പേരില്‍തന്നെ കാടിനെ ഒളിപ്പിച്ച കക്കാട് ഇക്കോടൂറിസം കോഴിക്കോട് ജില്ലയിലെ അധികമാരും അറിയാത്ത എന്നാല്‍ അപൂര്‍വമായ ഒരു വിനോദസഞ്ചാരകേന്ദ്രമാണ്. കോഴിക്കോട്ടെ ഈങ്ങാപ്പുഴയ്ക്കടുത്ത് കൂമ്പന്‍മലയുടെയും അത്തിക്കോട് മലയുടെയും താഴ്വാരത്താണ് ഈ വിനോദസഞ്ചാര കേന്ദ്രം സ്ഥിതി ചെയ്യുന്നത്. പുഴയിലെ നീരാട്ടും വെള്ളച്ചാട്ടവും ട്രെക്കിങ്ങും കാട്ടരുവികളും നീര്‍ച്ചോലകളും ഔഷധസസ്യങ്ങളും വന്യജീവികളും പറവകളുമെല്ലാം വ്യത്യസ്തമായ കാഴ്ചകള്‍ സമ്മാനിക്കുന്നു 

രാവിലെ പത്തുമണിയോടെ ഈങ്ങാപ്പുഴയില്‍ നിന്ന് രണ്ടരകിലോമീറ്റര്‍ അകലെയുള്ള കക്കാടേക്ക് യാത്ര തുടങ്ങി. ഈങ്ങാപ്പുഴയില്‍നിന്ന് കാക്കവയല്‍ റോഡിന് പോകുമ്പോള്‍ മാപ്പിളപ്പറമ്പില്‍നിന്നും ഇടത്തോട്ടുള്ള റോഡുവഴി സഞ്ചരിച്ചാല്‍ ഇക്കോ ടൂറിസം കേന്ദ്രത്തില്‍ എത്തിച്ചേരാം. പോകുന്ന വഴിയില്‍ കക്കാടേക്കുള്ള വഴികാണിക്കുന്ന ഒരു സൂചനാബോര്‍ഡുപോലും കണ്ടില്ല. സാധാരണ എവിടെച്ചെന്നാലും തുരുമ്പിച്ച് നിലംപൊത്താറായ ഒരു ബോര്‍ഡെങ്കിലും കാണാറുണ്ട്. ഒടുവില്‍ ഗൂഗിളിന്റെ സഹായം തേടി. ഇത്തിരി കറക്കിയാണെങ്കിലും പൊളിഞ്ഞുകിടന്ന റോഡിലൂടെ ഗൂഗിള്‍ മാപ്പ് കൃത്യമായി ലക്ഷ്യസ്ഥാനത്തെത്തിച്ചു. വലിയൊരു പ്രവേശനകവാടമൊന്നും ഇവിടെ കാണില്ല. ആകെയുള്ളത് നിലംപൊത്താറായ വനംവകുപ്പിന്റെ ഒരു ബോര്‍ഡ് മാത്രം. കക്കാടെത്തിയതും ഇളംതണുപ്പ് പൊതിഞ്ഞു. 

7

കക്കാട് ഇക്കോടൂറിസത്തിന്റെ മേല്‍നോട്ടം വനംവകുപ്പിനാണ്. പുതുപ്പാടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സുബൈറിനാണ് ഇക്കോ ടൂറിസത്തിന്റെ ചുമതല. കക്കാട് വനസംരക്ഷണസമിതിയുടെ സെക്രട്ടറിയും അദ്ദേഹമാണ്.  ടിക്കറ്റ് കൗണ്ടറിനടുത്ത് ചെറിയൊരു പാര്‍ക്കുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആനന്ദിക്കാവുന്ന അന്തരീക്ഷമാണ് പാര്‍ക്കില്‍. കുറച്ചുസമയം അവിടെ ചെലവഴിച്ചശേഷം കാട്ടിലേക്ക് നടന്നു. ഇക്കോടൂറിസത്തിലെ ഗൈഡുകളിലൊരാളായ സജിച്ചേട്ടന്‍ വഴികാണിക്കാന്‍ കൂടെവന്നു. രണ്ട് രണ്ടര മണിക്കൂര്‍ നടക്കാനുണ്ട്. മുകളിലെത്തുമ്പോഴേക്കും വിശക്കും. മാത്രമല്ല മഴക്കാലമായതുകൊണ്ട് നല്ല അട്ടകടിയുമുണ്ടാകും. അതുകൊണ്ട് ഉപ്പും ബിസ്‌കറ്റുമെല്ലാം മേടിച്ചിട്ട് യാത്ര തുടങ്ങാമെന്ന് അദ്ദേഹം പറഞ്ഞു. അട്ടയുണ്ട് എന്നുകേട്ടപ്പോഴേ പകുതി രക്തം ആവിയായിപ്പോയി. 

