കേരളത്തിലെ വിനോദസഞ്ചാരകേന്ദ്രങ്ങളുടെ വികസനത്തിന് ഏറ്റവും വലിയ സംഭാവനകൾ നൽകിയ പ്രസ്ഥാനമാണ് കെ.ടി.ഡി.സി. ഇപ്പോഴിതാ കെ.എസ്.ആർ.ടി.സിയുമായി കൈകോർത്ത് പുത്തൻ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ് കെ.ടി.ഡി.സി. വൈക്കത്ത് ബീച്ചിനോട് ചേർന്ന് തുടങ്ങിയിരിക്കുന്ന ഈ സംരംഭത്തിന് ഫുഡി വീൽസ് എന്നാണ് പേര്. സഞ്ചാരികൾക്ക് ഇവിടെ കായലിന് അഭിമുഖമായിരുന്ന് ലഘുഭക്ഷണങ്ങൾ, ശീതള പാനീയങ്ങൾ, വിവിധതരം ഐസ്ക്രീമുകൾ തുടങ്ങിയവ ആസ്വദിക്കാം.

Foodie Wheels 2

സംസ്ഥാന ടൂറിസം വകുപ്പിന് വൈക്കം നഗരസഭ കൈമാറിയ 50 സെന്റ് സ്ഥലത്താണ് 1995-ൽ ആരംഭിച്ച ഈ മോട്ടൽ ആരാം നിർമ്മിച്ചിട്ടുള്ളത്. കായലിന് അഭിമുഖമായി ചേർന്നു കിടക്കുന്ന ഇവിടം വൈക്കം അമ്പലത്തിനും വൈക്കംകാരുടെ പിക്ക്നിക്ക് സ്പോട്ടായ ബീച്ചിനോടും ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. ബീച്ചിന് അഭിമുഖമായി കിടക്കുന്ന മോട്ടലിന്റെ ഉപയോഗശൂന്യമായിരുന്ന പിന്നാപ്പുറം ലാൻഡ്കേപ്പ് ഉൾപ്പെടെയുള്ള സൗന്ദര്യവത്കരണങ്ങൾ നടത്തിയാണ് പ്രവർത്തനം ആരംഭിച്ചത്.

നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള പരിമിതികൾ ഉൾക്കൊണ്ട് കെ.എസ്.ആർ.ടി.സിയിൽ നിന്നും വാടകയ്ക്ക് എടുത്ത ബസ് ബോഡി ഉപയോഗിച്ചാണ് ഇതിന്റെ ഭക്ഷണശാല ഒരുക്കിയിട്ടുള്ളത്. അതു തന്നെയാണ് ഇതിന്റെ പ്രധാന ആകർഷണവും. കൂടാതെ ബസ്സിനോട് ചേർന്ന് ഭക്ഷണം കഴിക്കാൻ സൗകര്യമായ രീതിയിൽ ഒരു മനോഹരമായ തോട്ടവും സജജീകരിച്ചിട്ടുണ്ട്. കെ.ടി.ഡി.സി.യുടെ തിരുവനന്തപുരത്തെ പഞ്ചനക്ഷത്ര ഹോട്ടലായ മാസ്കറ്റിന്റെ ഗാർഡൻ റെസ്റ്റോറന്റായ സായാഹ്നയുടെ മാതൃകയിലാണ് ഇവിടം സജജീകരിച്ചിട്ടുള്ളത്. റെസ്റ്റോറന്റിന്റെ നിറവും നിർമാണശൈലിയുമെല്ലാം കൃത്യമായി ആസൂത്രണം ചെയ്താണ് കെ.ടി.ഡി.സി ഒരുക്കിയിട്ടുള്ളത്.

Foodie Wheels 3

ബസ്സിന്റെ താഴത്തെ നിലയിൽ 22 പേർക്കും, മുകളിൽ 28 പേർക്കും ഇരിക്കാൻ കഴിയും. പുറത്തുള്ള പുൽത്തകിടിയിൽ 16 പേർക്ക് ഇരിക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്. 35 ലക്ഷം രൂപയോളമാണ് പദ്ധതിയുടെ മുതൽമുടക്ക്. "ഫുഡി വീൽസ്" എന്ന ബ്രാൻഡ് നാമത്തിൽ, കെ.ടി.ഡി.സി, ആരംഭിക്കുന്ന ആദ്യത്തെ സംരംഭമാണ് ഇത്. സ്ഥലപരിമിതികളോ, നിർമ്മാണ പരിമിതികളോ ഉള്ള ടൂറിസം സാധ്യത നിറഞ്ഞ സ്ഥലങ്ങളിൽ ഈ ബ്രാൻഡിനെ വ്യാപിപ്പിക്കാനും ഉദ്ദേശിക്കുന്നുണ്ട്.

Foodie Wheels 4

മുഖം മിനുക്കാൻ മിഷൻ ഫെയ്സ് ലിഫ്റ്റ്

ജനങ്ങളെ കെ.ടി.ഡി.സിയിലേക്ക് കൂടുതൽ അടുപ്പിക്കാൻ നിലവിലുള്ള സ്ഥാപനങ്ങളുടെ നവീകരണമാണ് മിഷൻ ഫെയ്സ് ലിഫ്റ്റ് എന്ന പദ്ധതി കൊണ്ടുദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി ഹോട്ടലുകളുടെയും റിസോർട്ടുകളുടേയും മുറികളുടെ സൗകര്യവും മോടിയും കൂട്ടുക, ഗാർഡൻ, ലോബി, റെസ്റ്റോറന്റ് തുടങ്ങിയ പൊതു ഇടങ്ങൾ നവീകരിക്കുകയും സൗന്ദര്യവത്ക്കരിക്കുകയും ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ മാറ്റിയെടുത്തുകൊണ്ടിരിക്കുന്നു. കൂടാതെ പൊതു ടോയ്ലറ്റുകളും നവീകരിച്ചു വരുന്നു.

