മെട്രോ നഗരമായി വളര്‍ന്ന കൊച്ചിയുടെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് തൃപ്പൂണിത്തുറ ഹില്‍പ്പാലസ്... കൊച്ചി രാജാക്കന്‍മാരുടെ ആസ്ഥാന മന്ദിരമായ, 'ഹില്‍പ്പാലസ്' ഒട്ടേറെ പുതുമകളോടെ ഇന്ന് ചരിത്രസ്‌നേഹികളെ ആകര്‍ഷിക്കുന്ന പ്രധാന ടൂറിസംകേന്ദ്രമായി മാറിയിരിക്കയാണ്. കേരളത്തിലെ ഏറ്റവും വലിയ പുരാവസ്തു മ്യൂസിയവും സംരക്ഷിത പ്രദേശവുമാണ് ഹില്‍പ്പാലസ്.

സന്ദര്‍ശകരുടെ എണ്ണത്തിന്റെ കാര്യത്തിലും ഹില്‍പ്പാലസ് മ്യൂസിയം ഒന്നാമതാണ്. 6 ലക്ഷത്തോളം സന്ദര്‍ശകരാണ് പ്രതിവര്‍ഷം ഹില്‍പ്പാലസ് കാണാനെത്തുന്നത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം 1.5 കോടിയിലധികം രൂപയാണ് ടിക്കറ്റ് വരുമാനം.

രാജഭരണകാലത്ത് വളരെ സൂക്ഷ്മമായി ആസൂത്രണം ചെയ്ത് നിര്‍മിച്ചതാണ് കൊട്ടാരവും പരിസരവും. കൊട്ടാര സമുച്ചയങ്ങള്‍ കൂടാതെ, ഫൗണ്ടനുകള്‍, കുളങ്ങള്‍, പടികള്‍, ഇരിപ്പിടങ്ങള്‍, നടപ്പാതകള്‍ തുടങ്ങിയവയെല്ലാം നാശോന്മുഖമായ അവസ്ഥയിലായിരുന്നത് പുതുതായി നവീകരിച്ചു.

ഉദ്യാനം

52 ഏക്കര്‍ വരുന്ന രാജകീയോദ്യാനം സസ്യവൈവിദ്യങ്ങളാല്‍ സമ്പന്നമാണ്. മനോഹരമായ പൂന്തോട്ടവും 'ഹോര്‍ത്തൂസ് മലബാറിക്കൂസു'മായി ബന്ധപ്പെടുത്തി നിര്‍മിച്ച ഔഷധ ഉദ്യാനവും ഉണ്ട്. സന്ദര്‍ശകര്‍ക്ക് ചെടികളും മറ്റും വാങ്ങുന്നതിനുള്ള പ്ലാന്റ് നഴ്‌സറിയും പ്രവര്‍ത്തിക്കുന്നു. പ്ലാന്റ് നഴ്‌സറി ആധുനികമായി നവീകരിക്കുന്നതിനുള്ള ഏഴ് ലക്ഷം രൂപയുടെ പ്രവൃത്തിക്ക് കരാര്‍ നല്‍കിക്കഴിഞ്ഞതായി അധികൃതര്‍ പറയുന്നു.

Hill Palace 1

പുതുമോടിയില്‍ കുളങ്ങള്‍

എട്ടുകെട്ടിന് സമീപത്തെ കുളം, കുട്ടികളുടെ പാര്‍ക്കിന് സമീപത്തെ കുളം, പത്തുമുറി ഭാഗത്തെ തീണ്ടാരിക്കുളം എന്നിവയെല്ലാം ചെങ്കല്ലുകെട്ടി, കേടുപാടുകള്‍ തീര്‍ത്ത് മനോഹരമാക്കിയിരിക്കുന്നു. കുളവും കടവുകളും കുളക്കടവിലേക്കുള്ള പടികളും എല്ലാം സന്ദര്‍ശകരെ ഏറെ ആകര്‍ഷിക്കുന്നതായി ഇപ്പോള്‍ മാറിയിരിക്കുന്നു.

Hill Palace 2

എട്ടുകെട്ട്

ഹില്‍പ്പാലസ് സമുച്ചയത്തിലെ ആദ്യ കെട്ടിടമാണ് 'എട്ടുകെട്ട്'. 1860-ഓടെ നിര്‍മാണം പൂര്‍ത്തിയായ ഈ പൈതൃകമന്ദിരം ശോച്യാവസ്ഥയില്‍ ആയിരുന്നത് തനിമ നിലനിര്‍ത്തി പുനരുദ്ധരിച്ചു. സന്ദര്‍ശകരുടെ ശ്രദ്ധാകേന്ദ്രമായ പൈതൃക മ്യൂസിയമാണ് എട്ടുകെട്ടില്‍ സജ്ജീകരിച്ചിരിക്കുന്നത്.

