സിനിമയുടെയും പരസ്യചിത്രങ്ങളുടെയുമെല്ലാം ഇഷ്ട സങ്കേതങ്ങളിലൊന്നാണ് വൈപ്പിന്‍... കായലോരങ്ങളും ബീച്ചുമെല്ലാമാണ് വൈപ്പിന്റെ മനോഹാരിത കൂട്ടുന്നത്. ലോക ടൂറിസം ഭൂപടത്തില്‍ ഇടംനേടിയ ഒട്ടേറെ ബീച്ചുകളുണ്ട് വൈപ്പിന്‍ പ്രദേശത്ത്. ഏറെ പ്രശസ്തി ചെറായി, മുനമ്പം ബീച്ചുകള്‍ക്കുതന്നെ. കാറ്റാടിമരങ്ങള്‍ അഴകിന്റെ തണലൊരുക്കുന്ന കുഴുപ്പിള്ളിയും 'ലൈറ്റ്ഹൗസ്' എന്ന ആകര്‍ഷണീയതയുള്ള പുതുവൈപ്പ് ബീച്ചുമെല്ലാം ഇപ്പോള്‍ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങള്‍ തന്നെയാണ്. എന്നാല്‍, കാഴ്ചകള്‍ ഇവിടെ അവസാനിക്കുന്നില്ല... കണ്ടറിയാന്‍ ഇനിയും ഏറെയുണ്ട്, ഈ സുന്ദര തീരഭൂമിയില്‍.

നഗരത്തിന്റെ തിരക്കില്‍ നിന്നും ഒഴിഞ്ഞ് ഗ്രാമാന്തരീക്ഷത്തിലൂടെ, ആ സ്വച്ഛതയിലൂടെയുള്ള യാത്ര ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ കാഴ്ചകള്‍ ഏറെയുണ്ട് വൈപ്പിനിലും തൊട്ടുചേര്‍ന്ന് കിടക്കുന്ന ദ്വീപുകളിലുമെല്ലാം... കുടുംബവുമൊത്ത്, അല്ലെങ്കില്‍ കൂട്ടുകാരുമൊത്ത് ഒരു ഡ്രൈവ് എന്ന രീതിയില്‍ കണ്ടുമടങ്ങാന്‍ പറ്റിയ ചിലയിടങ്ങള്‍.

'ഇവിടെ വെള്ളച്ചാട്ടമുണ്ടോ, താജ്മഹലുണ്ടോ...?' തുടങ്ങിയ ചോദ്യങ്ങളുള്ളവര്‍ ഈവഴിക്കു വരേണ്ട. 'പൂമീന്‍' തുള്ളിക്കളിക്കുന്ന കായലോരങ്ങളും ചീനവലകളും. പിന്നെ, പാടവും കായലുമെല്ലാം ചേരുന്നൊരു ദൃശ്യഭംഗി... ഈ കാഴ്ചകളില്‍ മനസ്സ് കുളിര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരുങ്ങാം, വ്യത്യസ്തമായ ഈ യാത്രകള്‍ക്കായി.

Valappu
വളപ്പ്

കായല്‍ അതിരിടും ഗ്രാമം

മനസ്സിനെ മയക്കുന്ന ദൃശ്യാനുഭവമൊരുക്കുന്ന കായല്‍ത്തീരങ്ങള്‍ അതിരിടുന്ന ഗ്രാമങ്ങള്‍ വൈപ്പിന്റെ പ്രത്യേകതകളിലൊന്നാണ്. അത്തരത്തിലൊന്നാണ് 'നെടുങ്ങാട്'. എറണാകുളത്ത് നിന്ന് ഗോശ്രീ പാലങ്ങള്‍ കടന്ന്, വൈപ്പിന്‍ റോഡിലൂടെ യാത്രചെയ്താല്‍ ഞാറയ്ക്കലിലെത്തും.

ഞാറയ്ക്കല്‍ പള്ളിക്ക് സമീപത്തുകൂടി അല്പം പോയാല്‍ നെടുങ്ങാട്ടേക്കുള്ള 'ഹെര്‍ബര്‍ട്ട് പാല'ത്തിന് സമീപത്തെത്താം. നെടുങ്ങാട് എത്തുന്നതിനുള്ള പല വഴികളില്‍ ഒന്നുമാത്രമാണിത്. എടവനക്കാട് താമരവട്ടത്തിന് തെക്കുകിഴക്ക് ഭാഗത്തുള്ള റോഡിലൂടെ ഉള്‍പ്പെടെ സുന്ദരമായ കാഴ്ചകള്‍ സമ്മാനിക്കുന്ന വഴികളും നെടുങ്ങാട്ടേക്കുണ്ട്. നായരമ്പലത്ത് നിന്നും നെടുങ്ങാട്ടേക്ക് വഴിയുണ്ട്. എടവനക്കാട് അണിയല്‍ വഴിയാണ് ബസ്‌റൂട്ട്. ബസ് ഈ ഗ്രാമത്തിന്റെ ഏറെക്കുറെ എല്ലാ ഭാഗങ്ങളിലൂടെയും കടന്നു പോകുന്നുണ്ട്.

