യങ്ങള്‍ നുകരാനെത്തുന്നവരും യാത്രയ്ക്കിടെ വഴിയരികില്‍ വാഹനം നിര്‍ത്തി കാഴ്ച ആസ്വദിക്കുന്നവരും ഇന്ന് ഏറെയാണ്.

Kasaragod Waterfalls
മഞ്ചുച്ചാൽ-തൂവൽപ്പാറ വെള്ളച്ചാട്ടം/ ചിത്രം : ഡാജി ഓടയ്ക്കൽ

കാടിന്റെ ഭംഗി അറിയണോ? തൂവല്‍പ്പാറ വെള്ളച്ചാട്ടം കാണുക

വനാതിര്‍ത്തിയിലൂടെ കാടിന്റെ സര്‍വ്വസൗന്ദര്യവും ആസ്വദിച്ച് ഒരു യാത്ര. ഒരു കാടിന്റെ ഹൃദയം തൊടുമ്പോള്‍,കാട്ടാറില്‍ കുളിക്കുമ്പോള്‍, അറിയാത്ത വഴികളിലൂടെ ചുറ്റിത്തിരിയുമ്പോള്‍ അത് ഒരു സുഖമുള്ള അനുഭൂതിയാണ്. കാറ്റും മഴയും മഞ്ഞും അറിഞ്ഞ്, പ്രകൃതിയുടെ ലഹരി ആസ്വദിച്ച് അരമണിക്കൂര്‍ യാത്രചെയ്താല്‍ മഞ്ചുച്ചാല്‍-തൂവല്‍പ്പാറ വെള്ളച്ചാട്ടത്തിനടുത്തെത്താം. വനാതിര്‍ത്തിയിലെ മനോഹാരിത ആവോളം ആസ്വദിച്ച് കാട്ടരുവിയില്‍ കുളിച്ച് തിരികെ മടങ്ങാം. തട്ടുതട്ടായുള്ള പാറക്കെട്ടിലൂടെയാണ് വെള്ളം പതിക്കുന്നത്.

സാമൂഹികമാധ്യമങ്ങളിലൂടെ അറിഞ്ഞാണ് വിനോദസഞ്ചാരികളെത്തുന്നത്. കൊന്നക്കാട്ടുനിന്ന് ഏഴുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മഞ്ചുച്ചാലിലെത്താം. അവിടെനിന്ന് അരക്കിലോമീറ്ററോളം വനത്തിലൂടെ നടന്നുവേണം തൂവല്‍പ്പാറ വെള്ളച്ചാട്ടത്തിനടുത്തെത്താന്‍.

കണ്ണും മനസ്സും നിറച്ച് അച്ചന്‍കല്ല് വെള്ളച്ചാട്ടം

പ്രകൃതിഭംഗി നിറച്ച് സഞ്ചാരികളെ മാടിവിളിക്കുകയാണ് കൊന്നക്കാടിനടുത്തുള്ള അച്ചന്‍കല്ല് വെള്ളച്ചാട്ടം.

മഴയുടെ കുറവ് വെള്ളച്ചാട്ടത്തിന്റെ ശക്തി അല്പമൊന്ന് ദുര്‍ബലപ്പെടുത്തിയിട്ടുണ്ടെങ്കിലും കണ്ണെത്താദൂരത്തുനിന്ന് തട്ടുതട്ടായി താഴേക്കുപതിക്കുന്ന വെള്ളച്ചാട്ടം ആസ്വദിക്കാന്‍ ധാരാളം സഞ്ചാരികളെത്തുന്നുണ്ട്. അപകടസാധ്യത കുറവായതിനാല്‍ സ്ത്രീകളും കുട്ടികളും ഇങ്ങോട്ടേക്ക് ഏറെ വരുന്നുണ്ട്.

