ശില്‍പി രാജീവ് അഞ്ചലിനൊപ്പം ജടായു എര്‍ത്ത് സെന്ററിലെ വിശേഷങ്ങള്‍ കാണാം - Video Part 1

പര്‍വതാരോഹണം ഉള്‍പ്പെടെയുള്ള സാഹസികവിനോദങ്ങള്‍ ചേരുന്ന ജടായു അഡ്വഞ്ചര്‍ പാര്‍ക്ക് - Revealing Jatayu Earth's Centre - Part 2

ലോകസഞ്ചാരികള്‍ക്കിടയില്‍ ഇനി കേരളം അറിയപ്പെടുന്നത് ഈ ജടായുശില്‍പത്തിലൂടെ ആയിരിക്കും! സമുദ്രനിരപ്പില്‍ നിന്ന് 700 അടിയോളം ഉയരമുള്ള പാറയുടെ മുകളില്‍, അഞ്ചു നില കെട്ടിടത്തിന്റെ വലിപ്പത്തില്‍ പണിതുയര്‍ത്തിയ ശില്‍പത്തിന്റെ ചുവട്ടില്‍ നില്‍ക്കുമ്പോള്‍ എന്റെ മനസിലേക്ക് ഓടിയെത്തിയത് ഈയൊരു ചിന്തയാണ്. 

Jatayu Earth's Centre

സീതാദേവിയെ തട്ടിയെടുത്ത് ലങ്കയിലേക്ക് പറന്ന രാവണനെ തടഞ്ഞ ജടായു വെട്ടേറ്റുവീണ പ്രദേശം; ഈ ഐതിഹ്യത്തില്‍ നിന്നാണ് കേരളത്തിന്റെ വിനോദസഞ്ചാര മുഖമുദ്രയാകാന്‍ പോകുന്ന ശില്‍പത്തിന്റെ തുടക്കം. മലയാള സിനിമയെ ഓസ്‌കാര്‍ പടിവാതിലില്‍ എത്തിച്ച രാജീവ് അഞ്ചലിന്റെ ഒരു പതിറ്റാണ്ട് നീളുന്ന പ്രയത്‌നത്തിന്റെ ഫലമാണ് ലോകത്തിലെ ഏറ്റവും വലിയ ഈ പക്ഷിശില്‍പം. 

ഒപ്പം 65 ഏക്കറിലെ ജടായു എര്‍ത്ത് സെന്റര്‍ എന്ന അത്ഭുതലോകവും. നാലു മലകളിലായി, പല പല തട്ടുകളുള്ള പാറക്കെട്ടുകളില്‍ വിവിധതരം വിനോദസഞ്ചാര പരിപാടികള്‍ കോര്‍ത്തിണക്കിയിരിക്കുന്നു.

അവസാനവട്ട പണികള്‍ നടക്കുന്നതിനാല്‍ ജടായുപാറയില്‍ ഇപ്പോള്‍ പൊടിയും ബഹളവുമാണ്. എന്നാല്‍ പുരാണവും പുതുമയും സാഹസികതയും ശാന്തതയും ആനന്ദവും ആഘോഷവുമെല്ലാം അധികം വൈകാതെ ഇവിടേയ്ക്ക് ഓടിയെത്തും.

നോക്കെത്താ ദൂരത്തോളം നീണ്ടുകിടക്കുന്ന ചുറ്റുവട്ടക്കാഴ്ചകളും പ്രഭാതത്തിന്റെ കുളിരും; എത്തിച്ചേര്‍ന്നിരിക്കുന്നത് ഏതോ ഒരു ഹൈറേഞ്ചിലാണോ എന്ന് സംശയം. അല്ല, കൊല്ലം ജില്ലയിലെ ചടയമംഗലത്താണ്. അതും എംസി റോഡിന്റെ ഓരത്തുതന്നെ...

