ചുരുളി എന്ന സിനിമയിലെ കഥകള്‍ സാങ്കല്‍പ്പികമായിരിക്കാം. പക്ഷേ ചുരുളി എന്ന വനഗ്രാമം ഇവിടെയുണ്ട്. വടക്കേ വയനാട്ടിലെ കുഞ്ഞോം എന്ന ഉള്‍ഗ്രാമത്തില്‍ നിന്നും നാല് കിലോമീറ്ററോളം കാട് കടന്ന് വേണം ചുരുളിയിലെത്താന്‍. തുടക്കത്തില്‍ അല്‍പ്പദൂരം കോണ്‍ക്രീറ്റ് പാത കഴിഞ്ഞാല്‍ പിന്നെ മൂന്ന് കിലോമീറ്ററോളം മണ്‍റോഡാണ്. ഇരുവശങ്ങളും കുട ചൂടിയ കാടെന്ന കൂടാരത്തിലൂടെ വേണം ചുരുളിയിലെത്താന്‍. ചുരുളി പുറം ലോകത്ത് നിന്നെല്ലാം അകലെയാണെങ്കിലും നാല് തലമുറകള്‍ക്ക് മുന്നിലും ഇവിടെ ആള്‍ താമസമുണ്ട്.  ഗോത്ര വിഭാഗക്കാരായ കുറിച്യസമുദായം മാത്രമാണ് ഈ കാടിനുള്ളിലെ അന്തേവാസികള്‍. നാല്‍പ്പത് കുടുംബങ്ങളിലായി മുന്നൂറോളം പേരാണ് ഇവിടെ താമസക്കാരായിട്ടുള്ളത്. പ്രകൃതിയോടും മണ്ണിനോടും ഇണങ്ങിയ ജവിതരീതികളില്‍ ഇവരുടെ ലോകം നിശബ്ദമായ വിപ്ലവത്തിന്റെത് കൂടിയാണ്. വയനാട്ടിലെ പുരാതനമായ നെല്‍വിത്തുകളുടെ സംരക്ഷണം മുതല്‍ കാര്‍ഷിക ജീവിതത്തിന്റെ തുടിപ്പുകളാണ് ഈ ഗ്രാമത്തിന്റെ പുരാവൃത്തം. 

ചുറ്റിലും കാടായതിനാല്‍ ഇവിടേക്കുള്ള കാട്ടുവഴികളിലെല്ലാം ഏതു സമയവും വന്യജീവികളെ പ്രതീക്ഷിക്കണം. കാട്ടുപോത്തും കാട്ടാനയുമെല്ലാം മുന്നില്‍പ്പെട്ടേക്കാം. ഈ കാട് കടന്നാണ് ഇക്കാലം വരെയും ചുരുളി പുറം ലോകത്തിലേക്ക് മേല്‍വിലാസമെത്തിച്ചത്. നെല്ലും ഒന്നാന്തരം വയനാടന്‍ കുരുമുളകും കാപ്പിയുമെല്ലാം വിളയുന്ന കൃഷിയിടത്തില്‍ നിന്നുള്ള വരുമാനമാണ് ഇവരുടെ ജീവിത വരുമാനം. ഇതിനുള്ളില്‍ പരിമിതപ്പെടുന്ന ഇവരുടെ ജീവിത സ്വപ്നങ്ങളെല്ലാം. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് വനസംരക്ഷണ സമിതി ഈ ഗ്രാമത്തിലേക്കുള്ള യാത്രയ്ക്ക് പ്രദേശവാസികള്‍ക്ക് ഒരു ജീപ്പ് വാങ്ങി നല്‍കിയത്. അതുവരെയുമുള്ള കാടുകടന്നുള്ള കിലോമീറ്ററോളം നീളുന്ന കാല്‍നട യാത്രയ്ക്ക് ഇതോടെയാണ് ചെറിയ തോതില്‍ അയവ് വന്നത്. രോഗികളെയും മുപ്പത് കിലോമീറ്ററോളം അകലത്തിലുള്ള ജില്ലാ ആസ്പത്രിയിലും മറ്റുമെല്ലാം എത്തിക്കാന്‍ ഇതായിരുന്നു ആശ്രയം. സിനിമയില്‍ കാണുന്നത് പോലെ ദുര്‍ഘടമായ കാട്ടുപാതയിലൂടെ ഈ ജീപ്പ് പുറംലോകത്തേക്കും അവിടെ നിന്നും കാടിനുള്ളിലേക്കും മുടങ്ങാതെ സഞ്ചരിക്കാന്‍ തുടങ്ങി. ഈ ജീപ്പ് അങ്ങനെ ഇവരുടെ ഗ്രാമത്തിലെത്തിയ ആദ്യ വാഹനമായി മാറി. ഇന്നിതിനൊപ്പം രണ്ടു ജീപ്പുകള്‍ കൂടി വന്നതോടെ ചുരുളിയുടെ സഞ്ചാര വഴികളില്‍ ഓഫ് റോഡ് സഞ്ചാരത്തിന്റെ ഇരമ്പല്‍ കൂടി. കുട്ടികള്‍ക്ക്  കാട് കടന്ന് പത്തിരുപത് കിലോമീറ്റര്‍ അകലത്തിലുള്ള വിദ്യാലയങ്ങളില്‍ പോകാനും ചുരുളിയിലേക്ക് നിത്യചെലവിനുള്ള സാധനങ്ങള്‍ എത്തിക്കാനുമെല്ലാം ഈ ജീപ്പുകള്‍ തന്നെയാണ് ഇവരുടെ ആശ്രയം.

