നകൾ എന്നും മലയാളിയുടെ ദൗർബല്യമാണ്. ആനയും അമ്പാരിയുമൊക്കെ നൂറ്റാണ്ടുകളായി മലയാളി മനസിലൊളിപ്പിച്ച വികാരങ്ങളും. ആന വിശേഷങ്ങളറിയാൻ പെട്ടന്നെത്താവുന്ന ഇടമാണ് കോട്ടൂരിലെ കാപ്പുകാടുള്ള ആനപുനരധിവാസ കേന്ദ്രം. കുട്ടിയാനകളടക്കം 16 ആനകളുണ്ടിവിടെ. എല്ലാം വനംവകുപ്പിന്റെ നിരീക്ഷണത്തിലുമാണ്. കുട്ടിക്കുറുമ്പൻമാരായ ആനകളുടെ കളികൾ കണ്ടുനിന്നാൽ ദിവസംതന്നെ പോകുന്നതറിയില്ല. ആനക്കാഴ്ചകൾ മാത്രമല്ല കാപ്പുകാട് സന്ദർശകനു സമ്മാനിക്കുന്നത്.

കുട്ടവഞ്ചി, ചങ്ങാടം, പെഡൽ ബോട്ടുകൾ എന്നിവയിൽ നെയ്യാർ ജലാശയത്തിലൂടെ ഉല്ലസിക്കാനും ഇവിടെ അവസരമുണ്ട്. ആദിവാസി ഊരുകളിലൂടെ വനസൗന്ദര്യം നുകർന്ന് ഒരു സാഹസിക യാത്രയാണോ നിങ്ങൾ ആഗ്രഹിക്കുന്നത്. നിരാശപ്പെടേണ്ട അതിനും ഇവിടെ വഴിയുണ്ട്. നെയ്യാർ ജലാശയത്തിലെ യാത്രകൾക്കും, വനത്തിലെ സാഹസസഞ്ചാരത്തിനുമൊക്കെ സൗകര്യം ഒരുക്കുന്നത് വനംവകുപ്പിന്റെ കോട്ടൂർ ഇക്കോ ടൂറിസം കമ്മിറ്റിയാണ്. കേന്ദ്രത്തെ ലോകനിലവാരത്തിലേക്ക്‌ ഉയർത്താൻ കിഫ്ബിയിൽ നിന്നും 108 കോടി ചെലവിട്ട് നടത്തുന്ന നവീകരണ പ്രവർത്തനങ്ങളുടെ ഒന്നാംഘട്ടം ഈ മാസം പൂർത്തിയാകുന്നതോടെ ഇവിടം സഞ്ചാരികളുടെ പറുദീസയാകും.

Kappukadu

നെയ്യാറിലൂടൊരു യാത്ര

നെയ്യാറിലെ യാത്രയ്ക്ക് ചങ്ങാടയാത്രയ്ക്കുൾപ്പെടെ ഇപ്പോഴും വലിയ തിരക്കാണ്. അരമണിക്കൂർ നേരം ജലാശയത്തിലൂടെ വനഭംഗി ആസ്വദിച്ച് ചങ്ങാടത്തിൽ യാത്രചെയ്യാം. ഒരു ടീമിൽ അഞ്ചുപേർ വേണമെന്ന് മാത്രം. മുമ്പ് ചെറിയ ചങ്ങാടങ്ങൾ ആയിരുന്നു യാത്രയ്ക്കായി ഉണ്ടായിരുന്നത്. ഇപ്പോൾ മുളകൊണ്ടുള്ള വലിയ ചങ്ങാടങ്ങളാണ് ഉപയോഗിക്കുന്നത്. കുട്ടവഞ്ചിയിൽ നാലുപേരുള്ള ടീമിന് യാത്രചെയ്യാം. നാല് പെഡൽ ബോട്ടുകളുമുണ്ട്. തിങ്കളാഴ്ച അവധിയാണ്.

Kappukadu 2
ചങ്ങാടയാത്ര | ഫോട്ടോ: മാതൃഭൂമി

ആനയൂട്ട് കാണാം

ഒക്ടോബറിലെ ഗജദിനത്തിൽ കേന്ദ്രത്തിൽ ആനയൂട്ട് നടക്കും. ഈ ദിവസം ആനയെ ഹൃദയം തൊട്ടറിയാനെത്തുന്നത് നിരവധി പേരാണ്. രണ്ടുമാസം പ്രായമുള്ള പുതിയ അതിഥി 'ആമീന' മുതൽ ആറുവയസ്സുവരെയുള്ള കുട്ടിക്കൂട്ടവും 82 വയസ്സുള്ള സോമൻ വരെയുള്ള മുതിർന്നവരുമായി 16 ആനകൾ ആനയൂട്ടിനെത്തും. കൂടാതെ അന്ന് വിവിധ കലാപരിപാടികളുമുണ്ട്.

