പയ്യന്നൂര്‍: പരിസ്ഥിതിക്ക് യാതൊരു ദോഷവും വരുത്താതെ സഞ്ചാരികളെ ആകര്‍ഷിച്ച് കാനായി കാനം. കാനത്തിന്റെ തെളിനീരൊഴുക്കില്‍ ഉല്ലസിക്കാനും അപൂര്‍വ സൗന്ദര്യം നുകരാനും സഞ്ചാരികളെ കാത്ത് കാനം ഒരുങ്ങി. ദിനംപ്രതി നൂറുകണക്കിനാളുകള്‍ എത്തുന്ന കാനം സംസ്ഥാന സര്‍ക്കാറിന്റെ വിനോദ സഞ്ചാര കുതിപ്പിന് പുത്തനുണര്‍വാണേകുക.

പയ്യന്നൂരില്‍നിന്ന് പത്ത് കിലോമീറ്റര്‍ ദൂരത്തില്‍ കോറോം എന്‍ജിനീയറിങ് കോളേജിന് സമീപത്താണ് കാനായി കാനം വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. സഞ്ചാരികളുടെ മനസ്സിനെ ആനന്ദഭരിതമാക്കുന്ന ഉല്ലാസകേന്ദ്രമാണിത്. കിലോമീറ്ററുകളോളം ചെങ്കല്‍ പാറകള്‍ക്കിടയിലൂടെ ഒഴുകിയെത്തുന്ന കാനായി കാനം ഉത്ഭവിക്കുന്നത് വിശാലമായ പാറപ്പരപ്പില്‍നിന്നാണ്.

കാടിന്റെ കുളിരും വെള്ളച്ചാട്ടത്തിന്റെ വശ്യതയുമാണ് സഞ്ചാരികളെ കാനത്തേക്ക് ആകര്‍ഷിക്കുന്ന മുഖ്യ ഘടകങ്ങള്‍. അപൂര്‍വങ്ങളായ സസ്യങ്ങളാലും ജീവ വര്‍ഗങ്ങളാലും സമ്പന്നമാണിവിടം. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ദൃശ്യവിരുന്ന് ആസ്വദിക്കാന്‍ ദിവസേന നിരവധിപേരാണെത്തുന്നത്.

കാനം ഉള്‍പ്പെടുന്ന പ്രദേശങ്ങളെ വേലികെട്ടി സംരക്ഷിക്കാനും പ്രകൃതിസൗന്ദര്യം നഷ്ടപ്പെടുത്താതെ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാനുള്ള തീവ്ര ശ്രമത്തിലാണ് പയ്യന്നൂര്‍ നഗരസഭ. ജലസാന്നിധ്യം ഇല്ലാതാക്കുന്ന ക്വാറികളെ നിയന്ത്രിക്കാനുള്ള കര്‍ശന നടപടി കൈക്കൊണ്ടാല്‍ കാനം വിനോദസഞ്ചാര ഭൂപടത്തില്‍ ഇടംനേടുമെന്ന കാര്യത്തില്‍ സംശയമില്ല.

കാനം ഒഴുകുന്ന സമീപപ്രദേശങ്ങള്‍ സ്വകാര്യ വ്യക്തികളില്‍നിന്ന് ഏറ്റെടുക്കുകയും ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയുംചെയ്യുന്നത് കൂടുതല്‍ വിനോദ സഞ്ചാരികളെ ഇവിടത്തേക്ക് ആകര്‍ഷിക്കും.

Content Highlights: kanayi kanam attracts tourist, without any harm to environment