ജടായുവിന്റെ ലോകം ഇങ്ങനെ  

ഇത് ജടായു എര്‍ത്ത് സെന്റര്‍.  ഇടതു ചിറകറ്റ്, വലത് ചിറകുവിടര്‍ത്തി, കൊക്കും കാല്‍നഖങ്ങളും ഉയര്‍ത്തി കിടക്കുന്ന പക്ഷിശ്രേഷ്ഠന്റെ രൂപമാണ് ജടായു ഭൂമധ്യത്തിന്റെ മുഖമുദ്ര. ശില്‍പമെന്ന് വിശേഷിപ്പിക്കുമ്പോഴും 15,000 ചതുരശ്രഅടി വിസ്തീര്‍ണമുള്ള കെട്ടിടം കൂടിയാണിത്. ചിറകിനുള്ളില്‍ ജടായു  രാവണ യുദ്ധം അവതരിപ്പിക്കുന്ന സിക്‌സ് ഡി തിയറ്റര്‍, മുറികളില്‍ ത്രേതായുഗം അവതരിപ്പിക്കുന്ന ഓഡിയോ വിഷ്വല്‍ മ്യൂസിയം എന്നിങ്ങനെ വിഭാവനം ചെയ്തിരിക്കുന്നു. ഒന്നാമത്തെ മലയിലാണ് പക്ഷിശില്‍പം.

Jatayu Earth's Centre

ശില്‍പത്തിലേക്ക് സന്ദര്‍ശകരെ എത്തിക്കാന്‍ സ്വിറ്റ്‌സര്‍ലാന്‍ഡില്‍ നിന്ന് ഇറക്കുമതി ചെയ്ത കേബിള്‍ കാറുണ്ട്. മണിക്കൂറില്‍ 400 യാത്രികരെ മലമുകളില്‍ എത്തിക്കാന്‍ ശേഷിയുള്ള 16 കേബിള്‍ കാറുകള്‍. പുറംകാഴ്ചകള്‍ വിശാലമായി കാണാന്‍ പാകത്തിനുള്ള നിര്‍മിതികളാണ് അവ. 

ഡിസംബറോടെ സന്ദര്‍ശകര്‍ക്ക് ശില്‍പവും കേബിള്‍കാര്‍ യാത്രയും ആസ്വദിക്കാം. 

Jatayu Earth's Centre

Jatayu Earth's Centre

കാഴ്ചകളുടെ ലോകം അവിടെ അവസാനിക്കുന്നില്ല.

ശ്രീരാമന്റെ പാദമുദ്ര പതിഞ്ഞ ക്ഷേത്രവും ജടായുവിന്റെ ചുണ്ടുരഞ്ഞ് ഉണ്ടായ വറ്റാത്ത കുളവും. സ്വകാര്യഭൂമിയാണെങ്കിലും ജടായു സന്ദര്‍ശകര്‍ക്ക് ക്ഷേത്രദര്‍ശനത്തിനും അവസരമുണ്ട്.

Jatayu Earth's Centre

ജടായു എര്‍ത്ത് സെന്ററിലെ രണ്ടാമത്തെ മലയിലെ പാറക്കെട്ടുകള്‍ക്ക് ഇടയില്‍ ആയുര്‍വേദ ഗുഹാസമുച്ചയം. കവാടവും ബാല്‍ക്കണിയും ഒഴിച്ചാല്‍ മനുഷ്യനിര്‍മിതികള്‍ കുറവാണ്. സന്ദര്‍ശകര്‍ക്ക് പറന്നിറങ്ങാന്‍ ഹെലിപാഡും റെഡി. 

Jatayu Earth's Centre

എര്‍ത്ത് സെന്ററിലെ മൂന്നാമത്തെ മലയുടെ മുകളില്‍ വളര്‍ത്തിയെടുത്ത വനത്തിനുള്ളില്‍ കുടുംബത്തോടും കൂട്ടുകാര്‍ക്കുമൊപ്പം രാത്രി ചിലവഴിക്കാനുള്ള ക്യാമ്പും പിന്നാലെ കെട്ടിപ്പൊക്കും. 

എര്‍ത്ത് സെന്ററിലെ നാലാമത്തെ മലയുടെ താഴ്‌വാരത്ത്, പര്‍വതാരോഹണം ഉള്‍പ്പെടെയുള്ള സാഹസികവിനോദങ്ങളുമായുള്ള സാഹസിക കേന്ദ്രം രണ്ടുമാസം മുമ്പ് തുറന്നു.

