15-ാം നൂറ്റാണ്ടില്‍ കാപ്പാട് കടപ്പുറത്ത് കപ്പലില്‍ വന്നിറങ്ങുമ്പോള്‍ വാസ്‌കോ ഡ ഗാമയുടെ കണ്ണുകളില്‍ വിരിഞ്ഞ അതേ അദ്ഭുതമാണ് ഇന്ന് കാപ്പാട് ബീച്ച് കാണുമ്പോള്‍ ഓരോ സഞ്ചാരിയുടെയും മുഖത്ത് തെളിയുക. കാപ്പാട് പഴയ കാപ്പാടുതന്നെ, പക്ഷേ ബീച്ച് പഴയ ബീച്ചല്ല. വൃത്തിയുള്ള വെള്ള മണല്‍പ്പരപ്പ്, നീലാകാശം കണ്ണാടി നോക്കുന്ന കടല്‍, കടല്‍ക്കാറ്റിന്റെ കഥകള്‍ കേട്ടിരിക്കാന്‍ ഭംഗിയുള്ള ഇരിപ്പിടങ്ങള്‍, വ്യൂ ടവറുകള്‍, നടപ്പാതകള്‍, കുടിലുകള്‍. ഒരു പുതിയ തീരം!
മുഖം മിനുക്കി മോടി കൂട്ടി കാപ്പാട് കടല്‍ത്തീരം കോഴിക്കോടിന് അഭിമാനമാകുകയാണ്. അത്രയ്ക്കും മാറിയിരിക്കുന്നു ഈ ചരിത്രതീരം. ലോകത്തിലെ ഏറ്റവും മികച്ച ബീച്ചുകളെ തിരഞ്ഞടുക്കുന്ന പദ്ധതിയായ ബ്ലൂ ഫ്‌ളാഗ് പ്രോഗ്രാമിന്റെ കീഴില്‍ കാപ്പാട് ബീച്ചും ഉള്‍പ്പെട്ടിരിക്കുകയാണ്. അതിന്റെ ഭാഗമായി ബീച്ച് പ്രകൃതിസൗഹാര്‍ദപരമായി മോടികൂട്ടുന്ന തിരക്കിലാണ് അധികൃതര്‍. ഡെന്മാര്‍ക്കിലെ കോപ്പന്‍ഹേഗന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷന്‍ ഫോര്‍ എന്‍വയോണ്‍മെന്റല്‍ എഡ്യൂക്കേഷനാണ് ബ്ലൂ ഫ്‌ളാഗ് പ്രോഗ്രാമിന് നേതൃത്വം നല്‍കുന്നത്. അന്താരാഷ്ട്രതലത്തിലുള്ള 33 മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള ബീച്ചുകളെയാണ് പദ്ധതിയിലൂടെ ഫൗണ്ടേഷന്‍ തിരഞ്ഞെടുക്കുന്നത്. അതില്‍ കേരളത്തില്‍ നിന്നും ഇടംനേടിയ ഒരേയൊരു ബീച്ചാണ് കാപ്പാട്. ഇന്ത്യയില്‍ നിന്ന് 12 ബീച്ചുകളാണ് പട്ടികയിലുള്ളത്.
കണ്ണൂര്‍ റൂട്ടില്‍ കോഴിക്കോട് ടൗണില്‍ നിന്നും ഏകദേശം 20 കിലോമീറ്ററുണ്ട് കാപ്പാടിലേക്ക്. കണ്ണൂരേക്ക് കുതിച്ചുപായുന്ന ഒരു സ്വകാര്യ ബസ്സില്‍ തിരുവങ്ങൂരിലേക്ക് ടിക്കറ്റെടുത്തു. ഉച്ച മായാറായ സമയം. ചെറിയൊരു മയക്കത്തിന്റെ അകമ്പടിയോടെ തിരുവണ്ണൂരില്‍ ചെന്നിറങ്ങി. ഓട്ടോ പിടിച്ച് കാപ്പാട് ബീച്ചിലെത്തി.
