കിഴക്കിന്റെ വെനീസാണ് ആലപ്പുഴ. ബ്രിട്ടീഷുകാരുടെ കാലത്ത് ആലപ്പി എന്നായിരുന്നു ഇവിടം അറിയപ്പെട്ടിരുന്നത്. നഗരമധ്യത്തിലൂടെ തലങ്ങും വിലങ്ങും ഓടുന്ന കനാലുകളും തോടുകളും അതിന് മുകളിലൂടെയുള്ള പാലങ്ങളുമാണ് ആലപ്പുഴയുടെ ഭംഗി കൂട്ടുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത്. 

ഏറ്റവും കൂടുതല്‍ ബോട്ടുകളും ഹൗസ് ബോട്ടുകളുമുള്ള കേരളത്തിലെ സ്ഥലം കൂടിയാണ് ആലപ്പുഴ. ആലപ്പുഴയിലും കുട്ടനാട്ടിലും എത്തുന്ന സഞ്ചാരിക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കായിലൂടെയും കനാലിലൂടെയുമുള്ള ബോട്ട് യാത്ര. കായല്‍ക്കാറ്റേറ്റ്, കായല്‍ സൗന്ദര്യം ആസ്വദിച്ചുകൊണ്ടുള്ള യാത്ര ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണ്. ഇടയ്ക്ക് എതിര്‍ദിശയില്‍ ധാരാളം കെട്ടുവള്ളങ്ങള്‍ ഇന്നാട്ടുകാരും മറുനാട്ടുകാരുമായ വിനോദസഞ്ചാരികളുമായി വരുന്നത് കാണാം.

 

ഒരുപാട് പ്രത്യേകതകളുള്ള സ്ഥലമാണ് കുട്ടനാട്. പ്രത്യേകിച്ച് കുട്ടനാട്ടില്‍ വരുന്ന ഒരാളും ഷാപ്പിലെ കറിയും കൂട്ടി ഭക്ഷണം കഴിക്കാതെ മടങ്ങിപ്പോവാറില്ല. കടുക് വറുത്തിട്ട് പുഴുങ്ങിയ കപ്പയ്ക്ക് മുകളില്‍ ചുവന്ന നിറത്തില്‍ മീന്‍ ചാര്‍ അങ്ങനെ വേറിട്ട് ഒഴുകി നില്‍ക്കും. കൂടെ ചുവക്കെ വറുത്തെടുത്ത് സവാള മുകളില്‍ വിതറിയിട്ട പൊടിമീനും കൂടിയായാല്‍ സംഗതി ഭേഷ്. ഏത് ഫൈവ് സ്റ്റാര്‍ ഭക്ഷണത്തിനുണ്ട് ഇത്രയും രുചി എന്ന് ആരായാലും ചോദിച്ചുപോകും. കുട്ടനാട് കാണാനെത്തുന്ന വിദേശ സഞ്ചാരികള്‍ കേരളത്തിന്റെ നാടന്‍ ഭക്ഷണം കഴിക്കാനെത്തുന്നത് ഇവിടങ്ങളിലാണ് എന്നറിയുമ്പോഴാണ് ഷാപ്പുകളുടെ യഥാര്‍ത്ഥ പവര്‍ മനസിലാവുക. ഫാമിലിയായി വന്നിരുന്ന് പോലും ഭക്ഷണം കഴിക്കാവുന്ന നിരവധി ഷാപ്പുകളുണ്ട് ഇന്ന് കുട്ടനാട്ടിലും പരിസര പ്രദേശങ്ങളിലും. 

കുട്ടനാട്ടിലൂടെ, പമ്പയാറിലൂടെ ജലസവാരി നടത്തുമ്പോള്‍ ശ്രദ്ധയില്‍പ്പെടുന്ന ഒരു കാര്യം പ്രദേശവാസികളുടെ പ്രധാന യാത്രാമാര്‍ഗം ബോട്ടുകളാണ് എന്നതാണ്. സര്‍ക്കാരിന്റെയും സ്വകാര്യവ്യക്തികളുടെയും ബോട്ടുകളും അതില്‍പ്പെടും. മറ്റു സ്ഥലങ്ങളില്‍ വീട്ടുമുറ്റത്ത് കാറും സ്‌കൂട്ടറുമെല്ലാം ഉള്ളതുപോലെ തന്നെയാണ് കുട്ടനാട്ടുകാരുടെ വീടുകളില്‍ വഞ്ചിയും ബോട്ടുകളും ഇടംപിടിച്ചിരിക്കുന്നത്. 1500-ല്‍പ്പരം ഹൗസ് ബോട്ടുകളാണ് ആലപ്പുഴ, കുട്ടനാട് ഭാഗങ്ങളില്‍ സര്‍വീസ് നടത്തുന്നത്. പ്രദേശത്തെ ആളുകളുടെ പ്രധാന ഉപജീവനമാര്‍ഗവും ഇത് തന്നെ.

 

ഒരുപാട് മലയാള സിനിമകള്‍ക്ക് പശ്ചാത്തലമായിട്ടുണ്ട് കൈനകരിയിലെ വട്ടക്കായല്‍. സൂര്യാസ്തമയം ആസ്വദിക്കാനായി കെട്ടുവള്ളങ്ങളില്‍ സഞ്ചാരികള്‍ തമ്പടിക്കുന്ന ഇടമാണിത്. അതുകൊണ്ട് തന്നെ ഹൗസ്‌ബോട്ട് ടെര്‍മിനലെന്നും ഈ പ്രദേശം അറിയപ്പെടുന്നു. ഡി.ടി.പി.സിയുടെ ഒരു ബോട്ട് ജെട്ടിയും ഇവിടെയുണ്ട്. കൈനകരിയില്‍ ബോട്ടിറങ്ങിയാല്‍ കാണുക പായ്ക്കപ്പലുപോലെ ഒരു നിര്‍മിതിയാണ്. ഉച്ചസമയങ്ങളില്‍ ഇവിടേക്ക് വന്നാല്‍ നല്ല ചൂടായിരിക്കും. ആ സമയത്ത് പായ്ക്കപ്പലുപോലുള്ള ഇതിനകത്തേക്ക് നിന്നാല്‍ ചൂടനുഭവപ്പെടുകയേ ഇല്ല. പലഭാഗത്ത് നിന്നും വരുന്ന കാറ്റിനെ ചെറുത്തുത്തുനിര്‍ത്തുന്ന തരത്തിലാണ് ഇതിന്റെ നിര്‍മാണം എന്നതിനാലാണ് ചൂടുതോന്നാത്തത്. 

പക്ഷേ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കേരളത്തെയാകെ മുക്കിയ പ്രളയം കുട്ടനാടിന്റെ വിനോദസഞ്ചാരമേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ട്. എന്നിരുന്നാലും ഓരോ തവണ വരുമ്പോഴും കുട്ടനാടിന്റെ ഓരോ ഭാവമാണ് സഞ്ചാരികള്‍ക്ക് കാണാനാവുക.

 

കപ്പ ടി.വിയില്‍ ട്രാവല്‍ ജേണലിസ്റ്റ് റോബി ദാസ് നടത്തുന്ന ഓപ്പണ്‍ റോഡില്‍ നിന്ന്

Content Highlights: Kainakari Travel, Vattakkayal Travel, Open Road, Kerala Tourists Spots