ലയുടെ മഹാസൗന്ദര്യം ഇത്രയരികിലുണ്ടായിട്ടും ഇതുവരെ ഇവിടെ വന്നില്ലല്ലോയെന്നാണ് ആദ്യമെത്തുന്നവര്‍ക്ക് തോന്നുക. മഴക്കാലത്ത് വിനോദസഞ്ചാരത്തിനായി ഊട്ടിയും മൂന്നാറും പൊന്മുടിയുമെല്ലാം 
തേടിപ്പോകുന്ന വടക്കന്‍ മലബാറുകാര്‍ക്ക് അരികെയുള്ള പൈതല്‍മല ഇപ്പോഴും പരിചിതമായിവരുന്നതേയുള്ളൂ. ദിവസവും ശരാശരി 150 പേരാണ് ഇവിടെയെത്തുന്നത്. ആളെണ്ണം കുറവാണെങ്കിലും മണ്‍സൂണ്‍ ടൂറിസത്തിന്റെ ഒന്നാംനമ്പര്‍ ലക്ഷ്യസ്ഥാനമാണിതെന്ന് ഒരിക്കല്‍ പോയവര്‍ അടിവരയിടുന്നു. കുളിര്‍മയേകുന്ന കാലാവസ്ഥ വേനലിലും മഴയിലും പൈതല്‍മലയെ ഒരുപോലെ ആശാകേന്ദ്രമാക്കുന്നു. മുന്‍കാലത്തെ അപേക്ഷിച്ച് മഴക്കാലയാത്രക്കാര്‍ കൂടിവരുന്നുവെന്നാണ് കണക്ക്.

Paithalmala 2
പൈതല്‍മലയിലെ മുന്നൂര്‍കൊച്ചി വെള്ളച്ചാട്ടം. ചിത്രം പകര്‍ത്തിയത്: സാജു നടുവില്‍

മഴ തുടങ്ങിയതോടെ കോടമഞ്ഞും വരവായി. നിരന്തരം വന്നുപോകുന്ന കോടമഞ്ഞില്‍ ഇരുട്ടും വെളിച്ചവും മാറിമറിയുന്നു. തൊട്ടുമുന്നിലെ കാഴ്ചപോലും മാഞ്ഞുപോകുന്നു. കോടമഞ്ഞ് കൊടുമ്പിരിക്കൊള്ളുന്നതോടെ കാടും പുല്‍മേടുമെല്ലാം ഇരുട്ടിലാകും. പിന്നെ ഇരുണ്ടവഴിയിലൂടെയാവും നടത്തം. കോടമഞ്ഞ് അകലുമ്പോള്‍ വെളിച്ചം കടന്നുവരും. പകലും രാത്രിയും മാറിമാറിവരുന്ന പ്രതീതി. അങ്ങനെ കാനനഭംഗി ആസ്വദിച്ചും മഴകൊണ്ടും തണുപ്പേറ്റും നടക്കാന്‍ എന്തൊരു രസം.

രണ്ടായിരം ഏക്കറിലേറെ വിസ്താരമുള്ള കാടനുഭവമാണ് പൈതല്‍മല യാത്ര. ടിക്കറ്റെടുത്ത് കയറി രണ്ടു കിലോമീറ്ററോളം കാട് താണ്ടിയാല്‍ രണ്ടു വഴികളിലൊന്നിലേക്ക് തിരിയാം. ഇടതുവശത്തോട് ചേര്‍ന്ന് താഴെഭാഗത്ത് അതിവിശാലമായ പുല്‍മേടുകള്‍. മുകള്‍ഭാഗത്തേക്ക് തിരിഞ്ഞാല്‍ വീണ്ടും ഇടതിങ്ങിയ കാട്ടിലൂടെയുള്ള യാത്ര മലയുടെ ഉച്ഛസ്ഥാനം വരെ നീളും.

താഴെഭാഗത്തെ പുല്‍മേടിലൂടെയാണ് യാത്രയെങ്കില്‍ പച്ചവിരിച്ചുനില്‍ക്കുന്ന വഴിയിലൂടെ നടന്നുനീങ്ങാം. ഇരുവശത്തും ഇടതൂര്‍ന്നുനില്‍ക്കുന്ന പുല്‍ച്ചെടികള്‍. അഞ്ചടിയോളം ഉയരത്തില്‍ പുല്ല് വളര്‍ന്നിട്ടുണ്ടാകും. അരക്കിലോമീറ്ററോളം മുന്നോട്ടുനീങ്ങിയാല്‍ ആദ്യത്തെ വാച്ച്ടവറിലെത്താം. അവിടെനിന്ന് കര്‍ണാടകയിലെ കുടക് വനവും കണ്ണൂര്‍ നഗരവും വളപട്ടണം പുഴയുമെല്ലാം ദൃശ്യമാവും. കോടമഞ്ഞാണെങ്കില്‍ പുകപടലം മാത്രമായിരിക്കും കാണുക. വീണ്ടും ഇടതുവശം ചേര്‍ന്ന് 400 മീറ്റര്‍ മുന്നോട്ടുനടന്നാല്‍ 'ആത്മഹത്യാമുനമ്പി'ലെത്തും. അവിടെനിന്ന് അഴകിന്റെ താഴ്വാരങ്ങളിലേക്ക് കണ്ണോടിക്കാം. മലയുടെ ചെരിവും താഴ്ചയും പച്ചപ്പുമെല്ലാം പകരുന്ന പ്രകൃതിരമണീയമായ കാഴ്ചകള്‍ കണ്ടുമടങ്ങാം.

