ടുക്കിയിൽ വന്നാൽ അണക്കെട്ടുകളും അവയൊരുക്കുന്ന കാഴ്ചകളും കണ്ടിരിക്കണം. ചെറുതോണി, ഇടുക്കി ഡാമുകൾ അതിൽ ഏറെ പ്രധാനപ്പെട്ടതാണ്. നമ്മൾ അതിജീവിച്ച പ്രളയകാലത്തേക്കുറിച്ചാണ് ഈ വഴിയിലൂടെ മുന്നോട്ടുപോവുമ്പോൾ ഓർമവരിക. മഴ കനത്ത ദിനങ്ങളിൽ വെള്ളം കുത്തിയൊലിച്ചപ്പോൾ തകരാതെ പിടിച്ചു നിന്ന പാലം പോകും വഴിയേ കാണാം. കനേഡിയൻ എഞ്ചിനീയറിങ് വൈദ​ഗ്ധ്യത്തിന്റെ നേർ സാക്ഷ്യമാണീ പാലം. 1960-കളിൽ ഇടുക്കി ആർച്ച് ഡാമിന്റെ നിർമാണത്തിനാവശ്യമായ സാധനങ്ങളെത്തിക്കാനായാണ് അന്ന് ഈ പാലം നിർമിച്ചത്. 

ചെറുതോണി അണക്കെട്ട്

അഞ്ച് ഷട്ടറുകളുണ്ട് ഈ ഡാമിന്. മഴകനത്ത് ഡാമിലെ ജലനിരപ്പ് പരിധി വിടുമ്പോൾ വെള്ളം കുത്തിയൊലിച്ചെത്തുന്ന വഴികൾ വ്യക്തമായി കാണാം. 2018 ഓ​ഗസ്റ്റ് മാസത്തിലെ പെരുമഴയിൽ ഡാം നിറഞ്ഞപ്പോൾ അഞ്ച് ഷട്ടറുകളും തുറന്നിരുന്നു. 1976-ലാണ് അണക്കെട്ടിന്റെ നിർമാണം നടക്കുന്നത്. ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനിയാണ് ഡാം നിർമിച്ചത്.  സമുദ്രനിരപ്പിൽ നിന്ന് 2400 ഉയരത്തിലാണ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. ഉയരത്തിന്റെ കാര്യത്തിൽ ഇന്ത്യയിൽ മൂന്നാം സ്ഥാനത്തുണ്ട് ചെറുതോണി അണക്കെട്ട്. 454 അടി ഉയരവും 2136 അടി നീളവുമാണ് അണക്കെട്ടിനുള്ളത്. പെരിയാർ നദിക്ക് കുറുകെയാണ് അണകെട്ടിയിരിക്കുന്നത്. ഒഴുക്കിന്റെ ആഴങ്ങളെ തടഞ്ഞുനിർത്തിയിരിക്കുന്ന ഭിത്തിയെ അടുത്തുകാണുമ്പോൾ വേറിട്ട അനുഭവമാകും അത്.

ഇടുക്കി ഡാം

ചെറുതോണി അണക്കെട്ടിനേക്കാൾ പ്രത്യേകതകളുണ്ട് ഇടുക്കി അണക്കെട്ടിന്. ആദ്യ കാഴ്ചയിൽത്തന്നെ ഇടുക്കി അണക്കെട്ടിന്റെ കൗതുകം തെളിയും. ഏഷ്യയിലെ ഏറ്റവും വലിയ ആർച്ച് ഡാം അഥവാ കമാന അണക്കെട്ടാണിത്. 1969-ൽ തുടങ്ങി 1973-ലാണ് ഡാമിന്റെ നിർമാണം പൂർത്തിയാകുന്നത്. സ്പിൽവേകളില്ല എന്നതും പ്രത്യേകതയാണ്.കുറവൻ മലയേയും കുറത്തിമലയേയും ബന്ധിപ്പിച്ചാണ് അണ കെട്ടിയിരിക്കുന്നത്. ഇടയിലൂടെയൊഴുകിയ പെരിയാറിലെ ജലം അണയിൽ തട്ടി നിൽക്കുന്നു. 839 മീറ്ററാണ്. കുറവൻമലയുടെ ഉയരം. കുറത്തിമലയുടേത് 925 മീറ്ററും. പെരിയാറിന് കുറുകേ 555 അടി ഉയരത്തിലാണ് അണക്കെട്ട് നിർമിച്ചിരിക്കുന്നത്.

(മാതൃഭൂമി ന്യൂസിൽ സംപ്രേഷണം ചെയ്യുന്ന മാതൃഭൂമി യാത്രയിൽ നിന്ന്. ട്രാവൽ ജേണലിസ്റ്റ് റോബിദാസ് ക്യാമറയും സംവിധാനവും നിർവഹിച്ച യാത്രാവിവരണത്തിന്റെ പൂർണരൂപം കാണാം)

Content Highlights: Idukki Dam, Cheruthoni Dam, Idukki Tourism, Kerala Tourism, Mathrubhumi Yathra