ര്‍ത്തിരമ്പിയെത്തിയ ഇടവപ്പാതിയില്‍ മനസ് കുതിര്‍ന്നു. ഇനി ഇടമുറിയാത്ത കര്‍ക്കടകമാണ്. പഴയ കാലമല്ല, പറയുന്ന പോലെ മഴ പെയ്യണമെന്നില്ല. പ്രകൃതി കനിയുമ്പോള്‍ ആവോളം ആസ്വദിക്കണം; തണുത്ത് വിറയ്ക്കുവോളം മഴ നനയണം...

പാലക്കാട്ടെ സഹോദരന്റെ വീട്ടിലിരിക്കുമ്പോഴാണ് മഴ നനയാനുള്ള ആഗ്രഹം മനസിലേക്ക് ഓടിയെത്തിയത്. ധോണി വെള്ളച്ചാട്ടം അടുത്തുതന്നെയാണെന്നും അവിടേയ്ക്കുള്ള കാനനയാത്ര രസകരമാണെന്നും കേട്ടിരുന്നു. മഴയാത്ര അങ്ങോട്ടേയ്ക്കായാലോ?  

പെട്ടന്നുള്ള തോന്നലുകള്‍ പെട്ടന്നുതന്നെ നടപ്പിലാക്കണം. ഞാനും എന്റെ ഭാര്യ ശ്രീജയും ഒരു ബൈക്കില്‍, സഹോദരനായ ജയനും ഭാര്യ രശ്മിയും മറ്റൊരു ബൈക്കില്‍; ഗ്രാമവീഥിയിലൂടെ ബൈക്കുകള്‍ പായുന്ന രംഗത്തോടെ ഞങ്ങളുടെ യാത്ര ആരംഭിക്കുകയായി...

_________

വലിയൊരു കവാടത്തിനിപ്പുറം ഞങ്ങളുടെ ബൈക്കുകള്‍ എത്തിനിന്നു. മതില്‍ക്കെട്ടിന് മുകളില്‍ ചേനാത്ത് നായര്‍ റിസേര്‍വ് ഫോറസ്റ്റ് എന്ന മേല്‍വിലാസം കാണാം. പഴയൊരു വള്ളുവനാടന്‍ പ്രമാണികുടുംബത്തിന്റെ തോട്ടഭൂമിയായിരുന്നു ഇവിടം. കുറേ നാള്‍ ബ്രിട്ടീഷുകാരുടെ മേല്‍നോട്ടത്തിലുമായിരുന്നു. കാടിനുള്ളില്‍ ബംഗ്ലാവിന്റെ അവശിഷ്ടമുണ്ടെന്ന് ജീവനക്കാരില്‍ നിന്ന് അറിയാന്‍ സാധിച്ചു. എന്നാല്‍ വിനോദസഞ്ചാരികള്‍ക്ക് അങ്ങോട്ട് പ്രവേശനമില്ല.

Dhoni Eco Tourism

വനംവകുപ്പിന്റെ ചെറിയൊരു കെട്ടിടത്തിലാണ് ടിക്കറ്റ് വിതരണം. ഒരാള്‍ക്ക് 100 രൂപ. ഒപ്പം അപകടകരമായ വനയാത്രയുടെ ബാധ്യക സ്വമേധയാല്‍ ഏറ്റെടുക്കുന്നുവെന്ന് യാത്രികരെല്ലാം എഴുതി ഒപ്പിട്ടുനല്‍കണം. പ്ലാസ്റ്റിക്ക് കുപ്പിയും മറ്റും കൊണ്ടുപോകണമെങ്കില്‍ വേറെ പണമടയ്ക്കണം. തിരികെ വരുമ്പോള്‍ പണം മടക്കിത്തരും.