അങ്ങനെ, കേരളത്തിലെ വിനോദസഞ്ചാര വൈവിധ്യങ്ങളെല്ലാം ചിറകിന്‍കീഴിലൊതുക്കി പറന്നുയരാന്‍ ഒരുങ്ങുകയാണ് ജടായു...

രാജീവിന് ഓസ്‌കാറിലും വലിയ ബഹുമതിയാണ് ജടായു

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി, രാജീവ് അഞ്ചലിന്റെ താമസവും ശില്‍പത്തിനുള്ളില്‍ തന്നെയാണ്. തന്റെ സ്വപ്‌നപദ്ധതിക്കുവേണ്ടി രാവും പകലും ആ മലമുകളില്‍ ചിലവഴിക്കുകയാണ്. 

സ്ത്രീസുരക്ഷയ്ക്കു വേണ്ടി നില കൊണ്ട പക്ഷിശ്രേഷ്ഠന്‍ എന്നതാണ് ജടായുവിന്റെ കാലികപ്രസക്തി, രാജീവ് പറയുന്നു. ശില്‍പി എന്ന നിലയ്ക്ക് എനിക്ക് ലോകത്തോട് പങ്കുവെയ്ക്കുന്ന സന്ദേശവും അതാണ്.

rajiv anchal

കലാസംവിധായകനായതിനാല്‍ സങ്കല്‍പങ്ങള്‍ യാതൊരു കുറവുമില്ല. ഗുരു പോലൊരു സിനിമയില്‍ ഒരു താഴ്‌വര മുഴുവന്‍ നിര്‍മിച്ചെടുക്കുകയായിരുന്നു. സിനിമ പോലെ തന്നെയാണ് ഈ കലാസൃഷ്ടിയും. ഇതും ഒരു മാസീവ് കലാസംവിധാനമാണ്. സിനിമ കഴിയുമ്പോള്‍ സെറ്റ് പൊളിച്ചുകളയും, ഇത് കാലങ്ങളോളം നിലനില്‍ക്കും. വലിയൊരു അവസരമാണ് എനിക്ക് ജടായുപാറ നല്‍കിയത്. അനവധി സിനിമകള്‍ ചെയ്യുന്നതിലും വലിപ്പത്തിലാണ് ഇത് നിലനില്‍ക്കാന്‍ പോകുന്നതെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.

പ്രകൃതിയോട് ചേര്‍ന്നു നില്‍ക്കുന്ന, ഉത്തരവാദിത്തമുള്ള വിനോദസഞ്ചാരമാണ് ജടായു എര്‍ത്ത് സെന്ററില്‍ വിഭാവനം ചെയ്തിരിക്കുന്നത്. ലക്ഷക്കണക്കിന് മരങ്ങള്‍ പത്തുവര്‍ഷം കൊണ്ട് ഇവിടെ നട്ടുവളര്‍ത്തി. 15 ലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കാന്‍ ശേഷിയുള്ള മഴവെള്ള സംഭരണിയിലൂടെയാണ് പണി ആവശ്യങ്ങള്‍ക്കുള്ള വെള്ളം കണ്ടെത്തുന്നത്. 

rajiv anchal

സന്ദര്‍ശകര്‍ക്ക് ശില്‍പം തൊട്ടറിഞ്ഞ് അകവും പുറവും അനുഭവിക്കാം. ഭൂമിയുടെ ഹൃദയതാളം അനുഭവിക്കാം. വിവിധ വിഭാഗങ്ങളിലായി, എല്ലാ പ്രായത്തിലുള്ളവര്‍ക്കും ആസ്വദിക്കാന്‍ പാകത്തിനുള്ള വിനോദസഞ്ചാര കേന്ദ്രമായാണ് ജടായു എര്‍ത്ത് സെന്റര്‍ വിഭാവനം ചെയ്തിരിക്കുന്നത്.  

ഇന്‍ക്രെഡിബിള്‍ ഇന്ത്യയില്‍ ജടായു ചേര്‍ക്കപ്പെട്ടിരിക്കുന്നു. ദേശീയ ടൂറിസം റോഡ് ഷോകളില്‍ ഇനി ജടായു ശില്‍പവും കാണാം. ജടായു ശില്‍പം നാളെ കേരള ടൂറിസത്തിന്റെ ലോഗോ ആയെന്നും വരാം, രാജീവ് പ്രതീക്ഷ പങ്കുവെയ്ക്കുന്നു...