പുതുതലമുറയ്ക്ക് തദ്ദേശീയ വാസ്തുവിദ്യാ രീതി പരിചയപ്പെടാന്‍ ഉതകുന്ന ഈ പൈതൃകമന്ദിരത്തില്‍ ആട്ടുകട്ടില്‍, മരത്തില്‍ നിര്‍മിച്ച അടുക്കള ഉപകരണങ്ങള്‍, ചീനഭരണികള്‍, വിവിധതരം പെട്ടികള്‍, പൂട്ടുകള്‍ എന്നിവയാണ് പ്രധാനമായും പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

Hill Palace 3

മാന്‍ വനം

ഹില്‍പ്പാലസിലെ മാന്‍പാര്‍ക്കില്‍ ഏകദേശം 220 മാനുകളും 20-ലധികം മ്ലാവുകളുമാണ് ഉള്ളത്. പാര്‍ക്കിലെ മോശമായ സാഹചര്യത്തില്‍ മൃഗങ്ങള്‍ ചത്തുവീഴുന്ന വാര്‍ത്തകളാണ് വന്നിരുന്നതെങ്കില്‍, ഇപ്പോള്‍ സ്ഥിതി മാറിയിരിക്കുന്നു. ഇന്ന് പാര്‍ക്കില്‍ ഊര്‍ജസ്വലരായി നില്‍ക്കുന്ന മാനുകളെ കാണാം. മാനുകളെ സുരക്ഷിതമായി കാട്ടിലേക്ക് മാറ്റാന്‍ തീരുമാനിച്ചെങ്കിലും നടപടിക്രമങ്ങള്‍ വനംവകുപ്പ് ഉള്‍പ്പെടെയുള്ളവരുടെ ഭാഗത്തുനിന്ന് നടന്നു വരുന്നതേയുള്ളു.

മാനുകള്‍ക്ക് മഴ നനയാതെയും വെയില്‍ കൊള്ളാതെയും കയറിനില്‍ക്കാന്‍ വിശാലമായ ഷെല്‍ട്ടര്‍ ആണ് നിര്‍മിച്ചിട്ടുള്ളത്. പൈതൃകപഠന കേന്ദ്രത്തിന് സര്‍ക്കാര്‍ അനുവദിച്ച 30 ലക്ഷത്തോളം രൂപ മുടക്കിയാണ് ഷെല്‍ട്ടര്‍, ഫെന്‍സിങ് എന്നിവ നിര്‍മിച്ചിട്ടുള്ളത്.

Hill Palace 4

കുട്ടികളുടെ പാര്‍ക്ക്

സഞ്ചാരികളായി എത്തുന്ന കുട്ടികളെയും പ്രദേശവാസികളെയും കൂടുതല്‍ ആകര്‍ഷിക്കാന്‍ കുട്ടികളുടെ പാര്‍ക്കും സജ്ജമായി. പൊട്ടിപ്പൊളിഞ്ഞ് കിടന്നിരുന്ന പഴയ കളിയുപകരണങ്ങള്‍ മാറ്റി, വൈവിധ്യമുള്ള പുതിയവ സ്ഥാപിച്ചു. ഇരിപ്പിട സൗകര്യത്തോടെ പാര്‍ക്കിന് ചുറ്റുമതിലും നിര്‍മിച്ചു. രണ്ട് ഘട്ടമായി 35 ലക്ഷത്തോളം രൂപയാണ് ഇതിനായി ചെലവഴിച്ചത്.

Hill Palace 6

രാത്രിയിലും ശോഭയില്‍

രാജകീയപ്രൗഢിയില്‍ പ്രഭാപൂരിതമാണ് ഹില്‍പ്പാലസും പൈതൃകോദ്യാനവും. ഹില്‍പ്പാലസില്‍ 35 മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചതോടെ, 52 ഏക്കര്‍ വരുന്ന കൊട്ടാരവളപ്പും കൊട്ടാരവും കെട്ടിടങ്ങളും രാത്രിയും ആകര്‍ഷകമായി. ഒരു കാലില്‍ 60 വാട്ട് വീതം ഉള്ള ആറ് ലൈറ്റുകള്‍ ഉള്‍പ്പെടുന്ന 35 വിളക്കുകാലുകളാണ് ഉള്ളത്.

ഇ-ടോയ്ലറ്റ്

പുതിയതായി 5 ഇ-ടോയ്ലറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അംഗപരിമിതര്‍ക്കുകൂടി സഹായകമാകുന്ന വിധത്തിലാണ് ഇതില്‍ ഒന്ന് നിര്‍മിച്ചിട്ടുള്ളത്.

ഗാലറികള്‍ അന്തര്‍ദേശീയ മാതൃകയില്‍ നവീകരിക്കും

ഹില്‍പ്പാലസ് മ്യൂസിയം അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി, മ്യൂസിയത്തിലെ പ്രദര്‍ശനവസ്തുക്കളുടെ സമഗ്ര പുനര്‍വിന്യാസത്തിന് പദ്ധതി നടപ്പാക്കാന്‍ പോകുകയാണ്. കേരള ചരിത്ര-പൈതൃക മ്യൂസിയത്തിനാണ് ഇതിന്റെ പ്രവൃത്തിച്ചുമതല. ഉടന്‍ ഇത് ആരംഭിക്കും.

