രുന്നോ, ഞങ്ങളുടെ കൂടെ എന്നൊരു ചോദ്യത്തോടെയാണ് ജോബി കണ്ടനാട് ഫോണ്‍ ചെയ്തത്. ആശാന്‍ പെഡല്‍ ഫോഴ്‌സ് എന്ന സംഘടനയുടെ ജീവാത്മാവും പരമാത്മാവുമാണ്. കോഴിക്കോടുമുതല്‍ വയനാടുവരെ രണ്ടുദിവസത്തെ യാത്ര, അതും സൈക്കിളില്‍. പക്ഷേ, ഒരൊറ്റ ഫോണ്‍ വിളിയില്‍ വീണുപോകാന്‍ കാരണമിതൊന്നുമല്ല. പെഡല്‍ ഫോഴ്‌സ് ടീം തിരഞ്ഞെടുത്ത സ്ഥലമായിരുന്നു പ്രധാന ആകര്‍ഷണം. വയനാട്ടിലെ തൊള്ളായിരംകണ്ടി. പേരില്‍തന്നെയില്ലേ, ഒരു രസം.

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവര്‍ മാത്രമല്ല, കര്‍ണാടകക്കാരും കൊച്ചിയില്‍ ജോലി ചെയ്യുന്ന രാജസ്ഥാന്‍, ഹരിയാണ സ്വദേശികളുമൊക്കെ റൈഡിങ്ങിനുണ്ട്. മൊത്തം 25 പേര്‍. ഒപ്പം റൈഡിങ്ങ് നിയന്ത്രിച്ചുകൊണ്ട് മുന്നിലൊരു കാറും. അപകടമുണ്ടായാല്‍ സഹായത്തിനായി ഒരു ആംബുലന്‍സ് പിറകെയും. 

4

പുലര്‍ച്ചെ അഞ്ചുമണിക്ക് കോഴിക്കോട്ടുനിന്നായിരുന്നു സൈക്കിളോട്ടം തുടങ്ങിയത്. 15 കിലോമീറ്റര്‍ വേഗത്തില്‍ പോകാനാണ് നിര്‍ദേശം. ആവേശംകൊണ്ട് ചിലര്‍ വേഗം കൂട്ടുന്നുണ്ട്. നിര്‍ദേശം കിട്ടുമ്പോള്‍ വേഗം കുറയ്ക്കും. 20-25 കിലോമീറ്റര്‍ പിന്നിടുമ്പോള്‍ വെള്ളം കുടിക്കാനും ലഘുഭക്ഷണത്തിനുമായി സൈക്കിളുകളെല്ലാം നിര്‍ത്തും. സൈക്കിള്‍ സംഘത്തിന് നായകനും കോഓര്‍ഡിനേറ്ററുമൊക്കെയുണ്ട്. അടിവാരത്തുനിന്ന് പ്രഭാതഭക്ഷണവും കഴിച്ച് പിന്നെ നിര്‍ത്താതെ ചവിട്ടല്‍. പൂക്കോട് തടാകത്തിന് സമീപമായിരുന്നു അടുത്ത വിശ്രമസ്ഥലം. പൂക്കോട്ടുവെച്ച് വയനാട് ഡി.ടി.പി.സി. വക ചെറിയൊരു സ്വീകരണം.

മേപ്പാടിയില്‍നിന്ന് ഉച്ചഭക്ഷണവും കഴിഞ്ഞ് തൊള്ളായിരംകണ്ടിയിലെത്തിയപ്പോഴേക്കും വൈകുന്നേരമായി. മേപ്പാടിയില്‍നിന്ന് സൂചിപ്പാറ വെള്ളച്ചാട്ടത്തിലേക്ക് പോകുന്ന വഴിയില്‍ കള്ളാടിയിലെത്തിയാല്‍ വലത്തോട്ടൊരു കയറ്റമുണ്ട്. ഒരല്‍പം കയറിയാല്‍ ചെറിയൊരു അമ്പലം കാണാം. അതിനടുത്താണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സ്ഥലം. ജീപ്പും ഇരുചക്രവാഹനങ്ങളുമൊക്കെ വീണ്ടും മുന്നോട്ടുപോകുമെങ്കിലും കാടിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ നടത്തമാണ് നല്ലത്. അല്ലെങ്കിലും കാട് നടന്നുതന്നെ കാണേണ്ട സംഗതിയാണല്ലോ! 