6

ചുറ്റും മരങ്ങളാലും വള്ളിപ്പടര്‍പ്പുകളാലും സമ്പന്നമാണ് പ്രദേശം. വികൃതിക്കുട്ടന്മാര്‍ക്ക് ടാര്‍സനെയും മൗഗ്ലിയെയും പോലെ തൂങ്ങിയാടി വിലസി നടക്കാം. കല്ലിട്ട പാതയിലൂടെ നടന്ന് ആദ്യമെത്തിയത് ഒരു ചെറിയ അണക്കെട്ടിലാണ്. കുടുംബത്തോടൊപ്പം വന്ന് നീന്തിത്തുടിക്കാവുന്ന തരത്തില്‍ സുരക്ഷിതമായാണ് അണക്കെട്ടിന്റെ നിര്‍മിതി. അണക്കെട്ട് നിറഞ്ഞ് നൂലുപോലെ വെള്ളമൊഴുകുന്നു. ഷൂസാണ് കാലില്‍. അണക്കെട്ട് കടക്കാതെ മുന്നോട്ട് പോകാനാവില്ല. ഷൂസഴിച്ച് നടക്കാമെന്ന് കരുതിയെങ്കിലും അട്ടകളെ പേടിച്ച് ഷൂസ് നനയ്‌ക്കേണ്ടി വന്നു. ആദ്യ വെള്ളച്ചാട്ടമായ തോണിക്കുടിയിലേക്ക് നടന്നു. 

5

2015 ഓഗസ്റ്റ് മാസത്തിലാണ് കക്കാട് ഇക്കോടൂറിസം സന്ദര്‍ശകര്‍ക്ക് വിസ്മയമൊരുക്കിത്തുടങ്ങുന്നത്. ഫോറസ്റ്റ് ഓഫീസറായിരുന്ന ശിവശങ്കറാണ് ഇക്കോടൂറിസത്തിന്റെ സാധ്യതകള്‍ യാഥാര്‍ഥ്യമാക്കുന്നതിനായി മുന്‍കൈ എടുത്തത്്. ഒമ്പത് വെള്ളച്ചാട്ടങ്ങളും തടാകങ്ങളും ട്രെക്കിങ്ങും കക്കാടിനെ സഞ്ചാരികളുടെ ഇഷ്ടയിടങ്ങളിലൊന്നാക്കുന്നു. രാവിലെ ഒന്‍പതുമുതല്‍ വൈകീട്ട് അഞ്ചുവരെയാണ് പ്രവേശനസമയം. 30 രൂപയാണ് പ്രവേശന ഫീസ്. മിക്ക സഞ്ചാരികളും കക്കാടെത്തി അണക്കെട്ട് കണ്ട് തിരിച്ചുപോകുകയാണ് പതിവ്. എന്നാല്‍ അതിനുമുന്നോട്ടുള്ള പല വെള്ളച്ചാട്ടങ്ങളും ഇന്നും കാട്ടിനുള്ളിലെ നിധികണക്കേ കക്കാടില്‍ മൂടിയിരിപ്പാണ്. ആന, കാട്ടുപന്നി, കലമാന്‍, കാട്ടാട്, കൂരന്‍, സിംഹവാലന്‍ കുരങ്ങ്, കരിമന്തി തുടങ്ങിയവയുടെ സാന്നിധ്യവും കക്കാടിലുണ്ട്. വസന്തകാലമാകുന്നതോടെ ആയിരക്കണക്കിന് ചിത്രശലഭങ്ങള്‍ കക്കാടിന്റെ കാടകത്ത് വസന്തോത്സവം നടത്തും. സസ്യങ്ങളെപ്പറ്റിയുള്ള പഠനങ്ങള്‍ സ്ഥിരമായി ഇവിടെ നടക്കാറുണ്ട്. അതുപോലെ പരിസ്ഥിതി ക്ലബ്ബുപോലെയുള്ള സംഘങ്ങള്‍ കുട്ടികളുടെ ക്യാമ്പുകളും സംഘടിപ്പിക്കാറുണ്ട്. ഔഷധസസ്യങ്ങളുടെ വലിയ ശേഖരവും ഇവിടെയുണ്ട്.