Paithalmala 3
മഴയില്‍ പച്ചപ്പണിഞ്ഞ പൈതല്‍മല

ഇതിലുമേറെ വിസ്മയിപ്പിക്കുന്നതാണ് മലയുടെ അഗ്രഭാഗത്തേക്കുള്ള കാട്ടുയാത്ര. അഞ്ചുകിലോമീറ്ററിലേറെ വീണ്ടും നടക്കണം പൈതല്‍മലയുടെ ഉച്ചിയിലെത്താന്‍. വൈതല്‍ക്കോന്‍ രാജാവ് കഴിഞ്ഞത് മലയുടെ ഏറ്റവും മുകളിലാണെന്ന് പറയപ്പെടുന്നു. വൈതല്‍ക്കോന്റെ സങ്കേതമായിരുന്നതിനാല്‍ ഇതിനെ വൈതല്‍മലയെന്നും വിളിച്ചിരുന്നു. അന്നത്തെ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ അവിടെയുണ്ട്. പൈതല്‍മലയ്ക്ക് സമുദ്രനിരപ്പില്‍നിന്ന് 1372 മീറ്റര്‍ ഉയരമുണ്ട്. അവിടെനിന്ന് വടക്കേ മലബാറിലെയും കര്‍ണാടകവനത്തിലെയും വിദൂരക്കാഴ്ചകള്‍ കൂടുതല്‍ തെളിമയോടെ കാണാം. പൈതല്‍മലയുടെ പടിഞ്ഞാറുഭാഗത്തുനിന്ന് വെള്ളച്ചാട്ടവും ആസ്വദിക്കാം. ആലക്കോട്-കാപ്പിമല വഴി വരുന്നവര്‍ക്ക് മഞ്ഞപ്പുല്ലില്‍നിന്നുള്ള പ്രവേശനകവാടത്തിലൂടെയും പൈതല്‍മലയിലെത്താം.

എങ്ങനെ പോകാം

നാലുവര്‍ഷംമുമ്പുവരെ ഇവിടെ നിയന്ത്രണമൊന്നുമുണ്ടായിരുന്നില്ല. ഇത് മുതലെടുത്ത സാമൂഹ്യവിരുദ്ധര്‍ മദ്യവും പ്ലാസ്റ്റിക് കുപ്പികളുമായി വനത്തിനുള്ളിലേക്ക് കയറി പൈതല്‍മലയെ മാലിന്യക്കൂമ്പാരമാക്കി. വനംവകുപ്പിന്റെ വാച്ച്ടവറുകളും മറ്റും തകര്‍ത്തു. തുടര്‍ന്ന് വനം-വിനോദസഞ്ചാര വകുപ്പുകള്‍ ചേര്‍ന്ന് വ്യക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെയാണ് ഇക്കോ ടൂറിസത്തിന്റെമികവുറ്റ കേന്ദ്രമായി പൈതല്‍മല മാറിയത്.

കണ്ണൂരില്‍നിന്ന് 64 കിലോമീറ്റര്‍ ദൂരമുണ്ട് പൈതലിലേക്ക്. കണ്ണൂര്‍-തളിപ്പറമ്പ്-നടുവില്‍-കുടിയാന്മല-പൊട്ടന്‍പ്ലാവ് റൂട്ടില്‍ വഞ്ചിയംകവല വരെ ബസ്സില്‍ വരാം. അവിടെനിന്ന് രണ്ടുകിലോമീറ്റര്‍ നടന്നോ സ്വകാര്യവാഹനത്തിലോ പൈതല്‍മലയുടെ പ്രവേശനകവാടത്തിലെത്താം. രാവിലെ ഒന്‍പതുമുതല്‍ വൈകിട്ട് നാലുവരെയാണ് പ്രവേശനം. 30 രൂപ ഫീസ്. ദീര്‍ഘദൂരം നടക്കാനുള്ളതിനാല്‍ ഭക്ഷണവും വെള്ളവും കരുതുന്നതാണ് ഉത്തമം. എന്നാല്‍, പ്ലാസ്റ്റിക് വനത്തിനകത്തേക്ക് കടത്തില്ല. പൈതല്‍മലയ്ക്കുസമീപം ഡി.ടി.പി.സി.യുടെയും സ്വകാര്യ ഉടമസ്ഥതയിലുമുള്ള റിസോര്‍ട്ടുകളുണ്ട്.

