യാത്രകള്‍ ഉണ്ടാകുന്നത് എപ്പോഴും അവിചാരിതമായിട്ടാണ്. ഈ യാത്രയുമുണ്ടായത് വളരെ അവിചാരിതമായിട്ടാണ്. ഓര്‍ഡിനറി സിനിമ കണ്ട നാള്‍ മുതല്‍ മനസ്സില്‍ കൂടുകൂട്ടിയ ഒരു ആഗ്രഹമായിരുന്നു ഗവിയിലൂടെ ആനവണ്ടിയില്‍ ഒരു യാത്രപോകണം എന്നത്. ഒരുദിവസം വെകിട്ട്  തൃശ്ശൂരുകാരന്‍ ഗഡി സ്റ്റഫിന്‍ വിളിച്ചു ഒരുചോദ്യം. നാളെ എന്താ പരിപാടീന്ന്; പ്രത്യേകിച്ച് ഒന്നും ഇല്ലാന്ന് അങ്ങോട്ട്  പറഞ്ഞുതീരുന്നതിനു മുന്‍പേ അവന്‍ ഇങ്ങോട്ട് പറഞ്ഞു എന്നാല്‍ അടുത്തവണ്ടിക്ക് തൃശ്ശൂര്‍ക്ക് വായോ, നമ്മള്‍ക്ക് ഗവി വരെ പോയേച്ചും വരാം എന്ന്. പിന്നെ  ഒന്നും നോക്കില്ല നേരെ തൃശ്ശൂര്‍ക്ക് വച്ചുപിടിച്ചു.

Gavi 1

രാത്രി 12.30 ന് തൃശ്ശൂര്‍ നിന്നും കുമിളി വരെ നേരിട്ട്  ഒരു കെ.എസ്.ആര്‍.ടി.സി ബസ് ഉണ്ട്. അതില്‍ പോകാമെന്നും തീരുമാനിച്ചു. നമ്മുടെ ഭാഗ്യം കൊണ്ടാണോന്നറിയില്ല അന്ന് ബസ്സ് വന്നതാവട്ടെ പുലര്‍ച്ചെ 2.40ന്. നല്ല തുടക്കം. അങ്ങനെ ബസ്സില്‍ കയറി ഇരുന്നു. ബസ് വെകിയതോടെ കൂടെ പ്ലാനിങ് ആകെ തെറ്റി. കുമളിയില്‍ എത്താന്‍ തന്നെ വളരെ വെകി. രാവിലെ 7.30ന് ആണ് കുമളിയില്‍ എത്തിയത്. അപ്പോഴേയ്ക്കും രാവിലെയുള്ള ബസ് അതിന്റെ പാട്ടിനുപോയിരുന്നു. പിന്നെ  ഗവിയിലൂടെ ഉള്ള ബസ് ഉച്ചക്ക് 1.30 ന് ആണ്. ബെസ്റ്റ് എന്തു ചെയ്യും എന്നാലോചിച്ചു കുറച്ചു സമയം നിന്നു.  അങ്ങനെ  പ്രദേശവാസികളോട് അനേഷിച്ചപ്പോള്‍ സുരുളി വെള്ളച്ചാട്ടം അവിടെ ഏതാണ്ട് അടുത്താണ് എന്ന്  മനസിലാക്കിയത്. സമയമുണ്ടല്ലോ എന്നാല്‍ അങ്ങോട്ട് ഒന്നു പോവാം. നേരെ തമിഴ്‌നാട്  ചെക്‌പോസ്റ്റിന് അടുത്തേക്ക് നീങ്ങി. അവിടെ നിരനിരയായി കമ്പം - തേനി ബസ് കിടക്കുന്നു. നേരെ അതില്‍ പാഞ്ഞു കയറി. കമ്പത്തുനിന്നും സുരുളിയിലേക് ബസ് കിട്ടും. ബസിന് അങ്ങനെ പ്രേത്യേകിച്ച് നേരവും  കാലവുമില്ല. ആളുകള്‍ നിറഞ്ഞു ഒരു ഇഞ്ച് സ്ഥലം ബാക്കി ഇല്ല എന്ന് കണ്ടാല്‍ മാത്രമേ വണ്ടി സ്റ്റാര്‍ട്ട് ആകുകയുള്ളൂ.