Churuli 2

കളളുഷാപ്പുമില്ല ചായക്കടയുമില്ല

സിനിമയിലെ ചുരുളിയില്‍ ജാഫര്‍ ഇടുക്കി നടത്തുന്ന കള്ളുഷാപ്പ് പോയിട്ട്് അതിന് പകരം ഒരു ചായക്കട പോലും ഇവിടെ ഇല്ലെന്നതാണ് ഇക്കാലത്തും വിസ്മയം. കുന്നുകള്‍ക്കിയില്‍ നാലോളം ഗ്രാമങ്ങളിലായി ചിതറിക്കിടക്കുന്ന ഗ്രാമത്തില്‍ ഓരോ സങ്കേതങ്ങളിലും പത്തും ഇരുപതും കുടുംബങ്ങള്‍ മാത്രമാണുള്ളത്. പുറത്ത് നിന്നും ജോലി ചെയ്ത് തിരികെയെത്തുന്നവരേക്കാള്‍ ഇവിടെ സ്വന്തം കൃഷിയിടത്തില്‍ നിന്നും കൃഷിയിലൂടെ ഉപജീവനം കണ്ടെത്തുന്നവരായിരുന്നു ഇവിടെയുള്ള മുതിര്‍ന്ന തലമുറകള്‍. കരഭൂമിയേക്കാള്‍ വയലാണ് കൂടുതലുള്ളത്. ഫലഭൂയിഷ്ഠമായ ഈ വയലുകള്‍ മാത്രം മതിയായിരുന്നു ഒരു കാലത്ത് ഇവര്‍ക്ക് ജീവിക്കാന്‍. വെളിയനും വയനാടന്‍ തൊണ്ടിയും ഗന്ധകശാലയുമെല്ലാം കൃഷി ചെയ്ത വയലില്‍ ഇപ്പോള്‍ പാവല്‍കൃഷിയും ഇടം പിടിച്ചിരിക്കുന്നു. വയനാടന്‍ നേന്ത്രവാഴയും കൃഷിചെയ്യുന്ന ഇവര്‍ക്ക് മാര്‍ക്കറ്റ് വിലയേക്കാള്‍ അഞ്ചോ പത്തോ രൂപ കുറച്ചാണ് കിലോയ്ക്ക് വില ലഭിക്കുക. കാട്ടുപാതകള്‍ പിന്നിട്ട് ഇതിനായി  വാഹനമെത്തുന്നത് ചെലവേറിയതാണെന്നാണ് ഇവിടെയത്തുന്ന കച്ചവടക്കാരുടെ വാദം. എങ്കിലും കൃഷി ഉപേക്ഷിക്കാന്‍ ഇവരിന്നും തയ്യാറല്ല. ഒരു കാലത്ത് പഠന സൗകര്യങ്ങളുടെ പരിമിതി പറഞ്ഞ് ഇവിടുത്തെ കുട്ടികളെല്ലാം പ്രാഥമിക വിദ്യാലയങ്ങള്‍ക്കപ്പുറം പഠിക്കാന്‍ പോയിരുന്നില്ല. ഇപ്പോഴും യാത്ര സൗകര്യങ്ങള്‍ കുറവായതിനാല്‍ ഹോസ്റ്റല്‍ വിദ്യാഭ്യസത്തെയാണ് ഇവിടുത്തെ കുട്ടികള്‍ ആശ്രയിക്കുന്നത്. ബിരുദവും ബി.ടെക്കുമെല്ലാം യോഗ്യതയുള്ളവരുടെ പുതിയ തലമുറകള്‍ ഇന്ന് ഈ കാടിനുള്ളിലുണ്ട്.

