കൊച്ചി നഗരത്തിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്താണ് തേവര. ആദ്യകാലത്ത് ചേരാനല്ലൂര്‍ പഞ്ചായത്തില്‍ ഉള്‍പ്പെട്ടിരുന്ന ഈ പ്രദേശം പിന്നീട് എറണാകുളം മുനിസിപ്പാലിറ്റിയുടെ ഭാഗമായി. 1967-ലെ കേരളപ്പിറവി ദിനത്തില്‍ കൊച്ചി കോര്‍പ്പറേഷന്‍ നിലവില്‍വന്നപ്പോള്‍ തേവര, മഹാനഗരത്തിന്റെ ഭാഗമായി. വടക്ക് മട്ടമ്മല്‍ പാലം മുതല്‍ തെക്ക് തേവരഫെറി വരെ നീണ്ടുകിടക്കുന്ന നെടുനീളന്‍ ദ്വീപാണ് തേവര. വടക്ക് തേവരത്തോട്, തെക്ക് കുമ്പളംകായല്‍, കിഴക്ക് കോന്തുരുത്തിത്തോട്, പടിഞ്ഞാറ് കൊച്ചിക്കായല്‍. കൊച്ചിക്കാലിന്റെ കൈവഴിയാണ് തേവരത്തോട്.

നേര്‍വര പോലെ നീണ്ടുകിടക്കുന്ന പ്രദേശമായതുകൊണ്ട് പണ്ടെന്നോ ആളുകള്‍ ഇതിനെ 'നേര്‍വര' എന്ന് വിശേഷിപ്പിക്കുകയും അത് കാലാന്തരത്തില്‍ 'തേവര' എന്ന് കലാശിക്കുകയും ചെയ്തതാണ് എന്നൊരഭിപ്രായമുണ്ട്. പഴയ 'അഞ്ചിക്കയ്മള്‍ ദേശ'ത്തിന്റെ തെക്കേത്തല ആയതിനാല്‍ 'തെക്കേത്തല' എന്ന് പേരുണ്ടാവുകയും ക്രമേണ തെക്കേത്തല 'തേവര'യായി രൂപാന്തരപ്പെടുകയും ചെയ്തു എന്നാണ് മറ്റൊരഭിപ്രായം. 'വടക്കേത്തല'യാണ് ഇന്നത്തെ 'വടുതല'യായത്.

തേവരയില്‍ പണ്ട് നമ്പൂതിരിമനകള്‍ ഉണ്ടായിരുന്നു. മനകള്‍ ഉണ്ടായിരുന്ന പ്രദേശത്തിന് 'മനയത്ത്' എന്ന സ്ഥലപ്പേര് ഇപ്പോഴുമുണ്ട്. നമ്പൂതിരിമാര്‍ 'വച്ചുസേവ' നടത്തിയിരുന്ന ഒരു സ്വകാര്യക്ഷേത്രം ഇവിടെ ഉണ്ടായിരുന്നുവെന്നും 'തേവാരം' (ഈശ്വരസേവ) നടന്നിരുന്ന സ്ഥലത്തിന് 'തേവര' എന്ന് പേരുവീണു എന്നും മറ്റൊരു കഥ. 'ദൈവകാര്യം' എന്നതാണ് 'തേവാരം' ആയത്. (തമിഴ്നാട്ടില്‍ തേനി ജില്ലയില്‍ കേരള അതിര്‍ത്തിക്കടുത്ത് 'തേവാരം' എന്നൊരു സ്ഥലമുണ്ട്). ഇവിടെ കെട്ടിടംപണിയാന്‍ മണ്ണെടുത്തപ്പോള്‍ പഴയ ചില വിഗ്രഹാവശിഷ്ടങ്ങള്‍ കണ്ടുകിട്ടിയതായി പറയപ്പെടുന്നു. ഏതാണ്ട് ഒന്നര കിലോമീറ്റര്‍ നീളവും മുക്കാല്‍ കിലോമീറ്റര്‍ വീതിയുമാണ് ഈ നീളന്‍ദ്വീപിനുള്ളത്. ആദ്യം ജനവാസം കുറവായിരുന്നു... ഏകദേശം നൂറ്റമ്പത് വീട്ടുകാര്‍ മാത്രം. പെരുമാന്നൂരില്‍ കപ്പല്‍ശാലയ്ക്ക് സ്ഥലമെടുത്തപ്പോഴാണ് ആളുകള്‍ തേവരയ്ക്ക് കുടിയേറാന്‍ തുടങ്ങിയത്. ഇപ്പോള്‍ ഇവിടം ജനനിബിഡമാണ്. തേവരപ്പാലം തേവരയെ പെരുമാന്നൂരുമായി ബന്ധിപ്പിക്കുന്നു.

