മകരവെയിലേറ്റ് തിളങ്ങുന്ന ഓളങ്ങള്‍ക്കുമേല്‍ യാനസുന്ദരി 'ക്ലിയോപാട്ര' ഒന്ന് ചാഞ്ചാടി. അടുത്തനിമിഷം ആത്മവിശ്വാസത്തികവോടെ തിരകളെ ഭേദിച്ച് മുന്നോട്ട്... പായ്ക്കപ്പലിനും ഉരുനിര്‍മാണത്തിനും കേളികേട്ട ബേപ്പൂരിലെ തുറമുഖത്തുനിന്ന് ആധുനിക സൗകര്യങ്ങളോടുകൂടിയ മലബാറിലെ ആദ്യ വിനോദസഞ്ചാരബോട്ടായ 'ക്ലിയോപാട്ര'യുടെ കന്നിയാത്ര. റിപ്പബ്ലിക്ദിനത്തില്‍ ഉച്ചയ്ക്ക് ഒരുമണിക്കാണ് 'ക്ലിയോപാട്ര' ഓളപ്പരപ്പില്‍ വിനോദസഞ്ചാരത്തിന് തുടക്കംകുറിച്ചത്.

ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തില്‍ ബേപ്പൂര്‍ തുറമുഖത്ത് നടന്ന ലളിതമായ ചടങ്ങില്‍ മന്ത്രി എ.കെ. ശശീന്ദ്രനാണ് യാനസുന്ദരിയുടെ കന്നിയാത്ര ഫ്‌ളാഗ്ഓഫ് ചെയ്തത്. പുലിമുട്ടിന് സമീപം 'ക്ലിയോപാട്ര'യ്ക്ക് ബര്‍ത്ത് ചെയ്യാന്‍ പ്രത്യേകമായി ഒരുക്കിയ മെറീന ജെട്ടിയും ഇതിന്റെ ഭാഗമായി ഉദ്ഘാടനംചെയ്തു. 'ക്ലിയോപാട്ര'യുടെ ആദ്യപ്രയാണത്തില്‍ മന്ത്രിയും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ആഹ്ലാദത്തോടെ പങ്കാളികളായി. പൊതുജനങ്ങള്‍ക്കുള്ള യാത്ര ഫെബ്രുവരി ഒന്നിനാണ് തുടങ്ങുക.

കടല്‍ക്കാഴ്ചകള്‍കണ്ട് ഒരു യാത്ര

കടല്‍യാത്രയ്ക്ക് അനുയോജ്യമായ ആധുനിക സംവിധാനങ്ങളോടുകൂടിയ വിനോദസഞ്ചാരബോട്ടാണ് 'ക്ലിയോപാട്ര'. ബേപ്പൂരില്‍നിന്ന് തുടങ്ങി കോഴിക്കോട് ബീച്ചിലൂടെ വെള്ളയില്‍ ബീച്ചുവരെ പോയി തിരിച്ചുവരും വിധമാണ് ഇതിന്റെ സഞ്ചാരപഥം ഒരുക്കിയിട്ടുള്ളത്. 100 പേര്‍ക്ക് ഒരേസമയം ഇരുന്ന് യാത്രചെയ്യാന്‍ സൗകര്യമുള്ള ഈ ബോട്ടിന് മൊത്തം 130 പേരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ട്.

ഒന്നരമണിക്കൂര്‍ നീളുന്ന സഞ്ചാരത്തിന് ഒരാള്‍ക്ക് 300 രൂപയാണ് നിരക്ക്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും മറ്റും ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ബുക്ക് ചെയ്യുമ്പോള്‍ 250 രൂപയായിരിക്കും. ശീതീകരിച്ച കോണ്‍ഫറന്‍സ് ഹാള്‍ സൗകര്യമുള്ള വി.ഐ.പി. ലോഞ്ചില്‍ ഒരാള്‍ക്ക് 450 രൂപയാണ് ഈടാക്കുക. വി.ഐ.പി. ലോഞ്ചില്‍ 20 സീറ്റാണുള്ളത്. ഇതിനുപുറമേ കഫ്റ്റീരിയ, ഹോംതിയേറ്റര്‍, രണ്ട് ബയോ ടോയ്ലറ്റുകള്‍ തുടങ്ങിയ സൗകര്യങ്ങളും 'ക്ലിയോപാട്ര'യിലുണ്ടാവും.