വെള്ളച്ചാട്ടങ്ങള്‍ക്കു പുറമേ കൂമ്പന്‍മലയിലേക്കും അത്തിക്കോട് മലയിലേക്കുമുള്ള ട്രെക്കിങ്ങാണ് കക്കാടിന്റെ മറ്റൊരു പ്രത്യേകത. എന്നാല്‍ അത് മഴക്കാലത്ത് സാധ്യമല്ല. വേനല്‍ക്കാലത്ത് ആഴ്ചയിലൊരു ദിവസമാണ് ട്രെക്കിങ് നടക്കാറുള്ളത്. ചുരുങ്ങിയത് പത്തുപേരെങ്കിലുമുള്ള സംഘത്തിനാണ് യാത്ര അനുവദിക്കുന്നത്. അതിനായി മുന്‍കൂട്ടി ബുക്ക് ചെയ്യുകയും വനംവകുപ്പില്‍ നിന്ന് പ്രത്യേക അനുവാദം വാങ്ങുകയും വേണം. ഒരു ദിവസം രാവിലെ പത്തുമണിയോടെ മലകയറാന്‍ തുടങ്ങിയാല്‍ പിറ്റേന്ന് രാവിലെ മാത്രമേ തിരിച്ചെത്തൂ. ഭക്ഷണവും താമസവുമുള്‍പ്പെടെ ഒരാള്‍ക്ക് 1500 രൂപയാണ് ടിക്കറ്റ് നിരക്ക്. അതിനുപുറമെ ടിക്കറ്റ് കൗണ്ടറില്‍നിന്നും 100 രൂപയുടെ ട്രെക്കിങ് ഫീസും അടയ്ക്കണം.  

4

ഇതിനിടിയില്‍ തന്നെ അട്ട കാലില്‍ കയറി രക്തമൂറ്റിത്തുടങ്ങിയിരുന്നു. രക്തം കുടിച്ച് സുഖിച്ച അട്ടയുടെ മേലേക്ക് അല്‍പ്പം ഉപ്പുവിതറിയതോടെ ആശാന്‍ തലകുത്തനെ താഴെവീണു. ചവിട്ടിക്കൊല്ലാന്‍ തോന്നിയില്ല. ഒന്നുമില്ലെങ്കിലും ഞങ്ങള്‍ തമ്മില്‍ ഇപ്പോളൊരു രക്തബന്ധമില്ലേ!അരമണിക്കൂര്‍ നേരത്തെ നടത്തത്തിനുശേഷം ആദ്യ വെള്ളച്ചാട്ടമായ തോണിക്കുഴിയിലെത്തി. മഴക്കാലമായതിനാല്‍ ജീവന്‍ തുടിക്കുന്ന വെള്ളച്ചാട്ടമായിരുന്നു അത്. തോണിക്കുഴിയുടെ ഒരു വശത്തൂടെ ചെങ്കുത്തായ മലയുടെ അരികിലൂടെ അള്ളിപ്പിടിച്ച് മെല്ലെ നടന്നു. കാലൊന്നു തെറ്റിയാല്‍ അലറിവിളിച്ചൊഴുകുന്ന കക്കാട് പുഴയിലേക്ക് വീഴും. കക്കാട് പുഴയാണ് വെള്ളച്ചാട്ടങ്ങളുടെ അമ്മ. 