Churuli 3

ഇംഗ്ലീഷുകാരുടെ താവളം

പഴശ്ശി പോരാട്ട കാലഘട്ടത്തില്‍ ഈ കാടിനുള്ളില്‍ ഇംഗ്ലീഷുകാര്‍ തമ്പടിച്ചിരുന്നു. ഇവിടെയൊരു ബംഗ്ലാവും അവര്‍ പണിതിരുന്നു. പഴശ്ശിപ്പടയുടെ നീക്കങ്ങള്‍ നിരീക്ഷിക്കാനും പോരാട്ടങ്ങളെ ശിഥിലമാക്കാനും നിര്‍മ്മിച്ച ബംഗ്ലാവും പരിസരങ്ങളും ചുരുളിയുടെ ഓര്‍മ്മകളുടെ പരിസരങ്ങളിലുണ്ട്. മക്കി സായ്പിന്റെ  ബംഗ്ലാവും അതിനോട് ചേര്‍ന്ന ചരിത്രവുമെല്ലാം പിന്നീട് ബ്രീട്ടിഷ് രേഖകളിലും ഇടം തേടി. സായ്പന്‍മാര്‍ കുതിരപ്പുറത്ത് കാടിനുള്ളിലെ ചുരുളിയിലെത്തി കാലങ്ങളോളം ക്യാമ്പ് നടത്തിയിരുന്നു. ഇവിടെയുള്ള കുറിച്യരുടെ മുതിര്‍ന്ന തലമുറകളെ പഴശ്ശിരാജയില്‍ നിന്നും അടര്‍ത്തിമാറ്റുന്നതുള്‍പ്പെടയായിരുന്നു ഇവരുടെ ലക്ഷ്യങ്ങള്‍. ബ്രിട്ടീഷുകാര്‍ ഇവിടം വിട്ടുപോയതിന് ശേഷവും ഇവിടെ കുറെക്കാലം ഈ ബംഗ്ലാവ് കാലത്തിന് സാക്ഷിയായി ഉണ്ടായിരുന്നു. കുതിരകളെ തളച്ചിട്ടിരുന്ന വന്‍മരങ്ങളും ബംഗ്ലാവ് നിലനിന്നിരുന്ന സ്ഥലവുമെല്ലാം ചുരുളി നിവാസികള്‍ ഇവിടെയെത്തുന്നവരെയെല്ലാം ചൂണ്ടിക്കാണിക്കും. കണ്ണവം കാടുകളില്‍ നിന്നും പഴശ്ശിരാജാവ് ബ്രിട്ടീഷ് പോരാട്ടങ്ങള്‍ക്കായി ഈ കാടുകളില്‍ എത്തിയിരുന്നു. കാടിന് നടുവിലെ ഒഴിഞ്ഞ സങ്കേതങ്ങളില്‍ തമ്പടിച്ചാണ് ഇവര്‍ നാട്ടുസൈന്യത്തിന്റെ പിന്തുണയോടെ പോരാട്ടങ്ങള്‍ ആസൂത്രണം ചെയ്തിരുന്നത്. കുറിച്യ സമുദായത്തിന്റെ പിന്തുണയും പഴശ്ശിക്ക് ലഭിച്ചു. പഴശ്ശി പോരാട്ടങ്ങളുടെ വീര സ്മൃതികളില്‍ അങ്ങിനെ ഈ നാടും ഒരു ഭാഗമായി. കാലങ്ങള്‍ക്കിപ്പുറം ചുരുളിയിലെ പഴക്കം ചെന്ന തറവാടും അതിനോട് ചേര്‍ന്ന അമ്പലവുമെല്ലാം ഇതിനെല്ലാം സാക്ഷ്യമായി ഇപ്പോഴുമുണ്ട്.

