ണ്ടിടങ്ങളില്‍നിന്നാണ് അവര്‍ സൈക്കിള്‍യാത്ര തുടങ്ങിയത്. ഒരുകൂട്ടര്‍ തെക്കുനിന്ന് വടക്കോട്ട്, മറുവിഭാഗം വടക്കുനിന്ന് തെക്കോട്ട്. വടക്കുന്നാഥന്റെ മുന്നില്‍ അവര്‍ അവിചാരിതമായി കണ്ടുമുട്ടി. വിശേഷങ്ങള്‍ പങ്കുവെച്ച് ആശംസകളര്‍പ്പിച്ച് ലക്ഷ്യത്തിലേക്കുള്ള യാത്ര തുടര്‍ന്നു.

ടീം ഒന്ന്

പാലക്കാട് ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ഥികളുടെ യാത്ര കാസര്‍കോട്ടുനിന്ന് തിരുവനന്തപുരം ലക്ഷ്യമാക്കിയാണ്. 'എന്റെ വോട്ട് എന്റെ ശക്തി' എന്ന സന്ദേശം ആളുകളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തിലാണ് അവരുടെ യാത്ര.

ഏപ്രില്‍ 13-ന് കാസര്‍കോട് ജില്ലാ കളക്ടറായ ഡോ. സജിത്ത് ബാബുവിന്റെ വസതിയില്‍നിന്നാണ് എട്ടുപേരടങ്ങിയ സംഘം യാത്രയാരംഭിച്ചത്. സബിന്‍ മുനവ്വിര്‍, വി. ജുനൈദ്, മുഹമ്മദ് സലാഹ്, സി.പി. മുഹമ്മദ് ജസീല്‍, അദ്‌നാന്‍ ആലുങ്കല്‍, എം.പി. ജിബിന്‍ എന്നിവരാണ് സൈക്കിളില്‍ സന്ദേശവുമായി സഞ്ചരിക്കുന്നത്. പാലക്കാട്ടുനിന്ന് ട്രെയിന്‍ മാര്‍ഗമാണ് സൈക്കിളുകള്‍ കാസര്‍കോട്ടെത്തിച്ചത്. സ്വീപ്പ് കേരളയുടെ ജില്ലാ ഘടകങ്ങളുടെ സഹകരണത്തോടുകൂടിയാണ് വിദ്യാര്‍ഥികളുടെ യാത്ര. മൂന്നും നാലുംവര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥികളായ ഇവര്‍ കോളേജിലെ സൈക്ലിങ് ക്ലബ്ബിലെ അംഗങ്ങളാണ്. വോട്ടവകാശം വിനിയോഗിക്കുക, സൈക്ലിങ് പ്രോത്സാഹിപ്പിക്കുക, ഹരിത പെരുമാറ്റച്ചട്ടം തിരഞ്ഞെടുപ്പില്‍ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഇവര്‍ മുന്നോട്ടുവെയ്ക്കുന്ന മറ്റു സന്ദേശങ്ങള്‍.

കേരളത്തിലെ പത്തുജില്ലകളില്‍ക്കൂടി എട്ടുദിവസംനീണ്ട യാത്രയാണ് ഉദ്ദേശിക്കുന്നത്. ശനിയാഴ്ച തിരുവന്തപുരത്താണ് യാത്ര അവസാനിപ്പിക്കുക. സമാപനദിനത്തില്‍ സ്വീപ്പ് അംഗങ്ങളും ദേശീയ സൈക്ലിങ് കോച്ചായ ഉഷാ ടി.നായരും പങ്കെടുക്കുന്ന പ്രത്യേക ചടങ്ങും നടക്കും. ജില്ലാതല സ്വീപ്പ് അംഗങ്ങള്‍ യാത്രയുടെ ഓരോ ഘട്ടത്തിലും ആവശ്യമായ സഹായങ്ങളുമായി ഒപ്പം നില്‍ക്കുന്നുണ്ട്. തൃശ്ശൂരിലെത്തിയ ടീമിനെ ജില്ലാ കളക്ടര്‍ ടി.വി. അനുപമയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. തൃശ്ശൂരില്‍നിന്ന് ഇരിങ്ങാലക്കുടവഴി യാത്രതുടരാനാണ് ടീമിന്റെ തീരുമാനം.

കോളേജില്‍ സംഘടിപ്പിക്കാനുദ്ദേശിക്കുന്ന ടെക്‌നിക്കല്‍ ഫെസ്റ്റായ ഇന്‍വെന്റോ 2K19-നിന്റെ പ്രചാരണവും യാത്രയുടെ ഉദ്ദേശ്യത്തിലുണ്ട്.