Dhoni Eco Tourism

കല്ലുപാകിയ വനപാതയിലൂടെ ഞങ്ങള്‍ കാല്‍നടയാത്ര തുടങ്ങി. നല്ല പച്ചപ്പും നനവുള്ള കാലാവസ്ഥയുമുണ്ടെങ്കിലും കാട്ടിലെ അരുവിയില്‍ വെള്ളം കുറവാണ്. നിരപ്പായ പാത കുറച്ചുദൂരം മാത്രം. മലമുകളിലേക്കുള്ള വളഞ്ഞുപുളഞ്ഞ കയറ്റങ്ങളാണ് അധികവും. വശങ്ങളിലെ പാറക്കെട്ടുകള്‍ വെള്ളച്ചാട്ടത്തിനായി കാത്തിരിക്കുന്ന പോലെ. മഴക്കാലം തകര്‍ത്തുതുടങ്ങിയിട്ടും കാടിനുള്ളില്‍ വെള്ളമില്ല! അത്ഭുതം തന്നെ.

Dhoni Eco Tourism

നാലുപേരും ഒരുമിച്ചാണ് നടന്നുതുടങ്ങിയത്. അരക്കിലോമീറ്റര്‍ പോലും എത്തിയില്ല, രശ്മിക്ക് വയ്യാതായി. അടുത്ത് കണ്ട പാറയില്‍ ഇരുന്നു. വെള്ളം കുടിച്ച ശേഷം കയറ്റം തുടര്‍ന്നു.

മലകയറുമ്പോള്‍ അടിക്കടി വെള്ളം കുടിക്കുന്നത് നല്ലതല്ല. ക്ഷീണം വര്‍ധിക്കാനേ ഇത് സഹായിക്കൂ, ഞാന്‍ വിശദീകരിച്ചു. ഒരു കാര്യവുമുണ്ടായില്ല, രണ്ടാമത്തെ വളവിലേക്ക് കയറിയപ്പോള്‍ വീണ്ടും വെള്ളക്കുപ്പിയുടെ അടപ്പ് തുറന്നു.

ഉപദേശിച്ചിരുന്നാല്‍ ഒരു തുള്ളി വെള്ളം പോലും കിട്ടില്ല എന്ന തിരിച്ചറിവില്‍ ഞാനും കുറച്ച് വെള്ളം കുടിച്ചു.

ജയനും രശ്മിയും നേരത്തെ ഇവിടെ വന്നിട്ടുണ്ട്. എന്നാല്‍ അന്ന് മലമുകളില്‍ എത്തിച്ചേരുന്നതിനു മുമ്പേ അവര്‍ക്ക് തോറ്റ് മടങ്ങേണ്ടിവന്നു. ഇത്തവണ എന്തായാലും കയറണമെന്ന വാശിയോടെയായിരുന്നു അവരുടെ വരവ്.

(അത്യാവശ്യം ട്രെക്കിങ്ങുകള്‍ നടത്തുന്നവര്‍ക്ക് ധോണിയിലെ ഈ മലകയറ്റം ബുദ്ധിമുട്ടായി തോന്നില്ല).

Dhoni Eco Tourism

കാഴ്ചകളൊക്കെ കൊള്ളാം. എന്നാല്‍ കാലാവസ്ഥ കണ്ടിട്ട് മഴനനയണമെന്ന എന്റെ ആഗ്രഹം നടക്കുമെന്ന് തോന്നുന്നില്ല. 

കാട്ടുമൃഗങ്ങളെയൊന്നും കാണാനായില്ല. വലിയൊരു മരത്തിന്റെ ചില്ലയില്‍ കാട്ടുതേനീച്ചയുടെ ഭീമന്‍ കൂട് കണ്ടു. വിവിധ തരത്തിലുള്ള പക്ഷികളും ദര്‍ശനം തന്നുകൊണ്ടിരുന്നു.

ഒന്നിച്ച് നടത്തം ആരംഭിച്ചവര്‍ ഇപ്പോള്‍ നാലായി മുറിഞ്ഞിരിക്കുന്നു. രശ്മിയാണ് ഏറ്റവും പിന്നില്‍. 

കയറ്റത്തിന്റെ മൂന്നാമത്തെ വളവ് ആദ്യം ആശ്വാസവും പിന്നാലെ നിരാശയും തരുന്നതായിരുന്നു. വഴിയോരത്ത് ഇരിക്കാന്‍ മുളങ്കസേരകള്‍ ഒരുക്കിയിരിക്കുന്നു എന്നതാണ് ആശ്വാസം; ഇനിയും മൂന്ന് കിലോമീറ്റര്‍ പോകാനുണ്ടെന്ന ബോര്‍ഡായിരുന്നു നിരാശ!