Churuli 4

മാവോയിസ്റ്റുകളുടെ ചിതറിയ ലക്ഷ്യം

ചുരളി എന്ന പേര് സിനിമയ്ക്ക് മുമ്പ് പുറം ലോകത്ത് അറിഞ്ഞത് മാവോവാദികളുടെ സാന്നിധ്യം കൊണ്ടാണ്. മാവോവാദി നേതാവ് രൂപേഷും കൂട്ടാളികളും തുടക്കത്തില്‍ ഈ ഗ്രാമത്തെ ലക്ഷ്യമിട്ടിരുന്നു. കാടിന് നടുവിലുള്ള ഈ സങ്കേതം ഇവരെയും ആകര്‍ഷിച്ചു. ചുറ്റുപാടുകളില്‍ നിന്നെല്ലാം ഒറ്റപ്പെട്ടു കഴിയുന്ന ചുരുളിയില്‍ കബനീദളം എന്ന വയനാടന്‍ പ്രവിശ്യ രൂപപ്പെടുത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. തൊട്ടടുത്ത വനഗ്രാമമായ ചപ്പയിലെല്ലാം എത്തുന്നത് പോലെ ഇവിടെയും പലതവണ മാവോവാദികളെത്തി മടങ്ങി. ദക്ഷിണേന്ത്യയിലെ മാവോവാദികളില്‍ പ്രത്യേക സേനയുടെ  ലൂക്ക് ഔട്ട് നോട്ടീസിലുള്ള  ജയണ്ണയും സുന്ദരിയുമെല്ലാം കാടിനുള്ളിലൂടെ ചുരുളി ഗ്രാമവാസികളെ കാണാനെത്തിയിരുന്നു. സന്ധ്യാ നേരങ്ങളിലാണ് ഇവരെത്തിയത്.. ഗ്രാമത്തിലേക്ക് സൗകര്യപ്രദമായ റോഡില്ലാത്തതും ഗ്രാമവാസികള്‍ക്ക് വീടില്ലാത്തതുമെല്ലാം ഉയര്‍ത്തിക്കാട്ടി ഇവരുടെ പിന്തുണ നേടുകയായിരുന്നു മാവോവാദികളുടെ ലക്ഷ്യം. എന്നാല്‍ പലതവണ എത്തിയപ്പോഴും ഇവരോടുള്ള ഗ്രാമവാസികളുടെ മറുപടി ഒന്നു തന്നെയായിരുന്നു. കാലങ്ങളെടുത്താലും എല്ലാം സൗകര്യം പോലെ നേടിക്കോളാം..   ദയവ് ചെയത് ഞങ്ങളെ ദ്രോഹിക്കരുത്. ഞങ്ങള്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവരാണ്.. അങ്ങനെ മാവോവാദികള്‍ക്ക് കീഴടങ്ങാത്ത ചുരുളിയുടെ മനസ്സും പ്രകീര്‍ത്തപ്പെടുകയായിരുന്നു. ഇന്ന് വന സംരക്ഷണസമിതിയും ജനമൈത്രി പോലീസുമെല്ലാം ഇവിടെ ഗ്രാമവാസികളുമായി വളരെ അടുപ്പത്തിലാണ്. ഇവരെ ചേര്‍ത്തുപിടിച്ച് അടിസ്ഥാന സൗകര്യങ്ങളെല്ലാം എത്തിച്ചു നല്‍കാന്‍ ഇവരും പരിശ്രമിക്കുന്നു. വയനാട്ടിലെ സഞ്ചരിക്കുന്ന റേഷന്‍കട മാസത്തില്‍ രണ്ടു തവണയെത്തുന്ന ഏക വനഗ്രാമം കൂടിയാണ് ചുരുളി എന്ന ഗ്രാമം.