വനയാത്രയ്ക്കും അവസരം

അഗസ്ത്യവനത്തിലെ കിഴക്കുമലപ്പാറ, കതിർമുടി എന്നിവിടങ്ങളിലേക്കുള്ള സാഹസ സഞ്ചാരമാണ് മറ്റൊരു വിനോദോപാധി. കാപ്പുകാട് നിന്നും വനത്തിലൂടെ മൂന്ന് കിലോമീറ്റർ ദൂരം കാൽനടയാത്ര ചെയ്താൽ കിഴക്കുമലപ്പാറയെത്താം. ഇവിടെ നിന്നാൽ നെയ്യാർഡാം, അഗസ്ത്യകൂടം ഉൾപ്പെടെയുള്ള സ്ഥലത്തിന്റെ ദൃശ്യം കാണാനാകും. രണ്ട് മണിക്കൂർ ഉള്ള ഈ യാത്രയ്ക്കായി 10 പേരുള്ള സംഘത്തിന് 1050 രൂപയാണ് ഫീസ്.

കതിർമുടിയിലേക്ക് ഒരു ദിവസം എടുക്കുന്ന യാത്രയാണ്. രാവിലെ പോയി വൈകീട്ട് തിരിച്ചുവരുന്ന രീതിയിലാണ് യാത്ര. അഗസ്ത്യകൂട താഴ്വാരത്തെ ആദിവാസി ഊരുകളിലൂടെ വനസൗന്ദര്യം നുകർന്ന് ദിവസം ചെലവിടാം. ഭാഗ്യമുണ്ടെങ്കിൽ ആന, കാട്ടുപോത്ത്, മാനുകൾ, മലയണ്ണാൻ, സിംഹവാലൻ കുരങ്ങ് തുടങ്ങിയവയെയും കാണാനാകും.

Kappukadu 3
കാപ്പുകാട് ദൃശ്യം | ഫോട്ടോ: മാതൃഭൂമി

10 പേരുള്ള ടീമിന് 3150 രൂപയാണ് അടയ്‌ക്കേണ്ടത്. രണ്ട് യാത്രകൾക്കും സഞ്ചാരികൾ ഭക്ഷണം കരുതണം. ഒരു മാസത്തിനകം അഞ്ചുനാഴികത്തോട് സവാരിയും ആരംഭിക്കും. എല്ലാ യാത്രകൾക്കും സഞ്ചാരികൾക്ക് ഇക്കോ കമ്മിറ്റിയുടെ ഗൈഡുകളുടെ സേവനവും ലഭിക്കും. കാപ്പുകാട് തങ്ങിയുള്ള ഉല്ലാസത്തിനും സൗകര്യമുണ്ട്. എ.സി.യുള്ളതും, അല്ലാത്തതുമായ കോട്ടേജുകൾ ഇവിടെയുണ്ട്.

എങ്ങനെയെത്താം

തലസ്ഥാനത്ത് നിന്ന്‌ 34 കിലോമീറ്റർ സഞ്ചരിച്ച് കാട്ടാക്കട കോട്ടൂർ വഴി കാപ്പുകാടെത്താം. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ-8547602964. കാപ്പുകാട് വനം വകുപ്പിന്റെ ഇൻഫർമേഷൻ സെന്റർ ഫോൺ-7025006757 നമ്പറിലോ ബന്ധപ്പെടാം.

യുവാക്കൾക്കുൾപ്പെടെ ജില്ലയിൽ പെട്ടെന്ന് വാഹനത്തിൽ എത്തിപ്പെടാൻ കഴിയുന്ന വിനോദ സഞ്ചാര കേന്ദ്രമെന്ന നിലയിലാണ് കാപ്പുകാട് പരിഗണിക്കുന്നത്. പ്രകൃതിയെ അടുത്തറിയാൻ എല്ലാത്തരത്തിലുമുള്ള സൗകര്യങ്ങൾ ഇവിടെയുണ്ട്.

-കിരൺ സി.എസ്. (സഞ്ചാരി)

ഞാനുൾപ്പെടെയുള്ള സഞ്ചാരികൾ മനസിന് ഉല്ലാസത്തിനായി ഇടയ്ക്കിടെ എത്തുന്ന ഇടമാണ്. സകുടുംബം എത്തുന്നവരാണേറെയും. ഇവിടം അന്താരാഷ്ട്ര നിലവാരത്തിൽ വികസിപ്പിക്കാൻ തീരുമാനിച്ച സർക്കാരിന് അഭിനന്ദനം.

-ജി.സതീശ് കുമാർ (സാമൂഹിക പ്രവർത്തകൻ).

Content Highlights: Kappukaadu, Elephant Rehabilitation Centre, Thiruvananthapuram, Kerala Tourism