Nedungad
നെടുങ്ങാട്

നിരയിട്ടുനില്‍ക്കുന്ന തെങ്ങുകളും ചെറുവരമ്പുള്ള ചെമ്മീന്‍ കെട്ടുകളും നെല്‍പ്പാടങ്ങളും നിറഞ്ഞൊഴുകുന്ന വീരന്‍പുഴയും എല്ലാം പുതിയൊരു ദൃശ്യാനുഭവം സമ്മാനിക്കുമെന്നുറപ്പ്. കാറ്റേറ്റ് പുഴയുടെ സൗന്ദര്യമാസ്വദിക്കാന്‍ പറ്റിയ ഇടമാണിത്. വിശാലമായ ചെമ്മീന്‍-നെല്‍പ്പാടങ്ങള്‍ക്ക് നടുവിലൂടെയാണ് റോഡ് കടന്നുപോകുന്നത്. ദേശാടനപ്പക്ഷികളുടെ കേന്ദ്രം കൂടിയാണ് ഈ നെല്‍പ്പാടങ്ങളും ചെമ്മീന്‍കെട്ടുമെല്ലാം. അപൂര്‍വമായ ഒട്ടേറെ പക്ഷികളെ ഇവിടെ കണ്ടെത്തിയതായി പക്ഷിനിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. പുലര്‍ച്ചെയാണ് പക്ഷികളേറെയും എത്തുന്നതെന്ന് നാട്ടുകാരുടെ വാക്കുകള്‍. ഈ സമയത്ത് പക്ഷികളെ നിരീക്ഷിക്കാനും ആളുകളെത്തുന്നു.

മമ്മൂട്ടി ചിത്രമായ 'മധുര രാജ'യുടെ പ്രധാന ലൊക്കേഷനുകളിലൊന്ന് നെടുങ്ങാട് ആയിരുന്നു. ഈ സിനിമയും നെടുങ്ങാടിന്റെ പ്രശസ്തി കൂട്ടി. നെടുങ്ങാട്ടെ പഴയ ബോട്ട് ജെട്ടിയുടെയും ചെമ്മീന്‍പാടങ്ങളുടേയുമെല്ലാം മനോഹാരിത പല സിനിമകളിലും പരസ്യചിത്രങ്ങളിലും ഇടംപിടിച്ചിട്ടുണ്ട്.

ശ്രദ്ധിക്കേണ്ടത്

-ഇടുങ്ങിയ റോഡുകളാണ്. അതിനാല്‍ത്തന്നെ വലിയ വാഹനങ്ങളിലെത്തുന്നവര്‍ക്ക് യാത്ര ബുദ്ധിമുട്ടാകും.

-വിനോദസഞ്ചാര കേന്ദ്രമായി വികസിച്ചിട്ടില്ലാത്തതിനാല്‍ ഹോട്ടലുള്‍പ്പെടെയുള്ള സൗകര്യങ്ങളൊന്നുമില്ല. ഭക്ഷണവും വെള്ളവുമെല്ലാം കൈയില്‍ കരുതുന്നതാകും ഉചിതം.

പ്രകൃതിക്കൊപ്പമൊരു ടൂറിസം സെന്റര്‍

പ്രകൃതിയോടിണങ്ങി ഒരവധി ദിവസം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ ടൂറിസം കേന്ദ്രങ്ങളും വൈപ്പിനിലുണ്ട്. പ്രകൃതിസൗന്ദര്യം ആവോളം ആസ്വദിക്കാം... ബോട്ടിങ്ങിനും മീന്‍പിടിത്തത്തിനും സൗകര്യമുണ്ട്... മീന്‍ വിഭവങ്ങളടങ്ങിയ ഉച്ചയൂണും ലഭിക്കും... ഇതെല്ലാം വലിയ മുതല്‍മുടക്കില്ലാതെ നടക്കും.