ഇപ്പോള്‍ ചെന്നാല്‍ എന്തെല്ലാം കാണാം?

ജടായു അഡ്വഞ്ചര്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു. കുറഞ്ഞത് 10 പേര്‍ അടങ്ങുന്ന സംഘങ്ങള്‍ക്കു മാത്രമേ പ്രവേശനം അനുവദിക്കൂ. 12 വയസില്‍ താഴെയുള്ളവര്‍ക്ക് പ്രവേശനമില്ല. ഒരു ദിവസം നീളുന്ന സാഹസിക പരിപാടികളാണ് അവിടെ ഒരുക്കിയിരിക്കുന്നത്. രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ സാഹസിക കേളികള്‍ ആസ്വദിക്കാം.

അഡ്വഞ്ചര്‍ സെന്ററിലെ സന്ദര്‍ശകര്‍ക്ക് വൈകുന്നേരം ശില്‍പത്തിലേക്ക് പോകാനും സൂര്യാസ്തമനം ആസ്വദിക്കാനും ഇപ്പോള്‍ അവസരമൊരുക്കുന്നുണ്ട്.

Jatayu Earth's Centre

ഇവിടെ പ്രവേശനം സാഹസികര്‍ക്കു മാത്രം

അമ്പെയ്ത്തും വെടിവെപ്പും നടത്തിയുള്ള വാംഅപ്പിലൂടെ അഡ്വഞ്ചര്‍ സെന്ററിലെ വിനോദങ്ങള്‍ ആരംഭിക്കുകയായി. 

പിന്നാലെ പ്രധാന ആകര്‍ഷണമായ റാപ്പെലിങ്. 45 അടി ഉയരമുള്ള പാറയുടെ മുകളില്‍ നിന്ന് കയറിലൂടെ ചാടിയിറങ്ങാം. ശരീരത്തില്‍ ബന്ധിപ്പിച്ച റാപ്പലിങ് റോപ്പില്‍ മുറുക്കിപ്പിടിച്ച് താഴേക്ക് ഒരു നോട്ടം; ആഴം കണ്ട് ഞെട്ടാത്തവര്‍ക്ക് ധീരതയ്ക്കുള്ള അവാര്‍ഡ് നല്‍കണമെന്നാണ് എന്റെയൊരു ഇത്. താഴെ ഇറങ്ങുന്നതോടെ ഈ ഭയം, ആത്മവിശ്വാസമായി രൂപാന്തരപ്പെടും. മൂന്നും നാലും തവണ റാപ്പെലിങ് ചെയ്ത ശേഷമാണ് സന്ദര്‍ശകരില്‍ ബഹുഭൂരിപക്ഷവും മടങ്ങാറെന്ന് സുരക്ഷാജീവനക്കാര്‍ പറഞ്ഞു.

jatayu earth centre

rapelling

jatayu adventure centre

പ്രദേശവാസികളായ ചെറുപ്പക്കാരാണ് ഇവിടുത്തെ സുരക്ഷാജീവനക്കാര്‍. ഉത്തരാഖണ്ഡില്‍ നിന്ന് പര്‍വതാരോഹണത്തില്‍ പ്രത്യേകം പരിശീലനം ലഭിച്ചവര്‍. 

കോട്ടകളുടെ അവശിഷ്ടങ്ങള്‍ക്ക് ഇടയിലൂടെ ഒളിപ്പോര് നടത്തുന്ന ഷൂട്ടിങ് ഗെയിമാണ് പെയിന്റ് ബോള്‍. വലയിട്ട് മൂടിയ വിശാലമായ യുദ്ധഭൂമിയിലെ സാഹസികവിനോദത്തില്‍, ജടായു എര്‍ത്ത് സെന്ററിന്റെ അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് ഡയറക്ടര്‍ ജയപ്രകാശും ഞങ്ങള്‍ക്കൊപ്പം കൂടി.