പണ്ട് സ്‌കൂള്‍ ടൂറിന്റെ ഭാഗമായാണ് കാപ്പാട് സന്ദര്‍ശിച്ചത്. ബീച്ചിലേക്ക് കടക്കുന്നതിനുമുന്‍പായി വാസ്‌കോഡഗാമ ഇവിടെ വന്നിറങ്ങിയതിന്റെ ഓര്‍മയ്ക്കായി സ്ഥാപിച്ച സ്തൂപം കാണാം. പതിവ് തെറ്റിക്കാന്‍ പാടില്ലല്ലോ. സ്തൂപത്തിനൊപ്പം ഒരു സെല്‍ഫിയും പകര്‍ത്തി ബീച്ചിലേക്ക് നടന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം ഈ പ്രദേശത്തിന്റെ മുഖംതന്നെ മാറിയിരിക്കുന്നു. അത്യാധുനിക സൗകര്യങ്ങളോടെ ബീച്ചും സമീപപ്രദേശവും അന്താരാഷ്ട്ര നിലവാരത്തില്‍ പുനര്‍നിര്‍മിച്ചുകൊണ്ടിരിക്കുകയാണ്. അതിനായുള്ള പണികള്‍ അതിവേഗത്തില്‍ നടക്കുന്നു.

പദ്ധതിയുടെ ഭാഗമായി ദിവസേന ബീച്ചും പരിസരവും വൃത്തിയാക്കുന്നുണ്ട്. അതിനോടൊപ്പം 500 മീറ്ററോളം നീണ്ടുകിടക്കുന്ന നടപ്പാത ജോഗ്ഗിങ് ട്രാക്കായി മാറും. രണ്ട് വ്യൂടവര്‍, ഹട്ടുകള്‍, സീ ബാത്തിങ്ങിനായുള്ള കംഫര്‍ട്ട് സ്റ്റേഷന്‍, ഓപ്പണ്‍ ഷവര്‍, പാര്‍ക്കിങ് ഏരിയ, കഫറ്റീരിയ തുടങ്ങിയ ആധുനിക സൗകര്യങ്ങളും ഏര്‍പ്പെടുത്തുന്നുണ്ട്. പ്രകൃതി സൗഹാര്‍ദ അന്തരീക്ഷം തങ്ങി നില്‍ക്കുന്ന കാപ്പാട് ബീച്ച് ഇതിനോടകം സഞ്ചാരികളുടെ പറുദീസയായി മാറിക്കഴിഞ്ഞു. സൊസൈറ്റി ഓഫ് ഇന്റഗ്രേറ്റഡ് കോസ്റ്റല്‍ മാനേജ്‌മെന്റിനാണ് കാപ്പാട് ബീച്ചിനെ മോടി പിടിപ്പി ക്കുന്നതിനുള്ള ചുമതല. മുളകൊണ്ട് കെട്ടിയുണ്ടാക്കിയ വ്യൂ ടവര്‍ കാണാനെന്തൊരു ചേല്. ത്രിപുരയില്‍ നിന്നും കൊണ്ടുവന്ന 20 വര്‍ഷം ഗ്യാരന്റിയുള്ള പ്രത്യേകയിനം മുളകൊണ്ടാണ് ഹട്ടുകളും ന്യൂടവറുമെല്ലാം നിര്‍മിച്ചിരിക്കുന്നത്.
ഭംഗിയുള്ള ചെറിയ ഇരിപ്പിടങ്ങളില്‍ സൊറപറഞ്ഞിരിക്കുന്നവര്‍. അഞ്ഞൂറുമീറ്ററോളം ഇന്റര്‍ലോക്ക് ചെയ്‌തെടുത്ത നടപ്പാതയിലൂടെ തെളിഞ്ഞ നീലക്കടല്‍ കണ്ട് ആസ്വദിച്ച് നടക്കാം. സണ്‍ബാത്തിനാണ് ബീച്ച് കൂടുതല്‍ ഊന്നല്‍ കൊടുക്കുന്നത്. ബ്ലൂ ഫ്‌ളാഗ് പദവി ലഭിക്കുന്നതോടെ വിദേശികളടക്കമുള്ള സഞ്ചാരികള്‍ ഇവിടെ കടല്‍ നീരാട്ടിനെത്തും. അതിനായുള്ള ഓപ്പണ്‍ ഷവര്‍ സൗകര്യമെല്ലാം ഇതിനോടകം ഒരുക്കിക്കഴിഞ്ഞു. വൈകുന്നേരത്തെ ബീച്ചിലെ കാഴ്ചകള്‍ നവ്യാനുഭവമാണ്. പഞ്ചാര മണലും നീലക്കടലും പുളിമുട്ടും പരസ്പരം കഥകള്‍ പങ്കുവയ്ക്കുന്നു. അതിനടുത്തായി മീന്‍വേട്ടക്കാര്‍ ബോട്ടുകളുമായി പതിയെ തുഴഞ്ഞകലുന്നു.