കൊച്ചിയുടെ കുട്ടനാട്

വൈപ്പിനില്‍ നിന്ന് ഇനി യാത്ര കൊച്ചിയുടെ കുട്ടനാട്ടിലേക്കായാലോ... മീനും ഞണ്ടും കായലും പാടവും കിളിക്കൂട്ടങ്ങളുമെല്ലാം ചേരുന്നൊരു ഇടം കൊച്ചി നഗരത്തിന്റെ മൂക്കിനുതാഴെത്തന്നെയുണ്ട്. കൊച്ചിയുടെ കുട്ടനാടെന്ന് സഞ്ചാരികള്‍ വിശേഷിപ്പിക്കുന്ന ഗ്രാമം -'കടമക്കുടി'.

വലിയ കടമക്കുടി, മുറിക്കല്‍, പാലിയംതുരുത്ത്, പിഴല, ചെറിയ കടമക്കുടി, പുളിക്കപ്പുറം, മൂലമ്പിള്ളി, പുതുശ്ശേരി, ചരിയംതുരുത്ത്, ചേന്നൂര്‍, കോതാട്, കോരാമ്പാടം, കണ്ടനാട്, കാരിക്കാട് എന്നിങ്ങനെയുള്ള ചെറു തുരുത്തുകള്‍ ചേരുന്നതാണ് കടമക്കുടി.

എറണാകുളം കണ്ടെയ്‌നര്‍ റോഡിലൂടെയും വരാപ്പുഴ റോഡിലൂടെയുമെല്ലാം കടമക്കുടിയിലേക്ക് കടക്കാം. രാവിലെയും വൈകുന്നേരങ്ങളുമെല്ലാം ചെലവഴിക്കാന്‍ ഒട്ടേറേപ്പേര്‍ കടമക്കുടിയും ചുറ്റുമുള്ള ദ്വീപുകളുമെല്ലാം തേടിയെത്തുന്നുണ്ട്. പാടശേഖരങ്ങളില്‍ വിരുന്നെത്തുന്ന ദേശാടനപ്പക്ഷികളെത്തേടി പക്ഷിനിരീക്ഷകരും സ്ഥിരമായെത്തുന്നു.

Kadamakkudi
കടമക്കുടി

തോടുകളും ചെമ്മീന്‍കെട്ടുകളും ഇതിനിടയിലൂടെ കടന്നുപോകുന്ന റോഡും തെങ്ങിന്‍തോപ്പുമെല്ലാം കടമക്കുടിയുടെ മനോഹാരിത കൂട്ടുന്നു. ഞണ്ടിന്റെയും ചെമ്മീനിന്റെയും മീനിന്റെയുമെല്ലാം വ്യത്യസ്ത രുചികള്‍ ആസ്വദിക്കാന്‍ പറ്റിയ ചെറിയ ചില രുചിയിടങ്ങളും ഈ തുരുത്തുകളിലുണ്ട്.

കടമക്കുടിയിലെ ചില തുരുത്തുകളിലേക്ക് ജങ്കാര്‍ സര്‍വീസുമുണ്ട്. കണ്ടെയ്‌നര്‍ റോഡിലൂടെ യാത്ര ചെയ്യുമ്പോഴും കടമക്കുടി തുരുത്തുകളുടെ ഭംഗി എളുപ്പത്തില്‍ ആസ്വദിക്കാന്‍ അവസരമുണ്ട്. എറണാകുളത്ത് കണ്ടെയ്‌നര്‍ റോഡിലൂടെ യാത്ര ചെയ്ത് മൂലമ്പിള്ളി ഭാഗത്തെത്തണം.

മൂലമ്പിള്ളി ബസ് സ്റ്റോപ്പിന് എതിര്‍വശത്തായി മൂലമ്പിള്ളി-പിഴല-കടമക്കുടി -ചാത്തനാട് പാലത്തിന്റെ നിര്‍മാണം നടക്കുന്നുണ്ട്. പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. എങ്കിലും പരിസരവാസികള്‍ക്ക് പാലത്തിലൂടെ നടന്നുപോകാന്‍ വഴി നല്‍കിയിട്ടുണ്ട്. പാലത്തിലൂടെ അല്‍പ്പം നടന്നാല്‍ 'പിഴല'യിലേക്കെത്തും. പാലത്തില്‍ നിന്നുതന്നെ പിഴലയുടെ ഭംഗി ആസ്വദിക്കാം. പടികളിലൂടെ താഴേക്കിറങ്ങിയാല്‍ പാടങ്ങള്‍ക്ക് നടുവിലുള്ള വഴിയിലൂടെ ചെറിയൊരു നടപ്പാകാം.