തോണിക്കുഴിയില്‍നിന്ന് നേരെയെത്തിയത് കാര്‍ഗില്‍ തടാകത്തിലാണ്. കാര്‍ഗിലോ ഇതെന്താ ഇങ്ങനൊരു പേര്? ഒന്നു ശരിക്കും നോക്കിക്കേ ചുറ്റുപാടും... കാര്‍ഗില്‍പോലെ തോന്നിക്കുന്നില്ലേയെന്ന് സജിച്ചേട്ടന്‍ ചോദിച്ചു. ശരിയാണ്, കേരളത്തില്‍ കണ്ടുവരാത്ത പ്രത്യേകതരം ഭൂപ്രദേശമായിട്ടാണ് കാര്‍ഗില്‍ തടാകമുള്ളത്. എന്തായാലും പേര് കലക്കി. അത്ര വലിയ വെള്ളച്ചാട്ടങ്ങള്‍ ഒന്നും അവകാശപ്പെടാനില്ലാത്ത പ്രദേശമാണ് കക്കാട്. എന്നാല്‍ കുളിക്കാനും ആര്‍ത്തുല്ലസിക്കാനും ഇത്തരം ചെറിയ വെള്ളച്ചാട്ടങ്ങളാണ് നല്ലത്, സുരക്ഷിതം. കാര്‍ഗില്‍ തടാകത്തില്‍ നിന്നും പുലിപ്പാറ വെള്ളച്ചാട്ടത്തിലേക്ക് വെച്ചുപിടിച്ചു. അപ്പോഴേക്കും ചെറുതായി കിതച്ചുതുടങ്ങി. വഴിയിലാകെ വഴുക്കലാണ്. എങ്ങനെ ഈ പാറകളിലൂടെ നടന്നുപോകുമെന്ന് ചിന്തിക്കുമ്പോഴേക്കും സജിച്ചേട്ടന്‍ പുഴയിലേക്കിറങ്ങി അതിനടിയില്‍നിന്നും കുറച്ച് മണലെടുത്ത് പോകാനുള്ള പാറയിലേക്ക് വാരിവിതറി. ഇതൊരു ടെക്നിക്കാണ്. എത്ര വഴുക്കലിച്ച പ്രദേശത്തും മണല്‍ വിതറിയാല്‍ കാലുകള്‍ തെന്നില്ല. 

2

പാറയിലൂടെ പതിയെ നടന്ന് അടുത്ത വെള്ളച്ചാട്ടമായ മണല്‍ക്കുഴി വെള്ളച്ചാട്ടത്തിലെത്തി. ഒന്നുകണ്ട് മനസ്സ് നിറയുമ്പേഴേക്കും അതിനേക്കാളും വശ്യത മേനിയിലൊളിപ്പിച്ച് അടുത്ത വെള്ളച്ചാട്ടം മുന്‍പിലെത്തുകയാണ്. മണല്‍ക്കുഴി വെള്ളച്ചാട്ടവും അതിനടുത്തുള്ള തടാകവും പ്രത്യേക പരിഗണനയുള്ള ഇടമാണ്. സ്ത്രീകള്‍ക്ക് വേണ്ടിയുള്ളതാണിത്. നൂറുശതമാനം സുരക്ഷയാണ് ഇവിടെ അധികൃതര്‍ തരുന്നത്. വെള്ളത്തിനടിയില്‍ മണല്‍നിറഞ്ഞുനില്‍ക്കുന്നതിനാല്‍ കല്ലിലോ മരക്കൊമ്പിലോ കാലുടക്കി മുറിയുകയുമില്ല. മണല്‍ക്കുഴിയിലേക്കൊന്നും സന്ദര്‍ശകര്‍ എത്താറില്ല. അവര്‍ക്ക് താഴെയുള്ള അണക്കെട്ടുതന്നെ ധാരാളം. 134 ഹെക്ടര്‍ വനഭൂമിയില്‍ വ്യാപിച്ചുകിടക്കുന്ന കക്കാട് ഇക്കോ ടൂറിസം മുഴുവനായി കണ്ടാസ്വദിക്കണമെങ്കില്‍ രണ്ടുദിവസമെങ്കിലും വേണം. ഇക്കോ ടൂറിസത്തിന്റെ കീഴില്‍ നിലവിലുള്ള പ്രദേശങ്ങള്‍ സന്ദര്‍ശിക്കണമെങ്കില്‍ ഏതാണ്ട് ഒരു ദിവസവും. കക്കാടിന്റെ സുഖശീതളിമയില്‍ സര്‍വവും മറന്ന് മെയ്യും മനസ്സും പ്രകൃതിയിലലിഞ്ഞു.