കൊന്നക്കാട്ടുനിന്ന് മഞ്ചുച്ചാല്‍ റോഡിലൂടെ മൂന്നുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അച്ചന്‍കല്ല് വെള്ളച്ചാട്ടത്തിനടുത്തെത്താം. അടിസ്ഥാനസൗകര്യം ഉറപ്പാക്കാനായാല്‍ അച്ചന്‍കല്ലിലേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനാകും.

കിടുവാണ് പന്നിയാര്‍മാനി

പ്രകൃതി മനോഹരമായി അണിയിച്ചൊരുക്കിയ അത്യപൂര്‍വ കാഴ്ചകളുടെ വലിയ ശേഖരമാണ് പന്നിയാര്‍മാനി മലനിരകള്‍. ആകെ മഞ്ഞ് പുതച്ചുകിടക്കുന്ന പച്ചപ്പാണ് പന്നിയാര്‍മാനി.

തൊട്ടടുത്തുള്ള കോട്ടഞ്ചേരിയിലേക്ക് അറിഞ്ഞും കേട്ടും സഞ്ചാരികളെത്തുമ്പോള്‍ അധികമാരും അറിയാതെ പോകുകയാണ് പ്രകൃതിയുടെ ഈ വലിയ സൗന്ദര്യം. കോട്ടഞ്ചേരി വനത്തിലൂടെ അരക്കിലോമീറ്ററോളം നടന്നുവേണം പന്നിയാര്‍മാനിയിലേ?െക്കത്താന്‍. കാനനയാത്രയും ഏറെ ആസ്വാദ്യംതന്നെ.

വിരുന്നൊരുക്കി കോട്ടഞ്ചേരി

വിനോദസഞ്ചാരികള്‍ക്ക് ഏറെ ഹൃദ്യമായ കാഴ്ചയാണ് കോട്ടഞ്ചേരി മലനിരകള്‍. മലയോരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ് ബളാല്‍ പഞ്ചായത്തിലെ കോട്ടഞ്ചേരി മലനിരകള്‍. മഴക്കാലമായാല്‍ പച്ചപ്പ് വിരിച്ചുകിടക്കുന്ന വിശാലമായ മലനിരകളും മഞ്ഞു മൂടിയ പ്രകൃതിയും പറഞ്ഞറിയിക്കാനാവാത്ത അനുഭൂതിയാണ്. വര്‍ഷം തോറും ധാരാളം വിനോദസഞ്ചാരികള്‍ ഇവിടേക്കെത്തുന്നുണ്ട്. എന്നാല്‍ വനംവകുപ്പിന്റെ ഉടമസ്ഥതയിലാണ് ഭൂമി.

മണ്‍സൂണ്‍ വിനോദസഞ്ചാര സീസണാവട്ടെ

മഴക്കാലയാത്രകള്‍ സൗകര്യപ്രദമാക്കിയാല്‍ കേരളത്തി?േലക്ക് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പറ്റും. എന്നാല്‍, അത് വേണ്ടവിധം പ്രയോജനപ്പെടുത്തുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. ഇക്കോ ടൂറിസത്തിനും മഴ-വനയാത്രയ്ക്കുമൊക്കെ അപാരസാധ്യതകളാണ് പന്നിയാര്‍മാനിയും കോട്ടഞ്ചേരിയും തൂവല്‍പ്പാറയുമൊക്കെ തുറന്നിട്ടിരിക്കുന്നത്. അത് വേണ്ടവിധം പ്രയോജനപ്പെടുത്തേണ്ടതുണ്ട്. മഴക്കാലമായാല്‍ ടൂറിസം സീസണ്‍ കഴിഞ്ഞു എന്ന സങ്കല്‍പ്പത്തെ മാറ്റിയെടുത്ത് മണ്‍സൂണ്‍കൂടി വിനോദസഞ്ചാര സീസണായി മാറ്റാന്‍ ഇതുപോലെ കൂടുതല്‍ സ്ഥലങ്ങളെ ഇനി പ്രയോജനപ്പെടുത്തേണ്ടതുണ്ട്.

Content Highlights: Kasaragod DTPC, Tourists Spots in Kasaragod, Kerala Tourism