ടീം രണ്ട്

കോഴിക്കോട് എം.ഡി.ഐ.ടി. എന്‍ജിനീയറിങ് കോളേജിലെ എന്‍.എസ്.എസ്. അംഗങ്ങളാണ് തിരുവനന്തപുരത്തുനിന്ന് കാസര്‍കോട്ടേക്ക് യാത്ര ചെയ്യുന്നത്. ഏപ്രില്‍ 10-നാണ് ഇവരുടെ യാത്രയാരംഭിച്ചത്. കോഴിക്കോട്ടെ അനാഥരായ കുട്ടികള്‍ക്ക് സഹായങ്ങള്‍ ചെയ്യണമെന്ന ചിന്തയാണ് ഇവരെ ഈ യാത്രയിലേക്കെത്തിച്ചത്. കോഴിക്കോട് എലത്തൂര്‍ നിവാസിയായ എം.എസ്. എലത്തുര്‍ ആണ് ഇവരുടെ യാത്രയുടെ പ്രധാന സ്‌പോണ്‍സര്‍. ഇടയ്ക്കുവെച്ച് ഒരാള്‍ക്ക് യാത്ര അവസാനിപ്പിക്കേണ്ടിവന്നുവെങ്കിലും മറ്റുളളവര്‍ യാത്ര തുടരുകയാണ്. പകല്‍ സ്ഥാപനങ്ങളില്‍നിന്ന് സഹായങ്ങള്‍ സ്വീകരിച്ചും രാത്രി സൈക്കിള്‍ ചവിട്ടിയുമാണ് അവര്‍ മുന്നോട്ടുപോവുന്നത്. ക്ഷീണിക്കുമ്പോള്‍ ടെന്റുകളടിച്ച് വിശ്രമിക്കും. പുതിയ അധ്യയനവര്‍ഷം അനാഥരായ കുട്ടികള്‍ക്ക് സ്‌കൂള്‍ ഉപകരണങ്ങള്‍ എത്തിക്കുകയെന്നതാണ് ഇവരുടെ ലക്ഷ്യം. മുഹമ്മദ് നിഹാല്‍, ഇ. അര്‍ജുന്‍, മുഹമ്മദ് സഫ്വാന്‍, കെ. അര്‍ജുന്‍, അര്‍ഷാക് അബ്ദുള്ള എന്നിവരാണ് സൈക്കിളില്‍ യാത്രചെയ്യുന്നത്. ലക്ഷ്യത്തിനുമാത്രം പ്രാധാന്യം നല്‍കുന്നതിനാല്‍ യാത്ര എത്രദിവസം നീളുമെന്നതില്‍ അവര്‍ക്ക് നിശ്ചയമില്ല. കൃത്യമായ വഴികളും ഇവരുടെ യാത്രയ്ക്കായി തീരുമാനിക്കപ്പെട്ടിട്ടില്ല. ഇടയ്ക്കുവെച്ച് ഒരാള്‍ക്ക് സൂര്യതാപവുമേല്‍ക്കുകയുണ്ടായി.

നിഹാലാണ് താരം

അവിചാരിതമായാണ് ഇരുസംഘങ്ങളും തേക്കിന്‍കാട് മൈതാനത്ത് കണ്ടുമുട്ടുന്നത്. യാത്രാവിശേഷങ്ങള്‍ പങ്കുവെച്ചും പരസ്പരം കൈകൊടുത്തും അവര്‍ കണ്ടുമുട്ടല്‍ ആഘോഷമാക്കി. കുറച്ചുനാളുകള്‍ക്കുമുമ്പ് സൈക്കിളില്‍ മണാലിക്ക് യാത്രപോയ സഫ്വാന്‍ എം.ഡി.ഐ.ടി. ടീമിലുണ്ടെന്നറിഞ്ഞപ്പോള്‍ സംസാരം ആ യാത്രയെക്കുറിച്ചായി.

3000 രൂപ ചെലവില്‍ കോഴിക്കോട്ടുനിന്ന് മണാലിയിലെത്തിയ കഥ നിഹാല്‍ പങ്കുവെച്ചു. വയനാട്ടിലേക്കു തിരിച്ചയാത്ര മണാലിയില്‍ അവസാനിച്ച കഥകേട്ടപ്പോള്‍ എല്ലാവര്‍ക്കും ആവേശം.

വയനാട്ടില്‍നിന്ന് മണാലിയിലേക്കൊരു ഷോര്‍ട്ട് കട്ട്

മുഹമ്മദ് സഫ്വാനും മുഹമ്മദ് നിഹാലും തുഫൈലും വയനാടന്‍ ചുരം കയറുകയെന്ന ലക്ഷ്യത്തിലാണ് 300 രൂപയുമായി വയനാട്ടിലേക്ക് സൈക്കിള്‍ ചവിട്ടിയത്. വയനാട്ടിലെ കൂട്ടുകാര്‍ ഭക്ഷണത്തിനാവശ്യമായ സഹായം നല്‍കി. കൈയില്‍ പണം ബാക്കിയായപ്പോള്‍ റൂട്ട് മൈസൂരിലേക്ക് നീട്ടിവരച്ചു അവര്‍. അവിടെയും കൂട്ടുകാര്‍ സഹായത്തിന്. യാത്ര ബെംഗളൂരുവിലേക്ക് നീട്ടി. അവിടെനിന്ന് ഹൈദരാബാദുവഴി ഡല്‍ഹിയിലേക്ക് ലോറിയില്‍. തണുപ്പിനെ ആതിജീവിക്കാന്‍ കമ്പിളിവസ്ത്രങ്ങള്‍ കൂട്ടുകാരൊരുക്കി. അങ്ങനെ യാത്ര മണാലിയില്‍ അവസാനിച്ചു. വിശേഷങ്ങള്‍ പങ്കുവെച്ചും ഒപ്പം ചിത്രങ്ങളെടുത്തും പാലക്കാട് ടീം ഇരിങ്ങാലക്കുടയിലേക്കും കോഴിക്കോട് ടീം കോട്ടയ്ക്കലിലേക്കും യാത്ര തുടര്‍ന്നു. വീണ്ടും ഏതെങ്കിലുമൊരു സൈക്കിള്‍യാത്രയില്‍ കാണാമെന്ന പ്രതീക്ഷയുമായി.

Content Highlights: Bicycle Travel, Mathrubhumi Yathra, Mathrubhumi Travel