 

മഴയില്‍ കുളിച്ച് റാണി

Karakkund
കാരക്കുണ്ട് വെള്ളച്ചാട്ടം

മഴനനഞ്ഞ് കുളിരണിയാന്‍ റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിലെത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. മാനിമലയുടെ പച്ചപ്പും സൗന്ദര്യവും മഴയില്‍ നനഞ്ഞ് കണ്‍കുളിര്‍ക്കെ കാണാന്‍ ഞായറാഴ്ച മാത്രമെത്തിയത് 1171 സഞ്ചാരികള്‍. അടുത്ത അവധി ദിവസങ്ങളില്‍ സഞ്ചാരികളുടെ എണ്ണത്തില്‍ ഇനിയും വര്‍ധനയുണ്ടാകുമെന്നാണ് വനം വകുപ്പ് അധികൃതര്‍ കരുതുന്നത്.

മുന്‍കാലങ്ങളിലെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചാണ് ഈ വര്‍ഷം മഴക്കാലമാസ്വദിക്കാന്‍ വിനോദസഞ്ചാരികള്‍ കൂട്ടത്തോടെ

Kanjirakkolli
കാഞ്ഞിരക്കൊല്ലി വെള്ളച്ചാട്ടം. ചിത്രം: ആദര്‍ശ് കീരിയാട്‌

റാണിപുരത്തേക്ക് എത്താന്‍ തുടങ്ങിയത്. ഇവിടത്തെ മണ്‍സൂണ്‍ ടൂറിസത്തിന്റെ സാധ്യത തിരിച്ചറിഞ്ഞതോടെയാണ് സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായത്. മഴ കനത്തതോടെ കടുത്ത വേനലില്‍ കരിഞ്ഞുണങ്ങിയ മാനി പുല്‍മേട് പച്ചപ്പണിഞ്ഞ് സഞ്ചാരികള്‍ക്ക് വിസ്മയ ക്കാഴ്ച ഒരുക്കിയിട്ടുണ്ട്.

അപൂര്‍വ സസ്യങ്ങളും ചിത്രശലഭങ്ങളും ഉരഗങ്ങളും വന്യമൃഗങ്ങളുമുള്ള കാടിന്റെ വന്യതയില്‍ കോടയുടെ തണുപ്പറിയാനും നേര്‍ത്തുപെയ്യുന്ന മഴയില്‍ നനയാനുമായാണ് സമുദ്രനിരപ്പില്‍നിന്ന് 1049 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന കേരളത്തിന്റെ ഊട്ടിയെ തേടി സഞ്ചാരികള്‍ എത്തുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമടക്കം സഞ്ചാരികള്‍ എത്താന്‍ തുടങ്ങിയെങ്കിലും ആവശ്യത്തിന് സൗകര്യമില്ലാത്തത് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. വനാതിര്‍ത്തിയോടുചേര്‍ന്നുള്ള ടിക്കറ്റ് കൗണ്ടറിനുസമീപം സഞ്ചാരികള്‍ക്ക് ഇരിപ്പിടമോ മഴവന്നാല്‍ നനയാതിരിക്കാനുള്ള മേല്‍ക്കൂരയോ ഇല്ലാത്തത് സഞ്ചാരികള്‍ക്ക് വലിയ ദുരിതമാകുന്നുണ്ട്.

മൊബൈല്‍ ഫോണിന് കവറേജില്ലാത്തതും യാത്രാസൗകര്യങ്ങളുടെ അപര്യാപ്തതയും സഞ്ചാരികള്‍ക്ക് ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇത്തരം കാര്യങ്ങളില്‍ പരിഹാരമുണ്ടാക്കാനുള്ള നീക്കം വനം വകുപ്പ്-പഞ്ചായത്ത് അധികൃതര്‍ തുടങ്ങിയിട്ടുണ്ട്.

റാണിപുരത്തേക്കെത്താന്‍

കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതയില്‍ പനത്തടിയിലെത്തി 10 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ റാണിപുരത്തെത്താം. രാവിലെ എട്ടുമണി മുതല്‍ അഞ്ചുമണിവരെയാണ് വനത്തിനകത്തെ മാനിമല പുല്‍മേട്ടിലേക്ക് പ്രവേശനം.

മുതിര്‍ന്നവര്‍ക്ക് 30 രൂപയും കുട്ടികള്‍ക്ക് 15 രൂപയുമാണ് പ്രവേശന ഫീസ്. പൂര്‍ണമായും വനംവകുപ്പിന്റെ കീഴിലാണ് ഇവിടം.

 

Content Highlights: Paithalmala Travel, Kanjirakkolli Waterfalls, Karakkund Waterfalls, Kannur Tourists Spots