Suruli

Suruli 2ബസില്‍ നിന്നും കാണുന്നത് വളരെ മനോഹരമായ കാഴ്ചയാണ്. നോക്കെത്താ ദൂരത്ത് പരന്ന് കിടക്കുന്ന നെല്‍വയലും മുന്തിരി തോട്ടവും. തെങ്ങും വാഴയും തികച്ചും ഹരിതസുന്ദരമായ ഗ്രാമീണ കാഴ്ച. അതു പലപ്പോളും സിനിമാ ഫ്രെയിം ഓര്‍മിപ്പിച്ചു. വെള്ളച്ചാട്ടത്തിനുള്ളില്‍ കയറാന്‍ ഫീസ് ഉണ്ട്. വളരെ മനോഹരമാണ് അതിനുള്ളിലുടെയുള്ള നടത്തം. നിറയേ മരങ്ങളും അതില്‍ ധാരാളം  വാനരന്മാരുടെ കുട്ടവും കാണാം. വാനര കുസൃതികള്‍ കൗതുകം തന്നെയാണ്. ഒട്ടും  അപകടമല്ലാത്ത  സ്ഥലമായത് കാരണമാണെന്ന് തോന്നുന്നു നിരവധിയാളുകള്‍ കുടുംബസമേതം വരികയും വെള്ളച്ചാട്ടത്തില്‍ കുളിച്ച് ആഘോഷിക്കുന്നതും കാണാമായിരുന്നു. യുവാക്കളും ആവേശത്തോടെ  വെള്ളത്തില്‍ കളിക്കുന്നതും അര്‍മാദിക്കുകയും ചെയ്യുന്നത് കാണുമ്പോള്‍ അത്ഭുതം തോന്നും. അവിടുത്തെ അത്തരം കാഴ്ചകള്‍ക്ക് അധികം കണ്ണ് കൊടുത്തില്ല എന്നതാണ് സത്യം. കാരണം 1.30 ന് മുമ്പ അവിടെ നിന്നും കുമളിയില്‍ എത്തണം. തിരിച്ചു വരുമ്പോള്‍ ബസ് സ്റ്റാന്റില്‍ ബസ് ഒന്നും കണ്ടില്ല. അതുകൊണ്ടു  നടക്കാന്‍ തീരുമാനിച്ചു. വളരെ  മനോഹരമായിരുന്നു നടത്തം. മുന്തിരി പാടത്തിന് നടുവിലൂടെ ഗ്രാമീണതയുടെ സൗന്ദര്യവും ആസ്വദിച്ച്, മുന്തിരിപ്പാടങ്ങള്‍ക്കുള്ളില്‍ കയറി തൂങ്ങിക്കിടക്കുന്ന മുന്തിരി വള്ളികളെ തലോടി സ്വപ്നലോകത്തിലെന്ന പോലെ  നടക്കുമ്പോള്‍ ആ സ്വപ്നം മുറിച്ചു കൊണ്ട്  കമ്പത്തേയ്ക്കുള്ള ബസ് കിട്ടി. സ്വപ്നം ഉപേക്ഷിച്ചു ബസ്സില്‍ കേറി.

Kambam

കമ്പത്തുനിന്നും ചെറുതായി ഭക്ഷണവും കഴിച്ചു കുമളി കെ.എസ്.ആര്‍.ടിസി ബസ് സ്റ്റാന്റില്‍ എത്തി ഗവി ബസിനെ കുറിച്ച് ചോദിച്ചപ്പോളാണ് ശരിക്കും തലയില്‍നിന്നു കിളി പോയത്. ബസ് എപ്പോവരും എന്ന് ഒരുറപ്പും ഇല്ല. വന്നാല്‍വന്നു, പോയാല്‍ പോയി അത്രേയുള്ളു എന്ന്.  അങ്ങനെ കാത്തിരിക്കാന്‍ തീരുമാനിച്ചു. അല്ലാതെ വേറെ എന്തു വഴി. അങ്ങനെ ഇരുന്നു ഇരുന്നു നേരം 2 ആയിട്ടും ബസ് വരുന്നത് കാണാത്തതു കൊണ്ട് നേരെ ബസ് ഡിപ്പോയില്‍ ചെന്ന് അനേഷിച്ചപ്പോള്‍ അറിഞ്ഞത് വണ്ടിക്ക്  എന്തോ കംപ്ലയിന്റ്  പണി നടന്ന് കൊണ്ടിരിക്കുന്നു. അത് കഴിഞ്ഞാല്‍ ഉടന്‍ വണ്ടി എടുക്കും. കെ.എസ്.ആര്‍.ടി.സി വീണ്ടും ചതിച്ചല്ലോ എന്നു മനസ്സിലോര്‍ത്തു  അവിടെത്തന്നെ ഇരുന്ന് സമയത്തിനെ തല്ലിക്കൊന്നു.