ആദ്യകാലത്ത് താമസക്കാരില്‍ ഭൂരിഭാഗവും കുടികിടപ്പുകാരായിരുന്നു... അധികവും ഈഴവ, അരയ, പുലയ സമുദായത്തില്‍പ്പെട്ടവര്‍. പിന്നീട് ക്രൈസ്തവരും എത്തി. നൂറ്റമ്പതോളം ആംഗ്ലോ ഇന്ത്യന്‍ കുടുംബങ്ങളുമുണ്ടിവിടെ. പരമ്പരാഗത വസ്ത്രമായ 'കെബായ' ധരിക്കുന്ന ഒട്ടേറെ ആംഗ്ലോ ഇന്ത്യന്‍ സ്ത്രീകള്‍ ഇപ്പോഴും ഇവിടെയുണ്ട്. ഇവര്‍ക്കായി 'കള്ളിമുണ്ട്' നെയ്യുന്ന ഒരു 'കൈത്തറിശാല' പണ്ടിവിടെ പ്രവര്‍ത്തിച്ചിരുന്നു. ഇവിടെ നിര്‍മിക്കുന്ന തുണി അറിയപ്പെട്ടിരുന്നത് 'തേവരത്തുണി' എന്നായിരുന്നു. 'പറങ്കികള്‍' തിങ്ങിപ്പാര്‍ക്കുന്നിടത്ത് 'മമ്മാഞ്ഞിമുക്ക്' എന്നൊരു സ്ഥലമുണ്ട്. 'അമ്മൂമ്മ' (ഗ്രാന്‍ഡ്മാ) എന്നതിന്റെ പുന്നാരപ്പേരാണ് 'മമ്മാഞ്ഞി'... പപ്പാഞ്ഞി (ഗ്രാന്‍ഡ്പാ) എന്നതിന്റെ സ്ത്രീലിംഗം.

ചുറ്റും പുഴകളും കായലും ഉള്ളതുകൊണ്ട് ജലസമൃദ്ധമായ തേവരയില്‍ കൃഷിയും മീന്‍പിടിത്തവുമായിരുന്നു ആദ്യകാലത്ത് മുഖ്യ ഉപജീവനമാര്‍ഗം. വിദ്യാഭ്യാസപരമായി പിന്നാക്കം നിന്നിരുന്നതിനാല്‍ അധികംപേരും കൂലിപ്പണിക്കാരായിരുന്നു. ആശാരിമാര്‍, കല്‍പ്പണിക്കാര്‍, വിവിധ കൈത്തൊഴിലുകാര്‍ എന്നിവരുമുണ്ടായിരുന്നു. കപ്പല്‍ശാല വന്നതോടെ വ്യവസായ തൊഴിലാളികളും ഉണ്ടായി.

