ഗവിയുടെ വന്യ സൗന്ദര്യം ആസ്വദിച്ച് മാതൃഭൂമി യാത്ര |  ഭാഗം 2

മൂഴിയാര്‍ ഡാമും കക്കി ഡാമും കണ്ടു നമ്മള്‍. ജലാശയവും അതിനുചുറ്റുമുള്ള പ്രകൃതിയും ഹൃദ്യമായ അനുഭവമായി. ഗവിയിലേക്ക് ഇനി അധികദൂരമില്ല.

പുല്‍മേടുകള്‍ക്കിടയിലൂടെ വഴി നീളുകയാണ്. ജീപ്പിലുള്ള യാത്ര മുകളിലേക്കെത്തുന്തോറും ദുഷ്‌കരമാവുന്നു. ചിലയിടങ്ങളില്‍ റോഡ് പേരിനുമാത്രമേയുള്ളൂ. കാഴ്ചകളാണ് നമ്മെ മുന്നോട്ട് നയിക്കുന്നത്. യാത്ര ഒരു വെല്ലുവിളി ആകുന്നതേയില്ല. മുന്നോട്ടുപോയപ്പോള്‍ പ്രതീക്ഷിച്ചിരുന്ന കാഴ്ചയെത്തി. 

കാഴ്ചയുടെ വഴിയിലേക്ക് കാട്ടുപോത്തുകള്‍ ഇറങ്ങിവന്നിരിക്കുന്നു. അവര്‍ ഒരുകൂട്ടം തന്നെയുണ്ട്. വണ്ടി നിര്‍ത്തി അവര്‍ക്ക് ശല്യമുണ്ടാക്കാതെ കാത്തുനില്‍ക്കാം. അതാണ് കാനനവഴിയില്‍ നമ്മള്‍ കാട്ടേണ്ട മര്യാദ. സുരക്ഷിതമായ ദൂരം പാലിച്ച് കാടിന്റെ കരുത്തന്മാരെ കണ്ടു. കുറച്ചുകഴിഞ്ഞപ്പോള്‍ അടുത്ത പുല്‍മേട് തേടി അവര്‍ യാത്രയായി. 

ഇവിടേക്ക് വരുമ്പോള്‍ ആനകളെയോ കാട്ടുപോത്തുകളെയോ കണ്ടേക്കാം. പരമാവധി അവര്‍ക്ക് ശല്യമുണ്ടാക്കാതെ കാണുക, ആസ്വദിക്കുക.  അതാണ് യാത്രക്കാര്‍ ചെയ്യേണ്ടത്. പോകുന്ന വഴിയേ വീണ്ടുമൊരു ഡാം കാണാം. ആനത്തോട് ഡാം. കക്കി ഡാമിന്റെ ഭാഗം തന്നെയാണ് ആനത്തോട്. കക്കി നദിയിലെ വെള്ളം തന്നെയാണ് ഇവിടെയും സംഭരിക്കപ്പെടുന്നത്. ശബരിഗിരി വൈദ്യുത പദ്ധതിക്കായാണ് ഇവിടത്തെ ജലവും ഉപയോഗിക്കുന്നത്. 

ഗവിയോടടുക്കുന്നതുകൊണ്ടാവണം ഈ സ്ഥലങ്ങളിലെല്ലാം നല്ല റോഡാണ്. കുണ്ടും കുഴിയുമില്ലാത്ത സുഗമമായ യാത്ര. ഗവി ഫോറസ്റ്റ് സ്‌റ്റേഷനില്‍ ചെക്കിന്‍ ചെയ്തുവേണം മുന്നോട്ടുപോകാന്‍. 

ഗവി യാത്ര രണ്ടാം ഭാഗം, ട്രാവല്‍ ജേണലിസ്റ്റ് റോബി ദാസ് തയ്യാറാക്കിയ വീഡിയോയുടെ പൂര്‍ണരൂപം കാണാം.

 

Content Highlights: Gavi Part 2, Mathrubhumi Yathra, Roby Das, Pathanamthitta Tourism, Kerala Tourism