Dhoni Eco Tourism

Dhoni Eco Tourism

മടങ്ങിയാലോ എന്ന മുഖഭാവത്തില്‍ രശ്മി. മുന്നോട്ടെന്ന് ഞാന്‍. എന്തുമാകാമെന്ന നിലപാടില്‍ ജയനും ശ്രീജയും. ശുദ്ധവായു ശ്വസിച്ച് കയറ്റം നടന്നുകയറുന്നതിലും നല്ലൊരു വ്യായാമം വേറെയില്ല എന്ന ഉപദേശവും നല്‍കാന്‍ ഞാന്‍ മറന്നില്ല. കുറച്ചുനേരം ഇരുന്നപ്പോള്‍ നടക്കാമെന്നായി. വീണ്ടും ഞങ്ങള്‍ നടന്നുതുടങ്ങി.

Dhoni Eco Tourism

മഴയുടെ ലക്ഷണമൊന്നും കാണുന്നില്ല. തണുപ്പുള്ള അന്തരീക്ഷമായിട്ടും വിയര്‍ക്കാന്‍ തുടങ്ങി. ഇടയ്ക്ക് ഇരുന്നിരുന്നായി യാത്ര. രസകരമായ മറ്റൊരു കാര്യം, തിരിച്ചുപോകാന്‍ വാശിപിടിച്ച രശ്മിയാണ് മുന്നില്‍ നടക്കുന്നത്.

അതാ മറ്റൊരു ബോര്‍ഡ്, വെള്ളച്ചാട്ടത്തിലേക്ക് 750 മീറ്റര്‍ എന്ന് എഴുതിയിരിക്കുന്നു. കയറ്റവും അവിടെ അവസാനിക്കുകയാണ്. 

Dhoni Eco Tourism

Dhoni Eco Tourism

ആശ്വാസമായി. എല്ലാവരുടെയും തളര്‍ച്ചകള്‍ പോയ്മറഞ്ഞു. ചെറിയൊരു ഇറക്കം കൂടി കടന്നതോടെ, ധോണി വെള്ളച്ചാട്ടത്തില്‍ എത്തിച്ചേര്‍ന്നു.

വലിയൊരു വെള്ളച്ചാട്ടമാണ് പ്രതീക്ഷിച്ചത്. എന്നാല്‍ ചെറിയൊരു പാറക്കെട്ട് മാത്രമാണ് കണ്ടത്. മഴക്കാലം ആരംഭിച്ചിട്ടും ആര്‍ത്തിരമ്പാനുള്ള ജലസമ്പത്ത് കൈവന്നിട്ടില്ല. 

കമ്പിവേലിക്ക് ഇപ്പുറം നിന്ന്, വെള്ളച്ചാട്ടം കാണാം. മുളങ്കസേരയിലിരുന്ന് വിശ്രമിക്കാം. വെള്ളത്തിലേക്ക് ഇറങ്ങാന്‍ അനുവാദമില്ല.

Dhoni Eco Tourism

Dhoni Eco Tourism

Dhoni Eco Tourism

സുരക്ഷാജീവനക്കാരനുമായി സംസാരിച്ചപ്പോഴാണ് പലതട്ടിലായി ഒഴുകുന്ന വെള്ളച്ചാട്ടത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണിതെന്ന് മനസിലാക്കാന്‍ സാധിച്ചത്. അരുവി ഏറ്റവും സമൃദ്ധമാകുന്നത് ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലാണ്. വളഞ്ഞു പോകുന്ന 14 അടിയോളം താഴ്ചയുള്ള ഗര്‍ത്തമുണ്ട് അവിടെ. ഇതുവരെ 6 പേര്‍ ഗര്‍ത്തത്തില്‍ പെട്ടു മരിച്ചു. വീണാല്‍ എഴുന്നേറ്റു നില്‍ക്കാന്‍ പോലും സാധിക്കാത്ത അത്രയും വളഞ്ഞ ഗര്‍ത്തമാണവ, അദ്ദേഹം വിവരിച്ചു.