തൊള്ളായിരംകണ്ടിയിലേക്ക് പോകും മുന്‍പ് ഒരു മുന്നറിയിപ്പ് തരാം. ഇത് നിങ്ങളുടെ സ്വന്തം ഉത്തരവാദിത്വത്തില്‍ പോകേണ്ട യാത്രയാണ്. ആനകളും വന്യമൃഗങ്ങളും വിഹരിക്കുന്ന ഇടമാണിവിടം. റിസോര്‍ട്ടുകള്‍ കൂടുതലുള്ള പ്രദേശത്തേക്ക് മൃഗങ്ങള്‍ എത്താന്‍ സാധ്യത കുറവാണെങ്കിലും രാത്രി അലഞ്ഞുതിരിഞ്ഞ് നടന്നാല്‍ ചിലപ്പോള്‍ പണികിട്ടും. മാവോവാദികളെത്തി വാര്‍ത്തയിലിടംപിടിച്ച സ്ഥലം കൂടിയാണിതെന്ന് ഓര്‍ക്കുക. മെയിന്‍ റോഡ് തിരിയുമ്പോഴേ റോഡിന്റെ അവസ്ഥയെക്കുറിച്ച് ഏകദേശ ധാരണ പിടികിട്ടിയിരുന്നു. കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയം പ്രദേശത്തെയാകെ ഇളക്കിമറിച്ചിട്ടുണ്ട്. റോഡെന്ന് പറയുന്നത് മണ്‍പാതകള്‍ മാത്രമായി മാറി. കടപഴകിയ കൂറ്റന്‍ മരങ്ങള്‍ വഴിയോരത്തുടനീളം കാണാം. മുന്‍പ് ഇവിടെ വന്നിട്ടുള്ളവരാണെങ്കില്‍ പുതിയ തൊള്ളായിരംകണ്ടിയെ മനസ്സിലാക്കാന്‍ പ്രയാസപ്പെടും.

2

സൈക്കിളുന്തിയുള്ള നടപ്പ് അതികഠിനം തന്നെയാണ്. പലയിടത്തും ഉരുളന്‍കല്ലില്‍ തെന്നിവീഴും. നടുഭാഗം ഒഴിവാക്കി പാതയോരം മാത്രം കോണ്‍ക്രീറ്റ് ചെയ്ത റോഡാണ് ചിലയിടത്തുള്ളത്. എങ്കിലും സൈക്കിള്‍ തൊള്ളിയിരംകണ്ടിയിലെത്തിക്കും എന്ന നിശ്ചയദാര്‍ഢ്യത്തോടെയാണ് യാത്ര.

വനംവകുപ്പിന്റെ സുരക്ഷാബോര്‍ഡുകള്‍ പലയിടത്തും കാണാമെങ്കിലും സര്‍ക്കാരിന്റെ കൈവശം കുറച്ച് സ്ഥലം മാത്രമേയുള്ളൂ. ഭൂരിഭാഗവും സ്വകാര്യസ്ഥലമാണ്. ഏലവും കാപ്പിയുമൊക്കെ കൃഷി ചെയ്യുന്ന തോട്ടങ്ങള്‍. പക്ഷേ, ജനവാസം കുറവായതുകൊണ്ട് കാടിന്റെ അന്തരീക്ഷം ആവോളം നുകരാം. മുന്‍പ്‌ 900 ഏക്കറുള്ള വലിയ എസ്റ്റേറ്റായിരുന്നു ഇത്. എസ്റ്റേറ്റുകള്‍ കഷ്ണങ്ങളായി വിഭജിക്കപ്പെട്ടു. ആ പേര് മാത്രം അതേപടി നിലനിന്നു.

