കേരളത്തിന്റെ തെക്കായി കാടും മലയും ചേര്‍ന്നൊരുക്കുന്ന പ്രകൃതിഭംഗി. സഹ്യന്റെ താഴ് വാര മനോഹാരിതയാണ് കാഴ്ചകളില്‍ നിറയുന്നത്. ജില്ലയുടെ പകുതിയിലേറെയും വനഭൂമിയാണെന്ന് പറയാം. അച്ചന്‍കോവിലര്‍, പമ്പ, മണിമലയാര്‍, കക്കാട്ടാര്‍ എന്നീ പ്രധാന നദികള്‍ക്ക് പുറമെ നാട്ടകങ്ങളെ നനയ്ക്കുന്ന ഒട്ടേറെ ജലസമൃദ്ധികളുണ്ടിവിടെ.

ഗവി എന്ന രണ്ടക്ഷരം നമ്മുടെ ടൂറിസം ഭൂപടത്തില്‍ ഇടംനേടിയിട്ട് കുറച്ചായെങ്കിലും കൂടുതല്‍ ജനകീയമായത് ഇക്കഴിഞ്ഞ വര്‍ഷങ്ങളിലാണ്. പത്തനംതിട്ടയുടെ പച്ചപ്പാണ് ഗവി. പശ്ചിമഘട്ടത്തിലെ പെരിയാര്‍ കടുവ സങ്കേത്തില്‍പ്പെടുന്ന പ്രദേശം. സീതത്തോട് ഗ്രാമപഞ്ചായത്തിലെ കൊച്ചാണ്ടി വഴിയാണ് നമ്മുടെ സഞ്ചാരപാത. വനവഴിയായതിനാല്‍ ബുദ്ധിമുട്ടുകള്‍ ഏറെയുണ്ടാകുമെന്ന് ഉറപ്പിക്കാം.

ഓഫ് റോഡ് വാഹനങ്ങളാണ് യാത്രയ്ക്ക് നല്ലത്. ജീപ്പിലാണ് പ്രദേശവാസികളുടെ യാത്ര. വഴിയില്‍ ഇടയ്ക്കിടെ ഫോറസ്റ്റ് ചെക്ക് പോസ്റ്റുകള്‍ കാണാം. ഏറെ നിയന്ത്രണങ്ങള്‍ സാധാരണസമയത്തുപോലും ഗവിയിലേക്കുള്ള യാത്രയിലുണ്ട്. കാടിനെ അറിഞ്ഞുകൊണ്ടുള്ള യാത്രയ്ക്കിടയില്‍ അത്തരം നിയന്ത്രണങ്ങള്‍ അനിവാര്യവുമാണ്.

കഷ്ടിച്ച് രണ്ടുപേര്‍ക്ക് പോകാവുന്ന വീതിയേ റോഡിനുള്ളൂ. സമുദ്രനിരപ്പില്‍ നിന്നും 3400 അടിയോളം ഉയരത്തിലാണ് ഗവി സ്ഥിതി ചെയ്യുന്നത്. പച്ചപ്പിന്റെ തണുപ്പ് എപ്പോഴുമുണ്ട്. വൈകുന്നേരമാവുന്നതോടെ തണുപ്പിന് കനംകൂടും. കടുവയും പുലിയും ആനയുമൊക്കെ കാട്ടിലുണ്ട്. പക്ഷി നിരീക്ഷകരുടെ ഇഷ്ട കേന്ദ്രം കൂടിയായ ഗവിയേക്കുറിച്ച് ട്രാവല്‍ ജേണലിസ്റ്റ് റോബിദാസ് 'മാതൃഭൂമി യാത്ര'യ്ക്കായി നടത്തിയ യാത്രയുടെ വീഡിയോ ആസ്വദിക്കാം.

Content Highlights: Gavi, Mathrubhumi Yathra, Roby Das, Pathanamthitta Tourism, Kerala Tourism