പൂര്‍ണമായും പ്രകൃതി സൗഹാര്‍ദ്ദ വസ്തുക്കള്‍ ഉപയോഗിച്ചാണ് ബീച്ചിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. അതിന് കൃത്യമായ മേല്‍നോട്ടവും വഹിക്കുന്നുണ്ട്. ദിവസേന ബീച്ചും പരിസരവും വൃത്തിയാക്കാന്‍ പ്രത്യേക സ്റ്റാഫുകളുമുണ്ട്. നാല് പുളിമുട്ടുകള്‍ നിര്‍മിച്ചതിനാല്‍ തിരകള്‍ പൊതുവേ കുറവാണ്. അതുകൊണ്ട് കുടുംബമായി ഒരുദിവസം അടിച്ചുപൊളിക്കാനും കടലില്‍ ഒരു കുളി പാസ്സാക്കാനും കാപ്പാടേക്ക് ധൈര്യമായി വരാം.
തിരുവണ്ണൂരില്‍ നിന്നും രണ്ടു കിലോമീറ്ററാണ് ബീച്ചിലേക്ക്. അവിടെ നിന്നും ഒരു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കാപ്പാട് കടപ്പുറത്തെത്താം. അതായത് വാസ്‌കോ ഡ ഗാമ കപ്പലിറങ്ങിയ ഇടം. തൂവപ്പാറയെന്ന പേരിലറിയപ്പെടുന്ന പാറക്കെട്ടുകളാണ് കാപ്പാട് കടപ്പുറത്തെ പ്രധാന ആകര്‍ഷണം. 1498 - മേയ് 27 ന് 170 നാവികരുമായി വാസ്‌കോ ഡ ഗാമ ഇവിടെ കപ്പലിറങ്ങിയെന്ന് ചരിത്രം പറയുന്നു. ഇന്ത്യയും യൂറോപ്പും തമ്മിലുള്ള ബന്ധത്തിന്റെ തുടക്കമായി അത് മാറി. സാമൂതിരിമാരായിരുന്നു അന്ന് മലബാര്‍ ഭരിച്ചിരുന്നത്. സുഗന്ധവ്യഞ്ജനങ്ങള്‍ക്കും കാലിക്കോ പട്ടുതുണികള്‍ക്കും പ്രശസ്തമായിരുന്നു അക്കാലത്ത് മലബാര്‍. ഇത് വെള്ളക്കാരെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നതിന് കാരണമായി. ഭാരതത്തിന്റെ ഭാവി മാറ്റിമറിച്ച വിദേശാധിപത്യത്തിന് നാന്ദികുറിച്ചത് ഈ കടല്‍ത്തീരത്തുനിന്നാണല്ലോ. പിന്നീടുള്ളത് പോരാട്ടങ്ങളുടെ ചരിത്രമാണ്.

തൂവപ്പാറയുടെ തൊട്ടടുത്തായാണ് ശ്രീ ഒറുപൊട്ടംകാവ് ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വൈകുന്നേരങ്ങളില്‍ കാറ്റിന്റെ ചൂളംവിളിയും തിരമാലകളുടെ നേര്‍ത്ത ഇരമ്പലും ക്ഷേത്രത്തില്‍ നിന്നുയരുന്ന ഗീതികളും ചേര്‍ന്ന് ഇവിടം സംഗീതസാന്ദ്രമാകുന്നു. രണ്ടുദിവസമായി തിമിര്‍ത്തുപെയ്യുന്ന മഴ കാരണം പാറക്കൂട്ടങ്ങള്‍ മിനുങ്ങുന്നു. നല്ല വഴുക്കലുണ്ട്. കടലിലേക്ക് സഞ്ചാരികള്‍ വീഴാതിരിക്കാനായി ഇപ്പോള്‍ പാലയ്ക്ക് ചുറ്റും സംരക്ഷണ വേലികളുണ്ട്. വൈകുന്നേരമാണ് ഇവിടം സന്ദര്‍ശിക്കാന്‍ പറ്റിയ സമയം, കാപ്പാട് ബീച്ചിനേക്കാള്‍ ഏറെ ആഴമുണ്ട് ഇവിടത്തെ കടല്‍ത്തീരത്തിന്. എപ്പോഴും ലൈഫ് ഗാര്‍ഡിന്റെ സംരക്ഷണത്തിലാണ് കാപ്പാട് കടപ്പുറം.