പുത്തന്‍ ഉണര്‍വില്‍ പൈതൃകപഠന കേന്ദ്രം

ഹില്‍പ്പാലസ് കാമ്പസില്‍ സാംസ്‌കാരിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പൈതൃക പഠനകേന്ദ്രം പുരാവസ്തു, പുരാരേഖ, സംരക്ഷണ പഠനവുമായി ബന്ധപ്പെട്ട കോഴ്‌സുകള്‍ നടത്തുന്നു. ചരിത്ര പണ്ഡിതന്‍ ഡോ. എം.ആര്‍. രാഘവ വാരിയര്‍ ഇതിന്റെ ഡയറക്ടര്‍ ജനറലാണ്.

ഹില്‍പ്പാലസ് കാമ്പസിന്റെ പൂന്തോട്ട പരിപാലനവും കാന്റീനുകള്‍, കുട്ടികളുടെ പാര്‍ക്ക് എന്നിവയുടെ നടത്തിപ്പും പൈതൃകപഠന കേന്ദ്രത്തിന്റെ ചുമതലയിലാണ്.

മാതൃഭാഷാ പഠനം, പൈതൃകപഠനം എന്നീ വിഷയങ്ങളില്‍ രണ്ട് അന്തര്‍ദേശീയ സെമിനാറുകള്‍ ഈ വര്‍ഷം സംഘടിപ്പിച്ചു. 40 വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നു. ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള ആര്‍ക്കിയോളജി, ആര്‍ക്കൈവ്‌സ്, കണ്‍സര്‍വേഷന്‍ കോഴ്‌സുകള്‍ ആണ് ഇവിടെയുള്ളത്.

പാര്‍ക്കിങ് പരിമിതി

വാഹനങ്ങളില്‍ എത്തുന്ന സന്ദര്‍ശകരുടെ എണ്ണം കൂടിയതോടെ പാര്‍ക്കിങ്ങിനുള്ള സൗകര്യക്കുറവ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. കൂടുതല്‍ സ്ഥലം കണ്ടെത്തി പാര്‍ക്കിങ്ങിന് സൗകര്യം ഒരുക്കേണ്ടതുണ്ട്. പൂന്തോട്ടവും പൈതൃക നിര്‍മിതികളും മറ്റും ഉള്ളതിനാല്‍ പാര്‍ക്കിങ് സ്ഥലം വിപുലീകരിക്കാന്‍ പ്രായോഗിക പ്രശ്‌നങ്ങളുമുണ്ട്.

അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയരും

ഹില്‍പ്പാലസ് മ്യൂസിയം ഉള്‍പ്പെടെ കേരളത്തിലെ മ്യൂസിയങ്ങളുടെ നവീകരണത്തിന് ഒട്ടേറെ പദ്ധതികള്‍ നടന്നുവരുന്നു. മ്യൂസിയങ്ങള്‍ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന വിധത്തിലുള്ള പദ്ധതികള്‍ പുരോഗമിക്കുകയാണ്. മ്യൂസിയം നവീകരിക്കുന്നതിനൊപ്പം കാമ്പസിന്റെ സമഗ്ര സംരക്ഷണവും സൗന്ദര്യവത്കരണവും ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് ഇപ്പോള്‍ ഹില്‍പ്പാലസില്‍ നടന്നുവരുന്നത്.

ഈ രണ്ടു പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാകുന്നതോടെ ഹില്‍പ്പാലസ് കേരളത്തിലെ ഏറ്റവും ആകര്‍ഷകമായ വിനോദസഞ്ചാര കേന്ദ്രമായി മാറുമെന്ന് പുരാവസ്തു വകുപ്പ് ഡയറക്ടര്‍ കെ.ആര്‍. സോന പറഞ്ഞു.

രാത്രിയിലും ശോഭയില്‍

രാജകീയപ്രൗഢിയില്‍ പ്രഭാപൂരിതമാണ് ഹില്‍പ്പാലസും പൈതൃകോദ്യാനവും. ഹില്‍പ്പാലസില്‍ 35 മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചതോടെ, 52 ഏക്കര്‍ വരുന്ന കൊട്ടാരവളപ്പും കൊട്ടാരവും കെട്ടിടങ്ങളും രാത്രിയും ആകര്‍ഷകമായി. ഒരു കാലില്‍ 60 വാട്ട് വീതം ഉള്ള ആറ് ലൈറ്റുകള്‍ ഉള്‍പ്പെടുന്ന 35 വിളക്കുകാലുകളാണ് ഉള്ളത്.

Content Highlights: Hill Palace Museum Kochi, Ernakulam DTPC, Kerala Tourism, Tourists Destinations in Ernakulam