Dhoni Eco Tourism

Dhoni Eco Tourism

കാടിനുള്ളില്‍ നിന്ന് ഒഴുകിവരുന്ന അരുവിയില്‍ കുറച്ചുനേരം കാലുനനച്ചു. ജലസമ്പന്നമായ സമയത്ത് ഒന്നുകൂടി വരേണ്ടിവരുമെന്ന് മനസില്‍ പറഞ്ഞു.

Dhoni Eco Tourism

തൊട്ടടുത്ത് ഒരു ഏറുമാടം. ചോദിച്ചപ്പോള്‍ രാത്രികാവലിന് എത്തുന്ന ജീവനക്കാരന് കഴിയാനുള്ളയിടമാണ്. ഞങ്ങളൊന്ന് കയറിക്കോട്ടേ എന്നു ചോദിച്ചപ്പോള്‍ ശ്രദ്ധിച്ച് കയറണം, ഉടന്‍ ഇറങ്ങണം എന്നുള്ള നിബന്ധനകളോടെ സമ്മതിച്ചു. 

കുത്തനെയുള്ള കോവണി കയറി, മുകളില്‍ നിന്ന് കുറേ ഫോട്ടോയൊക്കെയെടുത്ത് ഇറങ്ങി. ഞങ്ങളെ കണ്ട്, കയറാന്‍ അനുവാദം ചോദിച്ച് ദേ കുറേപേര്‍ സുരക്ഷാജീവനക്കാരന് ചുറ്റും.

Dhoni Eco Tourism

നന്ദി അറിയിച്ച് ഞങ്ങള്‍ മടക്കയാത്ര തുടങ്ങി. 

വെയിലിന്റെ വെളിച്ചം കുറഞ്ഞു. കാറ്റിന്റെ വേഗം കൂടി... അതാ, ആറ്റുനോറ്റിരുന്ന മഴ ആര്‍ത്തിരമ്പി വരുന്നു. 

Dhoni Eco Tourism

കുടയുടെ ചുവട്ടിലേക്ക് മൂന്നാളും അഭയം തേടിയപ്പോള്‍, ഫോണും പേഴ്‌സും അവര്‍ക്കു നല്‍കി ഞാന്‍ മഴയിലേക്ക് ഇറങ്ങി. മഴയെന്നു പറഞ്ഞാല്‍ ഒരൊന്നൊന്നര മഴ.

രണ്ട് ചെറുപ്പക്കാര്‍ അവരുടെ ഫോണും കൂടി ബാഗില്‍ വെയ്ക്കുമോ എന്ന് ചോദിച്ചു. അങ്ങനെ കോയമ്പത്തൂര്‍ സ്വദേശികളായ അവര്‍ക്കൊപ്പമായി മഴനടത്തം.

യാത്ര മാസിക ഓണ്‍ലൈനില്‍ വാങ്ങാം

കേരളത്തിലെ മഴ അവര്‍ക്ക് അത്ഭുതമാണ്. മൂന്നാറിനെ കുറിച്ചും ആലപ്പുഴയെ കുറിച്ചുമെല്ലാം അവര്‍ വാചാലരായി. 

ആദ്യം കുടയില്‍ കയറിയ ജയനും മഴനനയാന്‍ ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നു. 

കണ്ണുതുറക്കാന്‍ പോലും സാധിക്കാത്ത ശക്തിയിലാണ് ജലപ്രവാഹം. വഴിയുടെ പല ഭാഗത്തുനിന്നും പാറക്കെട്ടുകളില്‍ നിന്നും വെള്ളം കുത്തിയൊഴുകുന്നു. അങ്ങോട്ട് പോയപ്പോള്‍ വരണ്ട് കിടന്നിരുന്ന ജലപാത, ഇപ്പോള്‍ നിറഞ്ഞൊഴുകുന്നു. കാട്ടിലെ പ്രത്യേകതയാണ്, മലമുകളില്‍ ചെറുമഴ പെയ്താലും നിമിഷങ്ങള്‍ക്കുള്ളില്‍ വെള്ളം താഴേയ്ക്ക് ഇരച്ചിങ്ങെത്തും. 

