രീക്ഷകഴിഞ്ഞ് സ്‌കൂളടച്ചാല്‍ മണാലിയിലേക്ക് ഒരു സൈക്കിള്‍ യാത്ര പോയാലോ....ഉസാമയുടെയും മിജ്ലാദിന്റെയും ചോദ്യത്തെ കൂട്ടുകാര്‍ വല്ലാതെ ട്രോളി. നടക്കാത്ത കാര്യമെന്നു പരിഹസിച്ചു. ആയിരം കിലോമീറ്ററിലധികം നീണ്ട ഒരുമാസത്തെ യാത്രകഴിഞ്ഞ് തിരിച്ചെത്തിയതോടെ ഇരുവരും നാട്ടിലെ താരങ്ങളായിരിക്കുകയാണ്.

Peruvelloor Students

മലപ്പുറം ജില്ലയിലെ പെരുവള്ളൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു കംപ്യൂട്ടര്‍സയന്‍സ് വിദ്യാര്‍ഥികളായ ഉസാമ വരിക്കോട്ടിലും മിജ്ലാദ് റഹ്മാനുമാണ് സാഹസികയാത്ര നടത്തിയത്. ഒരേ ബെഞ്ചിലിരുന്ന് പഠിക്കുന്ന സുഹൃത്തുക്കളാണ് ഇരുവരും. കൂടെ വരാന്‍ മറ്റുള്ളവര്‍ ഇല്ലാതിരുന്നിട്ടും ഇവര്‍ യാത്ര മുടക്കിയില്ല. വീട്ടുകാരില്‍നിന്ന് നല്ല പ്രോത്സാഹനമായിരുന്നു. കൂട്ടുകാരില്‍നിന്ന് കടംവാങ്ങിയ സൈക്കിളുമായി മാര്‍ച്ച് 30-ന് പെരുവള്ളൂരില്‍നിന്നായിരുന്നു യാത്രയുടെ തുടക്കം. 

Peruvelloor Students 2വയനാട്, മൈസൂര്‍ വഴി ചവിട്ടിക്കയറി ചെന്നൈ സെന്‍ട്രല്‍ റെയില്‍വേസ്റ്റേഷനിലെത്തി. ഇവിടെനിന്ന് ചണ്ഡീഗഡിലേക്ക് സൈക്കിളുമായി ട്രെയിന്‍ കയറി. അവിടെനിന്ന് വീണ്ടും സൈക്കിളില്‍ മുന്നൂറ് കിലോമീറ്ററോളം കറങ്ങി കുളുവും മണാലിയും. തിരികെ വരുമ്പോള്‍ സൈക്കിളില്ലാതെ ഡല്‍ഹിയില്‍ ഒന്ന് കറങ്ങി. പെട്രോള്‍പമ്പുകള്‍, പള്ളികള്‍, അമ്പലങ്ങള്‍, ഗുരുദ്വാരകള്‍ എന്നിവിടങ്ങളിലൊക്കെ ടെന്റടിച്ചായിരുന്നു ഉറക്കം. പലയിടത്തുനിന്നും ഭക്ഷണവും ലഭിച്ചു.

പുറത്തുനിന്നുള്ള ഭക്ഷണച്ചെലവ് കുറയ്ക്കാന്‍ മീന്‍ അച്ചാര്‍, ജാം, ചോക്ലേറ്റ് എന്നിവയൊക്കെ ഇവര്‍ കരുതിയിരുന്നു. ചപ്പാത്തിയും റൊട്ടിയും മാത്രമേ വാങ്ങേണ്ടിവന്നുള്ളൂ. മുന്‍പ് സൈക്കിള്‍യാത്ര നടത്തിയ ഫെയ്സ്ബുക്ക് സുഹൃത്തുക്കളുടെ ഉപദേശം സ്വീകരിച്ചായിരുന്നു ഒരുക്കങ്ങള്‍. തിരികെയുള്ള ട്രെയിന്‍യാത്രയില്‍ മിജ്ലാദിന്റെ മൊബൈല്‍ഫോണ്‍ മോഷണംപോയതു മാത്രമാണ് മോശം അനുഭവം. 
കാടപ്പടിയിലെ വരിക്കോട്ടില്‍ സൈതലവിയുടെയും വി.ടി. കുഞ്ഞിബീവിയുടെയും മകനാണ് ഉസാമ. പറമ്പില്‍പ്പീടികയിലെ നമ്പിളിയില്‍വീട്ടില്‍ അബ്ദുല്‍ഗഫൂറിന്റെ മകനാണ് മിദ്ലാജ്.

Content Highlights: Cycle Travel to Manali, Mathrubhumi Yathra, Manali Trip, Manali Travel