വര്‍ണത്തില്‍ ചാലിച്ച ചെറുവെടിയുണ്ടകള്‍ ഉതിര്‍ത്താണ് ശത്രുവിനെ ആക്രമിക്കുക. വെടിയേറ്റാല്‍ ദേഹം വര്‍ണശമ്പളമാകും. യുദ്ധഭൂമിയുടെ വിവിധഭാഗങ്ങളില്‍ ഒളിപ്പിച്ച കൊടികള്‍ സ്വന്തമാക്കുക എന്നതാണ് ലക്ഷ്യം. എന്നാല്‍ പെയിന്റ് ബോള്‍ അത്രയ്ക്ക് തമാശക്കളിയല്ല, ഹെല്‍മെറ്റോ ഗ്ലൗസോ മാറിയാല്‍ കണ്ണില്‍നിന്ന് പൊന്നീച്ച പറക്കും. എയര്‍ഗണ്ണില്‍ നിന്ന് തെറിക്കുന്ന പെയിന്റ് ബോളുകള്‍ക്ക് അതുപോലെ പ്രഹരശേഷിയുണ്ട്.

കളികഴിഞ്ഞ് ഇറങ്ങിയപ്പോള്‍ ഹോളിയുടെ പ്രതീതി. ദേഹമെല്ലാം വര്‍ണത്തില്‍ കുളിച്ചിരിക്കുന്നു.

ഒരു പാറയില്‍ നിന്ന് മറ്റൊരു പാറയിലേക്ക് കയറില്‍ ഊര്‍ന്നിറങ്ങുന്ന സിപ് ലൈന്‍, പാറയില്‍ കുത്തനെ പിടിച്ചുകയറുന്ന ബോള്‍ഡറിങ്, ചെരിഞ്ഞപാറയിലൂടെ ഫ്രീ ക്ലൈബിങ്, പാറയിടുക്കിലൂടെ കയറുന്ന ജൂമറിങ്, തുള്ളിക്കളിക്കുന്ന വെര്‍ട്ടിക്കല്‍ ലാഡര്‍ കയറ്റം, വലയിലൂടെ നുഴഞ്ഞുകയറുന്ന കമാന്‍ഡോ നെറ്റ്... സാഹസികതയുടെ എല്ലാ സാധ്യതകളും ജടായു അഡ്വഞ്ചര്‍ സെന്റര്‍ നിങ്ങള്‍ക്കു തുറന്നുതരും.

jatayu adventure centre

jatayu adventure centre

രണ്ട് കിലോമീറ്ററോളം പാറക്കെട്ടുകള്‍ക്ക് ഇടിയലൂടെ ട്രെക്കിങ്ങിലൂടെയാണ് പരിപാടികള്‍ അവസാനിക്കുക. 

ആശങ്കയൊന്നും വേണ്ട, അന്താരാഷ്ട്ര നിലവാരത്തിലുള്ള സുരക്ഷാമാനദണ്ഡങ്ങളാണ് പാലിക്കുന്നതെന്ന് ജയപ്രകാശ് ചൂണ്ടിക്കാട്ടുന്നു. ജീവനക്കാരെല്ലാം വിദഗ്ധ പരിശീലനം ലഭിച്ചവരാണ്. ഇന്ത്യയിലെ ഏറ്റവും വലിപ്പമേറിയ സസ്‌റ്റൈനബിള്‍ ടൂറിസം പദ്ധതിയാണിത്. കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ ടീം ബില്‍ഡിങ് ആക്ടിവിറ്റികള്‍ക്ക് ഏറ്റവും അനുയോജ്യമായ ഇടമാണ് ജടായു അഡ്വഞ്ചര്‍ സെന്ററെന്നും ജയപ്രകാശ് ചൂണ്ടിക്കാട്ടുന്നു. 

അറിഞ്ഞിരിക്കാന്‍

  • ഓണ്‍ലൈനിലൂടെ മാത്രമാണ് ജടായു എര്‍ത്ത് സെന്ററിലേക്ക് പ്രവേശനം
  • for enquiry Call  +914742477077, +919072588713
  • websites - www.jatayuearthscentre.com, www.jatayuadventurecentre.com

എങ്ങനെ എത്താം?