തേവര മാര്‍ക്കറ്റ് പണ്ട് കാര്‍ഷിക വിഭവങ്ങള്‍ക്കും മത്സ്യത്തിനും പേരുകേട്ട വലിയ ചന്ത ആയിരുന്നു. പണ്ട് തൃപ്പൂണിത്തുറ കൊട്ടാരത്തിലെ ഒരു തമ്പുരാന്‍ 'ബിലാത്തി'യില്‍ പോയി മടങ്ങിവന്നപ്പോള്‍, അവിടെവച്ച് മാംസം തിന്നിട്ടുണ്ടാവും എന്ന സംശയത്താല്‍ കോവിലകത്ത് കയറുന്നത് വിലക്കിയപ്പോള്‍ അദ്ദേഹം തേവരയില്‍ വന്ന് വീടുവച്ച് ഏറെക്കാലം താമസിച്ചിരുന്നു എന്ന് പഴമക്കാര്‍ പറയുന്നു. തേവരയിലെ ആദ്യത്തെ സര്‍ക്കാരോഫീസ് എന്നു പറയാവുന്നത് 'അഞ്ചലാപ്പീസ്' ആയിരുന്നു. ഡോക്ടര്‍മാരില്ലാത്ത ആ പഴയകാലത്ത് നാട്ടുവൈദ്യന്മാരും മന്ത്രവാദികളുമായിരുന്നു രോഗികള്‍ക്ക് ആശ്രയം. 'മട്ടമ്മല്‍' എന്ന പരമ്പരാഗത വൈദ്യകുടുംബം പ്രസിദ്ധമായിരുന്നു. തേവരയിലെ 'മട്ടമ്മല്‍' എന്ന പ്രദേശത്തിന് ആ പേരുകിട്ടിയതും ഈ വൈദ്യകുടുംബത്തില്‍ നിന്നാണ്.

കൊല്ലവര്‍ഷം 1094-ല്‍ (1919) അയ്യന്‍ വൈദ്യരുടെ നേതൃത്വത്തില്‍ ആരംഭിച്ച ഭജനമഠമാണ് ഇന്നത്തെ മട്ടമ്മല്‍ സുബ്രഹ്മണ്യക്ഷേത്രം. ധീവരരുടെ 'സുധര്‍മ സൂര്യോദയ സഭ' വക ക്ഷേത്രവും തേവരയിലുണ്ട്... കത്തോലിക്കരുടെ സെയ്ന്റ് ജൂഡ് പള്ളിയും.

തേവരക്കാര്‍ പണ്ടൊക്കെ ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിന് ആശ്രയിച്ചിരുന്നത് എറണാകുളത്തെയും തൃപ്പൂണിത്തുറയെയും ആയിരുന്നു. 1907-ല്‍ സി.എം.ഐ. സഭക്കാര്‍ സ്ഥാപിച്ച 'തിരുഹൃദയ ആശ്രമം' വക പ്രാഥമിക വിദ്യാലയമാണ് പിന്നീട് തേവര 'സേക്രഡ് ഹാര്‍ട്ട് ഹൈസ്‌കൂള്‍' ആയി രൂപാന്തരപ്പെട്ടത്. 'സേക്രഡ് ഹാര്‍ട്ട് കോളേജ്' ആരംഭിച്ചത് 1944-ലാണ്. ആരംഭകാലത്ത് ഇത് മദ്രാസ് സര്‍വകലാശാലയുടെ കീഴിലായിരുന്നു. കൊച്ചി രാജ്യത്തെ കലാലയങ്ങള്‍ അന്ന് മദ്രാസ് സര്‍വകലാശാലയോടാണ് അഫിലിയേറ്റ് ചെയ്തിരുന്നത്.

ധീവര സമുദായ പരിഷ്‌കര്‍ത്താവും തൊഴിലാളി നേതാവും നിയമസഭാ സാമാജികനുമായിരുന്ന പി.കെ. ഡീവര്‍ (19011990) തേവരയിലാണ് ജനിച്ചത്. പി. കൃഷ്ണന്‍ എന്ന തന്റെ പേര് അദ്ദേഹം പി. കൃഷ്ണന്‍ ധീവരന്‍ എന്നാക്കി. സ്വന്തം നാവിന് വഴങ്ങാത്തതുകൊണ്ട് അന്നത്തെ ബ്രിട്ടീഷ് റസിഡന്റ് സായിപ്പ് അത് 'പി.കെ. ഡീവര്‍' എന്നാക്കി. ആ പേര് പിന്നീട് സ്ഥിരീകരിക്കപ്പെടുകയായിരുന്നു.

അടുത്തത്: വെണ്ടുരുത്തി

Content Highlights: History of Thevara, Sthalanaamam