Cguruli 5

കുറിച്യര്‍ എന്ന ഗ്രാമീണര്‍

പഴശ്ശി കാലഘട്ടത്തിന് മുന്‍പ് തന്നെ വയനാട്ടില്‍ വേരുപടര്‍ത്തിയതാണ് കുറിച്യരുടെ വംശവൃക്ഷം. പഴശ്ശിയുടെ പടയാളികളായതോടെ ജന്മികള്‍ക്കിടയില്‍ കുറിച്യര്‍ മുഖ്യസ്ഥാനീയരാവുകയായിരുന്നു. അസ്ത്രവിദ്യയില്‍ നിപുണരായ കുറിച്യര്‍ കുറിക്കു കൊള്ളിച്ചവന്‍ എന്ന അര്‍ത്ഥത്തിലാണ് കുലത്തില്‍ അറിയപ്പെട്ടിരുന്നത്. ഒളിയുദ്ധത്തിന്റെ കുറിച്യ വീര്യത്തിന് മുമ്പില്‍ പലതവണ ബ്രിട്ടീഷ് സൈന്യം തോറ്റുപോയിട്ടുണ്ട്. കാര്‍ഷിക വൃത്തിയായിരുന്നു കുറിച്യരുടെ കുലത്തൊഴില്‍. നെല്ല് ഇവരുടെ ജീവിതത്തിന്റെ അവിഭാജ്യഘടകമായിരുന്നു. വിശാലമായ നെല്‍വയലുകളില്‍ സുഗന്ധനെല്ലിനങ്ങളും കൃഷിയിറക്കി. നെല്ലുകുത്തുപുരകളും കന്നുകാലികളും ഇവരുടെ തറവാടിന്റെ  ഐശ്വര്യമായിരുന്നു. മലക്കാരി ഇഷ്ട ദൈവമായതിനാല്‍ ആരാധനാമൂര്‍ത്തിയുടെ അനുഗ്രഹം ഒഴിച്ചുകൂടാനാവത്തതാണ്. നായാട്ട് നടത്തുന്ന ഏക ഗോത്രവിഭാഗമെന്ന നിലയില്‍ ഇവരുടെ ഗതകാലം വീരകഥകളുടെത് കൂടിയാണ്. വനവാസികളുടെ സ്വാതന്ത്ര്യം കാട്ടിനുളളില്‍ പരിമിതമായതോടെ ഇവര്‍ ഇതില്‍ നിന്നും പിന്‍തിരിഞ്ഞു നടന്നു. കാട്ടുപന്നികളെയടക്കം നായാടി വര്‍ഷത്തിലൊരിക്കല്‍ തുലാംപത്തിന് ഇവര്‍ വേട്ടക്കാലത്തിന്റെ ഓര്‍മ്മ പുതുക്കിയിരുന്നു. ഭാഷയിലും വേഷത്തിലും കുറിച്യര്‍ക്ക് വ്യത്യസ്ഥ ശൈലിയുണ്ട്. കുടുമ കെട്ടിയ കുലപാരമ്പര്യം ഈ ആദിവാസിവിഭാഗത്തിന് സ്വന്തമാണ്. കാലം മാറിയപ്പോള്‍ ശീലവും മാറി. പുതുതലമുറകള്‍ ഇതില്‍ നിന്നെല്ലാം വഴിമാറി നടക്കുകയാണ്. മുത്താറിയും ചാമയും കൃഷിചെയ്യുകയും ഇതു തന്നെ ഭക്ഷണമാക്കുകയും ചെയ്തതാണ് ഇവരുടെ മുന്‍തലമുറ. കഠിനാദ്ധ്വാനത്തിന്റെ ഫലമായി ഭൂമിയില്‍ കനകം വിളഞ്ഞപ്പോള്‍ സമ്പന്നമായത് ഇവരുടെ ഭൂതകാലമായിരുന്നു. നീളന്‍ വരാന്തകളുളള വലിയ വീടുകളും വീടിനോടുചേര്‍ന്ന് കൂറ്റന്‍ ആലകളും കുറിച്യത്തറവാടുകളുടെ അടയാളമായിമാറി. ഇവരാണ് ചുരുളിയിലെ ഗ്രാമീണര്‍.