വാങ്ങാം
വിദേശികളെ ആകര്‍ഷിക്കാന്‍ ഖാദി ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കടകള്‍ കാപ്പാടുണ്ട്. കാപ്പാട് സന്ദര്‍ശിക്കുമ്പോള്‍ അവ ഷോപ്പിങ്ങിനായി പരിഗണിക്കാം. രാവിലെയും വൈകുന്നേരവും പ്രദേശവാസികളായ മീന്‍പിടുത്തക്കാര്‍ വലയിട്ടുപിടിച്ച നല്ല പെടക്കണ മീന്‍ ചെറിയ വിലയ്ക്ക് സഞ്ചാരികള്‍ക്ക് വില്‍ക്കാറുണ്ട്. അതും പരീക്ഷിക്കാവുന്നതാണ്.
കഴിക്കാം
വലിയ ഹോട്ടലുകളോ കടകളോ കാപ്പാടില്ല. ചെറിയ തട്ടുകടകളും പെട്ടിപ്പീടികകളും മാത്രമേ ഇവിടെയുള്ളൂ. അവിടെ നിന്നും ഉപ്പിലിട്ട മാങ്ങയും ക്യാരറ്റും കൈതച്ചക്കയും നെല്ലിക്കയുമൊക്കെ ആസ്വദിച്ച് കഴിക്കാം. ഒപ്പം കോഴിക്കോട്ടെ സ്‌പെഷ്യല്‍ ഐറ്റമായ ഐസ് ഒരതിയും പരീക്ഷിക്കാം. തേന്‍ മിഠായി, കടലമിഠായി, പുളിയച്ചാര്‍, പുളിപ്പൊടി, പല്ലുമ്മേലൊട്ടി പോലുള്ള ചെറിയ മിഠായികളും ഇത്തരം കടകളില്‍ കിട്ടും. കാര്യമായി ഭക്ഷണം കഴിക്കണമെങ്കില്‍ തിരുവങ്ങൂരിലോ പൂക്കാടോ കൊയിലാണ്ടിയിലോ പോകേണ്ടി വരും.
Kappad Beach
Kappad Beach has historically played an important role in the history of Kerala. On these shores, over 500 years ago in 1498, 170 men led by Vasco da Gama first stepped onto Kerala. The entire State, especially the Malabar Coast, would never be the same again. A visit to Kozhikode is incomplete without a visit to this legendary site. The spice route flourished through this Beach. A walk in and around the place gives one an idea of itshistorical relevance. The rocks and small hills add to its charm. The nearby shacks are always stocked with excellent local delicacies and tea. Migratory birds can be spotted occasionally as well. Kappad Beach is a truly majestic destination, which will always hold an important place in our history.
Getting There
By Air: Calicut International Airport (45 km) By Rail: The nearest railhead is Kozhikode, situated 16 km away from the Kappad Beach. By Road: There are regular buses plying between Kozhikode and Thiruvangoor. From Thiruvangoor you can hire an auto to Kappad beach. There are direct buses from Koyilandy to Kappad.
Sights Around : Iringal Craft Village . Kadalundi Bird Sanctuary • Pazhassiraja Museum Kozhikode Beach . Planetarium • Tali Tem ple • Krishna Menon Museum . Lokanarkavu Temple • Sand Banks
Stay: Vasco Da Gama Beach Resort, Kappad. © 0496 268 7509 Renai Kappad Beach Resort, Thoovappara. 0-0496 268 8777 Park Residency, Koyilandy. -0496 262 4642
Contact: The Secretary, District Tourism Promotion Council (DTPC), Mananchira, Kozhikode - 1,0 : +91-495-2720012
Useful link: www.keralatourism.org
Content Highlights: Kappad Beach, World's Most Beautiful Beach, Kozhikode Tourism, Kerala Tourism