മിഷൻ മുഖം മിനുക്കലിന്റെ ഭാഗമായി വഴിയോര വിശ്രമ കേന്ദ്രങ്ങൾ നവീകരിച്ച് ആഹാർ ബാൻഡുകളായി മാറ്റി വരുന്നു. വഴിയോരങ്ങളിൽ വൃത്തിയുള്ള റെസ്റ്റോറന്റ്, നല്ല ഭക്ഷണം, ആകർഷകമായ മെനു, മിതമായ നിരക്കിൽ ആകർഷകമായി വിളമ്പുക, വൃത്തിയുള്ള ടോയ്ലെറ്റുകൾ എന്നിവയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. വൈക്കത്തെ മോട്ടൽ ആരാമിൽ 62 പേർക്ക് ഇരിക്കാവുന്ന റെസ്റ്റോറന്റും മുറികളും ആവശ്യമായ നവീകരണം നടത്തി വളരെ വേഗത്തിൽ തന്നെ ആഹാർ ബ്രാൻഡിലേയ്ക്ക് മാറ്റുന്നതാണ്, അധികം താമസിയാതെ കുറ്റിപ്പുറം, കൊട്ടാരക്കര, എരുമയുർ എന്നീ മോട്ടലുകൾ ആഹാർ ബ്രാൻഡുകളായി മാറ്റും. നിലവിൽ കായംകുളം, വടകര, നല്ലാപാറ, പാറശ്ശാല എന്നിവയെ ആഹാർ ബാൻഡിലേയ്ക്ക് മാറ്റിക്കഴിഞ്ഞു.

Foodie Wheels 5

ലാൻഡ് ബഡ്ജറ്റ് ഹോട്ടലുകൾ 

കെ.ടി.ഡി.സി.യുടെ ഇക്കോണമി ഹോട്ടലുകളെയെല്ലാം പുന:രുദ്ധരിച്ച് ആധുനിക ബഡ്ജറ്റ് ഹോട്ടലുകളാക്കി 'ലാൻഡ്' എന്ന് അവസാനിക്കുന്ന പേരുകൾ നൽകി വിപണനം നടത്തിത്തുടങ്ങിയിട്ടുണ്ട്. പ്രകൃതിയോടും തനതു പ്രദേശങ്ങളുടെ സ്വഭാവത്തോടും അടുത്തു നിൽക്കാൻ വേണ്ടിയാണ് ലാൻഡ് എന്ന പേരിൽ അവസാനിക്കുന്ന ബ്രാൻഡ് നാമം നൽകിയത്. ആലപ്പുഴയിലെ ടാമറിന്റ് ഇക്കോണമി ഹോട്ടൽ മാളങ്ങളുടെ നാട് എന്ന് അർത്ഥം വരുന്ന രീതിയിൽ 'റിപ്പിൾ ലാന്റ്' എന്നും, നെയ്ത്തിന്റെ നാടായ കണ്ണൂരിലെ ഹോട്ടലിനെ 'ലൂം ലാൻഡ്' എന്നും തെയ്യത്തിന്റെയും തിറയുടേയും നാടായ മങ്ങാട്ട് പറമ്പിലെ ഹോട്ടലിന് 'ഫോക്ക് ലാൻഡ്' എന്നും നാമകരണം ചെയ്തിട്ടുണ്ട്.

Foodie Wheels 6

നവീകരണ പ്രവർത്തനങ്ങൾ നടന്നുവരുന്ന കായലാൽ ചുറ്റപ്പെട്ട കൊല്ലത്തെ ഹോട്ടലിന്  'അക്വാ ലാൻഡ്" എന്നും മൂടൽ മഞ്ഞിന്റെ നാടായ പീരുമേട്ടിലെ ഹോട്ടലിന് 'മിസ്റ്റി ലാൻഡ്" എന്നും മലമ്പുഴ പൂന്തോട്ടത്തിനെ നോക്കിനിൽക്കുന്ന ഗാർഡൻ ഹൗസിനെ 'ഗാർഡൻ ലാൻഡാ'യും നാമകരണം ചെയ്യാനും ആലോചനയുണ്ട്. കൊണ്ടോട്ടിയിലെ എയർപോർട്ട് ഹോട്ടൽ, തിരുനെല്ലി, നിലമ്പൂർ, മണ്ണാർക്കാട് എന്നിവ നവീകരിച്ച് ബഡ്ജറ്റ് ഹോട്ടലുകൾ ആക്കാനും ഉദ്ദേശിക്കുന്നുണ്ട്. കൂടാതെ മുഴുപ്പിലങ്ങാട്, ബേക്കൽ, കന്യാകുമാരി എന്നിവിടങ്ങളിൽ പ്രീമിയം റിസോർട്ടുകളും സജജമാക്കും.

Content Highlights: Foodie Wheels, KTDC, Kerala Tourism, Kerala tourism current situation