Dhoni Eco Tourism

Dhoni Eco Tourism

നടന്നുമടുത്ത പലരും പാതിവഴിയില്‍ എത്തി തിരികെ പോകുന്നു. മുകളില്‍ കാര്യമായൊന്നും കാണാനില്ല എന്നതാണ് ചിലര്‍ക്ക് മടങ്ങാനുള്ള കാരണമെങ്കില്‍ മഴ പെയ്താതിന്റെ ആവലാതിയിലാണ് മറ്റുള്ളവര്‍ ഓടുന്നത്.

തലയില്‍ വെള്ളമിറങ്ങി പനി പിടിക്കുമെന്ന് സ്ത്രീജനങ്ങളുടെ മുന്നറിയിപ്പ്. പനി പിടിച്ചാലും സാരമില്ലെന്ന് ഞാനും. മഴ നനയുക എന്ന മനോഹരമായ അനുഭവം ആസ്വദിക്കുന്നവര്‍ വിരളമാണെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. 

Dhoni Eco Tourism

Dhoni Eco Tourism

Dhoni Eco Tourism

കയറിയതിലും എളുപ്പത്തില്‍ കാടിറങ്ങി. താഴെ, പാറക്കെട്ടുകളിലൂടെ കുത്തിയൊലിക്കുന്ന അരുവി കണ്ട് കുറച്ചുനേരം ഇരുന്നു. പ്രവേശനകവാടത്തില്‍ മടങ്ങിയെത്തിയപ്പോഴേയ്ക്കും മഴയും ഏതാണ്ട് അവസാനിച്ചമട്ടായിരുന്നു. 

Dhoni Eco Tourism

Dhoni Eco Tourism

ഫോണും സാധനങ്ങളും തമിഴ്‌സുഹൃത്തുക്കള്‍ക്ക് മടക്കിനല്‍കി, അവരോട് വിടചൊല്ലി. അതിനിടയ്ക്ക് ഭാര്യയുടെ ചെരിപ്പും നടന്ന് നടന്ന് പൊട്ടിയിരുന്നു.

അങ്ങനെ മഴ നനയുക എന്ന എന്റെ ആഗ്രഹം ധോണി സാധിച്ചുതന്നു. മല കയറണമെന്ന ജയന്റെയും രശ്മിയുടെയും ആഗ്രഹവും സഫലമായി.

ഗേറ്റിന് പുറത്ത് കടന്നപ്പോഴേയ്ക്കും വിശപ്പിന്റെ വിളിവന്നുതുടങ്ങിയിരുന്നു. നനഞ്ഞുകുതിര്‍ന്ന വേഷത്തില്‍ ഞങ്ങള്‍ വീട്ടിലേക്ക് പാഞ്ഞു...

ധോണിയെ കുറിച്ച്

  • പാലക്കാട് വനമേഖയിലെ ഒലവക്കോട് റെയിഞ്ചിന് കീഴിലുള്ള സംരക്ഷിത വനമാണ് ധോണി.
  • വനത്തിലൂടെ നാലര കിലോമീറ്റര്‍ കാല്‍നടയാത്രയും ധോണി വെള്ളച്ചാട്ടവുമാണ് പ്രധാന ആകര്‍ഷണം. 
  • പാലക്കാട് ടൗണില്‍ നിന്ന് 8 കിലോമീറ്റര്‍ ദൂരം. ഒലവക്കോട് സ്റ്റേഷനില്‍ നിന്ന് ധോണിയിലേക്ക് ബസ് സര്‍വീസുണ്ട്.
  • രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് മൂന്നുമണി വരെയാണ് പ്രവേശനസമയം.
  • മുതിര്‍ന്നവര്‍ക്ക് 100 രൂപയാണ് പ്രവേശനഫീസ്.

ശ്രദ്ധിക്കുക - കാടിനെയും ജീവജാലങ്ങളെയും ബഹുമാനിക്കുക. ഒച്ചയും ബഹളവും വെയ്ക്കാതെ, കാടിനെ നശിപ്പിക്കാതെ മടങ്ങുക

വിശദവിവരങ്ങള്‍ക്ക് വിളിക്കാം - 8547602073