നിര്‍മാണം ഗോവയില്‍

കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാര്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന് (കെ.എസ്.ഐ.എന്‍.സി.) വേണ്ടി ഗോവയിലാണ് ഈ ഉല്ലാസനൗക നിര്‍മിച്ചത്. രജിസ്ട്രേഷന്‍ ഓഫ് ഷിപ്പിങ് ഇന്ത്യയുടെ സര്‍ട്ടിഫിക്കേഷനോടുകൂടി, സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള ഈ യാനസുന്ദരിക്ക് 23 മീറ്റര്‍ നീളവും 7.5 മീറ്റര്‍ വീതിയുമുണ്ട്. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണിത് കെ.എസ്.ഐ.എന്‍.സി.ക്ക് കൈമാറിയത്. ബേപ്പൂരിലെത്തിയതാവട്ടെ, രണ്ടാഴ്ചമുമ്പും. വാന്‍സണ്‍ ഷിപ്പിങ് സര്‍വീസ് കമ്പനിയുടെ കീഴില്‍, ക്യാപ്റ്റന്‍ കെ.കെ.ഹരിദാസിന്റെ മേല്‍നോട്ടത്തിലാണ് 'ക്ലിയോപാട്ര'യുടെ സേവനം.

''കേരളത്തിലെ ഏറ്റവും വേഗംകൂടിയ പാസഞ്ചര്‍ ഫെറി ബോട്ടാണ് ക്ലിയോപാട്ര. മണിക്കൂറില്‍ 12 നോട്ടിക്കല്‍ മൈല്‍ വേഗത്തിലാണ് ഇതിന്റെ സഞ്ചാരം.'' -വാന്‍സണ്‍ ഷിപ്പിങ് സര്‍വീസ് കമ്പനി മാനേജിങ് ഡയറക്ടര്‍ കെ.കെ.ഹരിദാസ് പറഞ്ഞു. 'ക്ലിയോപാട്ര'യ്ക്ക് തുടര്‍ച്ചയായി മറ്റൊരു ഉല്ലാസബോട്ടായ 'മിഷേല്‍' കൊച്ചിയില്‍ എത്തിയിട്ടുണ്ടെന്നും താമസിയാതെ അത് കോഴിക്കോട്ട് തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.

''മലബാര്‍ മേഖലയിലെ ജലഗതാഗതവും ചരക്കുഗതാഗതവും കാര്യക്ഷമമാക്കി തീര്‍ക്കാനുള്ള കെ.എസ്.ഐ.എന്‍.സി.യുടെ ശ്രമത്തിന്റെ ആദ്യഘട്ടംമാത്രമാണ് ക്ലിയോപാട്ര'' -ക്യാപ്റ്റന്‍ ഹരിദാസ് പറയുന്നു.

സമുദ്രസഞ്ചാരികളെ എക്കാലവും ആകര്‍ഷിച്ചിട്ടുള്ള കോഴിക്കോടിന്റെ പെരുമയ്ക്ക് തിളക്കമേറ്റി, 'ക്ലിയോപാട്ര'യുടെ നാളുകളാണ് ഇനി വരാന്‍പോകുന്നത്. കേരളത്തിന്റെ വിനോദസഞ്ചാരപഥങ്ങളില്‍ പ്രകാശം പരത്തുന്ന സുന്ദരിയായി, ബേപ്പൂര്‍ തുറമുഖത്തുനിന്ന് 'ക്ലിയോപാട്ര' പ്രയാണം തുടങ്ങുകയായി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 7592999555, 8592999555.  info@vansonindia.com

Content Highlights: Cleopatra Boat, Luxuary Boat Service Kozhikode, Kozhikode Beach, Vellayil Beach, Tourists Places in Kozhikode