തിരുവനന്തപുരം  കൊട്ടാരക്കര റൂട്ടില്‍, എംസി റോഡിന്റെ അരികില്‍ തന്നെയാണ് ജടായു എര്‍ത്ത് സെന്ററിലേക്കുള്ള പ്രവേശനം. സൂപ്പര്‍ഫാസ്റ്റ് ഉള്‍പ്പെടെ എല്ലാ ബസ്സുകളും നിര്‍ത്തുന്ന കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്ന് കഷ്ടിച്ച് ഒരു കിലോമീറ്റര്‍ ദൂരം കാണും.

കുറച്ച് ചരിത്രം

ഒരുകാലത്ത് എംസി റോഡിന്റെ നിര്‍മാണത്തിനായി പൂര്‍ണമായും പൊട്ടിക്കാനിരുന്നതാണ് ജടായുപാറ. അന്നത്തെ കൊല്ലം കളക്ടര്‍ ദേവേന്ദ്രസിങ്ങും കൊട്ടാരക്കര തഹസില്‍ദാര്‍ രാമചന്ദ്രന്‍ നായരും ജടായുപാറയുടെ സംരക്ഷണത്തിനായി രംഗത്തിറങ്ങി. 2004ല്‍ ഡിടിപിസിയുടെ തീര്‍ഥാടന ടൂറിസം ജടായുപാറയില്‍ ആരംഭിച്ചെങ്കിലും ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകാനായില്ല. അന്നത്തെ ടൂറിസം മന്ത്രി കെ.സി. വേണുഗോപാലിന്റെയും എംഎല്‍എ പ്രയാര്‍ ഗോപാലകൃഷ്ണന്റെയും ഇക്കോ ടൂറിസം ഡയറക്ടര്‍ കെ.ജി. മോഹന്‍ലാലിന്റേയും താത്പര്യപ്രകാരം അവിടൊരു ശില്‍പം നിര്‍മിക്കാന്‍ തീരുമാനിക്കുകയും അതിനായി കലാകാരന്‍മാരെ ക്ഷണിക്കുകയും ചെയ്തു. മത്സരത്തില്‍ ഒന്നാമനായ രാജീവ് അഞ്ചല്‍ അങ്ങനെ ജടായുവിന്റെ ശില്‍പിയായി.

തുടര്‍ന്ന് കോടിയേരി ബാലകൃഷ്ണന്‍ ടൂറിസം മന്ത്രിയായിരുന്ന ഘട്ടത്തില്‍ സ്ഥലം എംഎല്‍എ കൂടിയായിരുന്ന മന്ത്രി മുല്ലക്കര രത്‌നാകരന്റെയും ടൂറിസം സെക്രട്ടറി വി. വേണു ഐഎഎസ്സിന്റെയും പദ്ധതി പ്രകാരമാണ് ജടായു എര്‍ത്ത് സെന്റര്‍ ബി.ഒ.ടി. പ്രൊജക്ട് യാഥാര്‍ഥ്യമായത്. രാജീവ് അഞ്ചലിന്റെ ഗുരുചന്ദ്രിക എന്ന കമ്പനി ബി.ഒ.ടി. പ്രൊജക്ട് ഏറ്റെടുത്തു. രാജീവ് അഞ്ചല്‍ പ്രധാന സംരംഭകനായി ആരംഭിച്ച പദ്ധതിയിലേക്ക് നൂറോളം പ്രവാസി മലയാളികളും പങ്കാളികളായി.

വിനോദസഞ്ചാര വകുപ്പിന്റെ 65 ഏക്കര്‍ സ്ഥലത്ത് ബി.ഒ.ടി. അടിസ്ഥാനത്തില്‍ 30 വര്‍ഷത്തേക്കാണ് ജടായു എര്‍ത്ത് സെന്റര്‍ നടത്താനുള്ള അനുവാദം സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. 

ആദ്യമായി ഈ പദ്ധതിക്ക് വഴിസൗകര്യം നല്‍കിയ അന്തരിച്ച തോട്ടത്തില്‍ നാരായണപിള്ള, സ്ട്രച്ചറല്‍ എഞ്ചിനീയറായ അന്തരിച്ച ശ്രീകുമാരന്‍ നായര്‍ എന്നിവരുടെയും നാട്ടുകാരുടെയും പിന്തുണ ജടായുവിന്റെ സാക്ഷാത്കാരത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.