പോകുന്ന വഴിയിലാണ് ഗ്ലാസ് പാലത്തിലേക്കുള്ള വഴി. ചൈനയിലെ വലിയ ഗ്ലാസ് പാലത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ശ്രദ്ധിക്കപ്പെട്ടതോടെ ഇവിടെയും തിരക്കാണ്. 100 രൂപയാണ് പാലത്തില്‍ കയറാനുള്ള ടിക്കറ്റ് നിരക്ക്. ചൈനയിലേതുപോലെ വലിയ പാലമൊന്നുമല്ല. മലമുകളില്‍ നിന്ന് പുറത്തേക്ക് തള്ളിനില്‍ക്കുന്ന പാലത്തില് മൂന്നുപേര്‍ക്കേ ഒരേ സമയത്ത് കയറാനാകൂ. പാലത്തിനടിഭാഗം വ്യക്തമായി കാണാം. പാലത്തില്‍ ചവിട്ടുമ്പോള്‍ കാല്‍ പുതഞ്ഞുപോകുന്നതുപോലുള്ള പ്രതീതി. ഗ്ലാസും ഫൈബറും ചേര്‍ത്ത നിര്‍മിതിയാണിത്.

5

ഇരുട്ട് വീണുതുടങ്ങിയതോടെ യാത്ര കഠിനമായി മാറി. ചുറ്റും ചീവീടുകളുടെ ശബ്ദം മാത്രം. കൂരിരുട്ടില്‍ എങ്ങോട്ടാണ് പോകേണ്ടതെന്നറിയാതെ ഏവരും തപ്പിത്തടഞ്ഞു. ബുക്ക് ചെയ്ത റിസോര്‍ട്ടാണെങ്കില്‍ എവിടെയാണെന്ന് ഒരു പിടിയുമില്ല. മൊബൈലല്‍ നെറ്റ് വര്‍ക്കുകളൊന്നും കൃത്യമായി കിട്ടാത്തതിനാല്‍ വിളിച്ചുനോക്കാനും നിര്‍വാഹമില്ല. ഒന്നും നോക്കാതെ സൈക്കിളുമുന്തി മുന്നോട്ടേക്ക് വെച്ചുപിടിച്ചു. മറ്റ് റിസോര്‍ട്ടുകളില്‍ കയറിയിറങ്ങി അന്വേഷണമായി. അവസാനം ഒരു മണിക്കൂറോളം നീണ്ട കാനനയാത്രയ്‌ക്കൊടുവില്‍ കൂടണഞ്ഞു.

കാടിന് നടുവില്‍ മനോഹരമായ റിസോര്‍ട്ട്. രാത്രിഭക്ഷണം കഴിഞ്ഞപ്പോഴേക്കും ഉറക്കം. കോണ്‍ക്രീറ്റ് ചുവരുകള്‍ക്കുള്ളിലൊന്നുമല്ല മരങ്ങള്‍ക്ക് നടുവില്‍ കെട്ടിയൊരുക്കിയ ചെറിയ ടെന്റുകളിലാണ് രാത്രിവാസം. ഒരു ടെന്റില്‍ രണ്ടുപേര്‍ക്ക് കിടക്കാം. നല്ല തണുപ്പുണ്ടെങ്കിലും ടെന്റിലെ സ്ലീപ്പിങ് ബാഗിനുള്ളില്‍ അത് സുഖകരമായ കുളിരായി മാറി. കാടിന്റെ ശബ്ദങ്ങളിലലിഞ്ഞ് നന്നായുറങ്ങി. 