Kambam 2

ഏകദേശം 3 മണി ആയപ്പോള്‍ അതാ നമ്മുടെ ആശാന്‍ കുലുങ്ങി കുലുങ്ങി വരുന്നു. ഞങ്ങളുടെ സന്തോഷത്തിനു അതിരില്ലായിരുന്നു. കണ്ണിലെ സന്തോഷം  കണ്ടിട്ടാവണം കണ്ടക്ടര്‍ക്ക്  മനസ്സിലായി ഞങ്ങള്‍ ഗവിയിലോട്ട് ആണെന്ന്. കയറി ഇരിക്ക് മക്കളേ,  ഇപ്പോ പോവാം എന്നൊരു ഡയലോഗും. കാത്തിരിപ്പിന് വിരമാമിട്ട്  കൊണ്ട് ഇരിപ്പു വണ്ടിയിലോട്ട് മാറ്റി. സൈഡ് സീറ്റ് തന്നെ  പിടിച്ചു. അങ്ങനെ ഏറെക്കാലത്തെ ആഗ്രഹം പൂവണിയാന്‍ പോവുന്ന അതിയായ സന്തോഷത്തില്‍ ഇരുന്നു.എനിക്കും മുന്നേ മനസ്സ് ഗവിലേക്ക് പറന്നു. റോഡിന്റെ അവസ്ഥ വളരെ പരിതാപകരമാണ് പറയാതെ വയ്യ. അതുകാരണം കുലുങ്ങി കുലുങ്ങിയുള്ള യാത്ര വളരെ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു. പക്ഷേ കാടിന്റെ വന്യതയില്‍ മുഴുകി കഴിഞ്ഞാല്‍ യാത്രയുടെ അനുഭവം ആകെ മാറും. അതു പറഞ്ഞറിയിക്കാന്‍ പറ്റുകയില്ല അനുഭവിച്ചു തന്നെ അറിയണം.

Gavi 3

നാട്ടുകാരും സഞ്ചാരികളുമായി വണ്ടിയില്‍ നിറയെ ആളുകളുണ്ടായിരുന്നു. ബസ് ഓടികൊണ്ടിരിക്കുമ്പോള്‍ ഇടക്കിടെ ഡ്രൈവര്‍  വിളിച്ചു പറയും ആന ആന എന്ന്. യാത്രയില്‍ നിരവധി തവണയാണ് ആനകള്‍ കൂട്ടത്തോടെ മേഞ്ഞു നടക്കുന്ന കാഴ്ച കാണാന്‍ സാധിച്ചത്. പ്രളയകാലത്ത് ഉരുള്‍പൊട്ടി ഒലിച്ചുപോയ കുന്നും വഴികളും പേടിപ്പിക്കുന്ന ഒരു കാഴ്ച തന്നെയായിരുന്നു. സൂര്യന്‍ പടിഞ്ഞാറ് അസ്തമിക്കാന്‍  പോകുന്നതിന് മുന്‍പായി  ഗവിയില്‍ എത്തി. പക്ഷേ അവിടെ ഇറങ്ങാന്‍ പ്രത്യേകം അനുമതി എടുക്കണം. അതു കൊണ്ട് ഗവിയില്‍ കാലുകുത്തുക എന്ന ആഗ്രഹം അവിടെതന്നെ വെച്ചു ബസ്സിലിരുന്നു. അകമ്പടിയായി രണ്ടു കണ്ണുനീര്‍ കുമ്മോജികളും ഇട്ടു. അങ്ങനെ കാട്ടുവഴിയിലൂടെ നിരവധി ഡാമുകള്‍ക്ക്  മുകളിലൂടെ ബസ് വീണ്ടും യാത്രയായി. റോഡരികില്‍ നിരവധി തവണ കാട്ടു പോത്തിന്‍ കൂട്ടവും മാന്‍ കൂട്ടവും യാതൊരു മടിയും കൂടാതെ  ദര്‍ശനം തന്നു. കാടിന് അകത്തെ മുഴുവന്‍ സൗന്ദര്യവും നുകരുന്നതിനു മുന്‍പേ  വെളിച്ചംപോയ്. പിന്നെ ബസിന്റെ അരണ്ട വെളിച്ചത്തില്‍ ആയി യാത്ര.

Gavi 4 

പക്ഷേ ബസില്‍ ഉണ്ടായിരുന്നത് ഭൂരിപക്ഷവും യുവാക്കള്‍ ആയിരുന്നതുകൊണ്ട് തന്നെ യാത്രയുടെ രീതി അങ്ങ് മാറി. പാട്ടും ഡാന്‍സുമായി കെ.എസ്.ആര്‍.ടിസി ബസിനെ സ്‌കൂള്‍ ബസ് ആക്കി മാറ്റി എല്ലാവരും കൂടെ. അങ്ങനെ 8 മണിയോടെ പത്തനംതിട്ട എത്തുന്നതുവരെ വളരെ അധികം അര്‍മാദിച്ചുള്ള യാത്ര സമ്മാനിച്ച കണ്ടക്ടര്‍ ചേട്ടനും ഏതൊരു മൃഗത്തെ കണ്ടാലും വണ്ടി നിര്‍ത്തി അതിനെ കാണാനും ഫോട്ടോ എടുക്കാനും അനുവദിച്ച ഡ്രൈവര്‍ ചേട്ടനും നന്ദി പറഞ്ഞ് യാത്ര അവസാനിപ്പിച്ചു.  ഏതൊരു വ്യക്തിക്കും ചുരുങ്ങിയ ചിലവില്‍ കാടിന്റെ ഭംഗി നുകര്‍ന്നുയാത്ര ചെയ്യാന്‍ പറ്റുന്ന ഒരു കിടിലന്‍ യാത്രയായിരിക്കും ഗവിയാത്ര.

Content Highlights: Gavi Travel, Gavi Tourism, Kerala Tourism