Churuli 6

ചുരുളിയെന്ന നിഷ്‌കളങ്കഗ്രാമം

കളിഗെമിനാറിലെ കുറ്റവാളികള്‍ എന്ന വിനോയ് തോമസിന്റെ കഥ എസ്.ഹരീഷിന്റെ തിരക്കഥയിലൂടെ ചുരുളിയെന്ന സിനിമയായപ്പോള്‍ ഈ തനി വയനാടന്‍ ഗ്രാമത്തിന്റെ പേര് പുറത്തെല്ലാം അറിയപ്പെട്ടു. സിനിമയിലെ ചുരുളിയും യഥാര്‍ത്ഥ ഗ്രാമവും പശ്ചാത്തലം കൊണ്ട് സാമ്യപ്പെടുമ്പോഴും സാംസ്‌കാരികമായും ജീവിത തനിമകൊണ്ടും ഒരടുപ്പവുമില്ല. ഇത് കുറ്റവാളികളുടെയും കുടിയേറ്റത്തിന്റെയും വാറ്റ് ചാരായത്തിന്റെ മണമുള്ള മണ്ണല്ല. പകരം സംസ്‌കൃതിയെയും കുലമഹിമകളെയും ചേര്‍ത്തുപിടിക്കുന്ന കുറിച്യ സമുദായക്കാരുടെ സ്വന്തം ഗ്രാമമാണിത്. പേരിലെ വ്യത്യസ്ഥതയും കഥാപശ്ചാത്തലത്തിന്റെ ഭൂമികയും പുറംലോകത്തിനുണ്ടാക്കുന്ന കൗതുകമാണ് സിനിമയുടെ പേരിലേക്ക് ചുരുളിയെ വലിച്ചുകൊണ്ടുപോയത്. അറുപതുകളിലെ കുടിയേറ്റത്തിന്റെയും മണ്ണിനോട് പൊരുതാന്‍ ചുരം കയറിയെത്തിയവരുടെയും നാടല്ല യഥാര്‍ത്ഥ ചുരുളി. തെരുവ പുല്ല് വാറ്റിയും വാറ്റ് ചാരായത്തില്‍ മുങ്ങിയും കഥാ പശ്ചാത്തലം അടയാളപ്പെടുത്തുന്ന ഗ്രാമങ്ങളുടെ പട്ടികയില്‍ ഇന്നും ചുരുളിയെന്ന ഗ്രാമമില്ല. വയനാടിന്റെ മിക്കഭാഗങ്ങളും തിരുവതാംകൂറില്‍ നിന്നുള്ള കുടിയേറ്റത്തിന് ഇട നല്‍കിയപ്പോഴും ഈ വനഗ്രാമം ഇവരില്‍ നിന്നെല്ലാം ഏറെ അകലെയായിരുന്നു. ഇതിനും എത്രയോ പതിറ്റാണ്ടുകള്‍ മുന്നേ ഗോത്രകുലങ്ങള്‍ കാടിനുള്ളിലെ ഈ ഗ്രാമത്തിനെ വാസസ്ഥലമാക്കിയിരുന്നു. ദുഷ്‌കരമായ ഭൂപ്രകൃതി തന്നെയായിരിക്കാം. വൈകീട്ട് നാലാകുമ്പോഴേക്കും ഉയര്‍ന്ന കുന്നുകള്‍ക്കപ്പുറത്തേക്ക് സൂര്യന്‍ മറയും.  കോടമഞ്ഞ് വന്നുമൂടുന്ന ഗ്രാമത്തില്‍ ഇരുട്ട് പരന്ന് തുടങ്ങുമ്പോഴേക്കും ഗ്രാമവാസികള്‍ കൂടണയും. പുറത്തേക്കുള്ള ഗ്രാമവഴികളില്‍ വന്യമൃഗങ്ങള്‍ വിഹാരത്തിനിറങ്ങുന്നതിനിടയില്‍ ചുരുളിയിലേക്കുള്ള അവസാന ജീപ്പും ഗ്രാമത്തില്‍ വന്നണയും.

Churuli 7

ചുരുളി എന്ന സിനിമ കണ്ടവര്‍ ഈ ഗ്രാമത്തില്‍ കുറവാണ്. ഭാഷയും പ്രയോഗവും കൊണ്ട് ചുരുളി വിവാദങ്ങളില്‍ നിറയുമ്പോള്‍ ഇതൊന്നും ഈ ഗ്രാമത്തിനെ സ്പര്‍ശിച്ചിട്ടില്ല. ചുരുളി എന്ന പേരും അതിനെ ചുറ്റിയുള്ള ജീവിതവുമാണ് ഇവര്‍ക്ക് ഇപ്പോഴും പ്രധാനം. ഗതാഗതയോഗ്യമായ റോഡും പാലങ്ങളും ഒരു ആശുപത്രിയുമെല്ലാമാണ് ഇവരുടെ സ്വപ്നം.

Content Highlights: Churuli, travel to kurichya village in Wayanad, forest village Kerala