3

പിറ്റേ ദിവസം പുലര്‍ച്ചെ കുന്നിറങ്ങുമ്പോഴാണ് കാടിന്റെ സൗന്ദര്യം ശരിക്കാസ്വദിക്കാനായത്. സൂര്യപ്രകാശം വീണുതുടങ്ങുമ്പോഴുള്ള കാട് രാത്രി കണ്ടതേയല്ല! കുരങ്ങന്മാരെയും മലയണ്ണാനുകളെയും വഴിയില്‍ ധാരാളം കണ്ടുമുട്ടി. വിവിധ റിസോര്‍ട്ടുകളിലായി താമസിക്കുന്ന ഒട്ടേറെപ്പേര്‍ പുലര്‍ച്ചെ നടക്കാനിറങ്ങിയിട്ടുണ്ട്. മലമുകളിലേക്ക് നടന്നുകയറി ഉച്ചിയിലെത്തി അവിടെ ടെന്റടിച്ചുകൂടുന്നവരുമുണ്ട്. ഇത് അത്ര സുരക്ഷിതമല്ലെന്നുമാത്രം.

സൈക്കിളില്‍ പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • പ്രാദേശികമായ ചെറിയ യാത്രകളൊക്കെ സൈക്കിളിലാക്കാവുന്നതാണ്. ഈ അവധിക്കാലത്ത് അത്തരത്തില്‍ ചില യാത്രകള്‍ പ്ലാന്‍ ചെയ്തുനോക്കൂ. വ്യത്യസ്തമായ അനുഭവമായിരിക്കും. യാത്രകള്‍ക്ക് വിലകൂടിയ സ്‌പോര്‍ട്‌സ് സൈക്കിളുകളൊന്നും വേണമെന്നില്ല. സാധാരണ സൈക്കിളിലുമാകാം യാത്ര.
  • സൈക്കിളില്‍ യാത്ര ചെയ്ത് അധികം പരിചയമില്ലാത്തവര്‍ കുനിഞ്ഞിരുന്ന് ഓടിക്കുന്ന സൈക്കിളുകള്‍ വാങ്ങണമെന്നില്ല. നിവര്‍ന്നിരുന്ന് ഓടിക്കുന്ന സൈക്കിളുകള്‍ തന്നെയാണ് സിറ്റി ടൂറുകളടക്കമുള്ള യാത്രകള്‍ക്ക് നല്ലത്.
  • മണിക്കൂറില്‍ 10-12 കിലോമീറ്റര്‍ വേഗത്തില്‍ സൈക്കിളോടിച്ചാല്‍ മതിയാകും. വേഗം കുറവാണെങ്കില്‍ ഹെല്‍മറ്റ് വേണമെന്നില്ല. അത് ഓരോരുത്തരുടെയും സൗകര്യാനുസരണം ഉപയോഗിക്കാവുന്നതാണ്.
  • വെള്ളം, ലഘുഭക്ഷണം എന്നിവ കൂടെക്കരുതിയാല്‍ സൈക്കിളുകള്‍ ഒതുക്കി ദാഹവും ക്ഷീണവും ഇടയ്ക്കിടെ അകറ്റാം. വലിയ ദൂരമാണെങ്കില്‍ ചെറിയ വിശ്രമമെടുത്ത് പോകുന്നതാണ് നല്ലത്.
  • വാഹനങ്ങളെ മറികടക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക. ബൈക്കും സ്‌കൂട്ടറും ഓടിക്കുന്നതുപോലെ കണ്ണാടി നോക്കി വാഹനം നിയന്ത്രിക്കാന്‍ ശ്രമിച്ചാല്‍ അത് ശരിയാകണമെന്നില്ല.
  • കാറ്റടിക്കാനുള്ള പമ്പ് കൂടെക്കരുതുന്നതാണ് നല്ലത്.

(മാതൃഭൂമി യാത്രയിൽ പ്രസിദ്ധീകരിച്ചത്)

Content Highlights: cycle ride to 900 kandi, wayanad tourism, mathrubhumi yathra