പിന്നീട് ആനക്കുഴി, പാത്തിക്കുഴി, വഞ്ചിക്കുഴി എന്നീ വെള്ളച്ചാട്ടങ്ങളും കാട്ടിലൂടെയുള്ള വഴിയില്‍ നവ്യാനുഭവമേകി. അപ്പോഴേക്കും ക്ഷീണവും ദാഹവുമെല്ലാം തലപൊക്കിത്തുടങ്ങി. വെള്ളം വാങ്ങാന്‍ മറന്നത് അപ്പോഴാണ് ഓര്‍ത്തത്. മനുഷ്യന്‍ സ്പര്‍ശിക്കാത്ത ഇത്രയും പരിശുദ്ധമായ വെള്ളം മുന്നിലൂടെ കുത്തിയൊഴുകുമ്പോള്‍ എന്തിനാണ് കുപ്പിവെള്ളം. ബാഗെല്ലാം കരയില്‍വെച്ച് കക്കാട് പുഴവെള്ളം കോരിക്കുടിച്ചു. വെള്ളത്തിനും രുചിയുണ്ട്. പ്രകൃതിയുടെ തെളിനീരിനോളം വരില്ല ഒരു പാനീയവും. 

3

ഞങ്ങളിരിക്കുന്നത് നരിപ്പാറ വെള്ളച്ചാട്ടത്തിനടുത്താണ്. നരിപ്പാറ വെള്ളച്ചാട്ടത്തിന് ഒരു പ്രത്യേകതയുണ്ട്. പുഴ രണ്ടുദിക്കില്‍ നിന്നും ശക്തമായി ഒഴുകി ഇവിടെ വന്നു പതിക്കുകയാണ്. രണ്ട് വെള്ളച്ചാട്ടങ്ങള്‍ ഒരു തടാകത്തിലേക്ക് വീഴുന്ന കാഴ്ച. ഏതാണ്ട് എല്ലായിടങ്ങളിലും സഞ്ചരിച്ചു. ഇനി ബാക്കിയുള്ളത് കക്കാട് ഇക്കോ ടൂറിസത്തിന്റെ പരിധി അവസാനിക്കുന്ന മൂപ്പന്‍കുഴി വെള്ളച്ചാട്ടമാണ്. അവിടേക്ക് തിരിക്കാമെന്ന് പറഞ്ഞപ്പോള്‍ സജിച്ചേട്ടന്‍ വിലക്കി. കാട്ടാനയുടെ വിഹാരകേന്ദ്രമാണവിടം. മൂപ്പന്‍കുഴി വെള്ളച്ചാട്ടം പതിക്കുന്ന തടാകത്തിന് ഇരുപതാള്‍ താഴ്ചയെങ്കിലുമുണ്ടാകുമത്രേ. 

1

തിരിച്ചിറങ്ങുമ്പോള്‍ അണക്കെട്ടില്‍ നിരവധിപേര്‍ നീന്തിത്തുടിക്കുന്നുണ്ടായിരുന്നു. സമയം ഉച്ചയായി പക്ഷേ, അത് വിശ്വസിക്കാനാവുന്നില്ല. സൂര്യകിരണം കാട്ടിനുള്ളിലേക്ക് പതിക്കുന്നില്ല, വന്മരങ്ങള്‍ തണലേകുന്നു. ഇത്രയും കാലം ഇവിടെ വരാതിരുന്നതില്‍ വിഷമം തോന്നി. അതെങ്ങനെയാ മുറ്റത്തെ മുല്ലയ്ക്ക് മണമില്ലല്ലോ. കക്കാട് ഇക്കോ ടൂറിസം ആസ്വദിക്കുന്നതിനൊപ്പം ഇതിനടുത്തായി കിടക്കുന്ന വനപര്‍വം, തുഷാരഗിരി വെള്ളച്ചാട്ടം എന്നീ പ്രദേശങ്ങളിലും പോയി യാത്ര എന്നുമോര്‍ക്കുന്ന ഒരനുഭവമാക്കി മാറ്റാം. മനസ്സില്ലാമനസ്സോടെയാണ് നരിപ്പാറയില്‍നിന്നും തിരിച്ചുനടന്നത്. കക്കാടിനോട് വിടചൊല്ലി മലയിറങ്ങുമ്പോഴും വെള്ളച്ചാട്ടത്തില്‍നിന്നും ചിതറിത്തെറിച്ച നീര്‍ത്തുള്ളികള്‍ ശരീരത്തോടൊട്ടിപ്പിടിച്ചിരിപ്പുണ്ടായിരുന്നു.

(മാതൃഭൂമി യാത്രയില്‍ പ്രസിദ്ധീകരിച്ചത്)

Content Highlights: Kakkad Eco Tourism in Kakkavayal ,Engapuzha, Kozhikode, Kerala Travel