മൂന്നാര്‍: കാലവര്‍ഷം ചതിച്ചതിനെ തുടര്‍ന്ന് വറ്റിവരണ്ട മാട്ടുപ്പട്ടി അണക്കെട്ടിനടിയിലെ പഴയകാല കെട്ടിടാവശിഷ്ടങ്ങള്‍ വിനോദ സഞ്ചാരികകളുടെ പ്രധാന ആകര്‍ഷണകേന്ദ്രമായി. 

പതിനെട്ടാം നൂറ്റാണ്ടില്‍ മൂന്നാറില്‍ തേയിലകൃഷിക്കായി എത്തിയ ബ്രിട്ടീഷുകാര്‍ നിര്‍മിച്ച മാട്ടുപ്പട്ടി മാരിയമ്മന്‍ക്ഷേത്രം, ബ്രിട്ടീഷുകാരുടെ ബംഗ്‌ളാവുകള്‍, തൊഴിലാളി ലയങ്ങള്‍, മാട്ടുപ്പട്ടി ചന്ത എന്നിവയുടെ കെട്ടിടാവശിഷ്ടങ്ങളാണ് വെള്ളം ഇല്ലാതായതോടെ തെളിഞ്ഞുവന്നത്.

കൂടാതെ 1924-ലെ പ്രളയത്തില്‍ തകര്‍ന്ന മൂന്നാര്‍-കുണ്ടളവാലി മോണോറെയിലിന്റെ അവശിഷ്ടങ്ങളും ഇപ്പോള്‍ തെളിഞ്ഞുകാണാം. ഒന്നര നൂറ്റാണ്ട് മുന്‍പ് സിമന്റ് ഉപയോഗിക്കാതെ കല്ലുകളും ചുണ്ണാമ്പും ഉപയോഗിച്ച് നിര്‍മിച്ച കെട്ടിടങ്ങളുടെ ചുമരുകളാണ് ഇപ്പോഴും വലിയ കേടുപാടുകള്‍ ഇല്ലാതെ നില്‍ക്കുന്നത്.

1953-ലാണ് മാട്ടുപ്പട്ടി അണക്കെട്ടിന്റെ നിര്‍മാണം പൂര്‍ത്തിയായത്. ഡാമിന്റെ നിര്‍മാണം തുടങ്ങിയതോടെയാണ് തൊഴിലാളികളും അന്നത്തെ തോട്ടം മാനേജര്‍മാരായ ബ്രിട്ടീഷുകാരും ഈ കെട്ടിടങ്ങള്‍ ഉപേക്ഷിച്ച് സമീപപ്രദേശങ്ങളായ കുട്ടിയാര്‍, കുണ്ടള എന്നിവടങ്ങളിലേക്ക് താമസം മാറിയത്.

അണക്കെട്ടില്‍ വെള്ളം കുറഞ്ഞതോടെ ജൂണ്‍ ഒന്ന് മുതല്‍ മാട്ടുപ്പട്ടിയില്‍ ബോട്ടിങ് നിര്‍ത്തിവെച്ചിരിക്കുകയാണ്. എന്നാല്‍, സന്ദര്‍ശനത്തിനെത്തുന്ന സഞ്ചാരികള്‍ ഭൂരിഭാഗവും അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തെ പടിക്കെട്ടുകളിറങ്ങി താഴെയെത്തി നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശേഷിപ്പുകള്‍ കണ്ടാണ് മടങ്ങുന്നത്.

Content Highlights: Mattuppetty Dam, Kundala Dam, Munnar Tourism, Tourists Places Near Munnar