ശ്രദ്ധിക്കേണ്ടത്

-ചെറിയ റോഡുകളാണ്. വാഹനങ്ങളിലെത്തുന്നവര്‍ ശ്രദ്ധിക്കണം.

-രാവിലെയും വൈകീട്ടുമെല്ലാമാണ് യാത്രയ്ക്ക് ഏറെ അനുയോജ്യം. എന്നാല്‍, ഇരുട്ടായാല്‍ യാത്ര ബുദ്ധിമുട്ടാകും. കണ്ടെയ്‌നര്‍ റോഡിലെ പുതിയ പാലത്തിലൂടെ നടക്കാന്‍ ഇറങ്ങുന്നവര്‍ നേരം ഇരുട്ടുന്നതിന് മുന്പ് മടങ്ങാന്‍ ശ്രദ്ധിക്കണം.

-മൂലമ്പിള്ളി-പിഴല-കടമക്കുടി-ചാത്തനാട് പാലത്തിലൂടെ നടന്നുപോകുന്നവരും ജാഗ്രത പുലര്‍ത്തണം. പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടില്ല.

ചാത്തനാടന്‍ കാഴ്ചകള്‍

കടമക്കുടിയിലൂടെ നിര്‍മിക്കുന്ന പാലം ചെന്നെത്തുന്ന ഇടമാണ് 'ചാത്തനാട്'. കടമക്കുടിയെയും ചാത്തനാടിനെയും കൂട്ടിയിണക്കാന്‍ വഞ്ചിയും ചങ്ങാടവുമെല്ലാമുണ്ട്. കടമക്കുടിക്കാഴ്ചകള്‍ പൂര്‍ണമാകണമെങ്കില്‍ ചാത്തനാട്ട് എത്തണമെന്നാണ് സഞ്ചാരികളുടെ വാക്കുകള്‍.

തുള്ളിത്തുള്ളി നില്‍ക്കുന്ന 'വീരന്‍പുഴ'യും ഉലഞ്ഞുലഞ്ഞ് പോകുന്ന ചെറുവഞ്ചികളും ചീനവലയുമെല്ലാം ചാത്തനാട് യാത്രയെ സുന്ദരമാക്കും. നാടന്‍ മീന്‍ രുചികളുടെ കേന്ദ്രം കൂടിയാണിവിടം.

ചങ്ങാടത്തില്‍ യാത്ര പേടിയുള്ളവര്‍ക്ക് പറവൂരിലൂടെയും ചാത്തനാട്ടേക്ക് എത്താം. പറവൂര്‍ ടൗണില്‍ നിന്ന് കെടാമംഗലം വഴിയാണ് ചാത്തനാട്ടേക്കുള്ള യാത്ര. റോഡ് അവസാനിക്കുന്നത് ചാത്തനാട് ഫെറിയുടെ അടുത്താണ്.

Chathanadu
ചാത്തനാട്

രാവിലെ ആറുമുതല്‍ 20 മിനിറ്റിന്റെ ഇടവേളയില്‍ ചങ്ങാടമുണ്ട്. രണ്ടുവള്ളങ്ങള്‍ കൂട്ടിക്കെട്ടി എന്‍ജിന്‍ വച്ചതാണ് ചങ്ങാടം. കായലിലേക്ക് നീണ്ടുനില്‍ക്കുന്ന ജെട്ടിയോടുചേര്‍ന്ന് ഇരിക്കാന്‍ സൗകര്യമുണ്ട്. കായലിന്റെ ശാന്തതയില്‍ വാരാന്ത്യങ്ങളും സായാഹ്നങ്ങളും ഇവിടെ ചെലവഴിക്കാം.

ഫെറിയുടെ സമീപത്തുതന്നെയായി ചെറിയ കടകളുണ്ട്. തൊട്ടുചേര്‍ന്നുള്ള 'മണിച്ചേട്ടന്റെ കട'യിലെ ചായയ്ക്കും നാടന്‍ ഊണിനുമെല്ലാം ആരാധകരുണ്ട്. അമ്പഴങ്ങ ഇട്ടുവച്ച ചെമ്മീന്‍കറിയും പുഴമീനുമെല്ലാം ചേര്‍ന്ന നാടന്‍ ഊണ് ആസ്വദിക്കാനാണ് ഇവിടെ ആളുകളെത്തുന്നത്.

Content Highlights: Vypin Travel, Travel to Chathanad, Travel to Kadamakkudi, Travel to Nedungad